100 വർഷം പഴയ വീടിനെ മറന്നില്ല! മനസ്സ് നിറയ്ക്കും പഴമ തോന്നിക്കുന്ന ഈ പുതിയവീട്; വിഡിയോ
Mail This Article
മാവേലിക്കര ചെട്ടികുളങ്ങരയിലുള്ള പ്രഭാസിന്റെയും ലതയുടെയും വീടാണിത്. ആർക്കിടെക്ട് രമേശ് കൃഷ്ണനാണ് ഈ വീട് രൂപകൽപന ചെയ്തത്.
100 വർഷത്തിലേറെ പഴക്കമുള്ള തറവാട് നിന്ന സ്ഥലത്ത്, ആ പഴമ അനുസ്മരിപ്പിക്കുംവിധം പരമ്പരാഗത ഭംഗിയും പുതിയകാല സൗകര്യങ്ങളുമുള്ള വീടൊരുക്കി. മുൻവശത്ത് ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ച മേൽക്കൂര വീടിന് നാടൻഭംഗിയേകുന്നു. കിഴക്ക് ദർശനമാണ് വീടിന്റെ എലിവേഷൻ. കാരൈക്കുടിയിൽ നിന്നുവാങ്ങിയ ഒറ്റക്കല്ലിൽ തീർത്ത മനോഹരമായ തൂണുകൾ വരാന്തയെ മനോഹരമാക്കുന്നു. പൂജാമുറി പുറത്തെ വരാന്തയിൽ കൊടുത്തിരിക്കുന്നു.
പൂമുഖം, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴെയുള്ളത്. മുകളിൽ ഒരുകിടപ്പുമുറി, ഓഫിസ് സ്‌പേസ്, ഓപ്പൺ ടെറസ് എന്നിവയുമുണ്ട്. ഒരു ബെഡ്റൂമും കിച്ചനും ഒഴികെയുള്ള ഇടങ്ങൾ ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു. ഇതിനുതാഴെ സീലിങ് ഓടുമുണ്ട്.
ദീർഘകാലം നഗരത്തിലെ കുടുസ്സുമുറികളിൽ താമസിച്ചതിന്റെ വിരസത പരിഹരിക്കുന്ന ഇടങ്ങൾ വീട്ടിൽ വേണം എന്നത് വീട്ടുകാരുടെ ആവശ്യമായിരുന്നു. അങ്ങനെയാണ് ഔട്ഡോർ സിറ്റിങ് സ്‌പേസ് വീടിന്റെ ഭാഗമായത്. രാവിലെയും വൈകുന്നേരവും ഒത്തുചേരലുകൾക്ക് വേദിയാകുന്നത് ഇവിടമാണ്.
ഡിജിറ്റൽ ലോക്കുള്ള പ്രധാനവാതിൽ തുറന്നാൽ ലിവിങ് സ്‌പേസിലേക്ക് കടക്കാം. ഇവിടെ ടിവി യൂണിറ്റും സെറ്റ് ചെയ്തു. കോർട്യാഡിലേക്കു തുറക്കുന്ന രീതിയിലാണ് ഡൈനിങ്ങും ലിവിങ്ങും വിന്യസിച്ചത്.
ഡൈനിങ്ങില്‍ നിന്ന് നേരെ കിച്ചനിലേക്ക് പ്രവേശിക്കാം. ഇവിടെ ബ്രേക്ഫാസ്റ്റ് കൗണ്ടറും ധാരാളം സ്റ്റോറേജ് സ്പേസും കൊടുത്തിരിക്കുന്നു. ഇതിനോടു ചേർന്ന് വർക്കിങ് കിച്ചനുമുണ്ട്.
കോർട്യാഡിലേക്ക് ഇറങ്ങാവുന്ന രീതിയിലാണ് താഴെയുള്ള മാസ്റ്റർ ബെഡ്‌റൂം ഒരുക്കിയത്.
മെറ്റൽ ഫ്രെയിം ചെയ്ത സ്റ്റെയർ കയറി വരുന്ന ലാൻഡിങ് ബേവിൻഡോയാക്കി മാറ്റി. ഇത് വീട്ടിലെ മനോഹരയിടമാണ്. പച്ചപ്പും കുളവുമൊക്കെ കണ്ടുകൊണ്ട് കിടക്കാം, എഴുതാം, ജോലിചെയ്യാം.
മുകളിൽ ഒരു ഓഫിസ് സ്‌പേസും വേർതിരിച്ചു. ഇതിനോടു ചേർന്നാണ് മുകളിലത്തെ ബെഡ്റൂം ഒരുക്കിയിരിക്കുന്നത്. ഇവിടെയും ഒരു ബേവിൻഡോ നൽകിയിരിക്കുന്നു. ഓപ്പൺ ടെറസിനെ ഒരു യൂട്ടിലിറ്റി ഏരിയയാക്കി മാറ്റിയിരിക്കുന്നു.
ഇനിയും പറയാൻ ഒരുപാട് വിശേഷങ്ങളുണ്ട് ഇവിടെ. വീടിന്റെ ഭംഗി കണ്ടാസ്വദിക്കാനായി മുകളിൽ കൊടുത്തിരിക്കുന്ന വിഡിയോ കാണുമല്ലോ..
Project facts
Location- Chettikulangara, Alappuzha
Owner- Prabhas, Latha
Architect- Ramesh Krishnan
Architecture Architecture Studio, Alappuzha