ADVERTISEMENT

ദുബായ് ∙ ദുബായിൽ നിന്ന് 12 വരിയായി അബുദാബിയിലേക്കു നീണ്ടു കിടക്കുന്ന ഷെയ്ഖ് സായിദ് റോഡിലൂടെ 70ാം നമ്പർ വെളുത്ത റോൾസ് റോയിസിൽ യൂസഫലി പായുമ്പോൾ, ഓർമകളിൽ ഒരൊറ്റവരി പാത ഇപ്പോഴും തെളിയും. അര നൂറ്റാണ്ട് മുൻപ്, ടൊയോട്ട സ്റ്റൗട്ട് പിക് അപ്പിലാണ് ദുബായിൽ നിന്ന് അബുദാബിയിലേക്കുള്ള യൂസഫലിയുടെ ആദ്യ യാത്ര. അന്ന് ആ യാത്രയ്ക്കു 4 മണിക്കൂർ വേണ്ടി വന്നു. ഇതിനിടെ എതിരെയും പിന്നാലെയും വന്ന വാഹനങ്ങൾക്കു കടന്നു പോകാനായി എത്രയോ തവണ യൂസഫലിയുടെ വാഹനം ഒതുക്കി നിർത്തേണ്ടി വന്നു. ആ റോഡിൽ രണ്ടാമതൊരു വരി കൂടി പണിയുന്നതേ ഉണ്ടായിരുന്നുള്ളു. ഇന്ന് യൂസഫലിയും യുഎഇയും വളർന്നു. അന്നു യൂസഫലി സഞ്ചരിച്ച റോഡിൽ ഇന്ന് ഒരു ഭാഗത്തേക്ക് 6 വരികളുണ്ട്. 120 കിലോമീറ്ററിൽ നിന്നു വേഗം കുറഞ്ഞാൽ, 400 ദിർഹമാണ് ഈ റോഡിൽ ഇപ്പോൾ പിഴ.

യൂസഫലി  ഓഫിസിൽ.
യൂസഫലി ഓഫിസിൽ.

ഒഴിവു സമയങ്ങളിൽ എന്തു ചെയ്യാനാണ് താൽപര്യമെന്ന് യൂസഫലിയോടു ചോദിച്ചാൽ പറയും കച്ചവടം ചെയ്യാനാണെന്ന്. മരുഭൂമിയിലെ കൊടുംചൂടിൽ, തറയിൽ വെള്ളമൊഴിച്ചു ആ നനവിന്റെ തണുപ്പിൽ കിടന്നുറങ്ങിയിട്ടുണ്ട് യൂസഫലി. ഇന്ന്, 70,000 ജീവനക്കാർക്ക് താങ്ങും തണലുമൊരുക്കുന്ന മഹാവൃക്ഷമായി പടർന്നു പന്തലിക്കുന്നതിന്റെ തുടക്കമായിരുന്നു ആ ഉഷ്ണമുള്ള രാവുകൾ. തൃശൂർ ജില്ലയിലെ നാട്ടികയിൽ മുസലിയാം വീട്ടിൽ അബ്ദുൽ ഖാദർ യൂസഫലിയാണ് പിന്നീട് എം.എ. യൂസഫലി എന്ന ബ്രാൻഡായി ലോകം കീഴടക്കിയത്. രാജ്യങ്ങൾക്ക് അവരുടെ നയതന്ത്ര ഉദ്യോഗസ്ഥരെക്കാൾ വിശ്വാസമാണ് യൂസഫലിയെന്ന നയതന്ത്രജ്ഞനെ. എത്രയോ തവണ രാജ്യങ്ങൾക്കിടയിൽ യൂസഫലി മധ്യസ്ഥനായി. 

