ADVERTISEMENT

ജിദ്ദ∙ തായിഫിൽ ഇപ്പോൾ പനിനീർപ്പൂക്കളുടെ വസന്തകാലമാണ്. മാർച്ച് മുതൽ ഏപ്രിൽ അവസാനം വരെ കുന്നിൻ ചരിവുകളിൽ കണ്ണെത്താ ദൂരത്തോളം പൂവിട്ട് നിൽക്കുന്ന പനിനീർപ്പൂക്കളുടെ കാഴ്ച വിദേശികളുടെ മാത്രമല്ല, സ്വദേശികളുടെയും മനസ്സ് കവരും. ഈ സമയം തായിഫിൽ പൂക്കളുടെ വ്യാപാരവും തകൃതിയായി നടക്കുന്നു. വഴിയോരങ്ങളിലും കടകളിലും മാർക്കറ്റുകളിലും എല്ലായിടത്തും പനിനീർപ്പൂക്കൾ കൂട്ടിയിട്ടിരിക്കും. ക‌ൊട്ടകളിലും കുടകളിലുമായി കർഷകർ പൂക്കൾ വിറ്റഴിക്കാൻ കാത്തിരിക്കുന്നതും തായിഫിലെ സാധാരണ കാഴ്ചയാണ്.

തണുപ്പുള്ള കാലാവസ്ഥയ്ക്ക് പേരുകേട്ട തായിഫ്, സൗദി അറേബ്യയിലെ ഏറ്റവും പ്രധാനപ്പെട്ട സുഗന്ധദ്രവ്യ നിർമാണ കേന്ദ്രങ്ങളിലൊന്നാണ്.  ഇവിടെ വർഷം തോറും 550 ദശലക്ഷത്തിലധികം പനിനീർപ്പൂക്കൾ വിരിയുന്നു. ഈ പൂക്കളിൽ നിന്നും നിർമിക്കുന്ന സുഗന്ധദ്രവ്യങ്ങൾ ലക്ഷണക്കണക്കിന് റിയാലിന്‍റെ വരുമാനം നേടിക്കൊടുക്കുന്നു.വിശുദ്ധ കഅ്ബയുടെ ചുവരുകൾക്ക് സുഗന്ധം പകരുന്നതിനും വർഷത്തിൽ രണ്ട് തവണ കഅ്ബ കഴുകുമ്പോൾ ഉപയോഗിക്കുന്നതിനും തായിഫിൽ നിന്നുള്ള സുഗന്ധതൈലമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.  പൂക്കളുടെ കാഴ്ചയും സുഗന്ധവും മാത്രമല്ല, സാമ്പത്തിക പ്രാധാന്യവും കൂടി ഉള്ളതാണ് തായിഫിലെ ഈ പനിനീർപ്പൂക്കളുടെ വസന്തകാലം.

Representative Image.Image Credit: K.-U. Haessler/ shutterstock.com
Representative Image.Image Credit: K.-U. Haessler/ shutterstock.com

അൽ ഹദ, അൽഷിഫ, വാദി മുഹറം, അൽവാഹത്, അൽവാഹിത് എന്നീ പ്രദേശങ്ങളിൽ 270 ഹെക്ടർ സ്ഥലത്ത് ഏകദേശം 1.14 ദശലക്ഷം റോസാ ചെടികളാണ് കൃഷി ചെയ്യുന്നത്. സീസണിൽ പൂക്കുന്ന ഈ പൂക്കളെല്ലാം 70 ഓളം ഫാക്ടറികളിലേക്കും പരീക്ഷണശാലകളിലേക്കും എത്തിക്കുന്നു. ഇവിടെ വച്ച് പൂക്കളെ വേർതിരിച്ചെടുത്ത് 80 ലധികം തരം ജനപ്രിയ സുഗന്ധ ഉത്പന്നങ്ങൾ നിർമിക്കുന്നു. രാജ്യത്തിനകത്ത് മാത്രം ഈ സുഗന്ധ ഉത്പന്നങ്ങളുടെ വിൽപനയിൽ നിന്ന് 64 ദശലക്ഷം റിയാലിന്‍റെ വരുമാനം ലഭിക്കുന്നുണ്ട്.

