ADVERTISEMENT

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തില്‍ ജനനായകന്‍ ഉമ്മന്‍ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്നു. ആദരാജ്ഞലികളും അനുശോചനങ്ങളും അവസാനിച്ചു തുടങ്ങി. ഇനി ആ മനുഷ്യനും മറവിയുടെ ആഴങ്ങളിലേക്ക് വീണുതുടങ്ങും.

 

ഇത്രയധികം കരുണയുള്ളൊരു മനുഷ്യനെക്കുറിച്ച് ഞാന്‍ വേറെ കേട്ടിട്ടില്ല, ഇങ്ങനെയൊരാളെ, ഒരു രാഷ്ട്രീയ നേതാവിനെ ഒരിക്കല്‍ പോലും ഒന്നു നേരില്‍ കാണാന്‍ കഴിയാത്തതില്‍ ഒരുപാട് നഷ്ടബോധം തോന്നുന്നു. ഇനിയൊരിക്കലും അദ്ദേഹത്തെ കാണാന്‍ കഴിയില്ലല്ലോ. ഇനിയൊരു ഉമ്മന്‍ ചാണ്ടി ഉണ്ടാവില്ല. ആ പ്രതിഭാസം അവസാനിച്ചു കഴിഞ്ഞു. 

 

ഇതുപോലെ ഒരിക്കല്‍പ്പോലും ആരോടും വിദ്വേഷം വെച്ചു പുലര്‍ത്താത്ത, പകയോടെ പെരുമാറിയിട്ടില്ലാത്ത മറ്റൊരു രാഷ്ട്രീയ നേതാവിനെ എനിക്ക് പരിചയമില്ല. വെല്ലുവിളികളും ആക്രോശങ്ങളുമായി തന്റെ നേര്‍ക്ക് വന്നവരെയൊക്കെ സ്വതസിദ്ധമായ ശാന്തതയോടെ നേരിട്ട വ്യക്തി. എതിരാളികളെ പാടെ തകര്‍ക്കാന്‍ കഴിയുന്ന രഹസ്യങ്ങള്‍ പലതും അറിയാമായിരുന്നിട്ടും അവരെ തോല്‍പ്പിക്കാനായി അതിലൊന്നു പോലും വിളിച്ചു പറയാതിരുന്ന വ്യക്തിത്വം. എന്നിട്ടും ഉമ്മന്‍ചാണ്ടിയെന്ന ജനങ്ങളുടെ കുഞ്ഞൂഞ്ഞ് ക്രൂശിക്കപ്പെട്ടത് പല തവണയാണ്.

 

ഉമ്മന്‍ ചാണ്ടി വേട്ടയാടപ്പെട്ടത് പോലെ സമകാലിക രാഷ്ട്രീയത്തില്‍ മറ്റൊരു രാഷ്ട്രീയ നേതാവും വേട്ടയാടപ്പെട്ടിട്ടില്ല. നിയമസഭയില്‍ അപമാനിക്കപ്പെട്ടപ്പോഴും പൊതു വേദികളില്‍ ചോദ്യശരങ്ങള്‍ക്കിരയായപ്പോഴും അദ്ദേഹം അക്ഷോഭ്യനായിരുന്നു. തരിപോലും പതറാതെ എന്നത്തേയും പോലെ തികച്ചും ശാന്തമായി അദ്ദേഹം പറഞ്ഞത് ഒരിക്കല്‍ സത്യം വെളിച്ചത്തു വരുമെന്ന് മാത്രമാണ്. 

