ADVERTISEMENT

വീട്ടിൽ നിന്നും നോക്കിയാൽ കാണുന്ന ദൂരത്തായിരുന്നു പൊതുശ്മശാനം, നഗരത്തിലെ പിന്നാമ്പുറത്ത് ദ്രവിച്ച തീരാറായ ചുറ്റു മതിനുള്ളിൽ കാട്ടുവള്ളികൾ പടർന്നുകിടക്കുന്ന ചെടി പടർപ്പിനുള്ളിൽ ഇടിഞ്ഞുവീഴാറായ ഓടിട്ട ഇരുനില മാളിക വീടും കാണാമായിരുന്നു,

നാട്ടുകാരും വഴിപോക്കരും എത്തിനോക്കാൻ പോലും പേടിക്കുന്ന ഭാർഗവീനിലയത്തിലെ മോന്തായവും കൈകാലുകളും കാലത്തിന്റെ ജീർണ്ണത ഏൽപ്പിച്ച മുറിപ്പാടുകളേറ്റ് ഒടിഞ്ഞുതൂങ്ങി നിലം പൊത്താൻ പ്രകൃതിയുടെ വികൃതിക്കായി കാതോർക്കുന്നുണ്ടായിരുന്നു .....

വല്ലപ്പോഴുമാണ് ശ്മശനത്തിൽ ആളുകൾ എത്തിയിരുന്നത് .അനാഥ ശവം ആണെങ്കിൽ മുനിസിപ്പാലിറ്റിയിൽ നിന്നും ഒന്നോ രണ്ടോ പേർ മാത്രം..പണക്കാരുടെ ശവമാണെങ്കിൽ കുറേ അധികം ആളുകളെയും കാണാറുണ്ടായിരുന്നു .

ശവപ്പെട്ടിക്കടുത്ത് ഒച്ച കേൾപ്പിക്കാതെ കരയുന്ന ബന്ധുക്കളുടെ ചോരവാർന്ന മുഖങ്ങൾ എന്നെ വല്ലാതെ അലോസരപ്പെടുത്തി യിരുന്നു ,ശവത്തിന് കൂട്ടായി വരുന്നവർ കൊടുക്കുന്ന തുച്ഛമായ നാണയത്തുട്ടുകൾ കൊണ്ട് ജീവിക്കുന്ന വൃദ്ധനായ ഒരാളായിരുന്നു ശ്മശാന സൂക്ഷിപ്പുകാരൻ...

പഴയ ഇരുനില കെട്ടിടം ആയിരുന്നു അയാളുടെ താവളം.. നാട്ടുകാർ തന്നെ പറ്റി പല ഭ്രാന്തൻ കഥകളും പറഞ്ഞുപരത്തുന്നത് അയാൾക്കറിയാം..... അയാൾ ഈർഷ്യയോടെ കാതുകൾ പൊത്തി ഒഴിഞ്ഞ് പോവാറാണ് പതിവ്. വൃദ്ധൻ തന്നെയാണ് കുഴിവെട്ടി ശവം അടക്കം ചെയ്യാറ്.ആരോഗ്യം നശിച്ചെങ്കിലും വിറക്കുന്ന കൈകളോടെ ആവേശത്തോടെ മണ്ണിന്റെ മാറിനെ ആഞ്ഞുവെട്ടി ശവക്കുഴി എടുക്കാറാണ് പതിവ്...

വളരെ അപൂർവ്വമായിട്ടാണ് അയാൾ സംസാരിക്കുന്നത് കാണാറ്. നിലം പൊത്താറായ കെട്ടിടത്തിൽ ഒളിച്ചും പാത്തും കഴിയുന്ന വൃദ്ധനോട് കൂട്ടുകൂടാൻ ശ്രമിച്ചിരുന്നു..എൻറെ ശ്രമങ്ങളെ അയാൾ തട്ടി മാറ്റാറാണ് പതിവ്. ആഴ്ച്ചകൾ കഴിഞ്ഞിട്ടും ഒരു ശവമടക്കാൻ കിട്ടിയില്ലെങ്കിൽ മാത്രം ശ്മശാനത്തിലെ ദ്രവിച്ച ഇരുമ്പ് ഗേറ്റ് തുറന്ന് അയാൾ എൻ്റെ വീട് ലക്ഷ്യമാക്കി വരാറുണ്ട്, കൂടെ ചാരനിറത്തിലുള്ള ഒരു കണ്ണു നഷ്ടപ്പെട്ട പട്ടിയും ...

