ADVERTISEMENT

മൂന്ന് മണിക്കൂർ യാത്ര ചെയ്ത് വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ, മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന റെന്‍റൽ കാർ ജോണിയെയും കുടുംബാംഗങ്ങളെയും കാത്ത് പുറത്ത് പാർക്ക് ചെയ്തിരുന്നു. ഏജന്‍റിൽ നിന്ന് താക്കോൽ വാങ്ങി ഭാര്യയെയും നാലര വയസ്സുള്ള മോനെയും കയറ്റി, കാറുമായി പോയത് വിമാനത്താവളത്തിൽ നിന്ന് ഏകദേശം മുപ്പതു മൈൽ ദൂരെ സ്ഥിതി ചെയ്യുന്ന നഴ്സിങ് ഹോമിലേക്കായിരുന്നു. വഴിയിൽ കാർ നിർത്തി മൂന്ന് വിലകൂടിയതും മനോഹരവുമായ റോസാപ്പൂക്കൾ വാങ്ങുന്നതിനും ജോണി മറന്നില്ല. പഠിച്ചു വളർന്ന സ്കൂളും കോളേജും പിന്നിട്ട് കാർ നഴ്സിങ് ഹോമിൽ എത്തി പാർക്ക് ചെയ്തു.

സുപരിചിതമായ കെട്ടിട സമുച്ചയത്തിന്‍റെ ഇടനാഴിയിലൂടെ അതിവേഗം നടന്ന് 103-ാം നമ്പർ മുറിയിൽ എത്തി. മുറിയിൽ പ്രവേശിച്ച കൊച്ചുമോൻ ഓടിച്ചെന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന അച്ചമ്മയുടെ കവിളിൽ ചുംബിച്ചു. ഉറക്കത്തിൽ നിന്ന് ഉണർന്നപ്പോൾ കണ്ടത് കട്ടിലിന്‍റെ ഇരുവശങ്ങളിലായി ഇരിക്കുന്ന മകൻ ജോണിയെയും ഭാര്യയെയും കൊച്ചുമോനെയുമാണ്. ജോണി കുനിഞ്ഞ് അമ്മയുടെ നെറ്റിയിൽ ചുംബിച്ചപ്പോൾ പാതിവിടർന്നിരുന്ന കണ്ണുകൾ സജ്ജീവമായി. മറുവശത്തായി ഇരുന്ന ജോണിയുടെ ഭാര്യ ചായം തേച്ച് ചുവപ്പിച്ച അധരങ്ങളാൽ നെറ്റിയിൽ ചുംബനം നൽകി.

അമ്മേ, ഇന്ന് 'മദേഴ്‌സ് ഡേ' ആണ്. അമ്മയെ കാണാനാണ് ഞങ്ങൾ ഇവിടെ വന്നത്. രണ്ട് ദിവസം മാത്രമാണ് എനിക്ക് അവധി ലഭിച്ചിരിക്കുന്നത്. കൊച്ചുമോന്റെ മമ്മിയുടെ മാതാപിതാക്കൾ ഇവിടെ അടുത്താണ് താമസിക്കുന്നത്. ഇന്ന് രാത്രി അവരുടെ വീട്ടിൽ തങ്ങണം നാളെ രാവിലെ മടങ്ങി പോകുകയും വേണം. എല്ലാവരെയും മാറിമാറി നോക്കുന്നതിനിടയിൽ അമ്മയുടെ കണ്ണിൽ നിന്ന് പുറത്തേക്ക് ഒഴുകിയ ചുടുകണ്ണുനീർ കയ്യിലുണ്ടായിരുന്ന ടിഷ്യു പേപ്പർ കൊണ്ട് തുടച്ചു നീക്കുന്നതിനിടെ ജോണി പറഞ്ഞു. കിടന്ന കിടപ്പിൽ നിന്ന് ചാരിയിരിക്കാനുള്ള ശ്രമം ജോണി തടഞ്ഞു. അമ്മ അവിടെ തന്നെ കിടന്നോളൂ. ഞങ്ങൾ എല്ലാവരും ഇവിടെയുണ്ടല്ലോ?