 

ആര് അന്വേഷിച്ചാലും സത്യം പുറത്ത് വരുമെന്ന അദ്ദേഹത്തിന്റെ വാക്കുകളുടെ ഉറപ്പ് വെറുതെയായില്ല. ഒടുവില്‍ സത്യം മറ നീക്കി പുറത്ത് വന്നപ്പോള്‍ എതിരാളികള്‍ നിശ്ശബ്ദരായി. ജീവിതത്തിന്റെ സായാഹ്നത്തില്‍ അദ്ദേഹവും കുടുംബാംഗങ്ങളും അനുഭവിച്ച അപമാനവും വേദനയും മാത്രം ബാക്കിയായി. ഏറ്റവുമൊടുവില്‍ മരണ ശേഷം അദ്ദേഹത്തെ ഒരു നോക്ക് കാണുവാനും ആദരാജ്ഞലിയര്‍പ്പിക്കാനുമായി ഒഴുകിയെത്തിയ ജനക്കൂട്ടം അദ്ദേഹം പകര്‍ന്നു നല്‍കിയ സ്‌നേഹത്തിന്റെ സാക്ഷ്യമായി മാറി. പക്ഷേ ഒന്നു മാത്രം വേദനിപ്പിക്കുന്നു.

ജനക്കൂട്ടത്തിന്റെ ഈ കണ്ണീരും ഇന്നിവിടെ ഉയര്‍ന്ന പുകഴ്ത്തലുകളും കുഞ്ഞൂഞ്ഞ് വലിയവനായിരുന്നുവെന്ന വാക്കുകളുമെല്ലാം ഒരല്‍പ്പം മുന്‍പായിരുന്നുവെങ്കിലോ!. മരണശേഷം കല്ലറയില്‍ വെച്ച പൂക്കള്‍ വെറുതെയാണ്. പൂവിന്റെ നറുമണം ലഭിക്കാന്‍ അത് ജീവിച്ചിരുന്നപ്പോള്‍ നല്‍കണമായിരുന്നു.

 

അന്ന് കെട്ടിച്ചമക്കപ്പെട്ട ആരോപണങ്ങളുടെ നടുവില്‍ അദ്ദേഹം കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട് നിന്നപ്പോള്‍ ഈ ജനക്കൂട്ടം ഇതുപോലെ ഒന്നിച്ച് നിന്നിരുന്നെങ്കില്‍ എതിരാളികള്‍ നിലംപരിശായേനെ. പാര്‍ട്ടിഭേദമന്യേ, ജാതിഭേദമന്യേ അദ്ദേഹം ജനങ്ങളെ സ്‌നേഹിച്ചതു പോലെ തിരിച്ചവരും സ്‌നേഹിച്ചിരുന്നെങ്കില്‍ അവസാന കാലത്ത് നേരിടേണ്ടി വന്ന അത്ര വലിയ അപമാനത്തെ അദ്ദേഹം എളുപ്പത്തില്‍ കടന്നുവെച്ചേനെ. എല്ലാം കഴിഞ്ഞു. സത്യം പുറത്തു വന്നു. കുഞ്ഞൂഞ്ഞ് യുഗം അവസാനിക്കുകയും ചെയ്തു.

 

ഇനി പുതുപ്പള്ളി മറ്റൊരു രാഷ്ട്രീയ നേതാവിനെ ഇതുപോലെ സ്വീകരിക്കുമോ? അങ്ങനെയെങ്കില്‍ അത് അദ്ദേഹത്തിന്റെ മകനെ തന്നെയായിരുന്നുവെങ്കില്‍ എന്ന് തികച്ചും വ്യക്തിപരമായൊരു ആഗ്രഹം ഉള്ളിലുണ്ട്. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ അനന്തരാവകാശിയാവാന്‍ എല്ലാ വിധ അര്‍ഹതയുമുള്ളത് ചാണ്ടി ഉമ്മനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. 

 

ജീവനറ്റ അപ്പയുടെ ശരീരത്തിനടുത്ത് കണ്ണീരോടെ നിന്ന ആ മകന്‍ ഹൃദയത്തിലൊരു വേദനയാണ്. അവസാനം വരെ സ്വയം ത്യജിച്ച് ജീവിച്ചയാളായിരുന്നു അപ്പയെന്ന് ആ മകന്‍ പറഞ്ഞതു കേട്ടു. ഞങ്ങള്‍ മക്കളോട് ഭാവിയില്‍ എന്താകണമെന്നു അപ്പ ഒരിക്കലും പറഞ്ഞിരുന്നില്ല. ജീവിതത്തിന്റെ അവസാനം വരെ പൂര്‍ണ സ്വാതന്ത്രം തന്ന വ്യക്തിയായിരുന്നു അപ്പ എന്നും ചാണ്ടി ഉമ്മന്‍ പറയുന്നു.

