ADVERTISEMENT

അബുദാബി ∙ റമസാനിലെ ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ചയും ഒന്നിച്ചെത്തിയ സവിശേഷ ദിനം ഇന്ന്. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾക്കാണ് ഈ സുകൃതം. ഒരു ദിവസം വൈകി വ്രതാനുഷ്ഠാനം ആരംഭിച്ച കേരളത്തിലും ഒമാനിലും നാളെയാണ് ഇരുപത്തിയേഴാം രാവ്. റമസാനിലെ അവസാനത്തെ വെള്ളിയാഴ്ച ആയതിനാൽ നേരത്തെ തന്നെ ആരാധനാലയങ്ങൾ നിറയും. ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ടമായ ലൈലത്തുൽ ഖദ്റിന്റെ പുണ്യം തേടി റമസാനിലെ അവസാന പത്തിന്റെ തുടക്കത്തിൽ തന്നെ ആരാധനാലയങ്ങളിൽ വിശ്വാസികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് കണക്കിലെടുത്ത് പള്ളികളിൽ സൗകര്യങ്ങൾ വിപുലപ്പെടുത്തി. കൂടുതൽ വൊളന്റിയർമാരെയും നിയമിച്ചു.

നിർണയത്തിന്റെ രാത്രി എന്നർഥം വരുന്ന ലൈലത്തുൽ ഖദ്ർ റമസാനിലെ ഏറ്റവും സവിശേഷമായ രാവാണ്. റമസാനിലെ അവസാനത്തെ പത്തു ദിവസങ്ങളിലെ 21, 23, 25, 27, 29 രാവുകളിൽ ഒന്നിൽ ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കാം. ലൈലത്തുൽ ഖദ്റിൽ ഉൾപ്പെട്ട വ്യക്തിക്ക് 83 വർഷവും 3 മാസവും പ്രാർഥനകളിൽ ഏർപ്പെട്ടതിന്റെ പുണ്യം ഒറ്റ രാത്രി കൊണ്ട് ലഭിക്കുമെന്നാണ് വിശ്വാസം. ഇതിലൂടെ പാപമുക്തിയും സ്വർഗപ്രവേശവും ലഭിക്കുമെന്ന വിശ്വാസം തിരക്ക് കൂടാൻ കാരണമായി.

യുഎഇയിലെ ഭൂരിഭാഗം പള്ളികളിലും മുക്കാൽ മണിക്കൂർ മുതൽ ഒരു മണിക്കൂർ ദൈർഘ്യമേറിയതാണ് നിശാ പ്രാർഥന. വിവിധ പള്ളികളിൽ അർധ രാത്രി 12.00, 12.30, 1.00, 1.30, 2.00, 2.30, 3.00 എന്നീ വ്യത്യസ്ത സമയങ്ങളിൽ ആണ് നിശാ പ്രാർഥന നടത്തുന്നത്. ചിലർ നിശാ പ്രാർഥന കഴിഞ്ഞ് ഇടയത്താഴം കഴിച്ച് പള്ളിയിൽ തന്നെ തുടർന്ന് സുബ്ഹി നമസ്കാര ശേഷമാണ് വീടുകളിലേക്ക് മടങ്ങുന്നത്. പ്രാർഥനയോടെ പള്ളിയിൽ ഇരുന്നാൽ പോലും പുണ്യം ലഭിക്കുമെന്നതാണ് റമസാനിൽ കൂടുതൽ സമയം ആരാധനാലയങ്ങളിൽ കഴിയാൻ വിശ്വാസികളെ പ്രേരിപ്പിക്കുന്നത്.

∙ തർത്തീൽ സമാപനം
റാസൽഖൈമ ∙ വിശ്വാസിയുടെ സർവ വിജയങ്ങൾക്കും നിദാനമായ വിശുദ്ധ ഖുർആൻ ചേർത്തു പിടിക്കാൻ അതീവ താൽപര്യം കാണിക്കണമെന്ന് പണ്ഡിതൻ ശാഫി സഖാഫി മുണ്ടമ്പ്ര പറഞ്ഞു. റമസാനിൽ രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച തർത്തീലിന്റെ സമാപനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇതോടനുബന്ധിച്ച് നടന്ന ഹാഫിസ് യാസീൻ അസ്ഹരി വ്യത്യസ്ത ഖുർആൻ പാരായണ രീതികൾ അവതരിപ്പിച്ചു. ഹാഫിസ് യൂനുസ് സഖാഫി, ഹാഫിസ് മാലിക് നിസാമി, ജൗഹർ, നബ്ഹാൻ എന്നിവർ പങ്കെടുത്തു.

English Summary:

Laylat Al Qadr 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com