ADVERTISEMENT

 പ്രശസ്ത സിനിമ താരം നവ്യ നായര്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയെ വേദിയിൽ ആക്ഷേപിച്ചു എന്ന അവകാശവാദവുമായി ഒരു വിഡിയോ  സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.

∙ അന്വേഷണം
നവ്യാനായർ കസറി , ഇളിഭ്യനായി  ശിവൻകുട്ടി എന്ന കുറിപ്പിനൊപ്പമാണ് യൂട്യൂബിൽ ഈ പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റ് കാണാം. കീവേഡുകളുടെ പരിശോധനയിൽ ഇത് സംബന്ധിച്ച കൂടുതൽ പോസ്റ്റുകൾ‌ ഫെയ്‌സ്ബുക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി കണ്ടെത്തി.ദദേ ശിവൻകുട്ടി പോയി കുട്ടി പോയിന്ന് എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ  പ്രചരിക്കുന്നത്.

താരങ്ങൾ വന്ന വഴി ഒരിക്കിലും മറക്കരുത് എന്നും കേരള സര്‍വകലാശാല ഏറെ സാമ്പത്തിക പ്രതിസന്ധികള്‍ നേരിട്ടിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത് അതിനാല്‍ സെലിബ്രിറ്റികള്‍ ഇത് പോലെയുള്ള ഉത്സവങ്ങളില്‍ പങ്കെടുക്കാന്‍ സാമ്പത്തിക പ്രതിഫലം ആഗ്രഹിക്കരുതെന്നും മന്ത്രി പ്രസംഗത്തില്‍ പറയുന്നുണ്ട്.

നവ്യയുടെ പ്രസംഗത്തിന്റെ ഭാഗത്ത്, വന്ന വഴി മറക്കാന്‍ പാടില്ലെന്നും താരങ്ങൾ ഇത്തരം പരിപാടികള്‍ക്ക് പൈസ ചോദിക്കരുത് എന്നുമുള്ള മന്ത്രിയുടെ പരാമർശം സൂചിപ്പിച്ചു കൊണ്ട് ഒരു പൈസയും വാങ്ങാതെയാണ് താൻ ഇവിടെ വന്നിരിക്കുന്നതെന്ന് പറയുന്നുണ്ട്. ഇനി നിങ്ങള്‍ ഒരു മത്സരത്തിലും പങ്കെടുത്തിലെങ്കിൽ നിങ്ങള്‍ക്ക് MLA ആകാം എന്നും നവ്യ പ്രസംഗത്തിനിടെ പറയുന്നതായി കാണാം. ഇത് കേട്ട് മന്ത്രി ശിവന്‍കുട്ടി വേദിയില്‍ നിന്ന് എഴുന്നേറ്റു പോകുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്.

ദൃശ്യങ്ങൾ വ്യക്തമായി പരിശോധിച്ചപ്പോൾ പല വാക്യങ്ങളും പരസ്പര ബന്ധമില്ലാത്തവയാണെന്നും ഒരു വിഡിയോയുടെ തന്നെ പലഭാഗങ്ങളാണെന്നും സൂചനകൾ ലഭിച്ചു. കേരള സർവ്വകലാശാല യുവജനോൽസവത്തിന്റെ വിഡിയോയാണിതെന്ന് വ്യക്തമായി. ഈ സൂചനകൾ ഉപയോഗിച്ചുള്ള കീവേഡുകളുടെ പരിശോധനയിൽ നവ്യ നായരുടെ ഇതേ പ്രസംഗത്തിന്‍റെ പൂർണ്ണമായ വിഡിയോ ഒരു യൂട്യൂബ് ചാനലിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചു.

