ADVERTISEMENT

ഗോവയിലായിരുന്നു അധ്യാപക ദമ്പതികളായ ജയന്തനും ശാന്തയും ദീർഘകാലം ജോലിചെയ്തിരുന്നത്. വിരമിച്ചശേഷം നാട്ടിൽ സ്വസ്ഥമായി താമസിക്കാനായി വീട് നിർമിച്ച കഥയാണിത്. കേരളത്തനിമയിൽ, പഴയകാല തറവാടുകളുടെ രൂപവും ഭാവവും പ്രൗഢിയുമെല്ലാം പുതിയ വീട്ടിൽ അവർ ആഗ്രഹിച്ചിരുന്നു. കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കുന്ന പ്രകൃതിസൗഹൃദ വീടാണിത്. കോസ്റ്റ് ഫോഡ് തൃപ്രയാറിലെ ഡിസൈനർ ശാന്തിലാലാണ് ഈ വീട് രൂപകൽപന ചെയ്തത്.

angamaly-home-exterior

കൂത്തമ്പലം മാതൃകയിൽ വില്ലഴികളുള്ള മേൽക്കൂരയാണ് വീടിന്റെ പ്രൗഢി വർധിപ്പിക്കുന്നത്. തടിയുടെ ഫിനിഷ് ലഭിക്കുന്ന സ്റ്റീൽ ഫ്രയിമുകളാണ് ഇവിടെ ഉപയോഗിച്ചത്. മേൽക്കൂര ജിഐ ട്രസ് ചെയ്ത് പഴയ ഓട് വിരിച്ചു. പരമ്പരാഗത ശൈലിയിലുള്ള പൂമുഖമാണ് വീട്ടിലേക്ക് സ്വാഗതമോതുന്നത്. നീളൻ വരാന്തയും തൂണുകളും ഒത്തുചേരലുകളുടെ വേദികൂടിയാണ്.

angamaly-home-sitout

സിറ്റൗട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂമുകൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകളിൽ ഒരു കിടപ്പുമുറി, ബാത്റൂമുകൾ എന്നിവയുണ്ട്. 

ഓടിട്ട മേൽക്കൂരയ്ക്ക് താഴെയുള്ള പൂവോട് ( സീലിങ് ഓട്) അകത്തളത്തിൽ ഭംഗിനിറയ്ക്കുന്നു. ഓട് വച്ചുവാർക്കുന്ന ഫില്ലർ സ്ളാബ് ശൈലിയിലാണ് താഴത്തെ നില നിർമിച്ചത്. മുകൾനിലയിൽ ഓടിനുതാഴെ ബാംബൂ ഷീറ്റ് കൊണ്ടുള്ള സീലിങ് വ്യത്യസ്തവും മനോഹരവുമാണ്.

angamaly-home-upper-living

പ്രകൃതി സൗഹൃദമായ ഹുരുഡീസ് മൺകട്ടകൾ കൊണ്ടാണ് വീടിന്റെ ചുവരുകൾ പടുത്തത്. ഇതിനായി സിമന്റ്  വളരെ കുറച്ചുമതി. ഉള്ളിൽ ധാരാളം ദ്വാരങ്ങൾ ഉള്ളതിനാൽ വീടിനുള്ളിൽ ചൂട് കുറയ്ക്കാനും ഉപകരിക്കുന്നു.  പരമാവധി സാമഗ്രികൾ പുനരുപയോഗിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഓട്, തടി, സീലിങ് ഓട്, കബോർഡ്, വാഡ്രോബ്, ജനൽ, വാതിൽ അടക്കം പഴയത് പുനരുപയോഗിച്ചതാണ്.  പെയിന്റിന്റെ ഉപയോഗം തീരെയില്ല എന്നുപറയാം. കശുവണ്ടിക്കറയാണ് ജനൽവാതിലുകളിൽ ഉപയോഗിച്ചിരിക്കുന്നത്.

angamaly-home-living

പ്രധാനവാതിൽ തുറക്കുമ്പോൾ ആദ്യം നോട്ടംപതിയുന്നത് പൂജാമുറിയിലേക്കാണ്. അകത്തേക്ക് കയറുമ്പോൾ സെമി-ഓപ്പൺ നയത്തിൽ അകത്തളങ്ങൾ ചിട്ടപ്പെടുത്തി. സ്‌റ്റെയറിന്റെ താഴെ ടിവി യൂണിറ്റ് നൽകി സ്ഥലം ഉപയുക്തമാക്കി. 

സ്റ്റീൽ ഫ്രയിമിൽ മരപ്പലക വിരിച്ചാണ് സ്റ്റെയർ നിർമിച്ചത്.

ഡൈനിങ്- കിച്ചൻ ഓപ്പൺ നയത്തിലാണ്. കിച്ചൻ എൻട്രിയിൽ ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ നൽകിയിട്ടുണ്ട്. ഇലക്ട്രിക് ചിമ്മിനിയുള്ള മോഡേൺ കിച്ചനിൽ സ്‌റ്റോറേജിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

angamaly-home-dine

മുകൾനില മൾട്ടിപർപസ് ഇടമെന്നോണം വിശാലമായി ഇട്ടിരിക്കുകയാണ്. അപ്പർ ലിവിങ്, ടിവി യൂണിറ്റ്, ബാത്റൂം, കട്ടിൽ എന്നിവയുണ്ട്. 

angamaly-home-bed

മുകളിൽ ചെറിയ സ്വിമ്മിങ് പൂൾ പോലെ മുങ്ങിക്കുളിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

angamaly-home-pool

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം ഏകദേശം 48 ലക്ഷം രൂപയിൽ 3000 ചതുരശ്രയടി വീട് പൂർത്തിയാക്കാൻ കഴിഞ്ഞു എന്നത് നിസ്സാരകാര്യമല്ല. നിർമാണച്ചെലവുകൾ കുതിക്കുന്ന ഈ കാലത്ത് ഇതുപോലെ ഒരു വാർക്കവീട് പണിയാൻ കുറഞ്ഞത് 75 ലക്ഷമെങ്കിലും ആകുമെന്നോർക്കണം.  ഇനിയുള്ള വിശ്രമകാലം ചെലവഴിക്കാൻ,  ആഗ്രഹിച്ച പോലെ കേരളത്തനിമയുള്ള വീട് ലഭിച്ചതിൽ വീട്ടുകാരും ഹാപ്പി.

വീട് വിഡിയോ കാണാം...

Project facts

Location- Kidangoor, Angamaly

Area- 3000 Sq.ft

Owner- Jayanthan, Shantha

Designer- Shanthilal

Costford, Thriprayar

Budget- 50 Lakhs

English Summary:

Traditional Kerala Model House- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com