ADVERTISEMENT

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചൂടേറിയ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ. സിഎഎ ആയുധമാക്കിയാണ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണം.ഇതിനിടെ ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിന് തുല്യമായി ഇന്ത്യന്‍ മുസ്‌ലിംകൾക്ക് പാക്കിസ്ഥാനിൽ  പൗരത്വം നല്‍കാന്‍  നിയമം വരുന്നുവെന്ന അവകാശവാദവുമായി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

കേരളത്തിന്ന് എത്ര സുടുക്കൾ പാകിസ്ഥാനിൽ അഭയം തേടി പോവും? ഒരുത്തനും ഉണ്ടാവില്ല ഭാരതത്തിൽ നിന്നും... പട്ടിണി . സ്വതന്ത്രം, ജുമാക്ക് പോയാൽ തിരിച്ച് വരും എന്ന് ഉറപ്പില്ല... പോണവർ ഉണ്ടെങ്കിൽ ഒന്ന് കമന്റണേ എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.പോസ്റ്റ് കാണാം.

ഒരു വ്യക്തിയുടെ ചിത്രമടങ്ങിയ കാർഡും പോസ്റ്റിനൊപ്പം ഷെയർ ചെയ്യുന്നുണ്ട്. 

CAA

ഇന്ത്യയിൽ പീഡിക്കപ്പെടുന്ന മുസ്ലീങ്ങൾക്ക് CPMA വഴി പാകിസ്ഥാൻ പൗരത്വം . ഷെരിഫ് മുഹമ്മദ് എസ്. കെ, ഇന്ത്യയിൽ പീഡിക്കപ്പെടുന്ന മുസ്ലീങ്ങൾക്ക് പൗരത്വം നൽകാൻ ഇന്ത്യയുടെ CAAക്ക് പാകിസ്ഥാന്റെ തത്തുല്യ നിയമമായ CPMA ഉടൻ നടപ്പിലാക്കുമെന്ന് പാകിസ്ഥാൻ നിയമ മന്ത്രി അഹമ്മദ് ഇർഫാൻ അസ്ലാം പറഞ്ഞു .ഇൻഡ്യയിലെ 20 കോടി മുസ്ലീമുകൾക്ക് ഇതാശ്വാസകുകെന്നു അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യയുടെ CAA അപരിഷ്കൃതമാണ്. ഇന്ത്യയിൽ നിന്ന് പതിനായിരകണക്കിന് മുസ്ലിങ്ങൾ പാകിസ്‌താനി പൗരത്വത്തിനായി നിലവിൽ അപേക്ഷിച്ചിട്ടുണ്ടെന്നും ഹിന്ദു വർഗീയ വാദികളിൽ നിന്ന് രക്ഷ നേടാൻ ഇന്ത്യയിലെ 20 കോടി മുസ്ലീങ്ങളെയും പാക്കിസ്ഥാനിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അഹമ്മദ് ഇർഫാൻ അസ്ലാം പറഞ്ഞു. എന്നാണ് പോസ്റ്റിലുള്ള കാർഡിലെ വാചകങ്ങൾ.

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെ സംബന്ധിച്ച് പാക് പ്രധാനമന്ത്രി ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ പ്രകടനം നടത്തിയിരുന്നെങ്കിൽ അത് പ്രധാനപ്പെട്ട മാധ്യമങ്ങളിൽ വാർത്തയാകുമായിരുന്നു. എന്നാൽ കീവേഡുകളുടെ പരിശോധനയിൽ ഇത്തരത്തിലൊരു വാർത്ത ആരും തന്നെ റിപ്പോർട്ട് ചെയ്തതായി കണ്ടെത്താനായില്ല.

എന്നാൽ ഇന്ത്യയുടെ സിഎഎ 'വിവേചനപരം': പാകിസ്ഥാൻ എന്ന തലക്കെട്ടോടെ മാധ്യമങ്ങള്‍ വാര്‍ത്ത  നല്കിയിട്ടുണ്ട്. കൂടാതെ മതപരമായ വിവേചനത്തിന്റെ പേരിൽ മുസ്‌ലിംകൾ എതിർക്കുന്ന ഇന്ത്യയുടെ പുതിയ പൗരത്വ നിയമത്തെ പാകിസ്താൻ അപലപിച്ചു എന്ന തലക്കെട്ടോടെ പാക് മാധ്യമമായ അറബ് ന്യൂസിലും റിപ്പോർട്ടുകളുണ്ട്.

അയൽ മുസ്ലീം രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനായി ഇന്ത്യൻ ഭരണകൂടം കൊണ്ടുവന്ന വിവാദ പൗരത്വ നിയമത്തെ പാകിസ്ഥാൻ വിദേശകാര്യ ഓഫീസ് വിമർശിച്ചു. ഇതിലൂടെ ആളുകളെ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.

മേഖലയിലെ മുസ്‌ലിം രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്നും അവർക്ക് സുരക്ഷിത താവളമാകാനുള്ള ഒരു മുഖച്ഛായ ഇന്ത്യ ഒരുക്കുകയാണെന്നുള്ള തെറ്റായ ധാരണ ജനങ്ങൾക്കിടയിൽ സിഎഎയിലൂടെ ഇന്ത്യ സൃഷ്ടിക്കുന്നതെന്ന് പ്രതിവാര മാധ്യമ സമ്മേളനത്തിൽ വിദേശകാര്യ വക്താവ് മുംതാസ് സഹ്‌റ ബലോച്ചിനെ ഉദ്ധരിച്ച് പാകിസ്ഥാൻ സർക്കാർ ഉടമസ്ഥതയിലുള്ള റേഡിയോ പാകിസ്ഥാൻ പറഞ്ഞു.   

