കെ.എസ്. ചിത്രയ്ക്കെതിരെ പ്രതികരണം; ഗായകൻ സൂരജ് സന്തോഷിനെ ഗായക സംഘടന പുറത്താക്കിയതല്ല | Fact Check
Mail This Article
രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ നേരത്ത് എല്ലാവരും വിളക്ക് കത്തിച്ച് രാമനാമം ജപിക്കണമെന്നുള്ള ഗായിക കെ എസ് ചിത്രയുടെ പ്രസ്താവനയ്ക്കെതിരെ ഗായകൻ സൂരജ് സന്തോഷ് പ്രതികരിച്ചതിനെത്തുടർന്ന് കടുത്ത സൈബർ ആക്രമണമാണ് സൂരജ് നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെ സിനിമാ പിന്നണി ഗായക സംഘടന സമയിൽ നിന്നും സൂരജിനെ പുറത്താക്കിയെന്ന തരത്തിലുള്ള കാർഡുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.
∙ അന്വേഷണം
സ്വയം രാജിവച്ചതെന്ന് പറഞ്ഞു നടക്കുന്നു. സൂരജ് സന്തോഷിനെ ഗായക സംഘടനയിൽ നിന്നും പുറത്താക്കി എന്ന കുറിപ്പിനൊപ്പമാണ് കാർഡടങ്ങിയ പോസ്റ്റ് പ്രചരിക്കുന്നത്.
വൈറൽ കാർഡ് പരിശോധിച്ചപ്പോൾ 24 ന്യൂസിന്റെ വാർത്ത കാർഡിന് സമാനമായ കാർഡാണ് പ്രചരിക്കുന്നതെന്ന് വ്യക്തമായി. കാർഡിലെ തിയതിയായ ജനുവരി 17ന് 24 ന്യൂസ് ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങൾ പരിശോധിച്ചപ്പോൾ സൂരജ് ഗായക സംഘടനയിൽ നിന്നും രാജി വച്ചു എന്ന് രേഖപ്പെടുത്തിയ യഥാർത്ഥ വാർത്താ കാർഡ് ഞങ്ങൾക്ക് ലഭിച്ചു. ഈ ഭാഗം മാത്രം എഡിറ്റ് ചെയ്ത് സൂരജ് സന്തോഷിനെ ഗായക സംഘടന പുറത്താക്കി എന്ന ഭാഗം പ്രത്യകമായി ചേർത്താണ് മറ്റൊരു കാർഡ് പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി.
'സമ'യിൽ നിന്ന് സൂരജ് രാജി വച്ചതുമായി ബന്ധപ്പെട്ട് മനോരമ ഓൺലൈൻ നൽകിയ വാർത്ത കാണാം.
ചിത്രയെപ്പോലെയുള്ള കപടമുഖങ്ങൾ ഇനിയും അഴിഞ്ഞുവീഴാനുണ്ട് എന്നായിരുന്നു സൂരജിന്റെ വിമർശനം. വസ്തുത സൗകര്യപൂർവം മറക്കുന്നുവെന്നും എത്ര ചിത്രമാർ തനിസ്വരൂപം കാട്ടാനിരിക്കുന്നു എന്ന സൂരജിന്റെ പ്രതികരണമാണ് വിവാദമായത്.ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ നല്‍കുന്ന പിന്തുണയാണ് എനിക്ക് ധൈര്യവും വിശ്വാസവും നല്‍കുന്നത്. നീതിക്ക് വേണ്ടി നിലകൊള്ളുന്ന നിങ്ങള്‍ ഓരോരുത്തര്‍ക്കും എന്റെ നന്ദി, തളരില്ല. തളര്‍ത്താന്‍ പറ്റുകയും ഇല്ല എന്നാണ് സൈബർ ആക്രമണത്തിനെതിരെ സൂരജ് പ്രതികരിച്ചത്.
കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ സൂരജിനെ സമീപിച്ചപ്പോൾ സംഘടന നയങ്ങളിൽ പ്രതിഷേധിച്ചാണ് രാജി വച്ചതെന്നും ഗായക സംഘടന സമ തന്നെ പുറത്താക്കിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇതിൽ നിന്ന് ഗായക സംഘടനയിൽ നിന്ന് സൂരജ് സന്തോഷ് രാജിവച്ചതാണെന്ന് വ്യക്തമായി.
∙ വാസ്തവം
ഗായിക ചിത്രയ്ക്കെതിരായുള്ള പരാമർശത്തിൽ ഗായക സംഘടന 'സമ'യിൽ നിന്ന് സൂരജ് സന്തോഷിനെ പുറത്താക്കി എന്ന വാർത്ത തെറ്റാണ്. സംഘടനയുടെ നടപടികളിൽ പ്രതിഷേധിച്ച് സൂരജ് ഗായക സംഘടനയിൽ നിന്ന് രാജിവച്ചതാണ്. 24 ന്യൂസിന്റെ കാർഡ് എഡിറ്റ് ചെയ്താണ് വ്യാജമായി പ്രചരിപ്പിച്ചത്.
English Summary: News that Sooraj Santhosh has been expelled from singer's association 'Sama' for his remarks against singer Chitra is false