തിരുവനന്തപുരം സോളർ സിറ്റിയാവുന്നു: 25000 ഗുണഭോക്താക്കൾക്ക് അവസരം
Mail This Article
തിരുവനന്തപുരം : നവകേരള സൃഷ്ടിയിലും ഊർജ സ്വയംപര്യാപ്തതയിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സൗരോർജത്തിനു സാധിക്കും. വീടിനു മുകളിൽ 365 ദിവസവും കത്തിജ്വലിക്കുന്ന സൂര്യശോഭയുണ്ടാകുമ്പോൾ അതിൽനിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്നതാണ് നല്ലത് എന്ന തിരിച്ചറിവ് മലയാളികൾക്കു വന്നുകഴിഞ്ഞു. ശരിയായ വിധത്തിലുള്ള സോളർ സംവിധാനം ഏർപ്പെടുത്തിയാൽ വീട്ടിലെ വൈദ്യുതി ബിൽ നല്ലൊരു ശതമാനം കുറയ്ക്കാനാകും.
അനെർട്ട്
സംസ്ഥാനസർക്കാരിന്റെ ഊർജവകുപ്പിന്റെ കീഴിൽ അക്ഷയ ഊർജമേഖലയുടെ വികാസത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് അനെർട്ട്. പാരമ്പര്യേതരവും പുനരുപയോഗിക്കാൻ കഴിയുന്നതുമായ ഊർജസ്രോതസുകളെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനുള്ള പദ്ധതികളാണ് അനെർട്ട് പ്രധാനമായും നടപ്പിലാക്കുന്നത്.
'സോളർ സിറ്റി' പദ്ധതി
രാജ്യത്തെ പ്രധാന നഗരങ്ങളെ സൗരോർജവത്കരിക്കുക എന്ന ആശയം ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണിത്. കേരളത്തിൽനിന്ന് തിരുവനന്തപുരം നഗരസഭയെയാണ് തിരഞ്ഞെടുത്തത്.
തിരുവനന്തപുരം നഗരസഭയിലെ 25000 ഗാർഹിക ഉപഭോക്താക്കൾക്ക് ആദ്യ ഘട്ടത്തിൽ അവസരം ലഭിക്കും. രജിസ്റ്റർ ചെയ്യുന്ന ഗുണഭോക്താക്കൾക്ക് അടിസ്ഥാന വിലയുടെ 40 % വരെ സബ്സിഡിയും അനുവദിക്കും. കൂടാതെ ഈ പദ്ധതിക്കായി വിവിധ ബാങ്കുകൾ കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പാ സംവിധാനവും രൂപീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന ലോണിന് സംസ്ഥാന സർക്കാർ നൽകുന്ന 5 % പലിശയിളവും ലഭിക്കും. നിലവിൽ ഹോം ലോണുകൾ ഉള്ള ഗുണഭോക്താക്കൾക്ക് ആ ലോണിന്റെ ടോപ് അപ്പ് ആയി ലോൺ ലഭിക്കുന്നതാണ്.
2 കിലോവാട്ട് മുതൽ 10 കിലോവാട്ട് വരെ ശേഷിയുള്ള സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നവർക്കാണ് ഈ പദ്ധതിയിൽ സബ്സിഡി ലഭ്യമാക്കിയിട്ടുള്ളത്. എന്നാൽ ഫ്ലാറ്റുകൾ പോലെയുള്ള ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റികൾക്ക് 500 കിലോവാട്ട് വരെ ശേഷിയുള്ള നിലയങ്ങൾ സബ്സിഡിയോടെ സ്ഥാപിക്കാനുള്ള അനുമതിയുണ്ട്. അനെർട്ട് ടെൻഡർ പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത കമ്പനികൾ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കമ്പനികളുടെ സാങ്കേതിക സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിന് SEBI (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) നിഷ്കർഷിക്കുന്ന ഗ്രേഡിങ്ങാണ് മാനദണ്ഡമായി എടുത്തിട്ടുള്ളത്.ഇത്തരത്തിൽ സ്ഥാപിക്കുന്ന പ്ലാന്റുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര സർക്കാർ ഏജൻസിയായ NISE ( നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളാർ എനർജി ) യുടെ സേവനവും ലഭ്യമാകുന്നു.
ഇ-മൊബിലിറ്റി- ഇ വി ചാർജിങ് സ്റ്റേഷൻ
അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി അനെർട്ട് കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിൻ കീഴിലുള്ള EESL മായി യോജിച്ച് വിവിധ തരത്തിലുള്ള ഇലക്ട്രിക് കാറുകൾ സർക്കാർ ഓഫീസുകൾക്ക് നൽകി വരുന്നു. കൂടാതെ അനെർട്ട് ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി കേരളത്തിലുടനീളം പബ്ലിക് ഇ വി ചാർജിംഗ് സ്റ്റേഷനുകളും സ്ഥാപിച്ചു വരുന്നു.
