കേദാർനാഥ് ക്ഷേത്രത്തിൽ തലകീഴായി മോദിയുടെ പ്രദക്ഷിണം; വാസ്തവമെന്ത്? | Fact Check
Mail This Article
പ്രധാനമന്ത്രി നരേന്ദ്രമോദി കേദാർനാഥ് ക്ഷേത്രത്തിന് ചുറ്റും തലകീഴായി പ്രദക്ഷിണം ചെയ്യുന്നതിന്റെ ദൃശ്യങ്ങളെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം
∙അന്വേഷണം
26 വയസ്സുള്ളപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി കേദാർനാഥ് ക്ഷേത്രത്തിന് ചുറ്റും തലകീഴായി പ്രദക്ഷിണം ചെയ്യുന്ന ദൃശ്യങ്ങൾ എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റ് കാണാം
വിഡിയോയിലെ സ്‌ക്രീൻഷോട്ടുകളുടെ റിവേഴ്‌സ് ഇമേജ് സെർച്ചിൽ, 2021 ജൂൺ 23-ന് 'ശ്രീ കേദാർനാഥ് ജ്യോതിർലിംഗ്' എന്ന ഫെയ്സ്ബുക് പേജ് പ്രസിദ്ധീകരിച്ച സമാന ദൃശ്യങ്ങളടങ്ങിയ ഒരു വിഡിയോ ലഭിച്ചു. പേജിലുള്ള വിവരങ്ങൾ പ്രകാരം ഇത് കേദാർനാഥിലെ പുരോഹിതൻ ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം വയ്ക്കുന്ന ദൃശ്യങ്ങളാണെന്നാണ് വ്യക്തമാക്കുന്നത് . ഇതേ സംഭവം റിപ്പോർട്ട് ചെയ്തുകൊണ്ട്,ചില യൂട്യൂബ് ചാനലുകളും 2021-ൽ ഇതേ വിഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിഡിയോ കാണാം
കൂടുതൽ വിശദാംശങ്ങൾക്കായി തിരഞ്ഞപ്പോൾ, ഒരു വാർത്താമാധ്യമത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ സമാന വിഡിയോ ലഭ്യമായി. കേദാർനാഥ് ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം വെച്ചത് കേദാർനാഥ് ക്ഷേത്രത്തിലെ പൂജാരി സന്തോഷ് ത്രിവേദിയാണെന്നാണ് ഈ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.ചാർധാം ദേവസ്ഥാനം മാനേജ്‌മെന്റ് ബോർഡ് നിയമം നടപ്പാക്കാനുള്ള ഉത്തരാഖണ്ഡ് സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് അദ്ദേഹം ഇപ്രകാരം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.
ഇതിൽ നിന്ന് വിഡിയോയിൽ കേദാർനാഥ് ക്ഷേത്രത്തിന് ചുറ്റും തലകീഴായി പ്രദക്ഷിണം വയ്ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല കേദാർനാഥ് ക്ഷേത്രത്തിലെ പൂജാരി സന്തോഷ് ത്രിവേദിയാണെന്ന് വ്യക്തമായി.
∙വസ്തുത
കേദാർനാഥ് ക്ഷേത്രത്തിന് ചുറ്റും തലകീഴായി പ്രദക്ഷിണം വയ്ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല കേദാർനാഥ് ക്ഷേത്രത്തിലെ പൂജാരി സന്തോഷ് ത്രിവേദിയാണ്.
English Summary: It is not Prime Minister Narendra Modi who circumambulates the Kedarnath temple upside down