വിശപ്പിന്‍റെ കാഠിന്യമാണ് അയാളെ വീട്ടിൽ എത്തിച്ചതെന്ന് അറിയാം... അയാളുടെ ആർത്തിപൂണ്ട കണ്ണുകൾ ഭാര്യ കൊടുക്കുന്ന ഭക്ഷണത്തിന് നേരെ നീണ്ടു വരുന്നത് കാണാമായിരുന്നു.... ഒരു പ്രത്യേക രീതിയിലാണ് അയാൾ ആഹാരം കഴിക്കാറ് ,ഭക്ഷണത്തിന്റെ നല്ലൊരുഭാഗം പട്ടിക്ക് കൊടുക്കുകയും ചെയ്യും 

എന്‍റെ മനസ്സിൽ ചോദ്യങ്ങളുടെ പെരു വെള്ളച്ചാട്ടമുണ്ടാകാറുണ്ട്... മോക്ഷം കിട്ടാതെ അലഞ്ഞു നടക്കുന്ന ആത്മാക്കൾ ഒഴുകിനടക്കുന്ന ശ്മശാനത്തിൽ എന്തിനാണ് ഒറ്റയാനായി ഇയാൾ ജീവിക്കുന്നത്.  അയാളുടെ ചോര കണ്ണുകളും കൂമനേ പോലെയുള്ള മുഖവും സംസാരിക്കാൻ ഇഷ്ടമില്ല എന്ന് വിളിച്ചോതുന്നത് കാരണം ഒന്നും മിണ്ടാൻ പോവാറില്ല

ഭക്ഷണംകഴിച്ച് പാത്രം വൃത്തിയാക്കി ഒന്ന് നോക്കുക പോലും ചെയ്യാതെ മെല്ലെ അയാൾ തിരിച്ചു നടക്കും... കൂടെ അനുസരണയോടെ പട്ടിയും... ഭാര്യക്ക് അയാളെ പേടിയായിരുന്നു.. പീള നിറഞ്ഞ കണ്ണുകളുള്ള മുഖവും നരച്ച താടിരോമങ്ങളും, നിറം മങ്ങിയ നീളക്കുപ്പായവും ,കാലുറകളും, കഴുത്തിൽ ചുറ്റിയ നാറുന്ന മഫ്ളറും, എല്ലാം അവളെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു 

 "ദേ ആ മനുഷ്യൻ ഇങ്ങോട്ട് വരുന്നത് എനിക്ക് പേടിയാണ്.. ഇനി അയാൾ വന്നാൽ ഞാൻ ഭക്ഷണം കൊടുക്കില്ല"

ഭാര്യ പിണക്കം നടിച്ച് കാതിൽ മന്ത്രിച്ചു..

എനിക്കറിയാം അവൾക്കതിന് ആവില്ലെന്ന് , കാലം പിന്നോട്ട് വലിച്ചെറിഞ്ഞ ഒരു സായാഹ്നത്തിൽ , വർണ്ണ നൂലിഴകൾ കൊഴിഞ്ഞു വീണ് ചുവന്നുതുടുത്ത ആകാശചെരുവിലൂടെ ഉർന്നിറങ്ങിയ സായംസന്ധ്യയിൽ .ആദ്യമായി അയാൾ വീട്ടിൽ വന്ന ദിവസം ...അക്ഷമയോടെ ഒരു നാണയത്തുട്ട് എറിഞ്ഞ് അയാളോട് കയർത്തു സംസാരിച്ചതിന് ഭാര്യ എന്നെ വല്ലാതെ കുറ്റപ്പെടുത്തിയിരുന്നു, അല്ലെങ്കിലും പാവപ്പെട്ടവരോട് അവൾക്ക് വല്ലാത്ത സഹതാപം ആണല്ലോ.

പിന്നീടെപ്പോഴോ ശ്മശാന സൂക്ഷിപ്പുകാരനായാണ് അയാൾ പ്രത്യക്ഷപ്പെട്ടത്.. രാത്രികാലങ്ങളിൽ മുനിഞ്ഞുകത്തുന്ന റാന്തൽ വെളിച്ചത്തിൽ അയാളുടെ നിഴലുകൾ മാളിക വീടിന്റെ പൊട്ടിപ്പൊളിഞ്ഞ് അടർന്നു വീഴാറായ ചുമരുകളിൽ നൃത്തമാടുന്നത് ഭയപ്പെടുത്താറുണ്ടായിരുന്നു..