ലോകത്ത് ഏറ്റവും കൂടുതൽ റോസാപ്പൂക്കൾ വിടരുന്ന സ്ഥലമെന്ന നേട്ടം തായിഫ് നേടിയിരിക്കുന്നു. 84,450 റോസാപ്പൂക്കളുമായി ഗിന്നസ് ലോക റെക്കോർഡ് സ്ഥാപിച്ച ഈ പട്ടണം റോസാപ്പൂക്കളുടെ സൗന്ദര്യത്തിനും സുഗന്ധത്തിനും പേരുകേട്ടതാണ്. തായിഫിലെ ഓരോ റോസാപ്പൂവും അവിടുത്തെ പൈതൃകത്തിന്‍റെയും സംസ്കാരത്തിന്‍റെയും പ്രതീകമാണ്. ഈ പൂക്കളെ മനോഹാരിത ആഘോഷിക്കുന്നതിനായി വർഷാവർഷം തായിഫ് റോസാപുഷ്പമേളയും ഉത്സവവും സംഘടിപ്പിക്കുന്നു. ഈ ഉത്സവം പ്രാദേശിക കർഷകർക്ക് പ്രോത്സാഹനം നൽകുകയും  മേഖലയിൽ പുതിയ കൃഷിരീതികളും അറിവുകളും പകർന്നുനൽകുകയും ചെയ്യുന്നു. റോസാപ്പൂക്കളുടെ വൈവിധ്യം ആസ്വദിക്കാനും, ഏറ്റവും മികച്ച പനിനീർ സുഗന്ധദ്രവ്യങ്ങൾ വാങ്ങാനും, പനിനീർ നിർമാണ പ്രക്രിയ കാണാനും ലോകമെമ്പാടുമുള്ള സഞ്ചാരികൾ തായിഫിലേക്ക് ഒഴുകിയെത്തുന്നു. റോസാപ്പൂക്കൾക്ക് പുറമെ, തായിഫ് സന്ദർശകർക്ക് മറ്റും ധാരാളം കാഴ്ചകളും പ്രവർത്തനങ്ങളും വാഗ്ദാനം ചെയ്യുന്നു. മ്യൂസിയങ്ങൾ, ചരിത്ര കോട്ടകൾ, മൃഗശാല, സ്ട്രോബറി ഫാം, പ്രാദേശിക വിപണികൾ എന്നിവ റോസാപ്പൂക്കൾ കാണാൻ എത്തുന്നവരെ കാത്തിരിക്കുന്നു.

ലോക പ്രശസ്തമായ തായിഫിലെ പനിനീർപ്പൂക്കൾക്ക് ചുവപ്പ്-പിങ്ക് നിറവും മനം മയക്കുന്ന സുഗന്ധവുമുണ്ട്. 30 ഓളം സുഗന്ധ തൈലങ്ങൾ അടങ്ങിയ ഇതളുകളാണ് ഈ പൂക്കൾക്കുള്ള മറ്റൊരു പ്രത്യേകത. 16-ാം നൂറ്റാണ്ടിൽ തുർക്കി ഭരണകാലത്താണ് ഡമാസ്കസിൽ നിന്ന് തായിഫിലേക്ക് റോസാപ്പൂക്കൾ എത്തിയതെന്ന് കരുതപ്പെടുന്നു. സുസ്ഥിരമായ കാർഷിക രീതികളും ഗ്രാമീണ വികസനവും പ്രോത്സാഹിപ്പിക്കുന്ന "റീഫ്" എന്ന പദ്ധതിയിലൂടെ സർക്കാർ റോസാ കൃഷിയെ പരിപോഷിപ്പിക്കുന്നു. റീഫ് പദ്ധതി പ്രകൃതിദത്ത കൃഷിരീതികളും ജലസംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഗ്രാമീണ മേഖലകളിലെ കാർഷിക വൈവിധ്യവത്കരണത്തിനും ശ്രദ്ധ നൽകുന്നു. കൂടാതെ, തൈഫിലെ റോസാപ്പൂക്കളുടെ ഗവേഷണത്തിനും വികസനത്തിനുമായി സർക്കാർ ഒരു പ്രത്യേക യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്. ടിഷ്യു കൾച്ചർ തൈകൾ പ്രചരാണവും റോസാ കർഷകരുടെ പുരോഗതിക്കായി സഹകരണ അസോസിയേഷൻ രൂപീകരിക്കുന്നതും റീഫ് പദ്ധതിയുടെ ഭാഗമാണ്.

English Summary:

Taif is experiencing its rose spring now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com