ADVERTISEMENT

കേരളത്തിലെ സിനിമ ആസ്വാദകരുടെ ആസ്വാദന നിലവാരം ലോകനിലവാരത്തിലേക്ക് ഉയർന്നു. കൊറിയൻ സിനിമകൾ മുതൽ സ്പാനിഷ് സീരീസുകൾ വരെ കേരളത്തിലെ സാധാരണക്കാരുടെ ലിസ്റ്റിൽ ഇടംപിടിച്ചു. മുൻപ് ഏതാനും ഫിലിംഫെസ്റ്റുകളിൽ മാത്രം കണ്ടിരുന്ന ഈ ആസ്വാദന ക്ഷമത മലയാളിയുടെ ശീലമായതോടു കൂടി പുലിവാൽ പിടിച്ചത് മലയാള സിനിമാ നിർമാതാക്കളാണ്. ഈ മാറ്റം അറിയാതെ തിയേറ്ററിൽ വന്ന സിനിമകൾ തുടർച്ചയായി പരാജയപ്പെടാൻ തുടങ്ങി. വിപണിയിലെ ചലനങ്ങൾ സൂക്മമായി നിരീക്ഷിക്കുന്ന ചില നിർമാതാക്കൾ ഈ മാറ്റങ്ങളെ ഉൾക്കൊണ്ട് സിനിമകൾ നിർമിക്കുവാൻ തുടങ്ങി. ഇത്തരത്തിലുള്ള നിർമാണ കമ്പനികളിൽ പെട്ടതാണ് മമ്മൂട്ടി കമ്പനി. ഭ്രമയുഗത്തിന്‍റെ നിർമതാക്കളായ നൈറ്റ് ഷിഫ്റ്റ് ആൻഡ് വൈ സ്‌റ്റുഡിയോസ് തുടങ്ങിയവർ.

മമ്മൂട്ടി എന്ന നടനിൽ നിന്നും നിർമാതാവിലേക്കുള്ള മാറ്റം മലയാള സിനിമക്ക് നൽകിയത് പ്രമേയം കൊണ്ടും സാമ്പത്തിക വിജയം കൊണ്ടും മലയാള സിനിമയെ ഉത്തേജിപ്പിച്ച വമ്പൻ വിജയങ്ങളാണ്. പതിറ്റാണ്ടുകൾ നീണ്ട തന്‍റെ സിനിമാ സിനിമാ ജീവിതത്തിന്‍റെ അനുഭവ സാക്ഷ്യമായി മമ്മൂട്ടി എന്ന നിർമാതാവിൽ നിന്ന് പിറവിയെടുത്ത റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്വകാഡ്, കാതൽ, തുടങ്ങിയ സിനിമകളുടെ തുടർച്ചയാണ് ഭ്രമയുഗം എന്ന സിനിമയുടെ ഭാഗമാകുവാൻ മമ്മൂട്ടിയെ പ്രേരിപ്പിച്ചത്.

ഇതിൽ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, ഹൊറർ -ത്രില്ലർ എന്ന വിഭാഗത്തിൽ മാത്രമുള്ള സിനിമകൾ നിർമിക്കുന്ന സിനിമ കമ്പനിയാണെന്നത് കൗതുകമുണർത്തുന്ന ഒരു കാര്യമാണ്, സാധാരണ ഇന്ത്യൻ സിനിമ നിർമാണ കമ്പനികൾ ഒരിക്കലും ഒരു ജോണറിൽ മാത്രമുള്ള സിനിമകൾ നിർമിക്കാറില്ല, ഹോളിവുഡ് സിനിമ നിർമ്മാണ കമ്പനികളുടെ ബ്രാൻഡിങ് ഇന്ത്യൻ സിനിമാ വ്യവസായത്തിലും വരുന്നു എന്നത് സ്വാഗതാർഹമാണ്.