ഒരു വൃശ്ചികമാസത്തിലെ ഒരു തണുപ്പുള്ള രാത്രിയിൽ റാന്തൽ വെളിച്ചത്തിൽ നടന്നുവെന്ന് വീടിന്‍റെ ഉമ്മറത്തിണ്ണയിൽ ഇരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ അയാളോട് ചോദിച്ചു.

. "നിങ്ങൾ ആരാണ് ..എന്തിനാണ് ഒറ്റക്ക് ഇവിടെ താമസിക്കുന്നത് "

ചോദ്യങ്ങൾ കേൾക്കാത്ത മട്ടിൽ ഭക്ഷണത്തിൽ നിന്നും കണ്ണടുക്കുയോ , മുഖം വെട്ടി തിരിക്കുകയോ ചെയ്യാതെ ആഹാരം കഴിക്കുന്നതിൽ തന്നെ മുഴുകി ...അയാളുടെ ചോര കണ്ണുകളിലേക്ക് നോക്കി ഞാൻ വീണ്ടും ചോദിച്ചു 

"നിങ്ങൾ ആത്മാവിനെ കണ്ടിട്ടുണ്ടോ "

ചോദ്യം ഇഷ്ടപ്പെടാത്ത പോലെ അയാൾ മുഖം വെട്ടി തിരിച്ചു എന്റകണ്ണുകളിലേക്ക് തുറിച്ചുനോക്കി.... ആ കണ്ണുകൾക്കുള്ളിലൂടെ ഒരു അദൃശ്യശക്തി എന്നിലേക്ക് കടന്നു വരുന്ന പോലെ തോന്നി.... അതോടെ പേടിയോടെ ഞാൻ അയാളുടെ കണ്ണുകളിൽ നിന്നും മുഖം തിരിച്ചു...

അയാളുടെ മുഖത്ത് പ്രകടമായ ഭാവമാറ്റങ്ങൾ എന്നെ ഭയവിഹ്വലനാക്കി ..കുറച്ചുസമയം ചൂഴ്ന്നു നോക്കി ഭക്ഷണം മതിയാക്കി പാത്രം പോലും പൂർത്തിയാക്കാതെ മെല്ലെ എഴുന്നേറ്റ് ശ്മശാനം ലക്ഷ്യമാക്കി നടന്നു പോയി...

 

"നിങ്ങളെന്തിനാണ് അയാളോട് ഓരോന്ന് ചോദിക്കുന്നത് ..കണ്ടില്ലേ ഭക്ഷണംപോലും മതിയാക്കി അയാൾ പോയത് "

ഭാര്യ സ്നേഹത്തോടെ കുറ്റപ്പെടുത്തി,,, ഭക്ഷണം മതിയാക്കി പോയതിൽ എനിക്കും വിഷമം തോന്നിയിരുന്നു...

വൃദ്ധനോട് കൂട്ടുവാനുള്ള ശ്രമത്തിന് ഭാഗമായിരുന്നു ചോദ്യങ്ങൾ ....അനാവശ്യ ചോദ്യങ്ങൾ അയാളെ വേദനിപ്പിച്ചതിൽ കുറ്റബോധം തോന്നി. പിന്നീട് ഒരിക്കലും അയാൾ വീട്ടിലേക്ക് വന്നിരുന്നില്ല ..പലപ്പോഴും അയാളെ ഒളിഞ്ഞും തെളിഞ്ഞു കാണാൻ ശ്രമിച്ചിരുന്നു ആ ശ്രമങ്ങൾ തട്ടി മാറ്റുകയാണ് അയാൾ ചെയ്തിരുന്നത് ...

