ADVERTISEMENT

രാവിലെ എണീറ്റ് കവറോളും വലിച്ചു കേറ്റി, ബ്രേക്ഫാസ്റ്റുമെടുത്ത് ബസിലേക്ക് ഓടിക്കയറും. കിട്ടിയ സീറ്റിലേക്ക് വീണ് ഉറക്കത്തെ വീണ്ടും പൊടി തട്ടിയെടുക്കാൻ ശ്രമിക്കും. അപ്പോഴേക്കും ഉറക്കം അതിന്റെ വഴിക്ക് പോയിക്കാണും.

 

ആ ബസ്സ് എന്നെയും കൊണ്ട് എന്റെ നാടിന്റെ ഓർമകളിലേക്ക് പായും: പുള്ള് പാടത്തു വിരിഞ്ഞു നിൽക്കുന്ന ആമ്പൽപൂക്കൾ, തട്ടുകടയിലെ ആവി പറക്കുന്ന ചായ, അച്ചാച്ചന്റെ കടയിലെ ചൂട് ദോശയും ചട്ട്ണിയും. പെട്ടന്ന്‌ തന്നെ ആ ഓർമകൾക്ക് സഡൻ ബ്രേക്ക്‌ ഇട്ടുകൊണ്ട് ബസ് പട്ടാള ചെക്ക് പോയിന്റിൽ ചെന്ന് നിൽക്കും.

 

ചെക്കിങ് എല്ലാം കഴിഞ്ഞാൽ പിന്നെ പ്ലാന്റിലെ സൈറ്റുകൾ ഓരോന്നായി കയറി പരിശോധിക്കണം ചെയ്യണം. അങ്ങനെ തുടങ്ങും എന്റെ ഒരു അറുബോറൻ ദിവസത്തിന്റെ ആദ്യ പകുതി. പ്ലാന്റിലേക്ക് കടക്കാൻ നേരം അവിടെയുമൊരു ഗേറ്റ് ഉണ്ട്. മൊബൈൽ, ലൈറ്റർ, സിഗരറ്റ് എന്നിവയൊക്കെ അവിടെ ഏൽപിച്ചിട്ട് വേണം അകത്തേക്ക് കടക്കാൻ. മൊബൈൽ കൂടി അവിടെ ഏൽപിക്കുന്നതോടെ ആകെയുള്ള എന്റർടൈൻമെന്റ് കൂടി അവിടെ അവസാനിക്കും.

 

പ്ലാന്റിലെ ചില നേരത്തെ ഏകാന്തത എന്നെ അത്രമേൽ വേട്ടയാടാൻ തുടങ്ങി. പൈപ്പ് റാക്കുകൾക്ക് ഇടയിൽ ഇരുന്നു സമയം കൊല്ലാൻ വഴികൾ ഒന്നുമില്ലായിരുന്നു. അപ്പോഴാണ് എന്നോ ഒരിക്കൽ ബെന്യാമിന്റെ 'ആടുജീവിതം' മുറിയിൽ കണ്ടപ്പോൾ എടുത്തു ബാഗിൽ വച്ചത് ഓർത്തത്‌.

 

വായിക്കുക എന്നതിനേക്കാൾ എന്റെ ഏകാന്തതക്കും മടുപ്പിനും ഒരു ആശ്വാസം എന്നതായിരുന്നു ലക്ഷ്യം. പക്ഷേ വായന രസം പിടിച്ചപ്പോൾ മെല്ലെ എന്റെ ഉള്ളിലും ഒരു മരുഭൂമി രൂപപ്പെട്ടു. ആ പ്ലാന്റിനകത്തെ നജീബായി മാറുകയായിരുന്നു ഞാൻ. തുടർന്നുള്ള രണ്ടു ദിവസവും ഞാൻ ആ പ്ലാന്റിൽ വായനയുടെ വസന്തം തീർത്തു.

 

'ആടുജീവിതം' അടുത്ത വായനക്കുള്ള ഇന്ധനമായി. അമേരിക്കൻ പത്ര പ്രവർത്തക കാതറീൻ ബൂവിന്റെ 'ബിഹൈന്ഡ് ദി ബ്യൂട്ടിഫുൾ ഫോറെവേഴ്സ്' എന്ന പുസ്തകമായിരുന്നു ഞാൻ പിന്നീട് വായിച്ചത്. മുംബൈയിലെ ഒരു ചേരിയുടെ കഥ പറയുന്ന പുസ്തകം എന്റെ നെഞ്ചുലച്ചു. ആ പ്ലാന്റിൽ എത്രയോ സുരക്ഷിതനാണ് ഞാൻ എന്ന ആശ്വാസത്തിലാണ് അന്ന് രാത്രി ഉറങ്ങാൻ കിടന്നത്.

 

വായന പ്ലാന്റിലെ ജോലിയുടെ മടുപ്പിന് ചെറിയ രീതിയിലെങ്കിലും പതിയെ ആശ്വാസമായി. ഇടക്കൊക്കെ വലിയ ഗ്യാസ് പൈപ്പ്‌ലൈനുകളുടെ അടിയിൽ ഇരുന്നു ഞാൻ എന്റെ ഭാവനയെ കയറൂരി വിടും: പാവം എത്ര ചൂടും കൊണ്ടാണ് ഓരോ പൈപ്പ് ലൈനുകൾ കിടക്കുന്നത്. ആ സീൽക്കാര ശബ്ദങ്ങൾ അവരുടെ രോധനങ്ങൾ അല്ലാതെയെന്താ. അതോ അവർ എന്നോട് എന്തെങ്കിലും പറയാൻ ശ്രമിക്കുകയാണോ..

 

മുസഫർ അഹമ്മദിന്റെ 'മരുമരങ്ങൾ' എന്ന യാത്രാ വിവരണമാണ് മനസ്സിൽ ഇന്നും മായാതെ കിടക്കുന്ന വേറെയൊരു വായനാനുഭവം. പൊള്ളുന്ന ചൂടും മണൽ കാറ്റും താണ്ടി ഒരു പറ്റം ആട്ടിടയന്മാർ ആ ഗ്യാസ് പ്ലാന്റിൽ ഇരുന്നു എന്നോട് പറഞ്ഞ കഥകൾ വർഷങ്ങൾക്കിപ്പറവും ഞാൻ ഓർത്തിരിക്കുന്നു. 'മരുമരങ്ങൾ' ഒരു റഫറൻസ് പുസ്തകം പോലെ ഇന്നും കൂടെയുണ്ട് എന്റെ കൈയ്യിൽ.

 

വായനക്ക് തീ പിടിച്ച പോലെയായിരുന്നു പിന്നീട് അങ്ങോട്ട്. കയ്യിൽ കിട്ടിയതൊക്കെ ആർത്തിയോടെ വായിച്ചു.  ഒരിക്കൽ പ്ലാന്റിൽ നിന്ന് തിരിച്ചു ഇറങ്ങുമ്പോൾ, സെക്യൂരിറ്റി എന്നെ കണ്ണുരുട്ടി നോക്കുനുണ്ടായിരിന്നു. ഞാൻ ആരോടായിരിക്കും ഈ ഒറ്റയ്ക്ക് സംസാരിക്കുന്നത് എന്നാവും അപ്പോൾ അയാൾ ആലോചിച്ചിട്ടുണ്ടാവുക...

 

അബുദാബി അൽ ദാഫ്ര റീജനിൽ സേഫ്റ്റി ഓഫിസർ ആയി ജോലി ചെയ്യുകയാണ് ഫാരിസ് മെഹർ .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com