ഒരുനിലയാണ് സന്തോഷം: വേറിട്ട രൂപഭംഗിയിൽ താരമായി പ്രവാസിവീട്
Mail This Article
ഇരിങ്ങാലക്കുടയ്ക്കടുത്ത് ഇടതിരിഞ്ഞിയിലാണ് പ്രവാസിയായ ഷാജിയുടെയും കുടുംബത്തിന്റെയും പുതിയവീട്. സമകാലിക ശൈലിയിൽ, അതേസമയം കേരളത്തിന്റെ കാലാവസ്ഥയുമായി യോജിക്കുംവിധമാണ് ഈ വീട് രൂപകൽപന ചെയ്തത്. പരിപാലനസൗകര്യം, കുടുംബാംഗങ്ങൾ തമ്മിലുള്ള നല്ല ആശയവിനിമയം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് 'ഒരുനില വീട്' മതിയെന്ന് തീരുമാനിച്ചത്.
കടുംനിറങ്ങളുടെയും ആർഭാടങ്ങളുടെയും അതിപ്രസരമില്ലാതെയാണ് വീടൊരുക്കിയത്. ഗ്രേ+ വൈറ്റ് നിറങ്ങളാണ് വീടിന്റെ പുറംകാഴ്ച അടയാളപ്പെടുത്തുന്നത്. ക്യാന്റിലിവർ ശൈലിയിലൊരുക്കിയ സിറ്റിങ് സ്‌പേസാണ് സിറ്റൗട്ടിലെ കൗതുകം. ഇവിടെ റൂഫ് റെഡ് പെയിന്റടിച്ച് ഹൈലൈറ്റ് ചെയ്തു. നീളൻ സിറ്റൗട്ടിന്റെ ഇരുവശവും യുപിവിസി ജാലകങ്ങളുണ്ട്. ഇതുവഴി കാറ്റും വെളിച്ചവും വീടിനുള്ളിലെത്തുന്നു.
കടപ്പ സ്‌റ്റോണും ഗ്രാസും ഇടകലർത്തിയാണ് മുറ്റമൊരുക്കിയത്. പരിപാലനം കണക്കിലെടുത്തുള്ള സിംപിൾ ലാൻഡ്സ്കേപ് ഒരുക്കി.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് 2900 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. പബ്ലിക്- സെമി പബ്ലിക്- പ്രൈവറ്റ് എന്നിങ്ങനെ സോണുകളായിട്ടാണ് ഇടങ്ങൾ വിന്യസിച്ചത്. സെമി-ഓപൺ നയത്തിലാണ് കോമൺ സ്‌പേസുകൾ ഒരുക്കിയത്. അതിനാൽ അകത്തേക്ക് കയറുമ്പോൾ വിശാലത അനുഭവപ്പെടുന്നു.
കസ്റ്റമൈസ്ഡ് ഫർണിച്ചറുകളാണ് ലിവിങ് സ്‌പേസ് അലങ്കരിക്കുന്നത്. വുഡൻ ഫിനിഷിൽ പാനലിങ് ചെയ്ത ടിവി യൂണിറ്റാണ് ഫാമിലി ലിവിങ്ങിലെ ആകർഷണം.
വീടുകളിലെ പതിവിടങ്ങളിൽനിന്ന് വ്യത്യസ്തമായി ഒരിടമുണ്ട് ഇവിടെ. സ്വകാര്യമായി സമയം ചെലവിടാനുള്ള ഒരുസ്‌പേസ്. ഫ്ലോർ ലെവലിൽനിന്ന് താഴ്ത്തിയാണ് ഇവിടമൊരുക്കിയത്. ചാരുകസേരയും ഇൻബിൽറ്റ് സീറ്റിങ് സ്‌പേസും ഇവിടെയുണ്ട്.
വുഡൻ ഫ്രയിമിൽ നാനോവൈറ്റ് ടോപ് വിരിച്ചാണ് ഡൈനിങ് ടേബിൾ നിർമിച്ചത്. കസേരകൾ വുഡൻ ഫിനിഷിൽ അപ്ഹോൾസ്റ്ററി ചെയ്തു. ഡൈനിങ്ങിലെ ഭിത്തിയിൽ മുകളിലും താഴെയുമായി ജാലകങ്ങളുണ്ട്. ഡൈനിങ്ങിൽനിന്ന് വശത്തെ മുറ്റത്തേക്കിറങ്ങാൻ വാതിലുണ്ട്. ഇത് തുറന്നിട്ടാൽ കാറ്റും സമൃദ്ധമായി ഉള്ളിലെത്തും.
നാച്ചുറൽ ലൈറ്റിനും വെന്റിലേഷനും പ്രാധാന്യമേകിയാണ് നാലുകിടപ്പുമുറികളും ചിട്ടപ്പെടുത്തിയത്. വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, അറ്റാച്ഡ് ബാത്റൂം എന്നിവയുമുണ്ട്.
മറൈൻ പ്ലൈ+ പിയു പെയിന്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ വൈറ്റ് ഗ്രാനൈറ്റ് വിരിച്ചു. അനുബന്ധമായി വർക്കേരിയ, സ്റ്റോർ എന്നിവയുമുണ്ട്.
സ്ഥിരതാമസം ഇല്ലെങ്കിലും പരിപാലനം എളുപ്പമാണ്. എല്ലാവരും ഒറ്റപ്പെട്ട തുരുത്തുകൾ പോലെ കഴിയുന്ന ഈ കാലത്ത്, കഴിവതും കുടുംബാംഗങ്ങൾ തമ്മിൽ ഹൃദ്യത നിലനിർത്താൻ സാധിക്കുന്നു. ഇടത്തരം ബജറ്റിൽ പണിയുമ്പോൾ 'ഇരുനില വീട് പണിതുകൂടെ' എന്ന് പലരും ചോദിച്ചെങ്കിലും, ഒരുനില മതിയെന്ന തീരുമാനം ശരിയായിരുന്നു എന്ന് ഇപ്പോൾ ബോധ്യമായി. വീട്ടുകാർ പറയുന്നു.
കൂടുതൽ വീട് വിശേഷങ്ങൾ കാണാൻ ഫോളോ ചെയ്യൂ-
www.youtube.com/@manoramaveedu
www.facebook.com/ManoramaVeedu
www.instagram.com/manoramaveedu
Project facts
Location- Iringalakuda, Thrissur
Plot- 40 cent
Area- 2900 Sq.ft
Owner- Shaji KM
Architect- Joseph Chalissery
Dream Infinite Studio, Thrissur