5 സെന്റിൽ വിശാലമായ വീട്! അധികം സ്ഥലം ഇല്ലാത്തവർ നോക്കി വച്ചോളൂ
Mail This Article
ചെറിയ സ്ഥലത്ത് പരമാവധി സൗകര്യങ്ങൾ ഒരുക്കുക- അതാണ് സിറ്റി ഹോമുകളിൽ പ്രധാനം. കാക്കനാട് ഐടി ദമ്പതികളായ ലിബിനും ടാനിക്കും വേണ്ടി 5 സെന്റിൽ ഒരുക്കിയ വീടാണിത്.
വെള്ളക്കൊട്ടാരം; ഇതാണ് അദ്‌ഭുതക്കാഴ്ചകൾ നിറച്ച ആ വൈറൽ വീട്! വിഡിയോ
സമകാലിക+ഫ്യൂഷൻ ശൈലിയിലാണ് എലിവേഷൻ. ഫ്ലാറ്റ്+ സ്ലോപ് റൂഫുകൾ പുറംകാഴ്ച അലങ്കരിക്കുന്നു.
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, ഒരു കിടപ്പുമുറി, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ മൂന്ന് ബാത് അറ്റാച്ച്ഡ് കിടപ്പുമുറികളുണ്ട്. കിടപ്പുമുറികൾ മുകളിലേക്ക് കേന്ദ്രീകരിച്ചതുവഴി താഴെ കോമൺ സ്‌പേസുകൾക്ക് കൂടുതൽ സ്ഥലമൊരുക്കാനായി.
വടക്ക് ദിക്കിനഭിമുഖമായാണ് വീട് സ്ഥിതിചെയ്യുന്നത്. കാർപോർച്ചിൽ നിന്ന് സിറ്റൗട്ടിലേക്കും അവിടെനിന്ന് വിസിറ്റിങ് ഏരിയയിലേക്കും പ്രവേശിക്കുന്ന രീതിയിലാണ് അകത്തളക്രമീകരണം.
ലിവിങ്ങിൽ സ്ഥിരം പാറ്റേണിലുള്ള വോൾ ഡെക്കറുകൾ ഒഴിവാക്കി പകരം ഒരു ടെറാക്കോട്ട ആർട്ട് വർക്ക് ഫിക്സ് ചെയ്തത് വ്യത്യസ്തമായിട്ടുണ്ട്. സോഫയും ഇവിടെ ഹാജരുണ്ട്.
ലിവിങ്ങിൽനിന്ന് പ്രവേശിക്കുന്നത് ഡൈനിങ്, ടിവി ഏരിയ, പ്രെയർ യൂണിറ്റ് എന്നിവ ക്രമീകരിച്ച ഇടത്തേക്കാണ്.
ഡൈനിങ് ഏരിയയിൽ 6 സീറ്റർ ഡൈനിങ് ടേബിൾ സെറ്റ് ക്രമീകരിച്ചു. ഇവിടെ സമീപം വശത്തെ ചുറ്റുമതിൽ ഉയർത്തിക്കെട്ടി അടച്ചുറപ്പാക്കി സൈഡ് കോർട്യാർഡാക്കി മാറ്റിയിരിക്കുന്നു. ടെറാകോട്ട ഫൗണ്ടനും വാട്ടർ ബോഡിയും മീനുകളും കോർട്യാർഡ് അലങ്കരിക്കുന്നു. ഈ കോർട്യാർഡിന് സമീപമാണ് വാഷ് ഏരിയയും കോമൺ ടോയ്‌ലറ്റും വിന്യസിച്ചത്.
സെമി ഓപ്പൺ നയത്തിലാണ് ഡൈനിങ്- കിച്ചൻ. പേസ്റ്റൽ ഗ്രീൻ+വൈറ്റ് കോമ്പിനേഷനിൽ ധാരാളം സ്റ്റോറേജ് സ്പേസോടു കൂടി ചെയ്തിരിക്കുന്ന കിച്ചനാണിത്. കൗണ്ടർ സ്പേസിൽ നാനോ വൈറ്റ് ഉപയോഗിച്ചു. പാൻട്രി കിച്ചന് അനുബന്ധമായി വർക്കേരിയയും ക്രമീകരിച്ചു.
ചെറിയ സ്ഥലത്തു പണിത വീടെങ്കിലും കിടപ്പുമുറികൾ വിശാലമാണ്. മാസ്റ്റർ ബെഡ്‌റൂമിൽ സ്റ്റഡി ഏരിയയും ധാരാളം സ്റ്റോറേജോടു കൂടിയ വാഡ്രോബും ക്രമീകരിച്ചു. കുട്ടികളുടെ റൂമിൽ ബേവിൻഡോയുമുണ്ട്.
മുകൾനിലയിൽ ട്രസ് റൂഫിങ് ചെയ്ത് ലോൺട്രി ഏരിയയും ബാൽക്കണിയും വേർതിരിച്ചു. ഒഴിവുദിവസങ്ങളിൽ വീട്ടുകാരുടെ ഇഷ്ടയിടമാണ് ബാൽക്കണി.
ചുരുക്കത്തിൽ വീടിനകത്തേക്ക് കയറിയാൽ 5 സെന്റിന്റെ പരിമിതികൾക്കുള്ളിൽ പണിത വീടാണെന്ന് തോന്നുകയില്ല എന്നതാണ് രൂപകൽപനയിലെ മാജിക്.
Project facts
Location- Kakkanad
Plot- 5 cent
Owner- Libin Manuel
Architect- Joseph Chalissery
Dreams Infinite Studio, Irinjalakuda