ADVERTISEMENT

അവധിക്കു നാട്ടിൽ ചെന്നപ്പോളാണ്   രത്നമ്മ ചേച്ചി  അമേരിക്കയിൽ നിന്നും നാട്ടിൽ എത്തിയെന്ന് ഞാൻ അറിഞ്ഞത്.

 

ഗോപിച്ചേട്ടൻ മരിച്ചപ്പോൾ ചേച്ചിയെ മൂത്തമകൻ അമേരിക്കക്ക് കൊണ്ടുപോയി....

 

"നല്ല മനുഷ്യനായിരുന്നു ഗോപിച്ചേട്ടൻ... പറഞ്ഞിട്ടെന്താ കാര്യം? അവൾ ഒരു സ്വസ്ഥത കൊടുത്തിട്ടുണ്ടോ?അങ്ങേര് മരിച്ചപ്പോൾ ഒരു തുള്ളി കണ്ണീർ പോലും ആ രത്നമ്മയുടെ കണ്ണിൽ നിന്നും വരുന്നത് ഞാൻ കണ്ടില്ല..."

 

ഒരാളുടെ കുറ്റം പറഞ്ഞതിലുള്ള സംതൃപ്തി എന്റെ അമ്മയുടെ മുഖത്ത് കണ്ടു.

 

എന്റെ വീടിന്റെ മുൻപിലൂടെയാണ് ഗോപിച്ചേട്ടൻ എന്നും രാവിലെ പത്തു മണിക്കും വൈകുന്നേരം അഞ്ചു മണിക്കും കവലയിലേക്ക് പോകുന്നത്.

 

എവിടെക്കാ? ഗോപിച്ചേട്ടനെ കാണുമ്പോൾ തന്നെ എന്റെ അച്ഛൻ ചോദിക്കും.

 

"കവല വരെ" 

 

"വെറുതെയാ... ഷാപ്പിലേക്കുള്ള പോക്കാ..."

 

അമ്മയുടെ മുൻപിൽ നല്ലവനാണെന്നു കാണിക്കുവാൻ വെപ്രാളപ്പെടുന്ന അച്ഛൻ അമ്മ കേൾക്കാൻ പാകത്തിന് പറയും.

 

തന്റെ ഭർത്താവ് കള്ള് കൈകൊണ്ടു തൊടില്ലല്ലോ എന്നോർത്തുള്ള അമ്മയുടെ മുഖത്തെ അഭിമാനം ഒന്ന് കാണേണ്ടത് തന്നെയാണ്.

 

ഗോപിച്ചേട്ടൻ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ ചേട്ടന്റെ ഭാര്യ ചേട്ടനെ ചീത്ത പറയുവാൻ തുടങ്ങും.

 

"ഇതീയാന്റെ മുടിഞ്ഞ കള്ളുകുടി കാരണം, ഈ കുടുംബം നശിച്ചു..."

 

നശിക്കാത്ത കുടുംബം നശിച്ചു എന്ന് ചേച്ചി പറയുന്നതെന്തിനാണ്?

 

ഒരു മണിക്കൂറിനുള്ളിൽ തന്നെ ചേട്ടൻ വീട്ടിലേക്ക് തിരിച്ചു പോകും..ഞാൻ ചേട്ടനെ കാത്തിരിക്കും.

 

ചേട്ടൻ കയ്യിലുള്ള പൊതിയിൽ നിന്നും ചിലപ്പോൾ എന്തെങ്കിലും തിന്നാൻ എനിക്ക് തരും.

 

"ഗോപിച്ചേട്ടൻ എന്റെ കൊച്ചിനെ ചീത്തയാക്കും..."

 

എന്റെ അമ്മ പരിഭവിക്കും.

 

ഗോപിച്ചേട്ടൻ തിരിച്ചു വീട്ടിൽ ചെല്ലുന്നത് പ്രമാണിച്ചുള്ള ചേച്ചിയുടെ വകയായുള്ള

 

വാക്ക് പ്രഹരങ്ങൾ കഴിഞ്ഞാൽ 

ഗോപിച്ചേട്ടൻ തന്റെ പറമ്പിൽ പണിതുടങ്ങും.

 

അത് മൂന്ന് മണി വരെ തുടരും.

 

പൂരപ്പറമ്പിലെ അമിട്ട് പോലെ ഇടക്കിടക്ക് അവിടെ നിന്നും രത്നമ്മ ചേച്ചിയുടെ ശബ്ദം ഉയരും.

 

രണ്ടു മണിമുതൽ രത്നമ്മ ചേച്ചിയുടെ ഉച്ചത്തിലുള്ള തുടർച്ചയായ സംസാരം കേൾക്കാം.

