ADVERTISEMENT

ഗസൽ ഗാന ശാഖയെ ജനകീയമാക്കിയ പ്രശസ്ത ഗായകൻ പങ്കജ് ഉധാസ് വിട പറയുമ്പോളും ജനഹൃദയങ്ങളിൽ നിന്ന് അദ്ദേഹം ആലപിച്ച ഗാനങ്ങൾ മായുന്നില്ല. ഒമർ ഖയാമിന്‍റെ റുബായിയ്യാത്ത് നാല് കാസറ്റുകളുടെ ആൽബമാക്കുന്നത് എൺപതുകളുടെ ഒടുവിലായിരുന്നു. ഗസലുകൾ ഗാനാസ്വാദനത്തിന്‍റെ പ്രധാന ഭാഗമായി മാറിക്കൊണ്ടിരുന്ന വിദ്യാലയ നാളുകളിൽ അദ്ദേഹത്തിന്‍റെ വരികൾ മൂളാത്ത ദിവസങ്ങളുണ്ടായിരുന്നില്ല.

'നാം' എന്ന ഹിന്ദി സിനിമയിലെ 'ചിട്ടി ആയി ഹേ...' എന്ന പ്രവാസവിരഹ നൊമ്പരഗാനം നെഞ്ചേറ്റാത്ത മലയാളികളുണ്ടാകില്ല. നിഖ്ലോനാ ബേനകാബ്..., ചന്ദ് രാ.., ഇശ്ഖ് ബഡാ ഹര്ജായി..., നാ കജ് രേരെ... ചാന്ദി ജേസാ രങ്ക്... തുടങ്ങി ആഹത്, ഖ്വാബ്, ആഷിയാൻ, നശ, മെഹ്ഫിൽ തുടങ്ങി സഹോദരങ്ങളായ മൻഹർ ഉദാസും നിർമൽ ഉദാസും ചേർന്നിറക്കിയ 'തീൻ മോസം' ഉൾപ്പടെ അറുപതോളം ആൽബങ്ങളും നാം, മൊഹ്റ, സാജൻ എന്നീ സിനിമകൾ ഉൾപ്പെടെ അനേകം ചലച്ചിത്രഗാനങ്ങളും ഗസലുകളുമായി നൂറുകണക്കിന് അവിസ്മരണീയ ഗാനങ്ങളും ജിതേഷ് സുന്ദരം സംഗീതം നൽകിയ റഫീഖ് അഹമ്മദിന്‍റെ - 'ഈ നിലാവിൽ പെയ്ത മണ്ണിൽ...'  എന്ന മലയാളം ഗസലും ആസ്വാദകർക്ക് സമർപ്പിച്ചാണ് അദ്ദേഹം വിടവാങ്ങുന്നത്. 2006ൽ രാജ്യം  പത്മശ്രീ നൽകി ആദരിച്ചിരുന്നു. 

തൊണ്ണൂറുകളിൽ ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കായുള്ള ഗസൽസന്ധ്യയിൽ ഒരിഷ്ടഗാനം അദ്ദേഹത്തോട് രണ്ടാമതാവർത്തി ആലപിക്കാനപേക്ഷിച്ചപ്പോൾ അദ്ദേഹമത് സസന്തോഷം സ്വീകരിച്ചു. പോകാൻ നേരം ടെലിഫോൺ നമ്പറെഴുതുന്ന പോക്കറ്റ് ബുക്കിൽ ഓട്ടോഗ്രാഫും തന്നു. പിന്നീട് പലവട്ടം അദ്ദേഹത്തിന്‍റെ സംഗീതപരിപാടികൾ നേരിട്ടാസ്വദിക്കാനുള്ള ഭാഗ്യമുണ്ടായി.

ഗുജറാത്തിലെ ഒരു സമ്പന്ന കുടുംബത്തിൽ മൂന്ന് ആൺമക്കളിൽ ഇളയവനായി ജനിച്ച  പങ്കജ് സഹോദരന്മാരെപ്പോലെത്തന്നെ സംഗീതത്തിൽ ആകർഷണീയനായി.  ഗസൽ ഗായകർ അനേകമുണ്ടെങ്കിലും പങ്കജിനെയാണ് ആസ്വാദകർ 'ഗസൽ രാജകുമാരൻ' എന്ന് വിളിക്കുന്നത്.

'ചന്ദ് രാ ഇഷ്ക് ബഡാ ഹർജായി...'
'ജോ ഇത്നീ പ്യാരീ ഗസൽ ഹമാരേലിയേ ഛോഡ്കർ ആപ് ഭീ ചലീഗയീ...' 
'ആംസൂ ഭരേ യേ ജുദായീ കബീ ഭൂൽ നഹി സക്താ...'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com