ADVERTISEMENT

2021-ലെ കേന്ദ്രസാഹിത്യ അക്കാദമി യുവപുരസ്‌കാരം ലഭിച്ച കൃതിയാണ് മോബിൻ മോഹന്റെ 'ജക്കരന്ത' എന്ന നോവൽ. താൻ കാണുകയും അനുഭവിക്കുകയും ചെയ്യാത്ത ഭൂമികയിലേക്ക് ഭാവനയുടെ ചിറകുമായി ചെന്ന് എഴുതി, വായനക്കാരനെ അത് കൺമുന്നിൽ കാണുന്നൊരു വർണചിത്രം കണക്കെ അവതരിപ്പിക്കുക എന്നത് എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ചെറിയ കാര്യമല്ല. 

ഇവിടെ, ജക്കരന്ത മരങ്ങളുടെ മർമ്മരവും പൂമഴയും കാർണോവിയ എന്നൊരു ഭൂമികയിലെ പ്രണയവും സൗഹൃദസ്പർശവും നിറഞ്ഞുനിൽക്കുന്ന ആഖ്യാനം രസകരം. ചരിത്രവും യാഥാർഥ്യവും യുദ്ധങ്ങളും ദേശവും വംശവും തമ്മിൽ മല്ലിടുന്നതുമൊക്കെ പ്രണയത്തിന്റെ ഛായയിൽനിന്ന് എഴുത്തുകാരൻ വരയുവാൻ ശ്രമിക്കുന്നു.

 

'ഇടുക്കിയിൽ നിന്നും ഒരു യൂറോപ്യൻ നോവൽ' എന്നാണ് അവതരികയിൽ പി.സുരേന്ദ്രൻ എഴുതിയിരിക്കുന്നത്.  വായന കഴിയുമ്പോൾ അത് സത്യമായി ഭവിക്കുകയും ചെയ്യും.  ഇടുക്കിയിലും പ്രാന്തപ്രദേശങ്ങളിലും കാലങ്ങളായി അനുഭവിക്കാനായ ഭൂപ്രകൃതി, കാലാവസ്ഥ ഒക്കെ ആയിരിക്കാം മോബിൻ മോഹനെ കാർണോവിയ എന്ന ഭൂമികയുമായി ഇഴയടുപ്പം പാകിയത്. 

 

ഒരു ദേശത്തിന്റെ തുടിപ്പും, അവിടെ വസിക്കുന്നവരുടെ ഹൃദയമിടിപ്പും അപ്പാടെ പകർത്തിയെഴുതുക, പ്രത്യേകിച്ച് പ്രണയം എന്ന രൂപത്തിൽ, സാഹസം തന്നെ. എന്നാൽ സാൽവദോറും അമാലിയയും തമ്മിലുള്ള പ്രണയത്തിലൂടെ കടന്നുപോകുമ്പോൾ, അത് കൺമുമ്പിലുള്ള കാഴ്ചപോലെ മോബിൻ ഭംഗിയാക്കി.  ലളിതമായ ജീവിതത്തിൽ പ്രണയത്തിൻറെ ജക്കരന്തപ്പൂക്കൾ വിടരുന്നതും ജീവിതം അലങ്കരിക്കുന്നതും അവരുടെ പ്രണയത്തിൽ നാം അനുഭവിക്കുന്നു.

 

അമാലിയയും  സാൽവദോറും തമ്മിലുള്ള പ്രണയത്തിനൊപ്പം രണ്ട് സുഹൃത്തുക്കളുടെ ആത്മാർത്ഥ സ്‌നേഹത്തിന്റെ കഥയും പാരലൽ ആയി പോകുന്നുണ്ട്. സാൽവദോറും അഗസ്റ്റിനോയും തമ്മിലുള്ള സഹൃദം.  അനാഥത്വത്തിൻറെ ജീവിത വഴിയിൽ അവർ പരസ്‌പരം ആശ്വാസമാകുന്നു. വിട്ടുപിരിയുവാൻ കഴിയാത്ത ആ ബന്ധത്തിനിടിയിലാണ് ഒരേ സമയം രണ്ട് പ്രണയങ്ങൾ പുഷ്‌പിക്കുന്നത്. ആദ്യത്തേത് സാൽവദോറും അമാലിയയും തമ്മിൽ. രണ്ടാമത്തേത് അഗസ്റ്റനോയും ഇസബെല്ലയും തമ്മിലുള്ളത്. അജഗജ വ്യത്യാസമുള്ള ബന്ധങ്ങൾ. 