 

ഗോപിച്ചേട്ടൻ ഭക്ഷണം കഴിക്കുവാൻ വരാത്തതിലുള്ള പരിഭവമാണ്.

 

മൂന്നരയാകുമ്പോൾ പറമ്പിന്റെ മൂലക്ക് ഗോപിച്ചേട്ടന്റെ സുഹൃത്തുക്കൾ ഹാജരാകും.

 

ഹെൽത്ത്‌ ഇൻസ്‌പെക്ടർ തോമസ്, കൃഷി അസിസ്റ്റന്റ്  നാരായണൻ നായർ എന്നിവരും ചിലപ്പോൾ അവിടെ എത്തിച്ചേരും.

 

"ചീട്ടു കളിക്കാൻ വൃത്തികെട്ടവൻമാർ വന്നിട്ടുണ്ട്....ചെല്ല് സമയം കളയാതെ..."

 

കളി രസിച്ചു തുടങ്ങുമ്പോഴാകും ചേച്ചിയുടെ വക ചിലപ്പോൾ കല്ലും മണ്ണും കൊണ്ടുള്ളഏറു ചീട്ടുകളിക്കാർക്ക് കിട്ടുന്നത്.

 

ആറു മണിയാൽ  രത്നമ്മ ചേച്ചിയുടെ ചീത്ത പറച്ചിലിന്റെ അകമ്പടിയോടെ ചേട്ടൻ വീണ്ടും ഷാപ്പിലേക്ക് യാത്രയാകും.

 

"ചേച്ചി ഇത്രയൊക്കെ ചീത്ത പറഞ്ഞിട്ടും ചേട്ടൻ ഒന്നും തിരിച്ചു പറയാത്തത് എന്താണ്?"

 

ഞാൻ ഒരു ദിവസം ചേട്ടനോട് ചോദിച്ചു.

 

"അവൾ പറഞ്ഞു കൊണ്ടിരിക്കും... ഞാൻ എനിക്കാവശ്യമുള്ളത് ചെയ്തുകൊണ്ടിരിക്കും.... അവൾക്ക് സാതന്ത്ര്യത്തോടെ ചീത്ത പറയുവാൻ ഞാൻ അല്ലാതെ ആരാണുള്ളത്?...അത്  മനസ്സിലാകണമെങ്കിൽ നീ കല്യാണം കഴിക്കണം...."

 

ഗോപിച്ചേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

 

എന്നാൽ ഞങ്ങളോടൊക്കെ വലിയ സ്നേഹമായിരുന്നു ചേച്ചിക്ക്... അവിടെ ചെന്നാൽ ചേച്ചി സ്നേഹത്തോടെ തരുന്ന കപ്പയുടെയും വെളിച്ചെണ്ണയിൽ കുഴച്ച മുളകരച്ചതിന്റെയും രുചി ഇപ്പോഴും എന്റെ നാവിലുണ്ട്.

 

"വാട്ട്‌ ബ്ലഡി നോൺസെൻസ് യു ആർ ഡൂയിങ്? ഐ നെവർ കെയിം ഇക്രോസ്സ് സച്ച് ആൻ ഇറസ്പ്പോൻസിബിൾ ഫെല്ലോ ഇൻ മൈ ലൈഫ് '

 

മഞ്ജുവിന്റെ അലർച്ച കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്.

 

എന്റെ അമ്മക്ക് ഇഗ്ലീഷ് മനസ്സിലാകില്ലെന്നാണ് അവളുടെ വിചാരം!!!!

 

ലണ്ടനിൽ പോയതിൽ പിന്നെയാണ് നാട്ടിൽ വരുമ്പോൾ അവൾ ചീത്തപറച്ചിൽ പലപ്പോഴും ഇംഗ്ലീഷിൽ ആക്കിയത്.

 

മറുപടി പറഞ്ഞില്ലെങ്കിൽ ഇനി മലയാളത്തിൽ തുടങ്ങും.

 

"ഞാൻ ഒന്നിനും കൊള്ളാത്തവനാണോ?"ഒരു നിമിഷം ഞാൻ ചിന്തിച്ചു പോയി.

 

എൻജിനിയറിങ് കഷ്ടപ്പെട്ട് പഠിച്ചു  ഇംഗ്ലീഷ് പരീക്ഷയും പാസായി യൂ ക്കെയിൽ  ഒരു മൾട്ടി നാഷണൽ കമ്പനിയുടെ  ജോലി ചെയ്യുന്ന എന്നെക്കുറിച്ചാണ് അടുക്കളയിലെപാത്രങ്ങൾ ഡിഷ്‌ വാ ഷറിൽ വെക്കാത്തതിന് അവൾ പറയുന്നത്.

 

ഞാൻ ഗോപിച്ചേട്ടനെ മനസ്സിൽ ധ്യാനിച്ചു.