പ്രവാസത്തിൽ പ്രതീക്ഷയുടെ നക്ഷത്രമായി യൂസഫലി ഉദിച്ചുയർന്നിട്ട് ഇന്ന് കൃത്യം അരനൂറ്റാണ്ട് തികയുകയാണ്. ബോംബെ തുറമുഖത്ത് നിന്നു കച്ചവടത്തിന് കച്ചകെട്ടി കപ്പൽ കയറുമ്പോൾ എം.എ. യൂസഫലിക്കു പ്രായം 19. കൈമുതലായുണ്ടായിരുന്നത് എന്തു ജോലിക്കും സന്നദ്ധമായ മനസ്സും അടങ്ങാത്ത സ്വപ്നങ്ങളും. കടലിലെ കാറും കോളും തിരയും പിന്നിട്ട് 6 ദിവസത്തെ യാത്രയ് ക്കൊടുവിൽ ദുംറ എന്ന കപ്പൽ 1973 ഡിസംബർ 31ന് യൂസഫലിയുമായി ദുബായ് റാഷിദ് തുറമുഖത്ത് അടുക്കുമ്പോൾ മണലാരണ്യം ഒരു മഹാ വ്യവസായ വാണിജ്യ വിപ്ലവത്തിന് അരങ്ങൊരുക്കുകയായിരുന്നു. 

∙ യുഎഇ എങ്ങനെ വളർച്ചയ്ക്ക് സഹായിച്ചു?
എന്റെ പിതൃസഹോദരന്റെ കടയിലാണ് ജീവിതം ആരംഭിക്കുന്നത്. അന്ന് യുഎഇയിൽ 99% സാധനങ്ങളും പുറത്തുനിന്നാണ് വന്നിരുന്നത്. അങ്ങനെ 1983ൽ 28ാം വയസ്സിൽ ആദ്യമായി ഓസ്ട്രേലിയയിലേക്കു പോയി. പിന്നീട്, യുകെയിലും. അവിടെനിന്നു സാധനങ്ങൾ നേരിട്ടു വാങ്ങി ഇവിടെ വിറ്റു. അവിടെനിന്നാണ് ഹൈപ്പർ മാർക്കറ്റ് എന്ന ആശയം ഉണ്ടാകുന്നത്. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് പിന്തുണ തന്നു. ഈ രാജ്യത്തിനു വേണ്ടി സാധനങ്ങൾ വിൽക്കുന്നവരാണ്, അവർ വിശ്വസ്തരാണ്, നമ്മുടെ ജനങ്ങൾക്കൊപ്പം നിൽക്കുന്നവരാണ്, അവരെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം മക്കളോടു നിർദേശിച്ചു. കച്ചവടത്തിനു സ്ഥലം തന്നു, താമസിക്കാൻ സ്ഥലം തന്നു, അങ്ങനെ ഈ രാജ്യം എനിക്ക് എല്ലാ സൗകര്യങ്ങളും നൽകി സഹായിച്ചു.

∙ അടുത്ത പദ്ധതി? 
300 ഹൈപ്പർ മാർക്കറ്റുകൾ എന്ന ലക്ഷ്യത്തിലേക്കാണിപ്പോൾ. അതു പൂർത്തിയാക്കുമ്പോൾ പറയാം അടുത്ത ലക്ഷ്യം. 

∙ ഇന്ത്യയിലേക്കു കൂടുതൽ സ്ഥാപനങ്ങൾ  വരുന്നുണ്ടല്ലോ? 
നേരത്തെ പ്രവാസികൾക്ക് ഇന്ത്യയിൽ നിക്ഷപിക്കുന്നതിന് നിയന്ത്രണം ഉണ്ടായിരുന്നു. ഇപ്പോൾ ആ നിയന്ത്രണമില്ല. എൻആർഐ ഇൻവസ്റ്റമെന്റ് ഡൊമസ്റ്റിക് ഇൻവെസ്റ്റ്മെന്റ് ആക്കി. ഇന്ത്യ 140 കോടി ജനങ്ങളുടെ വലിയ വിപണിയാണ്. അവിടെ കൂടുതൽ സ്ഥാപനങ്ങൾ വരും. 

∙ കച്ചവടത്തിനപ്പുറം ഒരു സാമൂഹിക പ്രതിബദ്ധതയും ലുലുവിനുണ്ട്? 
കോവിഡ് കാലത്ത് യുഎഇയുടെ ഭക്ഷ്യ സുരക്ഷ നോക്കിയിരുന്നത് ലുലുവാണ്. ഒരു സാധനത്തിനും കുറവുണ്ടായില്ല. വില വർധിച്ചില്ല. സൗദിയിലും കുവൈത്തിലും ഖത്തറിലുമൊക്കെ ഇതേ പോലെയാണ് നമ്മൾ ചെയ്തത്. കുറെ കാശുണ്ടാക്കുക എന്നല്ല, ആ രാജ്യത്തിന്റെ വിഷമ സ്ഥിതിയിൽ അവരോടൊപ്പം നിൽക്കുക എന്നതാണ് നയം. 

