ചൂടാറാപ്പെട്ടി പോലെ വീടുകൾ: എസി വാങ്ങാൻ നെട്ടോട്ടം; ഇവ ശ്രദ്ധിക്കുക
Mail This Article
കഴിഞ്ഞ കുറച്ചു വർഷങ്ങളായി വേനൽക്കാലത്ത് മലയാളി സ്ഥിരമാക്കിയ മറ്റൊരു ഓട്ടപ്പാച്ചിലുണ്ട്. അത് എസി വാങ്ങാൻവേണ്ടിയാണ്. പണ്ടൊക്കെ ഹൈക്ലാസിന്റെ സ്റ്റാറ്റസ് സിംബൽ ആയി കരുതിയിരുന്ന എസി ഇന്ന് സാധാരണക്കാരന്റെ വീട്ടിലെ അംഗമായി മാറിക്കഴിഞ്ഞു. വില കുറഞ്ഞതും കുറഞ്ഞ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മോഡലുകൾ രംഗപ്രവേശം ചെയ്തതും എസിയുടെ സമയം തെളിയാൻ കാരണമായി. വീട്ടിലെ വായുവിലുള്ള സകല രോഗാണുക്കളെയും തുരത്തിയോടിക്കുമെന്നു അവകാശപ്പെടുന്ന എസികൾ വരെ വിപണികളിൽ സുലഭം.
ഇൻവേർട്ടർ എസി വേണോ നോൺ ഇൻവേർട്ടർ എസി വേണോ?
എന്താണ് ഇൻവേർട്ടർ എസി?– സാധാരണ എസിയിൽ തണുപ്പ് ക്രമീകരിക്കപ്പെടുന്നത് കംപ്രസർ ഓൺ ഓഫ് ക്രമീകരണത്തിലൂടെ ആണ്. അതായത് 23 ഡിഗ്രി തണുപ്പ് നമ്മൾ സെറ്റ് ചെയ്യുകയാണെങ്കിൽ ആ താപനില എത്തുംവരെ കംപ്രസർ വർക്ക് ചെയ്യുകയും അതിനുശേഷം ഓഫ് ആവുകയും ചെയ്യും. പിന്നീട് താപനില ഉയരുമ്പോൾ കംപ്രസർ വീണ്ടും ഓണാവുകയും ചെയ്യുന്നു. എന്നാൽ ഇൻവേർട്ടർ എസി യിൽ സെറ്റ് ചെയ്ത താപനിലയിൽ എത്തുമ്പോൾ കംപ്രസർ ഓഫ് ആകുന്നില്ല, മറിച്ച് വൈദ്യുത ഉപയോഗം കുറച്ചു കംപ്രസർ വേഗം കുറയ്ക്കുകയാണു ചെയ്യുന്നത്. ഇതുമൂലം താപനില കൃത്യമായി നിലനിർത്തുകയും വൈദ്യുത ഉപയോഗം കുറയുകയും ചെയ്യുന്നു.
എസിയിൽ ഉപയോഗിക്കുന്ന ഗ്യാസ് പ്രധാനമാണ്. സാധാരണയായി R22 വും R410 ആണ് ഉപയോഗിക്കുന്നത്. കോപ്പർ കണ്ടൻസർ ഉള്ള എസിക്ക് തന്നെ ആവും കുറഞ്ഞ പരിപാലന ചെലവ്. ചില വിലകുറഞ്ഞ എസികളിൽ കോപ്പറിനു പകരം അലൂമിനിയം കണ്ടൻസർ ഉപയോഗിക്കുന്നുണ്ട്. കടയിൽ പോയി നേരിട്ട് വാങ്ങുന്നതിനു മുൻപ് ഇത്തരം കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നത് കീശ ലാഭിക്കുന്നതിന് ഉപകരിക്കും.
മുറിയുടെ വലുപ്പം പ്രധാനം
മുറിയുടെ വലുപ്പം അനുസരിച്ചു വേണം എസിയുടെ കപ്പാസിറ്റി നിശ്ചയിക്കാൻ. എങ്കിലേ കുറഞ്ഞ വൈദ്യുതിയിൽ പരമാവധി കാര്യക്ഷമമായ പ്രവർത്തനം ഉറപ്പുവരുത്താൻ കഴിയൂ. 80 ചതുരശ്രയടിയില്‍ താഴെ വലുപ്പമുള്ള മുറികൾക്കാണ് മുക്കാൽ ടൺ കപ്പാസിറ്റിയുള്ള എസി അഭികാമ്യം. 80 മുതൽ 140 ചതുരശ്രയടി വരെ വലുപ്പമുള്ള മുറിയിലേക്ക് ഒരു ടൺ കപ്പാസിറ്റിയുള്ള എസി മതിയാകും. 140 മുതൽ 180 ചതുരശ്രയടി വരെ വലുപ്പമുള്ള മുറിയിലേക്ക് ഒന്നര ടൺ ശേഷിയുള്ള എസി വേണം. 180 മുതൽ 200 ചതുരശ്രയടി വലുപ്പമുള്ള മുറിയാണെങ്കിൽ എസിക്ക് രണ്ട് ടൺ കപ്പാസിറ്റി വേണം.
നോക്കി വാങ്ങാം സ്റ്റാർ റേറ്റിങ്...
ബിഇഇ അഥവാ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി ഏർപ്പെടുത്തിയിരിക്കുന്ന സ്റ്റാർ റേറ്റിങ് വിലയിരുത്തി എസി വാങ്ങുന്നത് വൈദ്യുതിച്ചെലവ് കുറയ്ക്കും. നക്ഷത്രങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് വൈദ്യുതി ഉപഭോഗം കുറയും. ത്രീ സ്റ്റാറിന് മുകളിൽ റേറ്റിങ് ഉള്ള മോഡലുകളാണ് കൂടുതൽ മികച്ചത്. സ്റ്റാർ റേറ്റിങ് ഉയരുന്നതിനനുസരിച്ചു വൈദ്യുത ഉപയോഗം കുറയുന്നത് അതിൽനിന്നും നിങ്ങൾക്കു മനസ്സിലാക്കാം. ഒരു യൂണിറ്റിന് ഏകദേശം 7 രൂപ വച്ചു കണക്കാക്കിയാൽ ഒരു വർഷത്തെ ഏകദേശ വൈദ്യുത ചാർജും മനസ്സിലാക്കാം. ഉയർന്ന സ്റ്റാർ റേറ്റിങ്ങിന് അധികമായി നിങ്ങൾ മുടക്കുന്ന തുക എത്ര നാളുകൾക്കുള്ളിൽ മുതലാവും എന്ന് അങ്ങനെ അറിയാം.