ഒരു മുഴുനീള സിനിമ ബ്ലാക്ക് ആൻഡ് വൈറ്റിൽ പ്രദർശനത്തിനെക്കെത്തിക്കുവാൻ മമ്മൂട്ടി എന്ന മെഗാസ്റ്റാറിന് ധൈര്യം നൽകിയത് എന്തായിരിക്കും? ഉത്തരം ലളിതമാണ് കഴിഞ്ഞ വർഷം റിലീസ് ചെയ്ത ക്രിസ്റ്റഫർ നോളന്‍റെ ഓപ്പൺഹൈമർ എന്ന ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച ഒരു ഹോളിവുഡ് സിനിമ കേരളത്തിൽനിന്ന് വാരിക്കൂട്ടിയത് ആറ് കോടിരൂപയിൽ കൂടുതലാണ്. ഹോളിവുഡ് ആക്ഷൻ സിനിമകൾ പലപ്പോഴും മലയാളത്തിൽ ഹിറ്റാകാറുണ്ട്, പക്ഷെ ഡ്രാമ ജോനറിലുള്ള മൂന്നു മണിക്കൂർ നീണ്ട, ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച ഈ സിനിമക്ക് കിട്ടിയ ഈ സ്വീകരണം കേരളത്തിലെ പ്രേക്ഷകരുടെ ആസ്വാദന നിലവാരം വ്യക്തമാക്കുന്നു കൂടെ സിനിമാ വ്യവസായത്തിന്‍റെ മർമ്മം അറിയുന്ന മമ്മൂട്ടി എന്ന നടനെയും.

സാങ്കേതികമായും ബജ്റ്റ് കൊണ്ടും വിസ്മയിപ്പിക്കുന്ന ഇന്‍റർനാഷനൽ സിനിമകൾ ഒടിടിയിൽ കാണുന്ന പ്രേക്ഷകനെ ആകർഷിച്ച് തിയേറ്ററിൽ എത്തിക്കുവാൻ കഴിയൂന്ന ഭ്രമയുഗ മാജിക്ക് എന്താണ്? തീർച്ചയായും വ്യത്യസ്തമായ, പ്രാദേശിക പ്രമേയം നല്ല സാങ്കേതിക തികവോടെ തിയേറ്ററുകളിൽ അനുഭവേദ്യമാക്കി എന്നത് തന്നെയാണ് ഭ്രമയുഗം എന്ന സിനിമ കാണിക്കുന്ന മാജിക്ക്.

കുട്ടിച്ചാത്തനും യക്ഷിയുമൊക്കെ അടക്കി വാഴുന്ന മലയാളിയുടെ മാന്ത്രിക ലോകവും അധികാരത്തിന്‍റെ ഭീകരതയും വേട്ടയാടുന്നവന്‍റെ ലഹരിയും വേട്ടക്കാരന്‍റെ ഭീതിയും മാറിമാറി പ്രേക്ഷകർ അനുഭവിക്കുന്നു. മമ്മൂട്ടി എന്ന നടന്‍റെ അതുല്യമായ പരകായ പ്രവേശനവും അർജുൻ അശോകന്‍റെയും സിദ്ധാർത്ഥ് ഭരതിന്‍റെയും അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളും സമ്മാനിക്കുന്ന ചിത്രം സിനിമാ പ്രേമികളുടെ പ്രശംസ പിടിച്ചു പറ്റിയതിൽ അത്ഭുതമില്ല. 

സംവിധായകനും എഴുത്തുകാരനുമായ രാഹുൽ സദാശിവൻ കാണിക്കുന്ന കയ്യടക്കവും ബ്ലാക്ക് ആൻഡ് വൈറ്റിന്‍റെ ദൃശ്യ വിസ്മയം അസൂയാവഹമായി പകർത്തിയ ഛായാഗ്രാഹകൻ ഷെഹ്നാദ് ജലീൽ‌, ചിത്രത്തിന്‍റെ ആത്മാവായ പശ്ചാത്തല സംഗീതം സൃഷ്ടിച്ച ക്രിസ്റ്റോ സേവ്യറും, ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിന് ആർട്ട് ഡയറക്ഷൻ നൽകുക എന്ന ദുഷ്കരമായ കർമ്മം അതി മനോഹരമായി നിർവ്വഹിച്ച ജ്യോതിഷ് ശങ്കറും, ചിത്രത്തെ മനോഹരമായി എഡിറ്റ് ചെയ്‌ത ഷഫീക്ക് മുഹമ്മദലിയുമൊക്കെ മലയാള സിനിമയുടെ ഭ്രമയുഗമൊരുക്കുന്നതിൽ അതുല്യമായ പങ്കു വഹിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com