ജോണിയുടെ അമ്മ മേരിക്ക് വയസ്സ് അറുപത്തിയെട്ടായി.  അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടിരുന്നുവെങ്കിലും അൾസൈമേഴ്സ് എന്ന രോഗം മേരിയുടെ ഓർമ്മശക്തിയിൽ ഇതുവരെ പിടിമുറുക്കിയിരുന്നില്ല. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മകനെയും കുടുംബത്തെയും വീണ്ടും കാണുന്നത്. കഴിഞ്ഞ മദേഴ്സ് ഡേയിൽ കാണാൻ വന്നപ്പോൾ ജോണി പറഞ്ഞതാണ് ഞങ്ങൾ ഇടയ്ക്കിടെ അമ്മയെ വന്ന് കാണുമെന്ന്. മേരിയുടെ ചിന്തകൾ സാവധാനം ചിറകുവിരിച്ച് ഭൂതകാലത്തേക്ക് പറന്നുയർന്നു.

ജോണിയുടെ അപ്പൻ മുപ്പത്തിയെട്ടാം വയസ്സിൽ ഈ ലോകത്തിൽ നിന്ന് വിടപറയുമ്പോൾ ജോണിക്ക് പ്രായം രണ്ട് വയസ്സായിരുന്നു. മകന്റെ കൈകൾ കൂട്ടിപ്പിടിച്ച് ഇപ്രകാരം പറഞ്ഞു. "മോനെ, നീ പൊന്നുപോലെ നോക്കണം. അവൻ നിന്നെ ജീവിതാന്ത്യം വരെ നോക്കിക്കൊള്ളും." മുപ്പത്തിയൊന്നാം വയസ്സിൽ ഭർത്താവ് നഷ്ടപ്പെട്ടെങ്കിലും മേരി ഒരു നഴ്‌സായിരുന്നതിനാൽ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നില്ല. മേരിയുടെ മനസ്സിൽ മറ്റൊരു ആശയം ഉയർന്നുവന്നു - എങ്ങനെയെങ്കിലും അമേരിക്കയിൽ എത്തണം. മകന് നല്ല വിദ്യാഭ്യാസം നൽകണം, നല്ലൊരു ഭാവി ഉണ്ടാക്കണം. അന്ന് ഒരു നഴ്‌സിന് അമേരിക്കയിൽ എത്താൻ അത്രയും കടമ്പകളൊന്നും ഉണ്ടായിരുന്നില്ല. ഭർത്താവ് മരിച്ച് രണ്ട് വർഷത്തിനുള്ളിൽ മകനെയും കൂട്ടി മേരി അമേരിക്കയിൽ എത്തി. ഭർത്താവില്ലാതെ മാതൃകാപരമായ ജീവിതം നയിച്ച മേരി, ജോണിക്ക് നല്ലൊരു ജോലി ലഭിച്ചപ്പോൾ, അമേരിക്കൻ മലയാളി കുടുംബത്തിൽ ജനിച്ചു വളർന്ന പരിഷ്‌കാരിയും സല്‍സ്വഭാവിയുമായ ഒരു പെണ്‍കുട്ടിയെ കണ്ടെത്തി വിവാഹവും നടത്തികൊടുത്തു. ഉയര്‍ന്ന വിദ്യാഭ്യാസവും, ജോലിയും ജോണിക്ക്‌ സമൂഹത്തില്‍ ഉന്നതസ്ഥാനം ലഭിക്കുന്നതിനിടയാക്കി.

ഒറ്റയ്ക്ക് ജീവിച്ച മകനെ വളർത്തുന്നതിനായി മേരി നയിച്ച വിശ്രമരഹിതമായ ജീവിതം ശരീരത്തെയും മനസ്സിനെയും  തളർത്തിയിരുന്നു. ഒരു ദിവസം ജോലി കഴിഞ്ഞു മടങ്ങിവരുന്നതിനുണ്ടായ അപകടത്തിൽ മേരിക്ക് ഗുരുതരമായ പരുക്കേറ്റു. വിദഗ്ദ്ധ ചികിത്സ ലഭിച്ചതിനാൽ ജീവൻ രക്ഷിക്കാനായെങ്കിലും നട്ടെല്ല് തകർന്നതിനാൽ  അരയ്ക്കുതാഴെ പൂർണ്ണമായും ചലനശേഷി നഷ്ടപ്പെട്ടു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിലെത്തിയ മേരിയെ ശുശ്രൂഷിക്കുന്നതിന് കുറച്ചു ദിവസം മകനും മരുമകളും താല്‌പര്യംകാണിച്ചു.