 

ഇസബെല്ലയെ സ്വന്തമാക്കുവാൻ പണം സ്വരുക്കൂട്ടി അഗസ്റ്റിനോ അവളുടെ ദേശത്തേക്ക് പോവുകയും പിന്നീട് മടങ്ങി വരാതിരിക്കുകയും ചെയ്യുന്നത് സാൽവദോറിനെ പരിഭ്രാന്തനാക്കുന്നു.

 

പ്രിയ സുഹൃത്തിനെ തേടി സാൽവദോർ നടത്തുന്ന യാത്രയും അന്വേഷണവും പ്രയാസങ്ങളുമാണ് കഥയുടെ അടുത്ത ഭാഗം. ആ യാത്രയിൽ സാൽവദോർ അറിയുന്ന സത്യങ്ങളും അമ്പരപ്പുകളും മാസ്മരികലോകം പോലെ കാണുന്ന പേർഷ്യൻ സൈന്യത്തിലെ ഉന്നതനായിരുന്ന ജനറൽ ഡേവിഡ് വോണിൻറെ ബംഗ്ലാവും അവിടെ കാണുന്ന,  സിസിലിയയും കഥയുടെ ഗതി മാറ്റുന്നു. യുദ്ധത്തിൽ മരിച്ചുപോയ ക്രൂരനായ ജനറലിന്റെ രണ്ടാം ഭാര്യയായിരുന്നു സിസിലിയ.  ഒരു ദേവതപോലെ കഥയിൽ കടന്നുവരുന്ന അവൾ മായപോലെ മടങ്ങുന്നു.

 

കഥയുടെ തുടക്കം മുതൽ ഒടുക്കംവരെ വർണകാഴ്ച്ച നൽകുന്നത് തലക്കെട്ടുപോലെ ജക്കരന്ത മരങ്ങളും പൂക്കളുമാണ്. കഥയ്ക്കുള്ളിലെ കഥയാണ് ജക്കരന്തപ്പൂക്കൾ. ആ മരങ്ങൾ കോർണോവിയയിൽ എത്തപെട്ട കഥയും നാടുമുഴുവൻ പൂമഴ പെയ്യുന്നതും സാൽവദോറും അമാലിയയും തമ്മിലുള്ള പ്രണയംപോലെ മനോഹരം. ബൈബിളിലെ സോളമനും ലില്ലിപ്പൂക്കളും ഉത്തമഗീതവും ഒക്കെ അറിയാതെ ഉള്ളിലേക്ക് കടന്നുവന്നു.

 

വാക്കുകളുടെയും പ്രയോഗത്തിന്റെയും അമിതഭാരം ഇല്ലാതെ പ്രണയവും സൗഹൃദവും അതിൻറെ ഉയർച്ച താഴ്ച്ചകളും സുഖദുഃഖങ്ങളും ഒക്കെ സമ്മേളിക്കുന്ന ജക്കരന്ത ഒരേസമയം ലളിതവും നഷ്ടമില്ലാത്തതുമായ വായനാസുഖം നൽകുന്നു. അതുകൊണ്ട് തന്നെയാകണം പി.സുരേന്ദ്രനും, ടി.ഡി.രാമകൃഷ്‌ണനും ബെന്യാമിനും ഒക്കെ ഈ പുസ്തകത്തെ നല്ല വായനയ്ക്കായി നിർദ്ദേശിക്കുന്നത്.

 

120 പേജുള്ള പുസ്‌തകത്തിന്റെ വില 150 രൂപ.  ചിന്ത പബ്ലിഷേഴ്‌സ് ആണ് പ്രസാധകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com