ADVERTISEMENT

ചോദ്യം : എന്റെ മകൻ ഒരു വിദേശ കമ്പനിയുടെ ഇന്ത്യയിലുളള ഒാഫിസിലാണു ജോലി ചെയ്യുന്നത്. അവനു ജോലി സമയം രാത്രി 9 മുതൽ രാവിലെ 6 വരെയാണ്. അതിനാൽ, രാത്രിയിൽ അൽപം പോലും ഉറങ്ങാൻ കഴിയില്ല. രാവിലെ വീട്ടിൽ വന്ന് ദിനകൃത്യങ്ങൾ നടത്തിയശേഷമാണ് പ്രഭാതഭക്ഷണം കഴിക്കുന്നത്. അതിനുശേഷം ഉറങ്ങാൻ കിടക്കും. പിന്നെ ഉച്ചകഴിഞ്ഞ് 3 മണിക്ക് എഴുന്നേറ്റ് ചോറുണ്ണും. ഇങ്ങനെയാണെങ്കിലും അവന് ആഴത്തിലുള്ള ഉറക്കം ലഭിക്കുന്നില്ല. ഇൗ ഉറക്കക്കുറവ് ഏതെങ്കിലും വിധത്തിലുള്ള ശാരീരിക പ്രശ്നങ്ങൾക്ക് ഇടയാക്കുമോ? പകൽ നല്ല ഉറക്കം കിട്ടാൻ പ്രത്യേകിച്ച് എന്താണു ചെയ്യേണ്ടത്. ഭക്ഷണകാര്യത്തിൽ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ? വിശദമായി മറുപടി പ്രതീക്ഷിക്കുന്നു.

1116656492
Representative Image. Photo Credit : Atstock Productions / Shutterstock.com

ഉത്തരം: സ്ഥിരമായി നൈറ്റ്‌ ഷിഫ്റ്റ്‌ ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന പലരും നേരിടുന്ന ഒരു പ്രശ്നമാണിത്. ഏതൊരു ജീവിക്കും ജീവിതത്തിലെ ഊർജം നിലനിർത്താൻ ഉറക്കം അത്യന്താപേക്ഷിതമാണ്. ശാരീരിക പ്രവർത്തനങ്ങൾക്കായി പ്രകൃതിയിൽ ഒരു സമയക്രമം ഉണ്ട്. രാത്രിയിൽ വെളിച്ചം കുറഞ്ഞതും നിശ്ശബ്ദവുമായ സാഹചര്യത്തിൽ ഉറങ്ങുകയും പകൽ ഉണർന്നിരുന്നു ദൈനംദിന കൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്യുക എന്നതാണ് അതിൽ ഏറ്റവും പ്രധാനം. രാത്രി ജോലി സ്ഥിരമായി ചെയ്യുന്നത് ഈ താളക്രമത്തെ അവതാളത്തിലാക്കും. പകൽ എത്ര ഉറങ്ങിയാലും രാത്രിയിൽ നഷ്ടപ്പെടുന്ന ഉറക്കത്തിന്റെ ആഴം ലഭിക്കില്ല. ഇത് ഭാവിയിൽ അമിത രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ശാരീരിക രോഗങ്ങൾക്കും ഡിപ്രെഷൻ, ഓർമക്കുറവ് തുടങ്ങിയ മാനസിക പ്രശ്നങ്ങൾക്കും ഇടയാക്കും. ഡ്രൈവിങ്ങിൽ പിഴവ് വരാനും അപകടങ്ങൾ ഉണ്ടാകുന്നതിനും സാധ്യത കൂടുന്നു. എന്നാൽ, ആധുനിക കാലത്ത് ഒട്ടേറെ ആളുകൾക്ക്, പ്രത്യേകിച്ച് ഐടി മേഖലയിൽ പ്രവത്തിക്കുന്നവർക്ക്, സ്ഥിരമായി രാത്രി ജോലി ചെയ്യേണ്ടി വരാറുണ്ട്. ജീവനക്കാരുടെ ഈ ആരോഗ്യപ്രശ്‌നം മിക്ക കോർപറേറ്റ് കമ്പനികളും പരിഗണിക്കാറില്ല. ഇക്കാര്യത്തിൽ തൊഴിൽ നിയമത്തിൽ തന്നെ മാറ്റം വരുത്തേണ്ടതാണ്. 

