ശ്രീരാമജ്യോതി തെളിക്കാത്തവർ എന്റെ സിനിമ കാണണ്ട! ഇത് ഉണ്ണി മുകുന്ദന്റെ പ്രസ്താവനയല്ല; വാസ്തവമറിയാം | Fact Check
Mail This Article
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് സിനിമ ഷൂട്ടിങ് സെറ്റിൽ വിളക്കു കൊളുത്തി ചടങ്ങുകൾ നടത്തി നടൻ ഉണ്ണി മുകുന്ദൻ ശ്രദ്ധ നേടിയിരുന്നു. ഇതിനിടെ ശ്രീരാമ ജ്യോതി തെളിക്കാത്തവരും ഉച്ചത്തിൽ ജയ്ശ്രീറാം വിളിക്കാത്തവരും തന്റെ സിനിമ കാണാൻ വരണ്ടാ എന്ന നടൻ ഉണ്ണി മുകുന്ദൻ പറഞ്ഞതായി കാട്ടി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.
∙ അന്വേഷണം
വീടുകളിൽ ഉച്ചക്ക് ശ്രീരാമ ജ്യോതി തെളിക്കാത്തവർ. ഉച്ചത്തിൽ ജയ്ശ്രീ റാം വിളിക്കാത്തവർ എന്റെ സിനിമ കാണാൻ വരണ്ടാ. ഉണ്ണി ജി. ഈ ചങ്കുറ്റത്തിന് എത്ര ലൈക്ക് എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് ഷെയർ ചെയ്യുന്നത്.
ഉണ്ണി മുകുന്ദൻ ഇത്തരത്തിലൊരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തത് സംബന്ധിച്ച വിവരം തിരച്ചിലിൽ ഞങ്ങൾക്ക് ലഭിച്ചില്ല. ഇദ്ദേഹത്തിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളാണ് പിന്നീട് ഞങ്ങൾ പരിശോധിച്ചത്. ഇത്തരമൊരു പോസ്റ്റ് ഉണ്ണി മുകുന്ദന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൊന്നും കണ്ടെത്താനായില്ല. എന്നാൽ വൈറൽ പോസ്റ്റിലെ അതേ ചിത്രത്തിനൊപ്പം ഉണ്ണി മുകുന്ദൻ മറ്റൊരു പോസ്റ്റ് പങ്ക് വച്ചിട്ടുണ്ട്.
ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം എന്നാണ് ഈ പോസ്റ്റിനൊപ്പമുള്ള കുറിപ്പ്.
കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ താരവുമായി ബന്ധപ്പെട്ടവരോട് സംസാരിച്ചു. വൈറൽ പോസ്റ്റുകളിൽ പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കണമെന്ന ഉണ്ണി മുകുന്ദന്‍റെ ആഹ്വാനം തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് അവർ വ്യക്തമാക്കി. ഭക്തജനങ്ങള്‍ പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കണമെന്ന് മാത്രമാണ് താരം പറഞ്ഞിട്ടുള്ളതെന്നും വ്യാജ പ്രചരണത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും താരത്തിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
ഇതിൽ നിന്ന്, ഉണ്ണി മുകുന്ദന്റെ പോസ്റ്റിനൊപ്പമുള്ള അയോധ്യ ശ്രീരാമ ക്ഷേത്രത്തിന്‍റെ അതേ ചിത്രമാണ് വൈറൽ ചിത്രത്തിലും ഉപയോഗിച്ച് വ്യാജ പ്രസ്താവന ചേർത്തിരിക്കുന്നതെന്നും വ്യക്തമായി.
∙ വാസ്തവം
ശ്രീരാമ ജ്യോതി തെളിക്കാത്തവരും ഉച്ചത്തിൽ ജയ്ശ്രീ റാം വിളിക്കാത്തവരും തന്റെ സിനിമ കാണണ്ട എന്ന നടൻ ഉണ്ണി മുകുന്ദന്റേതെന്ന അവകാശവാദവുമായി പ്രചരിക്കുന്ന പോസ്റ്റ് വസ്തുതാവിരുദ്ധമാണ്.
English Summary: The FB post circulating as of Unni Mukundan on Ayodhya Ram Temple is fake - Fact Check