കാലവർഷം ആകാശച്ചെരുവിൽ കൊമ്പുകോർത്ത് ആർത്തിരമ്പിയ ഒരു കർക്കിടക രാത്രിയിൽ, തിമിർത്ത് പെയ്യുന്ന മഴത്തുള്ളികൾ ഭൂമിക്കുമേൽ എടുത്തെറിഞ്ഞു,,,, വീശിയടിക്കുന്ന കാറ്റ്... ഇരുട്ടിനെ വകഞ്ഞ്മാറ്റി അലറി പൊട്ടുന്ന കൊളിയാൻ മിന്നലും..... പ്രകൃതിയെക്കീഴ് മേൽ ഉഴുത് മറിച്ചുള്ള താണ്ഡവവും ....വീടിന്‍റെ ജനൽപാളികൾ ഉറക്കെ ചേർന്നടഞ്ഞു പേടിപ്പിക്കുന്ന ശബ്ദവും വീടിനെ വിറപ്പിച്ചു...

ഉറക്കം കിട്ടാതെ രാത്രിയുടെ അന്ത്യയാമത്തിൽ തിരിഞ്ഞും ചെരിഞ്ഞും ഉറക്കത്തെ കാത്തു കിടക്കുമ്പോഴാണ് ദൂരെ നിന്ന് ഒരു പട്ടിയുടെ ഓരിയിടലും ഒരു നേരിയ ആർത്തനാദവും മഴ ശബ്ദത്തെ തോൽപ്പിച്ച ഒഴുകിവന്നത് ... ദൂരെ നിന്നും ഒരു കരച്ചിൽ കേൾക്കുന്ന പോലെ....

പെട്ടെന്നാണ് വീടിന്‍റെ ഉമ്മറത്ത് ഒരു ശബ്ദം കേട്ടത് ...കാതുകൂർപ്പിച്ചു, അതെ ആരോ വിളിക്കുന്നുണ്ട് ... മനസ്സിനെ ഭയം വല്ലാതെ വരിഞ്ഞുമുറുക്കി. പുറത്തുചാടാൻ വെമ്പുന്ന ഭയത്തെ മനസ്സിന്റെ അകകോണിൽ തളച്ച് വേഗം എഴുന്നേറ്റ് ഉമ്മറവാതിൽ തുറന്നു.....

കൂരിരുട്ടിൽ റാന്തൽ വിളക്കിന്‍റെ നേരിയ വെളിച്ചത്തിൽ മഴ നനഞ്ഞ് വിറങ്ങലിച്ചു നിൽക്കുന്ന വൃദ്ധനെയാണ് കണ്ടത്...

" എന്തുപറ്റി പേടിയോടെ ഞാൻ ചോദിച്ചു "

 

ചോദ്യം ശ്രദ്ധിക്കാത്ത മട്ടിൽ അയാൾ പറഞ്ഞു

 

 "നിങ്ങൾ ചോദിച്ചില്ലേ..ആത്മാവിനെ കണ്ടിട്ടുണ്ടോ എന്ന് .. എന്റെകൂടെ വരിക"

 

ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞ് അയാൾ പെരുമഴയത്ത് തിരിഞ്ഞുനടന്നു,...

 

പേടികൊണ്ട് ഹൃദയത്തിൽ നിന്നും തലച്ചോറിലേക്ക് രക്തം ചീറ്റി തെറിച്ചു - സമനില തിരിച്ചു കിട്ടാൻ കുറച്ചു സമയം എടുത്തു..., ആദ്യ ഞെട്ടലിൽ നിന്നും മോചനം നേടിയപ്പോൾ ധൈര്യം സംഭരിച്ച് തന്നെ കാക്കാതെ തിരിഞ്ഞു നടക്കുന്ന അയാളുടെ പിന്നാലെ കോരിച്ചൊരിയുന്ന മഴ വകവെക്കാതെ ഇറങ്ങിനടന്നു: ഏതോ ഒരു അദൃശ്യശക്തി മുന്നോട്ടു നയിക്കും പോലെ...

അപ്പോഴും ശ്മശാനത്തിൽ നിന്നും ചെറിയ രോധനം കേൾക്കുന്നുണ്ടായിരുന്നു, കൂടെ പട്ടിയുടെ ഓരിയിടലും...

തുരുമ്പ് പിടിച്ച വിജാഗിരി ഇളകിയാടിയ ഇരുമ്പ് ഗേറ്റുകൾ വിറക്കുന്ന കൈകൾ കൊണ്ട് തുറന്നപ്പോൾ ഗതികിട്ടാതെ അലയുന്ന ആത്മാവിനെ രോദനം പോലെ വിജാഗിരികൾ പൊട്ടിക്കരഞ്ഞു..കുറ്റിച്ചെടികളും ,കള്ളിമുള്ളുകളും , തൊട്ടാവാടിയും ,വകവെക്കാതെ അയാൾ നടക്കുകയാണ് ,'റാന്തലിന്റ വെളിച്ചത്തിൽ അയാളുടെ നിഴലുകൾ അനുസരണയോടെ ഒപ്പം ചേർന്നിരുന്നു...

