ADVERTISEMENT

കാറിന്റെ സൗന്ദര്യത്തെ മാത്രമല്ല, പ്രധാന ഭാഗങ്ങളെ പോലും കാര്‍ന്നു തിന്നാന്‍ ശേഷിയുണ്ട് തുരുമ്പിന്. അതുകൊണ്ടു തന്നെ തുടക്കത്തിലേ കണ്ടെത്തി നിയന്ത്രിച്ചില്ലെങ്കില്‍ തുരുമ്പ് വലിയ പണി തരും. എങ്ങനെ കാറിലെ തുരുമ്പ് തിരിച്ചറിയാം, പരിഹരിക്കാം, തുരുമ്പ് വരാതെ നോക്കാം തുടങ്ങിയ പല ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നോക്കാം. 

എങ്ങനെ തുരുമ്പ് വരും?

തുരുമ്പു പിടിക്കുന്ന ഇരുമ്പോ ഉരുക്കോ ആണ് ഭൂരിഭാഗം കാറുകളുടേയും നിര്‍മാണ വസ്തു. ഇവ വെള്ളവും അന്തരീക്ഷത്തിലെ ഓക്‌സിജനുമായി ചേരുമ്പോഴാണ് അയേണ്‍ ഓക്‌സൈഡ് അഥവാ തുരുമ്പുണ്ടാവുന്നത്. കട്ടികൂടിയ തുരുമ്പിന്റെ സാന്നിധ്യമാണ് ആദ്യത്തെ ലക്ഷണം. സാധാരണ കാറിന്റെ അടിഭാഗത്തും ചക്രങ്ങളോടു ചേര്‍ന്നുള്ള ഭാഗങ്ങളിലുമാണ് തുരുമ്പ് കണ്ടു വരാറ്. പെയിന്റിന് താഴെ വീര്‍ത്തു കാണപ്പെടുന്ന ഭാഗങ്ങളും തുരുമ്പിന്റെ സാന്നിധ്യത്തിന്‍രെ സൂചനയാവാറുണ്ട്. ഇതും ശ്രദ്ധിക്കണം. 

എങ്ങനെ തുരുമ്പ് പടരും?

മൂന്നു ഘട്ടങ്ങളിലായാണ് തുരുമ്പ് പടര്‍ന്നു പിടിക്കുക. തുരുമ്പിന്റെ സാന്നിധ്യം തിരിച്ചറിയുമ്പോള്‍ തന്നെ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാവും. താഴെയുള്ള ലോഹം കാണുന്നതു വരെ തുരുമ്പു പിടിച്ച ഭാഗത്തെ പെയിന്റ് ചുരണ്ടി കളഞ്ഞ് ഉരച്ച് വൃത്തിയാക്കണം.  ഇത് പ്രത്യേകം ശ്രദ്ധയും അനുഭവസമ്പത്തും ആവശ്യമുള്ള ജോലിയാതിനാല്‍ പ്രൊഫഷണല്‍സിനെ സമീപിക്കുന്നതാണ് നല്ലത്. 

പെയിന്റും തുരുമ്പും ഉരച്ചു കളഞ്ഞ ശേഷം പെയിന്റ് അടിക്കുന്നത് പല ഘട്ടങ്ങളായി ചെയ്യേണ്ട ജോലിയാണ്. തുരുമ്പിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ ശേഷവും അവഗണിച്ചാല്‍ പ്രശ്‌നം കൂടുതല്‍ ഗുരുതരമാവുകയാണ് ചെയ്യുക. ഇതോടെ ലോഹഭാഗങ്ങളില്‍ തുള വീണു തുടങ്ങും. ഇത് കാറിന്റെ രൂപത്തിനും സുരക്ഷക്കു പോലും അപകടമുണ്ടാക്കുന്ന കാരണമാവും. ഇത്തരം സാഹചര്യങ്ങളില്‍ ബോഡി പാനലുകള്‍ മാറ്റേണ്ടി വന്നാലും അത്ഭുതപ്പെടാനില്ല. ഇനി തുരുമ്പ് കാറിന്റെ ഫ്രയിമിലേക്കെത്തിയാല്‍ അറ്റകുറ്റ പണികള്‍ നടത്തിയാല്‍ പോലും പൂര്‍വസ്ഥിതിയിലെത്തുക ബുദ്ധിമുട്ടായി തീരും. 

തുരുമ്പിനെ തടയാന്‍

ഏതു പ്രശ്‌നവും സംഭവിക്കുന്നതിനു മുമ്പ് തടയുന്നതാണ് ഏറ്റവും അനുയോജ്യമായ മാര്‍ഗം. കൃത്യമായ ഇടവേളകളില്‍ കാര്‍ കഴുകി വൃത്തിയാക്കി വെക്കുന്നത് തുരുമ്പിനെ അകറ്റി നിര്‍ത്തും. തുരുമ്പു പിടിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള കാറിന്റെ അടിഭാഗം പോലുള്ള സ്ഥലങ്ങള്‍ നല്ല പോലെ ശ്രദ്ധിക്കണം. കാറിന്റെ അടിഭാഗത്തും മറ്റും റസ്റ്റ് പ്രൂഫിക് സ്‌പ്രേ ചെയ്യുന്നത് നല്ലതാണ്. ഇത് തുരുമ്പിനെതിരെ വാഹനത്തിന് അധിക സുരക്ഷ നല്‍കും. മഴക്കാലം പോലുള്ള ഈര്‍പ്പമേറിയ സമയങ്ങളില്‍ തുരുമ്പിനെ അകറ്റി നിര്‍ത്താന്‍ സവിശേഷ ശ്രദ്ധ വേണ്ടി വരും. 

ഇന്‍ഷുറന്‍സില്ല

വാഹനം തുരുമ്പു പിടിച്ചെന്നു കരുതി അത് ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ വരില്ലെന്നത് പ്രത്യേകം ഓര്‍മിക്കണം. അപകടത്തില്‍ പെടുമ്പോള്‍ ലഭിക്കുന്നതു പോലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ തുരുമ്പു പിടിക്കുമ്പോള്‍ ലഭിക്കില്ല. തുരുമ്പിനെ ഫലപ്രദമായി തടഞ്ഞു നിര്‍ത്താന്‍ കൃത്യമായ വാഹന പരിചരണവും ശ്രദ്ധയുമാമ് വേണ്ടത്. 

English Summary:

Stop Rust in Its Tracks: Expert Tips on Early Detection and Prevention for Your Car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com