 

"പുതിയ കഥയും ചിന്തിച്ചു കൊണ്ട്  ഒന്നും ചെയ്യാതെ നിൽക്കുന്നത് കണ്ടിട്ടില്ലേ.... ഈ കഥയെഴുത്താണ് 

എന്റെ ലൈഫ് സ്പോയിൽ ചെയ്തത്................. "അവൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു!!!

 

കോരിച്ചൊരിയുന്ന മഴയത്ത് നിൽക്കുന്ന പ്രതീതി...!!!

 

"യു ആർ ലക്കി... യു ഹാവ് സച്ച് ആ നൈസ് ലേഡി "

 

സ്റ്റാർ ക്ലബ്ബിലെ ഫ്രെണ്ട് മനോജ്‌ അസൂയയോടെ എന്നോട് പറഞ്ഞതോർത്തപ്പോൾ ഞാൻ എനിക്ക് പുച്ഛം തോന്നി.

 

ഇല്ല ഗോപിച്ചേട്ടനാകുവാൻ എനിക്ക് കഴിയില്ല...

 

ഇടിവെട്ടി മഴ എന്റെ ഭാഗത്ത് നിന്നും ഉണ്ടായി.

 

പിന്നെ കരച്ചിലായി പിഴിച്ചിലായി...

 

പിരിയുന്നതിനെക്കുറിച്ചു പോലും സംസാരമുണ്ടായി.

 

മംഗളം പാടി അമ്മയുടെ വക കുറ്റം പറച്ചിലുമുണ്ടായിരുന്നു.

 

ഒന്നും വേണ്ടായിരുന്നു എന്ന് അവസാനം തോന്നി.

 

ഏതായാലും അന്ന് തന്നെ രത്നമ്മ ചേച്ചിയെ കാണുവാൻ ഞാൻ പോയി.

 

ഞാൻ ചെല്ലുമ്പോൾ  രത്നമ്മ ചേച്ചി വിദൂരതയിൽ കണ്ണും നട്ട് ഇരിക്കുന്നുണ്ട്.

 

അവരുടെ മകന്റെ ഭാര്യ എന്നെ സ്വീകരിച്ചിരുത്തി.

 

ഞാൻ ചേച്ചിയെ നോക്കി ചിരിച്ചെങ്കിലും ചേച്ചി ചിരിച്ചില്ല.

 

"ചേച്ചിക്ക് എന്നെ മനസ്സിലായില്ലേ?"ഞാൻ ചോദിച്ചു.

 

പക്ഷെ മറുപടി കിട്ടിയില്ല... വായാടിയായ ചേച്ചിക്ക് എന്ത് പറ്റി???

 

ഞാൻ ചിന്തിച്ചു.

 

ഞാൻ കുറെ ചോദ്യങ്ങൾ ചോദിച്ചെങ്കിലും ചേച്ചി ഒന്നും പറഞ്ഞില്ല.

 

ഞാൻ  മരുമകളുടെ മുഖത്തേക്ക് ചമ്മലോടെ നോക്കി.

 

"അമ്മ... സംസാരിക്കില്ല.... അച്ഛൻ മരിച്ചതിൽ പിന്നെ അമ്മ സംസാരിച്ചിട്ടില്ല.."

 

മരുമകളുടെ വാക്കുകൾ എന്റെ കർണ്ണത്തിൽ പതിച്ചു.

 

"നിങ്ങൾ ഇത്രയും നേരം എവിടെയായിരുന്നു...??? എവിടെയെങ്കിലും പോയാൽ പിന്നെ അവിടെ വാചകമടിച്ച് ഇരുന്നുകൊള്ളും..."

 

എന്നെ കണ്ടപ്പോൾ തന്നെ മഞ്ജു തുടങ്ങി.

 

അവളെ സൂക്ഷിച്ചു നോക്കിയതല്ലാതെ ഞാൻ ഒന്നും പറഞ്ഞില്ല.

 

"എന്താണ് ഒന്നും മിണ്ടാത്തത്?"

 

അവൾ വീണ്ടും ചോദിച്ചു.

 

ഞാൻ അവളുടെ കണ്ണിൽ തന്നെ സൂക്ഷിച്ചു നോക്കി.

 

എന്റെ കണ്ണുകളിലെ ഭാഷ മനസ്സിലായ അവളുടെ ചുണ്ടുകളിൽ അതി മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു.

 

" അമ്മ കാണും..."

 

 ചേർത്ത് പിടിക്കുവാൻ ഞാൻ എന്റെ ഇരുകൈകളും നീട്ടിയപ്പോൾ  അവൾ നാണത്തോടെ  അടുക്കളയിലേക്ക് നടന്നു.

 

 

English Summary: Story written by Anil Konattu 

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com