∙ ഒരു സംരംഭം തുടങ്ങാനെത്തി ഒരു സാമ്രാജ്യം തീർത്തയാളാണ് താങ്കൾ.  ആരായിരിക്കും അടുത്ത അവകാശി? 
ഇപ്പോൾ ഞാനുണ്ടല്ലോ. ഞാനില്ലാതാകുന്ന കാലത്തെക്കുറിച്ചാണല്ലോ ചോദ്യം. ആ കാലത്ത് അതിനുള്ള ഉത്തരവും ഉണ്ടായിരിക്കും. 

∙  പാതിവഴിയിൽ കച്ചവടം ഉപേക്ഷിച്ചു പോയ ഒരുപാട് സംരംഭകരുണ്ട്. അവർക്ക് വിജയിക്കാൻ കഴിയാതെ പോയത് എന്തുകൊണ്ടാവും? 
നമ്മൾ തുടങ്ങുന്ന ഏതു സംരംഭവുമായി നമ്മൾ ഇഴുകിച്ചേരണം. ബിസിനസിന്റെ വർത്തമാന കാല ട്രെൻഡ് സംരംഭകൻ അറിഞ്ഞിരിക്കണം. ഭാവിയിലെ ട്രെൻഡ് എന്താകുമെന്നും അറിയണം. ഭാവിയിലെ മാറ്റങ്ങൾക്കു വേണ്ടിയുള്ള മുന്നൊരുക്കം ഇപ്പോഴേ തുടങ്ങണം. ജോലിയിൽ കൃത്യ നിഷ്ഠ വേണം. ലുലുവിന്റെ ഏതു കടയും 8 കൊല്ലത്തിനപ്പുറം പുതുക്കും. നല്ല യന്ത്ര സാമഗ്രികൾ വേണം. അതിന്റെ കാലാവധി കഴിയുമ്പോൾ മാറ്റി പുതിയവ സ്ഥാപിക്കണം. കടയുടെ ഭംഗി മാത്രമല്ല, അതിനുള്ളിലെ സാധനങ്ങളും മനുഷ്യന് ആവശ്യമുള്ളതാവണം. ആളുകൾക്ക് അവരുടെ ബജറ്റിൽ ലഭിക്കുന്ന സാധനങ്ങൾ ഉണ്ടാവണം. വരവിൽ കൂടുതൽ ചെലവുണ്ടാകരുത്. വിപണിയെ കുറിച്ച് നല്ല ബോധ്യമുണ്ടാകണം, കൃത്യമായ മാർക്കറ്റിങ് വേണം. 

∙ ബിസിനസ് ഏറ്റവും നന്നായി മാനേജ് ചെയ്യുന്ന താങ്കൾ, കുടുംബ ജീവിതത്തിൽ എങ്ങനെയാണ്? 
100 ശതമാനം സുഖമായി ജീവിക്കാൻ കഴിയില്ല. എന്തെങ്കിലുമൊക്കെ നഷ്ടപ്പെടുത്തേണ്ടി വരും. അങ്ങനെ നഷ്ടപ്പെടുത്തിയവയുടെ കൂട്ടത്തിൽ ഒരു ഭാഗം എന്റെ കുടുംബ ജീവിതം തന്നെയാണ്. എന്റെ എല്ലാ സുഖത്തിലും ദുഃഖത്തിലും എന്നോടൊപ്പം നിന്നത് എന്റെ ഭാര്യയാണ്. എന്റെ കൂടെ ജീവിക്കുക എന്നതൊരു വലിയ ജോലിയാണ്. അത് ഭംഗിയായി എന്റെ ഭാര്യ നിർവഹിക്കുന്നു. കഴിഞ്ഞ ദിവസം ഞാൻ എന്റെ ഭാര്യയെ അഭിനന്ദിച്ചു. നന്ദി പറഞ്ഞു. എന്റെ കുടുംബത്തിന്റെ പിന്തുണ എനിക്കില്ലായിരുന്നുവെങ്കിൽ സമ്മർദ്ദത്തിലാകുമായിരുന്നു. എനിക്ക് സമാധാന മാനസിക അവസ്ഥ നൽകിയത് എന്റെ കുടുംബമാണ്. 