 

മുൾച്ചെടികൾ നിറഞ്ഞ ഒറ്റയടിപ്പാതയിലൂടെ അയാൾ നടന്നെത്തിയത് പുതിയതായി വെട്ടിയ ഒരു കുഴിമാടത്തിനരികിൽ ആണ് .....

 

കുഴിമാടം ചൂണ്ടി അയാൾ പറഞ്ഞു..

 

" നോക്കൂ ആ കുഴിമാടത്തിനടുത്ത് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന ആത്മാവുണ്ട്..

 

 പുറത്തേക്ക് ചാടാൻ വെമ്പുന്ന ഭയത്തെ കൂച്ചുവിലങ്ങിട്ട് തളക്കാൻ പറ്റാതെ തളർന്നു നിന്നു ..പേടിയോടെ അയാൾ ചൂണ്ടിയ ദിശയിലേക്ക് കണ്ണുകൾ പായിച്ചു... റാന്തൽ വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ കണ്ട കാഴ്ച എന്‍റെ ശിരകളെ മരവിപ്പിച്ചു.. കുഴിമാടത്തിന് വെട്ടിമാറ്റിയ ചളിമണ്ണിൽ പഴംന്തുണിയിൽ പൊതിഞ്ഞ് കെട്ടിയ ഭാണ്ഡം... അതിൽ കൈകാലിട്ടടിച്ചു കരയുന്ന ഒരു ചോരക്കുഞ്ഞ്.. ഈ കരച്ചിലായിരുന്നു ആർത്തനാദം പോലെ കേട്ടിരുന്നത്..... മഴകൊണ്ട് തണുത്ത് വിറച്ച് കരയുന്ന കുട്ടിയെ നോക്കി അയാളുടെ പട്ടി അടുത്തുതന്നെയുണ്ടായിരുന്നു.... 

കുട്ടിയെയും അയാളെയും മാറിമാറി നോക്കി ഒന്നു മിണ്ടാൻ പോലും ശക്തിയില്ലാതെ തളർന്നു നിന്നു..

 

"ഇത് കണ്ടോ ഈ തെരുവിലെ പണക്കാരനായ ഒരാൾ കൊണ്ടുവന്നതാണ് അയാൾക്ക് ഈ ആത്മാവിനെ വേണ്ടാത്തത് കൊണ്ടാണ് കുഴിച്ചുമൂടാൻ തന്നത്,,, നിങ്ങൾ ആത്മാവിനെ തേടുകയാണല്ലോ:.ഈ ആത്മാവിനെ നിങ്ങൾക്ക് എടുക്കാം..... ഈ ആത്മാവിനെ നിങ്ങൾക്ക് വേണ്ടെങ്കിൽ എനിക്ക് വിട്ടുതരിക ,,,എന്റകർമ്മം എനിക്ക് നിർവഹിക്കണം ..

അയാൾ ഒരു മൃഗത്തെ പോലെ മുരണ്ടു..

 

മുടി മുതൽ ഉള്ളം കാൽ വരെ തണുത്തുറഞ്ഞുപോയി.. ഭയം ഒരു നീരാളിയായ് വായ് പിളർന്നു നിന്നു.. ഇരുട്ട് കൊഴുത്തടിഞ്ഞതോ കാറ്റിന് പേ പിടിച്ചതോ ഞാനറിഞ്ഞില്ല അയാളുടെ ക്രൂര മുഖം വല്ലാതെ ഭയപ്പെടുത്തി..

 

മുന്നിൽ കൈകാലിട്ടടിച്ചു കരയുന്ന ഈ ആത്മാവിനെ എറ്റടുത്താലുള്ള പ്രശ്നങ്ങൾ തലച്ചോറിന്റെ അകത്തളങ്ങളെ മതിച്ചപ്പോൾ നിസഹായനായി നിന്നു പോയി..

