വീതികുറഞ്ഞ സ്ഥലത്ത് ഇങ്ങനെയൊരു വീടോ! ഹിറ്റായി സിറ്റിഹോം
Mail This Article
നഗരപ്രദേശങ്ങളിൽ വീടുകൾ രൂപകൽപന ചെയ്യുമ്പോഴുള്ള വെല്ലുവിളി സ്ഥലപരിമിതിയാണ്. കുറഞ്ഞ സ്ഥലത്ത് വീട്ടുകാരുടെ വിശാലമായ ആഗ്രഹങ്ങൾ ഉൾക്കൊള്ളിക്കുക എന്നതാണ് ഇതിൽ പ്രധാനം. അത്തരത്തിൽ നിർമിച്ച ഒരു വീടാണിത്. തിരുവനന്തപുരം വട്ടിയൂർക്കാവിൽ വീതി കുറഞ്ഞു നീളത്തിലുള്ള 8 സെന്റിലാണ് ഈ വീട് നിർമിച്ചത്.
പരമാവധി സ്ഥലഉപയുക്തതയ്ക്കായി ഫ്ലാറ്റ്-ബോക്സ് ആകൃതിയിൽ എലിവേഷൻ ചിട്ടപ്പെടുത്തി. വെള്ള നിറമുള്ള ചുവരുകൾക്ക് വേർതിരിവേകാൻ വുഡൻ ഫിനിഷ് ടൈലുകൾ ഭിത്തിയിൽ പതിച്ചു. ചെറിയ മുറ്റം ബാംഗ്ലൂർ സ്റ്റോണും ഗ്രാസും ഇടകലർത്തി ഒരുക്കി.
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ബാത്റൂം, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 2600 ചതുരശ്രയടിയിൽ ചിട്ടപ്പെടുത്തിയത്.
അകത്തേക്ക് കയറുമ്പോൾ വിശാലത തോന്നിക്കാൻ ഓപൺ നയത്തിൽ ഇടങ്ങൾ ചിട്ടപ്പെടുത്തി. ലിവിങ്- ഡൈനിങ്- കോർട്യാർഡ് എന്നിവ ഓപൺ ഹാളിന്റെ ഭാഗമാണ്.
ഓപൺ നയത്തിലുള്ള ഇടങ്ങളെ ഹൈലൈറ്റ് ചെയ്യാൻ വ്യത്യസ്‌ത ഫ്ലോറിങ് ഉപയോഗിച്ചു. ഉദാഹരണത്തിന്, ലിവിങ്- ഡൈനിങ് ഏരിയകളിൽ വൈറ്റ് ടൈൽ വിരിച്ചപ്പോൾ കോർട്യാർഡിനെ വേർതിരിക്കാൻ ഹാളിന്റെ മധ്യത്തിലായി വുഡൻ ഫിനിഷ്ഡ് ടൈൽസ് വിരിച്ചത് ശ്രദ്ധേയമാണ്. ഗ്ലാസ് ഫ്ളോറിങ് ചെയ്താണ് കോർട്യാർഡ് ആകർഷകമാക്കിയത്.
ഡെഡ് സ്‌പേസ് പരമാവധി കുറച്ചാണ് സ്‌റ്റെയർ ഡിസൈൻ. എംഎസ് റോപ്പിലുള്ള കൈവരികൾ ശ്രദ്ധേയമാണ്. സ്‌റ്റെയർ ഏരിയയിലെ ഡബിൾഹൈറ്റ് സ്‌പേസ്, രണ്ടുനിലകളെയും ദൃശ്യപരമായി കണക്ട് ചെയ്യുന്ന ഇടംകൂടിയാണ്.
ചെറിയ സ്ഥലത്ത് നിർമിച്ചുവെങ്കിലും വീട്ടിലെ കിടപ്പുമുറികൾ വിശാലമാണ്. നാലും വ്യത്യസ്ത തീമിലൊരുക്കി. ഹെഡ്‌ബോർഡുകൾ വ്യത്യസ്ത കളർതീമിൽ പാനലിങ് ചെയ്‌തൊരുക്കി. അറ്റാച്ഡ് ബാത്റൂം, ഡ്രസിങ് ഏരിയ എന്നിവ വേർതിരിച്ചു.
കയ്യൊതുക്കത്തിലുള്ള കിച്ചനൊരുക്കി. മറൈൻ പ്ലൈ+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.
സ്‌റ്റെയർ കയറിയെത്തുമ്പോൾ അപ്പർ ലിവിങ് വേർതിരിച്ചു. മഞ്ഞ നിറത്തിലുള്ള സോഫകളാണ് ഇവിടെ. ചെറുതെങ്കിലും ചേതോഹരമാണ് ഇവിടെയുള്ള ബാൽക്കണി. നിലത്ത് വുഡൻ ടൈൽസ് വിരിച്ചു. വുഡ്+ ഗ്ലാസ് ഫിനിഷിൽ കൈവരിയുമുണ്ട്.
ചുരുക്കത്തിൽ ഈ വീട് മുഴുവൻ കണ്ടുതിരിച്ചിറങ്ങുമ്പോൾ, വെല്ലുവിളി നിറഞ്ഞ ചെറിയ പ്ലോട്ടിൽ ഒരുക്കിയതാണെന്ന കാര്യമേ മറക്കും എന്നതാണ് ഡിസൈൻ മികവ്.
Project facts
Location- Vattiyurkavu, Trivandrum
Plot- 8 cent
Area- 2600 Sq.ft
Owner- Syed Abdulla
Design- Ar. Sreekumar, Ankitha
Stria architects, Trivandrum