പെട്രോൾ വിലയെക്കുറിച്ചുള്ള പോസ്റ്റുകൾ വ്യാജം | Fact Check
Mail This Article
ശ്രീലങ്കയിലും നേപ്പാളിലും പെട്രോൾ വില ഇന്ത്യയെക്കാൾ കുറവാണ് എന്ന അവകാശവാദവുമായി നിരവധി പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ യാഥാർത്ഥ്യമറിയാൻ നിരവധി പേരാണ് ഞങ്ങളുടെ ഫാക്ട് ചെക്ക് ഹെൽപ്പ് ലൈൻ നമ്പറിലേക്ക് സന്ദേശമയച്ചത്. വാസ്തവമറിയാം
അന്വേഷണം
പെട്രോളിന് രാവണന്റെ ലങ്കയിൽ 51, സീതയുടെ നേപ്പാളിൽ 53, ശ്രീരാമന്റെ ഇന്ത്യയിൽ 110 എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.
പ്രചരിക്കുന്ന പോസ്റ്റിന്റെ വാസ്തവമറിയാൻ ആദ്യം തന്നെ നേപ്പാൾ, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളിലെ നിലവിലെ പെട്രോൾ വിലയെക്കുറിച്ചറിയാൻ ഞങ്ങൾ കീവേഡ് പരിശോധന നടത്തി.
2024 ഫെബ്രുവരി ഒൻപതിലെ വിലവിവരങ്ങൾ പ്രകാരം പെട്രോളിന് നേപ്പാളിൽ ലിറ്ററിന് 170 രൂപയും ശ്രീലങ്കയിൽ ലിറ്ററിന് 98.46 രൂപയും ഇന്ത്യയിൽ 106.31 രൂപയുമാണ്.
നേപ്പാളിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കാത്മണ്ഡു, പൊക്കാറ എന്നിവിടങ്ങളടക്കമുള്ള പ്രദേശങ്ങളിൽ ലിറ്ററിന് 106.49 രൂപയാണ് പുതുക്കിയ നിരക്ക്.
ശ്രീലങ്കയിലെ ഔദ്യോഗിക പെട്രോൾ കമ്പനി നിരക്കുകൾ പ്രകാരം ലിറ്ററിന് 371 രൂപയാണ് പുതുക്കിയ നിരക്ക്. അതായത് ഇന്ത്യൻ രൂപയിൽ 98.46.ഇതിൽ നിന്ന് വൈറൽ പോസ്റ്റിൽ നൽകിയിരിക്കുന്ന പെട്രോളിന്റെ വിലവിവരം തെറ്റാണെന്ന് വ്യക്തമായി.
കൂടുതൽ കീവേഡുകളുടെ പരിശോധനയിൽ സമാന പ്രചാരണം 2021 മുതൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു എന്ന് വ്യക്തമായി. ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമി എക്സിൽ ഇതേ പോസ്റ്റ് പങ്ക്‌വച്ചതിനെത്തുടർന്നാണ് നിരവധി പേർ ഇത് വ്യാപകമായി ഷെയർ ചെയ്തത്.
വാസ്തവം
ശ്രീലങ്കയിലെയും, നേപ്പാളിലെയും, ഇന്ത്യയിലെയും പെട്രോൾ വിലയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പോസ്റ്റ് തെറ്റാണ്. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ശ്രീലങ്കയിൽ മാത്രമാണ് വില വ്യത്യാസമുള്ളത്. പോസ്റ്റിൽ നൽകിയിരിക്കുന്ന പെട്രോളിന്റെ വിലവിവരം തെറ്റാണ്.
English Summary: The post circulating regarding petrol prices in Sri Lanka, Nepal and India is wrong