 

ആളുടെ മുഖത്ത് ഒരു പരിഹാസച്ചിരി കാണുന്നുണ്ടായിരുന്നു.. അയാളുടെ മുഖം വക്രിക്കുന്നതും കണ്ണുകളിൽ രക്തം ഇരച്ചുകയറുന്നതും പേടിയോടെ ഞാൻ നോക്കിക്കണ്ടു ..

എന്‍റെ മുഖത്ത് നോക്കുകയോ സംസാരിക്കുകയോ ചെയ്യാതെ പിഞ്ചുകുഞ്ഞിനെ കുഴിമാടത്തിലെ കളിമണ്ണിൽ ഇറക്കി കിടത്തി ഉയർന്നുതാഴുന്ന പിഞ്ച് നെഞ്ചിൻകൂടിന് മുകളിലേക്ക് മണ്ണ് ആഞ്ഞുവെട്ടി വലിച്ചെറിഞ്ഞു.. ചോരയിറ്റു നിൽക്കുന്ന തുറിച്ച കണ്ണുകളോടെ അയാൾ പിന്നെയും പിന്നെയും അട്ടഹസിച്ചു..... ലോകത്തോട് മുഴുവൻ പക വീട്ടുന്നപോലെ നനഞ്ഞ കളിമണ്ണിനെ ആഞ്ഞുവെട്ടി........

 

വളരെ ആവേശത്തിലായിരുന്നു ആ കർമ്മം അയാൾ നിർവഹിച്ചുകൊണ്ടിരിക്കുന്നത്,.. പണിപൂർത്തിയാക്കി അയാൾ എന്നെ തുറിച്ചു നോക്കി ,എന്നിട്ട് പറഞ്ഞു:

 

" നിങ്ങൾ ചോദിച്ചില്ലേ ഞാനാരാണെന്ന് ഇതേപോലെ പഴന്തുണിയിൽ പൊതിഞ്ഞ് ഒരു ആത്മാവിനെ കുഴി വെട്ടി മൂടാൻ ആളില്ലാതെ പോയതാണ് ഞാൻ എന്ന ഈ ഗതി കിട്ടാത്ത ആത്മാവ് ഈ ശ്മശാനത്തിന്‍റെ ചിതൽപൂറ്റിൽ അകപ്പെട്ടുപോയത് .. എന്‍റെ ഗതി മറ്റൊരു ആത്മാവിനും വരാതിരിക്കാനാണ് ഞാൻ ഈ കർമ്മം നിർവഹിച്ചത് "..

"നിങ്ങളുടെ സമൂഹത്തിൽ ഞങ്ങളെ പോലെയുള്ള ആത്മാക്കൾ കെട്ടുകഥ മനഞ്ഞുണ്ടാക്കാനുള്ള വെറും കാഴ്ചവസ്തുക്കൾ മാത്രമാണ് "

 

പിന്നെ അയാൾ ഒന്നും പറഞ്ഞില്ല... നിന്നനിൽപ്പിൽ ഒരു ചെറു ശബ്ദം പോലും ഉണ്ടാക്കാതെ കരിന്തിരി കത്തി തീരാറായ റാന്തൽ വിളക്കും തൂക്കിപ്പിടിച്ച്, തൂമ്പായും തോളിലേറ്റി ,ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ മാളിക വീട് ലക്ഷ്യമാക്കി നടന്നു പോയി.

 

അപ്പോഴും കുഴിമാടത്തിലേക്ക് തുറിച്ചുനോക്കി പട്ടി അവിടെത്തന്നെ നിൽക്കുന്നുണ്ടായിരുന്നു..

 

വിറക്കുന്ന കാലുകളോടെ തട്ടിയും തടഞ്ഞും ഇരുട്ടിനെ മാറിൽ ചവിട്ടി ... ആഞ്ഞടിക്കുന്ന കാറ്റിനെ വകവയ്ക്കാതെ കോരിച്ചൊരിയുന്ന മഴയത്തും വിയർത്തൊലിക്കുന്ന ശരീരവുമായി വീടണയുമ്പോഴും ,ഒരു ചെറിയ ആർത്തനാദം പോലെ കൈകാലിട്ടടിച്ചു നെഞ്ചു പൊട്ടി കരയുന്ന ഒരു ആത്മാവിനെ രോദനം എന്നെ പിന്തുടരുന്നുണ്ടായിരുന്നു..... കൂടെ പട്ടിയുടെ ഓരിയിടലും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com