നിലവിലെ സാഹചര്യത്തിൽ ഇടവിട്ട ആഴ്ചകളിലെങ്കിലും നൈറ്റ്‌ ഡ്യൂട്ടി ഒഴിവാക്കാൻ ശ്രമിക്കുക എന്നതാണ് ഒരുപോംവഴി. അതിനു കഴിയുന്നില്ലെങ്കിൽ പകലുറക്കം ഏറ്റവും സുഖപ്രദമാക്കാൻ ശ്രമിക്കുക. രാത്രി ജോലി സമയത്ത് ആവശ്യത്തിനു വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. അതുപോലെ തന്നെ പ്രധാനമാണ് സമീകൃതാഹാരം. ഫാസ്റ്റ് ഫുഡ്, കൊഴുപ്പ്, ഉപ്പ്, എന്നിവ കുറയ്ക്കുകയും, മധുരപലഹാരങ്ങൾ ഒഴിവാക്കുകയും ആഹാരത്തിൽ മിതത്വം പാലിക്കുകയും വേണം. പഴങ്ങൾ, പച്ചക്കറി എന്നിവ കൂടുതലായി കഴിക്കണം. തുടർച്ചയായി ജോലി ചെയ്യാതെ ഒന്നോ രണ്ടോ മണിക്കൂർ കൂടുമ്പോൾ പതിനഞ്ചു മിനിറ്റെങ്കിലും നടക്കുകയും മനസ്സിന് ഉല്ലാസം പകരുന്ന കാര്യങ്ങളിൽ ഏർപ്പെടുവാനും ശ്രമിക്കണം. അര മണിക്കൂർ എങ്കിലും വ്യായാമത്തിനായി നീക്കിവയ്ക്കണം.

2394656395
Representative Image. Photo Credit : Proxima Studio / Shutterstock.com

രാത്രി ജോലി കഴിഞ്ഞു താമസസ്ഥലത്ത് എത്തിയ ശേഷം കുളിക്കുന്നതു നല്ലതാണ്. ഉറങ്ങുന്നതിനു മുൻപായി നന്നായി ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും വേണം. ഉറങ്ങുമ്പോൾ കഴിവതും രാത്രിക്കു സമാനമായ സാഹചര്യം ഉറങ്ങുന്ന മുറിയിൽ സൃഷ്ടിക്കണം. മുറിയിൽ വെളിച്ചം കയറാത്ത രീതിയിൽ ജനലുകളിൽ കർട്ടനുകൾ ഇടുക. സുഖകരമാക്കുന്നതിനായി മുറിയിൽ തണുത്ത അന്തരീക്ഷം ഉണ്ടാകണം. ഇതിനായി എസി സ്ഥാപിക്കുന്നത് നല്ലൊരു പരിഹാരമാർഗമാണ്. മനസ്സിനു സുഖം പകരുന്ന സംഗീതം കേൾക്കുന്നതും വായിച്ചുകൊണ്ടു കിടക്കുന്നതും ഉറക്കം വരുന്നതിനു സഹായിക്കും. പകലുറക്കത്തിനു കൃത്യമായ ഒരു സമയക്രമം പാലിക്കുകയും 8 മണിക്കൂറെങ്കിലും അതിനായി മാറ്റിവയ്ക്കുകയും ചെയ്യണം. ഇതുകൊണ്ടൊന്നും പരിഹാരം ലഭിക്കുന്നില്ലെങ്കിൽ ജോലിസമയം മാറ്റുന്നതിനെക്കുറിച്ച് ഗൗരവമായിആലോചിക്കേണ്ടതാണ്.

(ലേഖകൻ കോട്ടയം ജനറൽ ഹോസ്പിറ്റലിൽ ജനറൽ മെഡിസിൻ കൺസൽറ്റന്റാണ്)

English Summary:

The Dark Side of Night Shifts: Combating Health Risks with Balanced Living

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com