കണ്ടാൽപ്പറയുമോ ഇത് പുതുക്കിപ്പണിത വീടാണെന്ന്!
Mail This Article
80 വർഷം പഴക്കമുണ്ടായിരുന്ന വീടിനെ കാലോചിതമായി മാറ്റിയെടുത്ത കഥയാണിത്. കോട്ടയം ജില്ലയിലെ ഇലഞ്ഞിയിലാണ് ഈ വീടുള്ളത്. മുൻവശത്ത് വാർത്ത് പിന്നിൽ ഓടിട്ട വീടിന് കാലപ്പഴക്കത്തിന്റെ ജീർണതകളും അസൗകര്യങ്ങളുമുണ്ടായിരുന്നു. കാറ്റും വെളിച്ചവും കയറുന്നതും പരിമിതം. ഓടിട്ട ഭാഗം പൊളിച്ചുനീക്കിയതിനുശേഷമാണ് ഉടമ ആർക്കിടെക്ടിനെ സമീപിച്ചത്. വീട്ടുകാരുടെ ആവശ്യപ്രകാരം വീടിന്റെ കെട്ടുംമട്ടും മാറ്റിയെടുത്തു ആർക്കിടെക്ട്.
നീളൻ പ്ലോട്ടിനൊത്തവണ്ണം ലീനിയർ ഡിസൈനിലാണ് വീട്. കന്റെംപ്രറി ബോക്സ് എലിവേഷനും വൈറ്റ്+ ഗ്രേ കളർതീമും വീടിന് കാലോചിതമായ നവഭാവമേകുന്നു.
രണ്ടു കിടപ്പുമുറികൾ, കിച്ചൻ, ലിവിങ് എന്നിവ മാത്രമായിരുന്നു പഴയ വീട്ടിലുണ്ടായിരുന്നത്. പുതിയ വീട്ടിൽ പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, ലൈബ്രറി, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയുണ്ട്. 2200 ചതുരശ്രയടിയാണ് പുതിയ വിസ്തീർണം.
പഴയ വീട്ടിലെ അകത്തളങ്ങളുടെ പുനഃക്രമീകരണത്തിലൂടെയാണ് സ്ഥലപരിമിതി മറികടന്നത്. ആവശ്യമില്ലാത്ത ഇടഭിത്തികൾ തട്ടിക്കളഞ്ഞു അകത്തളം സെമി-ഓപ്പൺ നയത്തിലേക്ക് മാറ്റിയെടുത്തു. പഴയ ഡൈനിങ് കൂട്ടിച്ചേർത്ത് ലിവിങ് വിശാലമാക്കി. പഴയ വാഷ് ഏരിയ പ്രെയർ സ്‌പേസാക്കി.
വാതിൽ തുറന്ന് പ്രവേശിക്കുന്നത് ലളിതസുന്ദമായി ചിട്ടപ്പെടുത്തിയ ഫോർമൽ ലിവിങ്ങിലേക്കാണ്. ലിവിങ്- ഡൈനിങ് പാർടീഷൻ ഭിത്തി, ബേവിൻഡോ സീറ്റിങ്ങാക്കി മാറ്റി.
സ്റ്റെയർ ഏരിയയിലെ ഡബിൾഹൈറ്റ് സീലിങ്ങുള്ള പർഗോള വീടിനുള്ളിൽ നാച്ചുറൽ ലൈറ്റ് സമൃദ്ധമായി എത്തിക്കുന്നു. ഇതിന്റെ താഴെ പെബിൾസ് വിരിച്ച ഡ്രൈ കോർട്യാർഡുമുണ്ട്.
താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികളൊരുക്കി. കൂടെ അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയൊരുക്കി.
എല്ലാം കയ്യൊതുക്കത്തിലുള്ള കിച്ചൻ ഒരുക്കി. സ്‌റ്റോറേജ് യൂണിറ്റുകൾ ധാരാളമുണ്ട്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. നാനോവൈറ്റ് വിരിച്ച ബ്രേക്ക്ഫാസ്റ്റ് കൗണ്ടറുമുണ്ട്.
അലങ്കാരങ്ങളുടെ അതിപ്രസരമില്ലാതെ ലളിതസുന്ദരമായ നവീകരണം സാധ്യമാക്കി എന്നതാണ് ഈ വീടിന്റെ ഹൈലൈറ്റ്. അതേസമയം കണ്ടാൽ പുതുക്കിപ്പണിത വീടാണെന്ന് തോന്നുകയില്ല എന്നതും രൂപകല്പനയിലെ മികവാണ്.
Project facts
Location- Peruva, Kottayam
Plot- 10 cents
Area- 2250 Sq.ft
Owner- KV Joseph
Architect- Rajwin Chandy
Rajwin Chandy Architektura, Pala