ശബരിമല പുല്ലുമേട് ദുരന്തം ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണകാലത്തോ? സത്യമറിയാം | Fact Check
Mail This Article
സമൂഹമാധ്യമ ചർച്ചകളിൽ ശബരിമല ഇത്തവണയും നിറഞ്ഞു നിൽക്കുകയാണ്. ഇതിനിടെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണകാലത്തുണ്ടായ പുല്ലുമേട് ദുരന്തത്തിൽ തിക്കിലും തിരക്കിലും പെട്ട് 102 ശബരിമല തീർത്ഥാടകർ മരിച്ചപ്പോൾ ഇടത് പക്ഷം വർഗീയ മുതലെടുപ്പിന് ശ്രമിച്ചില്ല എന്ന് അവകാശവാദവുമായി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചാരണത്തിന്റെ വാസ്തവമറിയാം.
അന്വേഷണം
ഉമ്മൻ ചാണ്ടി ഭരണകാലത്ത് തിക്കിലും തിരക്കിലും പെട്ട് ഒന്നും രണ്ടുമല്ല 102 ശബരിമല തീർത്ഥാടകർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അന്നു പോലും ഇടത് പക്ഷത്ത് നിന്ന് രാഷ്ട്രീയ മുതലെടുപ്പിന് ആരും ശ്രമിച്ചില്ല. ദൗർഭാഗ്യകരമായ സംഭവം ശബരിമലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത് അഭൂതപൂർവ്വമായ തിരക്കാണ്. ഭൂപ്രകൃതി ദുഷ്കരമാണ്. വളരെ മണിക്കൂറുകൾ കാത്ത് നിൽക്കേണ്ടി വന്നു എന്നത് തീർത്ഥാടകരെ സംബന്ധിച്ചു വിഷമകരമാണ്. പക്ഷെ അതാരുടെയും കുറ്റമല്ലല്ലോ. ചരിത്രത്തിലെ ഏറ്റവും മോശമായ മുന്നൊരുക്കം എന്നൊക്കെ പറഞ്ഞ് മാധ്യമങ്ങളും കോൺഗ്രസ് - സംഘി സഖ്യവും കുത്തിത്തിരിക്കുമ്പോൾ ചാണ്ടി സാർ കാലത്തെ കൂട്ടമരണങ്ങളിൽ പോലും മുതലെടുപ്പ് നടത്താൻ നോക്കാത്തവരാണ് ഇടത്പക്ഷം എന്നത് ചരിത്രമാണ്. സ്വാമി ശരണം സ്വാമിയേ ശരണമയ്യപ്പാ NB ഇവിടെ സംഘികളെ പ്രതിപാദിക്കുന്നില്ല. മറ്റൊന്നും കൊണ്ടല്ല.. അവർക്ക് അയ്യപ്പൻ വിശ്വാസമല്ല... അവർ ഹിന്ദു മത വ്യാപാരികൾ മാത്രമാണ് കലാപമാണ് ലക്ഷ്യം ദുരന്തങ്ങളാണ് ഈ നാറികൾക്ക് വേണ്ടതും ചരിത്രം അതാണ് നാലോട്ടിനുള്ള ഉപകരണം മാത്രമാണ് എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.പോസ്റ്റ് കാണാം
പുല്ലുമേട് ദുരന്തവുമായി ബന്ധപ്പെട്ട കീവേഡുകളുടെ പരിശോധനയിൽ 2011 ജനുവരിയിൽ നടന്ന ദുരന്തവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളും റിപ്പോർട്ടുകളും വിഡിയോകളും ഞങ്ങൾക്ക് ലഭിച്ചു. മകരജ്യോതി കണ്ട് മടങ്ങിയ അയ്യപ്പ ഭക്തരാണ് മരണമടഞ്ഞത്.102 പേരാണ് ദുരന്തത്തിൽ മരിച്ചത്. കൂടാതെ ഇതിനൊപ്പം ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെയും ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെയും
വിഡിയോയും ഞങ്ങൾക്ക് ലഭിച്ചു.
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരവും ഇക്കാലയളവിൽ വി.എസ് തന്നെയാണ് മുഖ്യമന്ത്രിയെന്ന് വ്യക്തമാണ്.
കേരള കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് പേജിലും പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കി പോസ്റ്റ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇതിൽ നിന്ന് ശബരിമല പുല്ലുമേട് ദുരന്തം സംഭവിച്ചത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തല്ലെന്ന് വ്യക്തമായി.
വാസ്തവം
ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണകാലത്താണ് പുല്ല്മേട് ദുരന്തമുണ്ടായതെന്ന അവകാശവാദം തെറ്റാണ്.ഇടത്പക്ഷ സർക്കാരിന്റെ നേതൃത്വത്തിൽ വിഎസ് അച്യുതാന്ദൻ മുഖ്യമന്ത്രിയായ മന്ത്രിസഭയാണ് ഇക്കാലയളവിൽ ഭരണത്തിലുണ്ടായിരുന്നത്.
English Summary: Did the Sabarimala Pullumedu tragedy happen during the tenure of the Oommen Chandy government