∙ ജാതിയും മതവും നോക്കാതെ ജനങ്ങൾ ഇഷ്ടപ്പെടുന്ന ഒരു മലയാളി യൂസഫലിയായിരിക്കും. എന്താണ് അതിനു കാരണം?
ജാതിയും മതവുമൊക്കെ മനുഷ്യനും ദൈവവും തമ്മിലാണ്. മനുഷ്യനും മനുഷ്യനും തമ്മിലല്ല. ലോകത്ത് ഒരു ദൈവത്തെയും കുറ്റം പറയാൻ പാടില്ലെന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. അതനുസരിച്ച് ജീവിക്കുന്ന ആളാണ് ഞാൻ.

∙ നരേന്ദ്ര മോദിയുമായി വളരെ അടുപ്പമാണല്ലോ? എങ്ങനെയാണ് ഈ ബന്ധം വളർന്നത്?
20 കോടി മുസ്‌ലിംങ്ങളുള്ള രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് മോദി. അദ്ദേഹത്തെ ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണ്.  ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി വളരുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് അദ്ദേഹം. 

∙ എത്ര ഭാഷയറിയാം?
മലയാളത്തിനുപുറമേ ഹിന്ദി, ഗുജറാത്തി, പാഴ്സി, അറബിക്, ഇംഗ്ലിഷ് ഭാഷകളും സംസാരിക്കും.

∙ സാധിക്കാതെ പോയ ആഗ്രഹം? 
എന്റെ മുടി കൊഴിഞ്ഞു തുടങ്ങിയപ്പോൾ റീ പ്ലാന്റ് ചെയ്യാൻ ഒരാഗ്രഹമുണ്ടായി. അന്ന് അതിനു വേണ്ട കാര്യങ്ങളൊക്കെ ചെയ്തു. അപ്പോഴാണ് ഹെലികോപ്റ്റർ അപകടം ഉണ്ടാകുന്നത്. പിന്നീട്, കോവിഡ് വന്ന് എല്ലാ പ്ലാനും പൊളിഞ്ഞു. അപ്പോഴേക്കും മുടി പോയി. ഇപ്പോൾ ചെയ്തു കൂടേയെന്നു ചോദിക്കുന്നവരുണ്ട്. അതിനു, പറിച്ചു നടാൻ എന്റെ തലയിൽ മുടി വേണ്ടേ? ഇനി അവയവ ദാനം പോലെ മുടി വേരോടെ ദാനം ചെയ്യുന്ന ടെക്നോളജി വരുമ്പോൾ നോക്കാം. അതുവരെ ഇങ്ങനെ പോട്ടെ. 

കോടികളുടെ വ്യവസായ സാമ്രാജ്യത്തിൽ കൃത്യമായി ഓഫിസിലെത്തി ജോലി ചെയ്തു മടങ്ങുന്ന തൊഴിലാളി കൂടിയാണ് യൂസഫലി.  സ്ഥിരോൽസാഹിയായ തൊഴിലാളി. ഇന്ത്യ പത്മശ്രീ നൽകി ആദരിച്ചപ്പോൾ യുഎഇയുടെ പരമോന്നത ബഹുമതിയായ അബുദാബി അവാർഡാണ് യൂസഫലിയെ തേടി എത്തിയത്. ബഹ്റൈൻ സർക്കാർ നൽകിയ ഓർഡർ ഓഫ് ബഹ്റൈൻ, ബ്രിട്ടിഷ് രാജ്ഞിയുടെ ക്വീൻസ് പുരസ്കാരം, ഇന്തോനീഷ്യയുടെ പ്രിമ ദത്ത പുരസ്കാരം എന്നിവയും ലഭിച്ചു. അബുദാബി ചേംബർ ഓഫ് കൊമേഴ്സിന്റെ ഉപാധ്യക്ഷ പദവിയിലേക്കു യൂസഫലിയെ നിർദേശിച്ചത് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് തന്നെയാണ്. 49 രാജ്യങ്ങളിൽ ലുലു ഗ്രൂപ്പിനു സ്ഥാപനങ്ങളുണ്ട്. മൊത്തം 70,000 ജീവനക്കാർ. അതിൽ 35,000 പേരും മലയാളികൾ. പ്രതീക്ഷയും പ്രചോദനവുമായി യൂസഫലി പ്രയാണം തുടരുന്നു.

English Summary:

Interview with MA Yusuff Ali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com