ഇന്ത്യയിൽ ഹിന്ദു ജീവിതരീതിയുടെ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന 20-ാം നൂറ്റാണ്ടിലെ പ്രത്യയശാസ്ത്രമായ ഹിന്ദുത്വയുടെ ഉയർന്നുവരുന്ന തരംഗത്തെ മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) സർക്കാരിന് കീഴിൽ മുസ്‌ലിംകളെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ ഇരകളാക്കുന്നതിലേക്കാണ് നയിക്കുന്നത് തുടങ്ങിയ വിമർശനങ്ങളാണ് ഈ റിപ്പോർട്ടിലുള്ളത്. ഇത്തരത്തിലുള്ള വിമർശനങ്ങളല്ലാതെ ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിന് തത്തുല്യമായി ഇന്ത്യന്‍ മുസ്‌ലിംകൾക്ക് പാക്കിസ്ഥാനിൽ പൗരത്വം നല്‍കാന്‍  നിയമം വരുന്നുവെന്ന തരത്തിലുള്ള വിവരങ്ങളൊന്നും തന്നെ വാർത്തയിലില്ല. 

കൂടാതെ പ്രചരിക്കുന്ന കാർഡിലെ ചിത്രത്തിലുള്ളത് പാക് കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി ഏകോപന വകുപ്പ് മന്ത്രി അഹ്മദ് ഇര്‍ഫാന്‍ അസ്‌ലം ആണെന്നും വൈറൽ ചിത്രം പാക് സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലുണ്ടെന്നും  കണ്ടെത്തി.

ബന്ധപ്പെട്ട കീവേഡുകളുടെ സഹായത്തോടെ  വൈറൽ പ്രചാരണത്തിന്‍റെ വിശദാംശങ്ങള്‍ തിരഞ്ഞപ്പോൾ പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫിന്‍റെ പേരിൽ എക്സ് പ്ലാറ്റ്ഫോമിൽ പ്രചരിച്ച ഒരു വ്യാജ ട്വീറ്റിന്‍റെ പേരിലാണ് ഇത്തരമൊരു വ്യാപക പ്രചാരണം നടക്കുന്നതെന്ന് വ്യക്തമായി. നിരവധി പേരാണ് എക്‌സിൽ ഷഹ്ബാസ് ഷരീഫിന്‍റെ പേരിലുള്ള വ്യാജ ട്വീറ്റ് ഷെയർ ചെയ്തിട്ടുള്ളത്. ട്വീറ്റ് കാണാം.

ഇന്ത്യയിലെ സർക്കാരിന്‍റെ വർഗീയവും  ജനാധിപത്യവിരുദ്ധവുമായ സിഎഎയെ പ്രതിരോധിക്കാൻ പാക്കിസ്ഥാൻ സർക്കാർ സിഎഎയ്ക്ക് തുല്യമായ നിയമം പാക്കിസ്താനില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു. ഇതുവഴി ഇന്ത്യയിൽ പീഡനം അനുഭവിക്കുന്ന ഇന്ത്യൻ മുസ്‌ലിംകൾക്ക് പാക്കിസ്ഥാൻ പൗരത്വം നൽകും എന്നാണ് ട്വീറ്റിലുള്ളത്.

ഇത്തരത്തിലൊരു ട്വീറ്റ് പാക് പ്രധാനമന്ത്രി തന്റെ എക്‌സ് ഹാൻഡിലിൽ പങ്ക്‌വച്ചിട്ടുണ്ടോ എന്ന സ്ഥിരീകരണത്തിനായി ഞങ്ങൾ ഷഹ്ബാസ് ഷെരീഫിന്‍റെ ഔദ്യോഗിക എക്‌സ്  ഹാൻഡിൽ പരിശോധിച്ചപ്പോൾ സിഎഎയുമായി ബന്ധപ്പെട്ട്  ഇത്തരമൊരു സ്ക്രീൻഷോട്ട് ഞങ്ങൾക്ക് കണ്ടെത്താനായില്ല.

2024 മാർച്ച് 11നാണ് പാക് പ്രധാനമന്ത്രി ഇത്തരത്തിലൊരു ട്വീറ്റ് പങ്ക്‌വച്ചതായി അവകാശപ്പെടുന്നത്. എന്നാൽ അനലിറ്റിക്‌സ് ടൂളായ സോഷ്യൽ ബ്ലേഡ്  ഉപയോഗിച്ച് നടത്തിയ വിശദ പരിശോധനയിൽ ഇതേ ദിവസം ഷെഹ്‌ബാസ് ഷെരീഫിന്റേതായ ട്വീറ്റുകളൊന്നും തന്നെ എക്സിൽ ഷെയർ ചെയ്തിട്ടില്ല.ഇതിൽ നിന്ന്  വൈറലായ സ്‌ക്രീൻഷോട്ട് വ്യാജമാണെന്ന് വ്യക്തമായി.

∙ വാസ്തവം

ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിന് തുല്യമായി പാക്കിസ്ഥാനിൽ  പൗരത്വം നല്‍കാന്‍ നിയമം വരുന്നുവെന്ന അവകാശവാദത്തോടെയുള്ള പ്രചാരണം വ്യാജമാണ്.

English Summary : Campaign claiming that the law is coming to give Indian Muslims citizenship in Pakistan on par with India's Citizenship Amendment Act is bogus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com