പിഎം കുസും പദ്ധതി
കാർഷിക മേഖലയിൽ നിലവിലുള്ള വൈദ്യുത പമ്പുകൾ സൗരോർജ്ജത്തിലേക്ക് മാറ്റുന്നതോടൊപ്പം വരും വർഷങ്ങളിൽ കർഷകർക്ക് ഒരു അധിക വരുമാനം കൂടെ ലഭിമാക്കുവാൻ ഉതകുന്ന തരത്തിൽ സ്ഥാപിച്ചു നൽകുന്ന പിഎം കുസും പദ്ധതിയും അനെർട്ടിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
ഹരിത വരുമാന പദ്ധതി
അക്ഷയ ഊർജ്ജ മേഖലയുടെ ഗുണഫലങ്ങൾ എല്ലാത്തരം ജനങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഹരിത വരുമാന പദ്ധതിയും ഉൾപ്പടെയുള്ള മറ്റ് അനേകം പ്രവർത്തനങ്ങളും അനെർട്ട് കേരളത്തിലുടനീളം നടപ്പിലാക്കുന്നു. ലൈഫ് മിഷൻ പദ്ധതി വഴി നിർമിച്ച വീടുകളിലും, പട്ടികജാതിവകുപ്പ് നിർമിച്ചു നൽകിയ വീടുകളിലും, പുനർഗേഹം പദ്ധതി വഴി നിർമിച്ചു നൽകിയ വീടുകളിലും സൗജന്യമായി സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതു വഴി സൗജന്യ വൈദ്യുതിയും അധികവരുമാനവും ലഭ്യമാക്കുന്ന പദ്ധതിയാണിത്.
സൗരതേജസ്സ്
കേന്ദ്ര നവ-നവീന ഊർജ്ജ മന്ത്രാലയം കെ.എസ്..ബി.എൽ മുഖേന നടപ്പിലാക്കുന്ന ഗാർഹിക പുരപ്പുറ സൗരോർജ്ജ സബ്സിഡി പദ്ധതിയിൽ 25 മെഗാവാട്ട് ശേഷിയുള്ള സൗരോർജ്ജ പ്ലാന്റുകൾ അനെർട്ട് മുഖേന സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനം നടപ്പിലാക്കി വരുന്നു.
മറ്റുപദ്ധതികൾ
ഗ്രിഡ് വൈദ്യുതി ലഭ്യമല്ലാത്ത വിദൂര ആദിവാസി കോളനികളിൽ സോളർ പവർ പ്ലാന്റുകളോടൊപ്പം ചെറിയ കാറ്റാടി യന്ത്രങ്ങൾ കൂടി സ്ഥാപിച്ചുള്ള ഹൈബ്രിഡ് പ്ലാന്റുകൾ സ്ഥാപിക്കുന്ന പദ്ധതി, സംസ്ഥാനത്തെ വിവിധ സർക്കാർ , പൊതുമേഖല സ്ഥാപനങ്ങളിൽ സൗരോർജ നിലയങ്ങൾ സ്ഥാപിക്കുന്ന പദ്ധതി, പച്ചക്കറി, പഴം, പൂവ് മുതലായ വിഭവങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനായി സൗരോർജത്തിൽ ശീതസംഭരണി, ഗാർഹിക പുരപ്പുറ സൗരോർജ സബ്സിഡി പദ്ധതി ഉൾപ്പടെയുള്ള മറ്റ് അനേകം പ്രവർത്തനങ്ങളും അനെർട്ട് കേരളത്തിലുടനീളം നടപ്പിലാക്കി വരുന്നു.
സൂര്യകാന്തി RE & EV എക്സ്പോ 2.0
ഹരിതോർജ ഉപഭോഗത്തിന് പ്രധാന്യം നൽകി, ജനങ്ങളെ ബോധവത്കരിക്കുന്നതിനായി അനെർട്ടിന്റെയും തിരുവനന്തപുരം നഗരസഭയുടെയും നേതൃത്വത്തിൽ മെഗാ എക്സ്പോ തിരുവനന്തപുരത്ത് സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. 'സൂര്യകാന്തി RE & EV എക്സ്പോ 2.0' എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രദർശനം ഫെബ്രു: 2,3,4 തീയതികളിൽ പുത്തരിക്കണ്ടം മൈതാനത്ത് വച്ച് നടക്കും. പൊതുജനങ്ങൾക്ക് ഊർജമേഖലയിലെ പുത്തൻ സാധ്യതകൾ പരിചയപ്പെടാനുള്ള സുവർണാവസരമാണ് എക്സ്പോയിലൂടെ ഒരുക്കുന്നത്.
അക്ഷയ ഊർജോപകരണങ്ങളുടെ പ്രദർശനം, ടെക്നിക്കൽ സെമിനാറുകൾ, പ്രൊജക്റ്റ് പ്രസന്റേഷൻസ്, നിർമാതാക്കളുമായും ബാങ്ക് ഉദ്യോഗസ്ഥരുമായും നേരിട്ട് സംവദിക്കാനുള്ള അവസരം, ബിസിനസ് ടു ബിസിനസ് മീറ്റിങ്ങുകൾ, നിർമാതാക്കളും ഗുണഭോക്താക്കളും തമ്മിലുള്ള കൂടിക്കാഴ്ച, ജോബ് ഫെയറുകൾ, 100-ഓളം പ്രദർശന സ്റ്റാളുകൾ, 500 ലധികം വിദഗ്ധരുടെ പങ്കാളിത്തം, നൂതനമായ പദ്ധതികളുടെ അവതരണം എന്നിവ എക്സ്പോയുടെ പ്രധാന ആകർഷണമാണ്. കൂടാതെ ദിവസവും ലക്കി ഡ്രോയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ആകർഷണീയമായ സമ്മാനങ്ങളും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്കായി 9188119415, 1-800-425-1803 എന്ന നമ്പറിൽ ബന്ധപ്പെടുക.