 

വിലാപയാത്ര കടന്നുപോയപ്പോള്‍ അപ്പയെ കാണാന്‍ ആഗ്രഹിച്ച് എത്തിയവരെയെല്ലാം വണ്ടി നിര്‍ത്തി കാണിച്ച മകന്‍. ആരെയും വിട്ടു പോകാതെ സങ്കടത്തില്‍ കൂടെ നിന്ന എല്ലാവര്‍ക്കും ഇടറിയ വാക്കുകളോടെ നന്ദി പറഞ്ഞ മകന്‍. മരണശേഷം അപ്പയ്‌ക്കെതിരെ ആരോപണങ്ങളുയര്‍ത്തിയവരോട് സദയം ക്ഷമിച്ചവന്‍. അവന്‍ ആ അപ്പയുടെ പ്രതിരൂപമാണ്. ഹൃദയത്തില്‍ കരുണയുള്ള കുഞ്ഞൂഞ്ഞിന്റെ മകന്‍.

 

ഭര്‍ത്താവ് ജീവിതം ജനങ്ങള്‍ക്കായി ഉഴിഞ്ഞു വെച്ചപ്പോള്‍ യാതൊരു പരാതിയുമില്ലാതെ കുടുംബം നോക്കുകയും സഹനങ്ങളില്‍ കൂടെ നില്‍ക്കുകയും ചെയ്ത പങ്കാളി മറിയാമ്മ ഉമ്മന്‍ ശരിക്കും ആദരവര്‍ഹിക്കുന്നു. മാതാപിതാക്കളെ കണ്ട വളര്‍ന്ന മക്കള്‍ അച്ചു ഉമ്മനും മറിയ ഉമ്മനും ചാണ്ടി ഉമ്മനും എല്ലാക്കാലത്തും ഒന്നിച്ചു നില്‍ക്കട്ടെ. നല്ലത് മാത്രം സംഭവിക്കട്ടെ. 

 

ഇനിയും നന്ദി പറയാന്‍ തോന്നിയത് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ അധികൃതരോടും ഇടവക ജനങ്ങളോടുമാണ്. പ്രീയപ്പെട്ട കുഞ്ഞൂഞ്ഞിന് അവര്‍ നല്‍കിയ ബഹുമതിക്ക്. പള്ളിയുടെ കിഴക്ക് വശത്ത് വൈദികരുടെ കല്ലറയോട് ചേര്‍ന്നാണ് കുഞ്ഞൂഞ്ഞിനായി പ്രത്യേക കല്ലറ ഒരുക്കിയത്. മറ്റൊരു രാഷ്ട്രീയ നേതാവിനും ഒരു സാധാരണക്കാരനും ഇതുവരെ ലഭിച്ചിട്ടില്ലാത്ത ബഹുമതി. പുതുപ്പള്ളിക്കും ഇടവകയ്ക്കും നല്‍കിയ സേവനത്തോടുള്ള ആദര സൂുചകമായാണ് ഉമ്മന്‍ചാണ്ടിക്ക് പ്രത്യേക കല്ലറയൊരുക്കാന്‍ ദേവാലയ അധികൃതര്‍ തീരുമാനിച്ചതെന്ന വാര്‍ത്ത ഒരുപാട് സന്തോഷം നല്‍കി.

 

മരണാനന്തര ഔദ്യോഗിക ബഹുമതികള്‍ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ആ അന്ത്യശുശ്രൂഷ കണ്ണുനനയിച്ചു. അര്‍ഹിക്കുന്ന യാത്രയയപ്പ് നല്‍കിയ ബഹുമാന്യരായ മെത്രാന്മാരോടും വൈദികരോടും ശുശ്രൂഷകരോടും ഇടവക ജനങ്ങളോടും നന്ദി മാത്രം. ഇനി ആ മനുഷ്യന്‍ ഇവിടെ ഹൃദയങ്ങളില്‍ ജീവിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com