എന്താ ഭംഗി! ഇത് സമൂഹമാധ്യമങ്ങളിൽ താരമായ വീട്
Mail This Article
തൃശൂരിലെ പ്രശസ്ത തറവാടുകളിൽ ഒന്നായിരുന്നു ശാരദവിഹാർ. 70 വർഷത്തിലേറെ പഴക്കമുള്ള തറവാടിന്റെ പരമ്പരാഗത പ്രൗഢി നിലനിർത്തി കാലോചിതമായി നവീകരിച്ച കഥയാണിത്.
പ്രധാന റോഡിലായതിനാൽ പൊടിയും ബഹളവുമെല്ലാം വീട്ടിലേക്കെത്തുക പതിവായിരുന്നു. ഇതിനാദ്യം പരിഹാരംകണ്ടു. മതിൽ ഉയർത്തിക്കെട്ടി, മുളകൾ നട്ടുപിടിപ്പിച്ചു, കലാത്തിയ അടക്കമുള്ള ചെടികളുള്ള ലാൻഡ്സ്കേപ്പും ഒരുക്കി. ഇവ പൊടി, ശബ്ദം എന്നിവയെ ഒരുപരിധിവരെ പ്രതിരോധിക്കുന്നു. വാതിൽ തുറക്കുമ്പോൾ ഇപ്പോൾ കാണുക പച്ചപ്പിന്റെ കാഴ്ചകളാണ്.
ക്യാന്റിലിവർ ശൈലിയിൽ തള്ളിനിൽക്കുന്ന ബോക്‌സും അതിലെ ലൂവർ ജാലകങ്ങളും വെട്ടുകല്ല് ക്ലാഡിങ് ചെയ്ത ഭിത്തിയും പഴയ ഓടുവിരിച്ച മേൽക്കൂരയുമാണ് വീടിന്റെ പുറംകാഴ്ചയിലെ ഹൈലൈറ്റ്.
തടിയുടെ പ്രൗഢി തോന്നിപ്പിക്കാനായി ചില ചെപ്പടിവിദ്യകൾ ചെയ്തിട്ടുണ്ട്. ഫണ്ടർമാക്സ് പാനലുകൾ പൊതിഞ്ഞാണ് പ്രധാന ഗെയ്റ്റും രണ്ടു ചെറുഗെയ്റ്റുകളും നിർമിച്ചത്. മതിൽ വെട്ടുകല്ല് പൊതിഞ്ഞു ഭംഗിയാക്കി.
വീട്ടിലെ ഏറ്റവും ഭംഗിയുള്ള ഇടങ്ങളിലൊന്ന് പുറത്തെ ഗ്രീൻ കോർട്യാർഡാണ്. അകത്തുനിന്നും പോർച്ചിൽനിന്നും ഒരേപോലെ പ്രവേശിക്കാവുന്ന ഇടമാണിത്. തുളസിത്തറ, കലാത്തിയ എന്നിവ ഭംഗിനിറയ്ക്കുന്നു.
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴെ. മുകളിൽ മൂന്നു കിടപ്പുമുറികൾ, ബാത്‌റൂം, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 3100 ചതുരശ്രയടിയാണ് വിസ്തീർണം.
കലാത്തിയ ചെടികൾ സിറ്റൗട്ടിന് മറനൽകുന്നു. ഇവിടെയും ചുവരിൽ വെട്ടുകല്ല് ക്ലാഡിങ് പതിച്ചിട്ടുണ്ട്.
പഴമയുടെ ഭംഗി ഹൃദ്യമായി വിനിമയം ചെയ്യുന്ന ഇടമാണ് ലിവിങ്. പഴയ ഫർണിച്ചർ പോളിഷ് ചെയ്ത് പുനരുപയോഗിച്ചിരിക്കുന്നു. ചുവരിൽ ഫോട്ടോഫ്രയിമുകൾ ഭംഗിനിറയ്ക്കുന്നു.
ലിവിങ്- ഡൈനിങ് ഇടങ്ങളെ ബന്ധിപ്പിക്കുന്നത് ഡ്രൈ കോർട്യാർഡും അനുബന്ധമായുള്ള ഇടനാഴിയുമാണ്.
ഗോവണി കയറിയെത്തുമ്പോൾ മനോഹരമായ ബേവിൻഡോ നൽകി. അടിയിൽ കൺസീൽഡ് സ്‌റ്റോറേജുമുണ്ട്. അധികം അതിഥികൾ ഉള്ളപ്പോൾ വശത്തുള്ള സ്ലൈഡിങ് വാതിൽ അടച്ചാൽ ഇതൊരു ചെറുമുറിയാക്കി മാറ്റുകയുമാകാം.
പഴമയുടെ പ്രൗഢി നിറയുകയാണ് കിടപ്പുമുറികളിൽ. ഇവിടെ പഴയ ഫർണിച്ചർ പോളിഷ് ചെയ്ത് പുനരുപയോഗിച്ചു.
ചുരുക്കത്തിൽ പുതിയതായി കാണുന്നവർക്ക് ഇത് നവീകരിച്ച വീടാണെന്ന് മനസ്സിലാവുകയില്ല എന്നതാണ് രൂപകൽപനയിലെ മാജിക്.
Project facts
Location- Thrissur
Plot- 9 cent
Area- 3100 Sq.ft
Owner- Dr. AnandaKeshavan, Dr. Sujatha
Design- 7th Hue Architecture Studio