ദിവസങ്ങൾ പിന്നിട്ടതോടെ മേരിക്ക് ശരിയായ ശുശ്രൂഷ ലഭിക്കാതെയായി. മരുമകളുടെ താൽപ്പര്യം പരിഗണിച്ച് ജോണിക്ക് അമ്മയെ നഴ്സിങ് ഹോമിൽ കൊണ്ടുപോയി താമസിപ്പിക്കേണ്ടി വന്നു. ഇതിനിടയിൽ ജോലിയുമായി ബന്ധപ്പെട്ട് ജോണിക്ക് മറ്റൊരു സ്ഥലത്തേക്ക് ട്രാൻസ്ഫർ ലഭിച്ചു. അന്ന് മുതൽ നഴ്സിങ് ഹോമിൽ ഒറ്റയ്ക്ക് താമസിക്കുകയാണ്. ഇപ്പോൾ ഇവിടെ എത്തിയിട്ട് മൂന്ന് വർഷമായി. 'അമ്മേ, ഞങ്ങൾ ഇറങ്ങുകയാണ്' എന്ന് ജോണിയുടെ ശബ്ദം കേട്ടാണ് മേരി സ്ഥലകാലബോധം വീണ്ടെടുത്തത്. മൂന്നുപേരും ഒരിക്കൽ കൂടി കവിളിൽ ചുംബിച്ചു. ഏകദേശം ഒരു മണിക്കൂർ നേരത്തെ സംഗമത്തിന് ശേഷം യാത്ര പറഞ്ഞുപിരിയുമ്പോൾ കൈകളിൽ ഉണ്ടായിരുന്ന റോസാപ്പൂക്കൾ നോക്കി കൊണ്ട് മേരിയുടെ മനസ്സ് മന്ത്രിച്ചു, "ഇനി എപ്പോഴാണ് നമ്മൾ പരസ്പരം കണ്ടുമുട്ടുന്നത്? ഒരു വർഷം കൂടി... അടുത്ത മദേഴ്സ് ഡേ വരെ ഇനിയും കാത്തിരിക്കേണ്ടി വരുമോ?"

ജോണിക്കുട്ടി കാറിൽ കയറി നേരെ എത്തിയത് ഭാര്യാവീട്ടിലാണ്. അവിടെ ഒരുക്കിയിരുന്ന മദേഴ്സ് ഡേ ആഘോഷങ്ങളിൽ പങ്കെടുത്തതിനുശേഷം ഡൈനിങ് ടേബിളിൽ നിരത്തി വെച്ചിരുന്ന വിഭവസമൃദ്ധമായ ഡിന്നർ കുടുംബസമേതം ആസ്വദിക്കുമ്പോൾ അല്പം അകലെയല്ലാതെ നഴ്സിങ് ഹോമിൽ ഏകയായി കഴിയുന്ന അമ്മയുടെ മുമ്പിലും ആരോ ഒരു നഴ്സിങ് ഹോം ജീവനക്കാരൻ മദേഴ്സ് ഡേ ഡിന്നർ നിരത്തിവെച്ചു. ഇമവെട്ടാതെ ഡിന്നർ പ്ലേറ്റിലേക്ക് നോക്കിയിരുന്നപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകിയതുപോലും അവർ അറിഞ്ഞില്ല. ഭർത്താവ് തന്നെ ഏൽപ്പിച്ച ഉത്തരവാദിത്തം വിശ്വസ്തതയോടെ നിറവേറ്റിയ ആത്മനിർവൃതിയായിരുന്നോ ആ കണ്ണുനീരിൽ പ്രതിഫലിച്ചിരുന്നത്? ആർക്കറിയാം?

English Summary:

Mothers Day: A Day to Remember Our Mother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com