വിഡിയോ മുഴുവൻ പരിശോധിച്ചപ്പോൾ മന്ത്രിയുടെ പ്രസംഗത്തിന് ശേഷം പ്രസംഗം ആരംഭിച്ച നവ്യ ഒരു പൈസയും വാങ്ങാതെയാണ് താൻ ചടങ്ങിനെത്തിയതെന്ന് സൂചിപ്പിച്ചപ്പോൾ മന്ത്രി ചിരിച്ചു കൊണ്ടാണ് പ്രതികരിച്ചത്. വീണ്ടും പ്രസംഗം തുടരുമ്പോഴും മന്ത്രി വേദിയിൽ തന്നെയുള്ളതായി കാണാം. പിന്നീട് വിഡിയോയുടെ ഏഴാം മിനുട്ടിൽ, മന്ത്രിക്കൊപ്പമിരുന്ന മേയർ ആര്യ രാജേന്ദ്രന് ഒരു ഫോൺ വരികയും തുടർന്ന് മന്ത്രിയുടെ അടുക്കലെത്തി മേയർ എന്തോ പറഞ്ഞതിനെ തുടർന്നാണ് മന്ത്രി വേദിയിൽ നിന്ന് എഴുന്നേറ്റ് പോകുന്നത്. മന്ത്രി പോയതിന് ശേഷമുള്ള പ്രസംഗത്തിന്റെ അവസാന ഭാഗത്ത് കഠിനാധ്വാനവും പ്രയത്നവും ഉണ്ടെങ്കിൽ ഈ മൽസരങ്ങളിലൊന്നും പങ്കെടുത്തില്ലെങ്കിലും എംഎൽഎയൊക്കെ ആകാം.ഉയരങ്ങൾ താണ്ടാം എന്നാണ് താരം പറഞ്ഞത്. ഇതിൽ നിന്ന് വിഡിയോയിലെ ചില ഭാഗങ്ങൾ തെറ്റിദ്ധാരണപരത്തുന്ന തരത്തിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്ന് വ്യക്തമായി. മന്ത്രി വേദി വിട്ടതും നവ്യയുടെ പ്രസംഗവുമായി ബന്ധമില്ലെന്നാണ് ഇതിൽ നിന്ന് വ്യക്തമായത്.

മുൻപൊരിക്കൽ സിബിഎസ്ഇ കലോത്സവത്തില്‍ അതിഥിയായി നവ്യനായർ പങ്കെടുത്തപ്പോള്‍ അവിടെ വന്ന അതിഥികളിൽ ഒരു എംഎൽഎയുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയാണ് നവ്യ പ്രസംഗത്തിൽ എടുത്ത് പറഞ്ഞത്. നിങ്ങള്‍ ഒരു കാര്യം മനസിലാക്കണം. പ്രസംഗത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചാല്‍ അദ്ദേഹത്തെ  പോലെ വലിയൊരു അഡ്വക്കേറ്റ് ആകാം. ഇനി സ്ഥാനമൊന്നും കിട്ടിയില്ല കലാതിലകം നഷ്ടപ്പെട്ടാല്‍ നിങ്ങള്‍ക്ക് നവ്യ നായരാകാം. ഇനി നിങ്ങള്‍ ഒരു മത്സരത്തിലും പങ്കെടുത്തിലെങ്കിലോ? നിങ്ങള്‍ക്ക് MLA ആകാം. ഈ വാക്കുകൾക്ക് മന്ത്രി ശിവന്‍കുട്ടിയുമായി യാതൊരു ബന്ധവുമില്ല. ഇത് പറയുമ്പോള്‍ അദ്ദേഹം വേദിയിലുമുണ്ടായിരുന്നില്ല. ഇതേ വിഡിയോ മനോരമ ന്യൂസിലും നൽകിയിട്ടുണ്ട്. വിഡിയോ കാണാം 

സ്ഥിരീകരണത്തിനായി ഞങ്ങൾ മന്ത്രിയുടെ ഓഫീസുമായി ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചു. മറ്റൊരു പരിപാടിയിലെ ചടങ്ങിലേയ്ക്ക് അടിയന്തിരമായി എത്തിച്ചേരേണ്ടതിനാലാണ് മന്ത്രിയും മേയറും വേദി വിട്ടതെന്നും സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നും ഓഫീസ് വ്യക്തമാക്കി.

ഇതിൽ നിന്ന് നവ്യനായരുടെ പ്രസംഗം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നെന്ന് വ്യക്തമായി.

∙ വസ്തുത

യുവജനോൽസവ വേദിയിൽ സിനിമ താരം നവ്യ നായര്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയെ ആക്ഷേപിച്ചു സംസാരിച്ചു എന്ന അവകാശവാദവുമായി പ്രചരിക്കുന്ന വിഡിയോ അടിസ്ഥാനരഹിതമാണ്.

English Summary :The video circulating with the claim that movie star Navya Nair spoke insultingly against Education Minister V. Shivankutty at the Yuva Janolsava venue is baseless.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com