ഇങ്ങനെയൊരു വീട് കണ്ടിട്ടുണ്ടോ? ഹിറ്റായി കൗതുകം നിറയ്ക്കുന്ന വീട്
Mail This Article
കോട്ടയം കറുകച്ചാലാണ് നിധിന്റെയും ലക്ഷ്മിയുടെയും പുതിയ വീട്. കെട്ടിലും മട്ടിലും വീടുകളുടെ പൊതുസ്വഭാവത്തിൽനിന്ന് മാറിനടക്കുകയാണ് ഈ ഭവനം. 20 സെന്റിൽ 50 വർഷം പഴക്കമുള്ള ഒരു വഴണ മരം മാത്രമാണുണ്ടായിരുന്നത്. അത് നിലനിര്‍ത്തി വീടിന്റെ ഭാഗമാക്കി രൂപകൽപന ചെയ്തു. നിയതമായ ഒരു രൂപഘടന വീടിനില്ല. പലവശത്തുനിന്ന് നോക്കിയാൽ പല രൂപങ്ങൾ കാണാം.
എക്സ്പോസ്ഡ് ഭിത്തിയുടെ പല ഡിസൈനുകളാണ് വീടിന്റെ സവിശേഷത. കടുംനിറങ്ങളുടെ അതിപ്രസരമില്ലാതെ റസ്റ്റിക് ഫിനിഷിലാണ് അകത്തളങ്ങൾ ഒരുക്കിയത്. എയർഹോളുകൾ മാറ്റിവച്ചുള്ള ഭിത്തി ഡിസൈനിലൂടെ ഭംഗിക്കൊപ്പം ക്രോസ് വെന്റിലേഷനും സുഗമമാകുന്നു.
തട്ടുകളായിട്ടുള്ള പ്ലോട്ടിന്റെ സ്വാഭാവിക നിലനിർത്തി വീടൊരുക്കിയതിനാൽ ഉള്ളിലും മൂന്ന് തട്ടുകളുണ്ട്. വരാന്ത, ഡൈനിങ്, ഓപ്പൺ കിച്ചൻ, വർക്കേരിയ, ഒരു കിടപ്പുമുറി എന്നിവ ബേസ്മെന്റ് ഫ്ലോറിലുണ്ട്. വരാന്ത, ലിവിങ്, കോർട്യാർഡ്, പൂജ സ്‌പേസ്, ഒരു കിടപ്പുമുറി എന്നിവ ഗ്രൗണ്ട് ഫ്ലോറിൽ ചിട്ടപ്പെടുത്തി. അപ്പർ ലിവിങ്, ഗസ്റ്റ് ബെഡ്‌റൂം, കിഡ്സ് ബെഡ്‌റൂം, കോർട്യാർഡ്, ബാൽക്കണി എന്നിവ ഫസ്റ്റ് ഫ്ളോറിലും ഒരുക്കി.
ചെറിയ കോർട്യാർഡിലൂടെയാണ് പ്രധാനവാതിലിലേക്ക് എത്തുന്നത്. പ്രധാന വാതില്‍ സ്ലൈഡിങ്- ഫോൾഡിങ് രീതിയിലൊരുക്കി. ഇത് ആവശ്യാനുസരണം തുറന്നാൽ ഫോര്‍മല്‍ ലിവിങ്ങിന്റെ വലുപ്പം കൂട്ടാം, മാത്രമല്ല കോർട്യാർഡ് ഫോര്‍മല്‍ ലിവിങ്ങിന്റെ ഭാഗമാക്കാം.
ഈ വീട് പണിയാൻ പുതിയ മരങ്ങൾ മുറിച്ചിട്ടില്ല. എല്ലാ ജനലുകളും പുറത്തേക്കുള്ള വാതിലുകളും മെറ്റലില്‍ നിർമിച്ചതാണ്. ബെഡ്റൂമുകളുടെ വാതിലുകള്‍ക്ക് പഴയതടി ഉപയോഗിച്ചു. പഴയ തടി പുനരുപയോഗിച്ചാണ് സ്‌റ്റെയർ നിർമിച്ചത്. കസ്റ്റമൈസ്ഡ് ഫർണിച്ചറാണ് ഇവിടെ മുഴുവൻ ഉപയോഗിച്ചിരിക്കുന്നത്.
ഡൈനിങ്- കിച്ചൻ ഓപ്പൺ നയത്തിൽ ഒറ്റ ഹാളിലായി ചിട്ടപ്പെടുത്തി. ഡബിൾ ഹൈറ്റിലാണ് ഡൈനിങ്. ഇവിടെ പെർഫൊറേറ്റഡ് മെറ്റൽ ഷീറ്റിൽ നിര്‍മിച്ച ജനല്‍ വായുസഞ്ചാരത്തിനും സൂര്യ പ്രകാശം അകത്തേക്ക് കടക്കുന്നതിനും ഉള്ളിലെ ചൂട് കുറയ്ക്കുന്നതിനും ഉപകരിക്കുന്നു.
മറൈൻ പ്ലൈ+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. വാഡ്രോബുകളും ഇങ്ങനെതന്നെ നിർമിച്ചു.
കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കുംവിധം കിടപ്പുമുറികൾ ലളിതസുന്ദരമായി ഒരുക്കി.
ആഗ്രഹിച്ചപോലെ സുഖകരമായ അനുഭവമാണ് പുതിയ വീട് എന്ന് വീട്ടുകാർ സാക്ഷിക്കുന്നു. ചുരുക്കത്തിൽ വ്യത്യസ്തമായി ഒരുക്കിയ ഈ വീട് കാണാൻ ഇപ്പോൾ സമീപപ്രദേശത്തുള്ള നിരവധിയാളുകൾ എത്താറുണ്ട്.
Project facts
Location- Karukachal, Kottayam
Plot- 20 cent
Area- 2200 Sq.ft
Owner- Nidhin, Lekshmi
Design- PROJECT 51 A(h), Kottayam
Y.C- 2023