ADVERTISEMENT

18നും 54നും ഇടയില്‍ പ്രായമായ ഇന്ത്യക്കാരില്‍ 10ല്‍ മൂന്ന് പേര്‍ നാളിത് വരെ സ്വന്തം രക്തസമ്മര്‍ദ്ദം പരിശോധിപ്പിച്ചിട്ടേയില്ലെന്ന് പഠനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഭാഗമായ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് ഇന്‍ഫര്‍മാറ്റിക്‌സ് ആന്‍ഡ് റിസര്‍ച്ചാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്.

മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ഒഡീഷ, ജാര്‍ഖണ്ഡ്, ഗുജറാത്ത്, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ രക്തസമ്മര്‍ദ്ദം പരിശോധിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. നിരന്തരമുള്ള പരിശോധനയുടെ ആവശ്യകതയെ സംബന്ധിച്ച അറിവില്ലായ്മ, മോശം വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരുമോ എന്ന ഭയം, സാമ്പത്തിക പരാധീനതകള്‍, സാംസ്‌കാരികമായ പ്രതിബന്ധങ്ങള്‍ എന്നിവയാണ് രക്തസമ്മര്‍ദ്ദം പരിശോധിപ്പിക്കാനുള്ള മടിയുടെ കാരണങ്ങളായി പഠനത്തില്‍ കണ്ടെത്തിയത്.

രക്തസമ്മര്‍ദ്ദം കൂടുതലാണെന്ന് കണ്ടെത്തിയാല്‍ ജീവിതകാലം മുഴുവന്‍ അതിന് മരുന്ന് കഴിക്കണമെന്ന ചിന്തയാണ് പല ഇന്ത്യക്കാരെയും ഉത്കണ്ഠാകുലരാക്കുന്നതെന്ന് വൈശാലി മാക്‌സ് ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. വന്ദന ഗാര്‍ഗ് ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. അതേ സമയം ദക്ഷിണേന്ത്യയിലുള്ളവരില്‍ ശരാശരി 76 ശതമാനം പേര്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും തങ്ങളുടെ രക്തസമ്മര്‍ദ്ദം പരിശോധിപ്പിച്ചിട്ടുള്ളവരാണെന്ന് പഠനം പറയുന്നു. ഇന്ത്യയില്‍ രക്തസമ്മര്‍ദ്ദ പരിശോധനയുടെ തോത് കൂടുതലുള്ളതും ദക്ഷിണേന്ത്യന്‍ പ്രദേശങ്ങളിലാണ്.

Photo Credit: BrianAJackson/ Istockphoto
Photo Credit: BrianAJackson/ Istockphoto

ഹൃദ്രോഗം ഉള്‍പ്പെടെയുള്ള പല രോഗസങ്കീര്‍ണ്ണതകളെ കുറിച്ചും മുന്നറിയിപ്പ് നല്‍കാന്‍ രക്തസമ്മര്‍ദ്ദ പരിശോധന സഹായിക്കും. 90/60 എംഎംഎച്ച്ജി മുതല്‍ 120/80 എംഎംഎച്ച്ജി വരെയാണ് രക്തസമ്മര്‍ദ്ദത്തിന്റെ സാധാരണ തോത്. രക്തസമ്മര്‍ദ്ദ പരിശോധനയെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ അകറ്റുന്നത് കൂടുതല്‍ പേര്‍ പരിശോധനകള്‍ക്ക് വിധേയരാകാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
 

English Summary:

Blood Pressure Neglect in India: Cultural and Financial Barriers to Life-Saving Tests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com