ADVERTISEMENT

2023ല്‍ ദുബായിലെ ജനസംഖ്യയിൽ ഏകദേശം ഒരു ലക്ഷത്തിന്റെ വർധനയാണുണ്ടായത്.  ഇതിന്റെ ചുവടുപിടിച്ച് ദുബായിയുടെ പ്രോപ്പർട്ടി മാർക്കറ്റിലും റെക്കോർഡ് വാങ്ങലുകളും വിലകളും കഴിഞ്ഞവർഷം സംഭവിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് പ്രോപ്പർട്ടി വില ഏതാണ്ട് 18 ശതമാനമാണ് ഉയർന്നത്. 2023 ന്റെ ആദ്യപകുതിയിൽ ദുബായിൽ പ്രോപ്പർട്ടി സ്വന്തമാക്കുന്നതിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യക്കാർ വർഷാവസാനം വരെ ആ സ്ഥാനം നിലനിർത്തിയിട്ടുണ്ട്.

ഏറ്റവും അധികം വാങ്ങലുകൾ നടത്തിയവരുടെ പട്ടിക പരിശോധിക്കുമ്പോൾ ഇന്ത്യക്കാർക്കൊപ്പം യുണൈറ്റഡ് കിങ്ഡത്തിൽ നിന്നുള്ളവരും മുൻനിരയിലുണ്ട്. എന്നാൽ 2022ൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന റഷ്യക്കാർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം വീടോ സ്ഥലമോ വാങ്ങിയവരിൽ പാക്കിസ്ഥാനികൾ മുൻനിരയിലേക്ക് കഴിഞ്ഞവർഷം എത്തിയെന്നതും  ശ്രദ്ധേയമാണ്. നിലവിൽ പട്ടികയിൽ ഏഴാം സ്ഥാനത്താണ് പാക്കിസ്ഥാൻ ഉള്ളത്. ഈജിപ്ത്, ലെബനൻ, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും പ്രോപ്പർട്ടി സ്വന്തമാക്കാൻ കൂടുതലായി താല്പര്യം കാണിച്ചതായി രേഖകൾ പറയുന്നു.

ദുബായ് ഷെയ്ഖ് സായിദ് റോഡിലെ രാത്രി ദൃശ്യം.
ദുബായ് ഷെയ്ഖ് സായിദ് റോഡിലെ രാത്രി ദൃശ്യം.

പാകിസ്ഥാനികൾ മുൻപ് ദുബായിൽ പ്രോപ്പർട്ടികൾ സ്വന്തമാക്കിയിരുന്നത് നിക്ഷേപം എന്ന നിലയിലാണെങ്കിൽ ഇപ്പോൾ അതിൽ വ്യത്യാസം വന്നിട്ടുണ്ട്. കൂടുതലാളുകളും  നഗരത്തിലേക്ക് താമസം മാറാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് വാങ്ങലുകൾ നടക്കുന്നത്. പ്രോപ്പർട്ടികൾ സ്വന്തമാക്കുന്ന പാകിസ്ഥാനികളിൽ ഏറിയ പങ്കും 40 വയസ്സിന് മുകളിലുള്ളവരാണെന്നും റിപ്പോർട്ടുകൾ പറയുന്നു. രാജ്യം തിരിച്ചുള്ള കണക്കുകൾ മാറ്റിനിർത്തിയാലും നിക്ഷേപത്തേക്കാൾ ഉപരി താമസത്തിനായി ദുബായിൽ പ്രോപ്പർട്ടി സ്വന്തമാക്കുന്നവരാണ് ഇപ്പോൾ ആവശ്യക്കാരിൽ ഏറെയും.

വിദേശരാജ്യക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങളോടെ ദീർഘകാലം ജീവിക്കാനും ജോലി ചെയ്യാനും പഠിക്കാനും അനുവദിക്കുന്ന ഗോൾഡൻ വീസ പദ്ധതി 2022 ൽ വിപുലമാക്കിയതാണ് സമ്പന്നരായ ഇന്ത്യക്കാരെ ദുബായിലേക്ക് കൂടുതൽ ആകർഷിക്കുന്ന പ്രധാന ഘടകം. സാമൂഹിക സ്ഥിതി നോക്കിയാൽ ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളാണ് അവയിൽ എടുത്തു പറയേണ്ടത്. രാജ്യാന്തര തരത്തിലുള്ള സ്കൂളുകളുടെ സാന്നിധ്യവും താൽക്കാലികമായും സ്ഥിരമായും ദുബായിലേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണവും എല്ലാം കൂടുതൽ വാങ്ങലുകൾ നടക്കുന്നതിന് കാരണമാകുന്നുണ്ട്.

ആഗോള സുരക്ഷിത താവളം എന്ന നിലയിൽ ദുബായിയുടെ പങ്ക് എത്രത്തോളം ഉണ്ടെന്നതാണ് പട്ടിക എടുത്തുകാട്ടുന്നത്. 2023ൽ വിൽപന നടന്ന ദുബായിലെ വസ്തുവകകളുടെ ആകെ മൂല്യം 322 ബില്യൻ ദിർഹമാണ് (7.28 ലക്ഷം കോടി രൂപ).  പ്രതിവർഷ കണക്കുവച്ച് നോക്കുമ്പോൾ 52 ശതമാനം വർധന മൂല്യത്തിൽ ഉണ്ടായിട്ടുണ്ട്. 2023 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലെ കണക്ക് പരിശോധിക്കുമ്പോൾ ദുബായിയുടെ ജിഡിപി 3.3 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്. ഇക്കാലയളവിൽ താമസം ഭക്ഷണം എന്നീ മേഖലകളിൽ 11.1 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായത്. ഗതാഗത - സംഭരണ ​​സേവനങ്ങൾ 10.9 ശതമാനം വർധിച്ചു. 

പ്രോപ്പർട്ടി മോണിറ്റർ പുറത്തുവിട്ട ഡേറ്റ പ്രകാരം ദുബായിലെ പ്രോപ്പർട്ടി മാർക്കറ്റ് ഇക്കഴിഞ്ഞ നവംബറിൽ 2014 ലെ റെക്കോർഡിനെ മറികടന്ന് പുതിയ ഉയരങ്ങളിൽ എത്തി.  വില്ലകളുടെ ശരാശരി വിൽപന വിലയിൽ 15 ശതമാനം മുതൽ 30 ശതമാനം വരെ വർധന രേഖപ്പെടുത്തി. 

dubai-city-fdi

അതേസമയം ദുബായിലെ ആഡംബര റിയൽ എസ്റ്റേറ്റ് വിപണിയും മെച്ചപ്പെട്ട പ്രകടനമാണ് 2023 ൽ കാഴ്ചവച്ചത്. 15 മില്യൻ ദിർഹത്തിന് മുകളിലുള്ള ഇടപാടുകളിൽ 89 ശതമാനം വളർച്ചയുണ്ടായി. ദീർഘകാല വീസകൾ, അനുകൂലമായ നികുതി വ്യവസ്ഥ, ജീവിതശൈലി, ദുബായിലെ ആഡംബര ഭവനങ്ങളുടെ താരതമ്യേന താങ്ങാനാവുന്ന വില എന്നിവയാണ് ആഗോളതലത്തിൽ സമ്പന്നരായ നിക്ഷേപകരെ ഇവിടേക്ക് ആകർഷിച്ചത്.

English Summary:

Indians among top real estate buyers in dubai- News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com