ADVERTISEMENT

ഹിന്ദു പുരുഷന്മാർ കൂട്ടബലാത്സംഗം ചെയ്ത് ഗുജറാത്തിലെ കാട്ടിൽ ഉപേക്ഷിച്ച 12 വയസ്സുള്ള ദളിത് പെൺകുട്ടിയുടേതെന്ന അവകാശവാദവുമായി വർഗീയ പരാമർശങ്ങളുമായി ഒരു വിഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം. 

അന്വേഷണം

ദലിത് വിഭാഗത്തിൽപ്പെട്ട 12കാരിയായ ജമ്‌ന കുമാരി എന്ന  പെൺകുട്ടിയെ ഒരു കൂട്ടം ഹിന്ദു യുവാക്കൾ ക്രൂരമായ പീഡനത്തിനിരയാക്കി ഗൂജറാത്തിലെ ഒരു കാട്ടിൽ ഉപേക്ഷിച്ചു. മൃഗങ്ങളോടുള്ളതിനേക്കാൾ പരിതാപകരമാണ് ഇന്ത്യയിൽ ദളിതരോടുള്ള ക്രൂരത എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത്.

ഞങ്ങൾ നടത്തിയ കീവേഡ് തിരയലിൽ ഗുജറാത്തിൽ ഇത്തരമൊരു സംഭവം നടന്നതുമായി ബന്ധപ്പെട്ട വാർത്താ റിപ്പോർട്ടുകളൊന്നും ലഭിച്ചില്ല. വൈറൽ വിഡിയോയിലെ സ്ക്രീൻ ഷോട്ടുകളുപയോഗിച്ച് തിരഞ്ഞപ്പോൾ ലഭിച്ച ഒരു 2019 ജൂണിലെ ഒരുഎക്സ് പോസ്റ്റിൽ ജസ്റ്റിസ് ഫോർ ജാമ്ന എന്ന ഹാഷ് ടാഗോടെ വൈറൽ വിഡിയോയ്ക്ക് സമാനമായ ചിത്രങ്ങൾ കണ്ടെത്തി.

പാകിസ്താനിലെ സിന്ധിലെ സുജാവലിൽ 11 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി, ലഹരി മരുന്ന് നൽകി ബലാത്സംഗം ചെയ്ത് ഒരു ഗ്രൗണ്ടിൽ ഉപേക്ഷിച്ചെന്നും ചെയ്തവർ എത്രയും വേഗം ജയിലിലാകുന്നത് സിന്ധ് സർക്കാർ ഉറപ്പാക്കണമെന്നുമുള്ള കുറിപ്പോടെയാണ് പോസ്റ്റ്.

ഈ സൂചനകൾ ഉപയോഗിച്ച് തിരഞ്ഞപ്പോൾ സംഭവുമായി ബന്ധപ്പെട്ട കൂടുതൽ പോസ്റ്റുകൾ ലഭിച്ചു. ജാമ്ന കേസിൽ പ്രതികളായ റോഷൻ ഷെയ്ക്ക്, രജാബ് ,ഷെയ്ക്ക് എന്നിവരെ അറസ്റ്റ് ചെയ്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന കുറിപ്പിനൊപ്പമുള്ള എക്സ് പോസ്റ്റ് കാണാം. 

ലഭ്യമായ മറ്റ് മാധ്യമ റിപ്പോർട്ടുകളിൽ നിന്ന് ഇത് പാകിസ്താനിലെ സിന്ധിൽ നടന്ന സംഭവമാണെന്ന് വ്യക്തമാണ്.

വാസ്തവം

കൂട്ടബലാത്സംഗത്തിനിരയാക്കി ഗുജറാത്തിലെ കാട്ടിൽ ഉപേക്ഷിച്ച 12 വയസ്സുള്ള ദളിത് പെൺകുട്ടിയുടേതെന്ന അവകാശവാദവുമായി പ്രചരിക്കുന്ന വിഡിയോ ഇന്ത്യയിലേതല്ല,പാകിസ്താനിൽ നിന്നുളളതാണ്.

English Summary: Video circulating claiming to be of a 12-year-old Dalit girl who was gang-raped and abandoned in a forest in Gujarat is not from India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com