ഉള്ളിൽ മഴപെയ്യുന്ന നടുമുറ്റം: ഒറ്റനിലയിൽ ആരും കൊതിക്കുന്ന വീട്; വിഡിയോ
Mail This Article
ആലപ്പുഴയിലെ കാവുങ്കൽ എന്ന സ്ഥലത്താണ് അനൂപിന്റെയും കുടുംബത്തിന്റെയും സുന്ദരമായ വീട്. സ്വപ്നവീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.
അച്ഛൻ, അമ്മ, ഭാര്യ, മകൾ എന്നിവരടങ്ങുന്നതാണ് എന്റെ കുടുംബം. കുടുംബവീടിന് സമീപമുള്ള പ്ലോട്ടിലാണ് പുതിയ വീടുപണിതത്. ഞങ്ങൾ സാധാരണക്കാരാണ്. അതുകൊണ്ട് സാമ്പത്തിക ബാധ്യത ഉണ്ടാക്കാത്ത സമാധാനമുള്ള കൊച്ചുവീട് എന്നതായിരുന്നു ആഗ്രഹം. എന്റെ സുഹൃത്തും സഹപാഠിയുമായ ദീപക്കാണ് ഇതിന്റെ ഡിസൈനും പ്ലാനും തയാറാക്കിയത്.
പരമ്പരാഗത ഭംഗിയുള്ള, ലളിതമായ ഒരുനില വീടാണിത്. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, മൂന്നു കിടപ്പുമുറി, ബാത്റൂമുകൾ, കിച്ചൻ, വർക്കേരിയ എന്നിവയാണ് 1600 സ്ക്വയർഫീറ്റിൽ ഉൾക്കൊള്ളിച്ചത്.
ജിഐ ട്രസ് ചെയ്താണ് മേൽക്കൂര നിർമിച്ചത്. ഇതിൽ സെറാമിക് ഓടുവിരിച്ചു. ഇതിനുതാഴെ സീലിങ് ഓടിന്റെ ലെയറുമുണ്ട്.
പ്രധാന വാതിൽ തുറക്കുമ്പോൾ ആദ്യം നോട്ടമെത്തുന്നത് നടുമുറ്റത്തേക്കാണ്. മഴയും വെയിലും ഉള്ളിലെത്തുന്ന തുറന്ന മേൽക്കൂരയാണ് ഇവിടെ. സുരക്ഷയ്ക്കായി ഗ്രിൽ ഇട്ടിട്ടുണ്ട്. നടുമുറ്റം വാട്ടർബോഡിയായും മാറ്റാം. വെള്ളം നിറയ്ക്കാനും ഡ്രെയിൻ ചെയ്യാനുമുള്ള പ്രൊവിഷനുണ്ട്.
വുഡൻ ഫിനിഷുള്ള വിട്രിഫൈഡ് ടൈലാണ് പൊതുവിടങ്ങളിൽ നിലത്തുവിരിച്ചത്.
കോർട്യാഡിലേക്ക് നോട്ടമെത്തുംവിധമാണ് ഡൈനിങ് ഏരിയ വിന്യസിച്ചത്. ഇവിടെ ടിവി യൂണിറ്റുമുണ്ട്. പ്രൈവസി നൽകി വാഷ് ഏരിയ വശത്തായി വേർതിരിച്ചു. ഇതിനോടുചേർന്ന് കോമൺ ബാത്റൂമുമുണ്ട്.
ലളിതമായ കിച്ചൻ ഓപൺ തീമിലൊരുക്കി. ചെലവ് കുറയ്ക്കാൻ അലുമിനിയം ഫിനിഷിലാണ് ക്യാബിനറ്റ്. വാഷിങ് മെഷീനും കിച്ചനിൽ സ്ഥാപിച്ചു.
കിടപ്പുമുറികളിൽ പിവിസി സീലിങ് ചെയ്തിട്ടുണ്ട്. എസിപി വാഡ്രോബുകളും ഉൾക്കൊള്ളിച്ചു.
കോൺക്രീറ്റ്, തടി എന്നിവ പരമാവധി കുറച്ചതിനാൽ ബജറ്റ് പിടിച്ചുനിർത്താനായി. ആഗ്രഹിച്ച പോലെ കൊച്ചുവീട് ലഭിച്ചതിൽ ഞങ്ങൾ വളരെ ഹാപ്പിയാണ്.
Project facts
Locaton- Kavungal, Alappuzha
Area- 1600 Sq.ft
Owner- Anoop