സിഡ്നി ആക്രമണം; പാക്ക് സ്വദേശിയായ സുരക്ഷാ ജീവനക്കാരൻ മരിച്ചത് ജോലിയുടെ ആദ്യ ദിനത്തിൽ
Mail This Article
സിഡ്നി ∙ സിഡ്നിയിലെ ഷോപ്പിങ് മാളിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട പാക്കിസ്ഥാൻ സ്വദേശിയായ സുരക്ഷാ ജീവനക്കാരൻ ഫറാസ് താഹിറിന്റെ സംസ്കാരം നടത്തി. സിഡ്നിയിലെ ബൈത്തുൽ ഹുദാ പള്ളിയിക്ക് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഫറാസ് താഹിർ ഒരു ഹീറോ ആയി മരിച്ചു എന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ് അനുസ്മരിച്ചത്. ഒരിക്കലും കണ്ടിട്ടില്ലാത്ത ആളുകളുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹം ശ്രമിച്ചു. 'എല്ലാവരോടും സ്നേഹം- ആരോടും വിദ്വേഷമില്ല' എന്നെഴുതിയ ബാനറിന് കീഴിലാണ് ഫറാസ് അനുസ്മരണം നടന്നത്.
ആക്രമണം തടയുന്നതിനിടെ പരുക്കേറ്റ മറ്റൊരു സുരക്ഷാ ജീവനക്കാരനായ മുഹമ്മദ് താഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ആക്രമണം നടന്ന സ്ഥലത്തേക്ക് ഓടിയ താഹിറുമായി അവസാനമായി സംസാരിച്ചത് മുഹമ്മദ് താഹ ആയിരുന്നു.
ബുധനാഴ്ച 31 വയസ്സ് തികയുമായിരുന്ന താഹിർ, ജോലിയുടെ ആദ്യ ദിനത്തിലായിരുന്നു ബീച്ച് ഡൈഡ് ബോണ്ടിയിലെ തിരക്കേറിയ വെസ്റ്റ്ഫീൽഡ് മാളിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഷോപ്പിങ് മാളിൽ നടന്ന ആക്രമണത്തിൽ ആറു പേരാണ് മരിച്ചത്. ആറു പേരെ കുത്തി കൊലപ്പെടുത്തിയ അക്രമിയെ പൊലീസ് ഉദ്യോഗസ്ഥ വെടിവച്ച് കൊല്ലുകയായിരുന്നു. ഏപ്രിൽ 13 ന് നടന്ന ആക്രമണത്തിൽ നിരവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.