ഭവന വായ്പയ്ക്കായി 6 ഫ്ലാറ്റുകൾ റജിസ്റ്റർ ചെയ്തത് 125 തവണ: കോടികളുടെ തട്ടിപ്പ്
Mail This Article
ബാങ്കുകളെ കബളിപ്പിച്ച് കോടികൾ ഭവനവായ്പയായി തട്ടിയെടുത്തതിനെ തുടർന്ന് എട്ടുപേർ അറസ്റ്റിലായി. പശ്ചിമ ബംഗാളിലാണ് സംഭവം.
ആറ് ഫ്ലാറ്റുകള്‍ 125 തവണ റജിസ്റ്റര്‍ ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഇതിനെല്ലാം ഭവനവായ്പ സംഘടിപ്പിച്ചതോടെ ഒരു ബാങ്കിൽനിന്ന് 1.2 കോടി രൂപയാണ് തട്ടിപ്പുകാർ നേടിയെടുത്തത്. എന്നാൽ മറ്റ് ആറു ബാങ്കുകളിൽ നിന്നുകൂടി ഇവർ വായ്പ എടുത്തതായാണ് വിവരം. ഇവയിൽ നിന്നെല്ലാം തട്ടിയെടുത്ത തുക ആകെ കണക്കാക്കുമ്പോൾ പത്തു കോടിക്ക് മുകളിൽ വരുമെന്നും റിപ്പോർട്ടുകളുണ്ട്.
ബാങ്ക് ഫ്രോഡ് ഡിറ്റക്‌ഷൻ വിഭാഗമാണ് തട്ടിപ്പുകാരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തട്ടിപ്പ് സംഘത്തിലെ ഒരാൾ കെട്ടിട ഉടമയാണ്. ഇയാൾ വില്പനക്കാരനാണെന്നും മറ്റുള്ളവർ വാങ്ങുന്നവരാണെന്നും സ്ഥാപിക്കുന്ന തരത്തിൽ വ്യാജ രേഖകൾ തയാറാക്കിയാണ് ബാങ്കുകളെ കബളിപ്പിച്ചിരിക്കുന്നത്. ഖർദ എന്ന സ്ഥലത്ത് നിർമിച്ചിരിക്കുന്ന 11 ഫ്ലാറ്റുകൾ ഉൾപ്പെടുന്ന കെട്ടിടം ഉപയോഗിച്ചാണ് തട്ടിപ്പുകൾ നടത്തിയത്.
പദ്ധതി നടപ്പാക്കുന്നതിനായി 11 ഫ്‌ളാറ്റുകൾക്കും പ്രതികൾ വ്യാജ റജിസ്‌ട്രേഷൻ നടത്തിയതായി പൊലീസ് പറയുന്നു. ഇവയിൽ ആറെണ്ണമാണ് 125 തവണ രജിസ്റ്റർ ചെയ്തതായി രേഖകൾ സൃഷ്ടിച്ചത്. 2021 ജനുവരിക്കും 2023 ഡിസംബറിനും ഇടയിലുള്ള കാലയളവിലാണ് പ്രതികൾ പല ബാങ്കുകളിൽ നിന്നായി ഭവന വായ്പ എടുത്തിരിക്കുന്നത്. ഒരു സ്വകാര്യ ബാങ്കിന്റെ ശാഖയിൽ നിന്നെടുത്ത വായ്പയിലെ തിരിമറി കണ്ടെത്തിയതാണ് വൻ തട്ടിപ്പിന്റെ ചുരുളഴിച്ചത്.
വായ്പ കൊടുത്ത ശേഷം പിന്നീട് ബാങ്ക് നടത്തിയ പരിശോധനയിൽ അപാകതകൾ കണ്ടെത്തുകയായിരുന്നു. വ്യാജരേഖകൾ ഉപയോഗിച്ചാണ് വായ്പ എടുത്തതെന്നും ഈ ഫ്ലാറ്റുകൾ യഥാർഥത്തിൽ മറ്റുള്ളവരുടെ പേരുകളിലാണെന്നും കണ്ടെത്തി. തുടർന്ന് ബാങ്ക് പരാതിയുമായി മുന്നോട്ടു പോവുകയായിരുന്നു. അന്വേഷണത്തെ തുടർന്ന് ജനുവരി പന്ത്രണ്ടാം തീയതിയാണ് തട്ടിപ്പ് സംഘത്തിലെ അഞ്ച് പേരെ അറസ്റ്റ് ചെയ്തത്.