ADVERTISEMENT

ഞാൻ നാലിലോ അഞ്ചിലോ പഠിക്കുമ്പോഴാണ് കേശവൻ നായരുടെ മരണം. രാവിലെ ഏതാണ്ടൊരു പത്തുമണിയോടെ നായരുടെ വീട്ടിൽനിന്ന്  കൂട്ടക്കരച്ചിൽ കേട്ടു, അതോടെ നാട്ടുകാർ അങ്ങോട്ടോടി, ചെന്നിട്ടു വിശേഷിച്ചു കാര്യം ഒന്നുമില്ലെങ്കിലും മാവിൻചുവട്ടിൽ കളിച്ചുകൊണ്ടിരുന്ന ഞങ്ങൾ പിള്ളേരും അങ്ങോട്ടോടി.

നാട്ടുകാരായ ചില കാരണവന്മാർ മരണം ഉറപ്പിച്ചുവെങ്കിലും ടൗണിൽ പോയി ജനാർദ്ദനൻ ഡോക്ടറെ കൊണ്ടുവന്ന് അക്കാര്യം ഉറപ്പിക്കണം എന്നൊരു പൊതുഅഭിപ്രായം ഉയർന്നു. അങ്ങനെ ഡോക്ടർ ഓട്ടോറിക്ഷയിൽ വന്നു. ഡോക്ടർ മൃതദേഹത്തിൽ പൾസ്‌ ഉണ്ടോ എന്ന് നോക്കി, കൂടുതൽ ഉറപ്പുവരുത്താനായി ഒരു ടോർച്ചു കൊണ്ടുവരാൻ പറഞ്ഞു, മൃതദേഹത്തിന്റെ കണ്ണിലേക്ക് ടോർച്ചടിച്ചു മരണം ഉറപ്പിച്ചു. 

എന്നാൽ ഈ ടോർച്ചടിച്ചുകൊണ്ടുള്ള പരിശോധന എനിക്കങ്ങോട്ടു മനസ്സിലായില്ല, അതുകൊണ്ടുതന്നെ ഞാൻ ഇക്കാര്യം എന്റെ കൂട്ടുകാരനായ ഷബീറിനോട് ചോദിച്ചു.

" കണ്ണിലേക്ക് ടോർച്ചടിച്ചാൽ ജീവനുള്ളവർ കണ്ണ് ചിമ്മും, അതാണ് "

ഷബീർ തന്റെ പൊതുവിജ്ഞാനം വ്യക്തമാക്കി.

വീടിന്റെ വരാന്തയിൽനിന്ന് ഷൂസിന്റെ ലെയ്സ് കെട്ടുകയായിരുന്ന ഡോക്ടർ ഇത് കേട്ടു, ഞങ്ങൾ പിള്ളേരെ അടുത്തുവിളിച്ചു.

തുടർന്ന് അദ്ദേഹം എങ്ങനെയാണ് ജീവനുള്ള ഒരു മനുഷ്യന്റെ നേത്രം വെളിച്ചത്തോട് പ്രതികരിക്കുന്നത് എന്ന് ഞങ്ങൾക്ക് വിശദീകരിച്ചു തന്നു. ഷബീറിന്റെ കണ്ണിലേക്ക് ടോർച്ചടിച്ചു കാണിച്ചു എന്നെയും, എന്റെ കണ്ണിലേക്ക് ടോർച്ചടിച്ചു അവനെയും പഠിപ്പിച്ചു, പിന്നെ ഓട്ടോറിക്ഷയിൽ കയറിപ്പോയി.

രത്നച്ചുരുക്കം ഇതാണ്.

മനുഷ്യന് ജീവനുണ്ടെങ്കിൽ, ശക്തമായ പ്രകാശം പെട്ടെന്ന് കണ്ണിൽ ഏൽക്കുമ്പോൾ കൃഷ്ണമണിയുടെ ഉൾവശം അതിവേഗം ചുരുങ്ങും, .

ലഭ്യമായ ഈ വൈദ്യശാസ്ത്രജ്ഞാനം വച്ച്, ഞാൻ കുട്ടിക്കാലത്ത് എന്റെ പല സുഹൃത്തുക്കളുടെയും കണ്ണിൽ ടോർച്ചടിച്ചു പരിശോധന നടത്തുകയും, 'അവർ ജീവിച്ചിരിപ്പുള്ളവരാണ്' എന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്!

ഇനി വിഷയത്തിലേക്ക് വരാം.

നമ്മുടെ വിഷയം വെളിച്ചമാണ്, വീടുകളിലെ വെളിച്ച വിന്യാസമാണ്. സൂര്യവെളിച്ചത്തിന് ഒരു ക്രമമുണ്ട്. വളരെ താഴ്ന്ന നിലയിൽ ആരംഭിച്ച്, ഉച്ചയോടെ തീവ്രതയുടെ പാരമ്യത്തിലെത്തി, വൈകുന്നേരം വീണ്ടും തീവ്രത കുറഞ്ഞു, രാത്രിയോടെ അവസാനിക്കുന്നു. ഈ വെളിച്ചത്തിന്റെ താളമാറ്റം ചടുലമല്ല എന്നതിനാൽ, നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യനെ നോക്കാത്തിടത്തോളം നമുക്കത് ആയാസകരമല്ല. പകൽ സമയങ്ങളിൽ ഈ സ്വാഭാവിക വെളിച്ചത്തെ വീടുകൾക്കുള്ളിൽ പരമാവധി ഉപയോഗപ്പെടുത്തണം എന്ന് പറയുന്നതിന്റെ ഗുട്ടൻസ് ഇതാണ്. അല്ലാതെ കറണ്ട് ബിൽ മാത്രമല്ല ഇതിനുള്ള കാരണം.

എന്നാൽ കൃത്രിമ വെളിച്ചങ്ങൾ അങ്ങനെയല്ല. ഒരു സ്വിച് ഇടുന്നതോടെ അത് പെട്ടെന്ന് പ്രകാശിക്കുന്നു. അതിനു ആനുപാതികമായി വീടിനകത്തു ജീവിക്കുന്നവരുടെ കണ്ണിലും അത് ചെറിയ ആയാസം ഉണ്ടാക്കുന്നു. കണ്ണിലോട്ട് എത്രകണ്ട് നേരിട്ടാണ് ഈ പ്രകാശം അടിക്കുന്നത് എന്നതിന്റെ തോത് അനുസരിച്ചു ഈ ആയാസവും കൂടുന്നു. വീട്ടകങ്ങളുടെ ചിട്ടപ്പെടുത്തലുകൾ, മനുഷ്യന്റെ സംവേദനക്ഷമതയെ സ്വാധീനിക്കുന്നുണ്ട്. ഉദാഹരണത്തിന്, പച്ചപ്പ് നിറഞ്ഞ, ഇളം വെളിച്ചവുമുള്ള ഒരുവീട്ടിലേക്ക് കയറുമ്പോൾ നമുക്ക് ഒരു പോസിറ്റീവ് ഫീൽ ലഭിക്കുന്നതും, കണ്ണിൽ കുത്തിക്കയറുന്ന കടുംവെളിച്ചമുള്ള ചില വീടുകളിൽ പോകുമ്പോൾ അസ്വസ്ഥത തോന്നി ഇറങ്ങിപ്പോരാൻ തോന്നുന്നതും ഇതുകൊണ്ടാണ്.

interior-lighting
Representative Image: Photo credit:Bulgac/istock.com

ഒരു ഇന്റീരിയർ ഡിസൈനർ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ് വീട്ടിനകത്തെ ലൈറ്റിങ്. കേവലഭംഗിക്കുവേണ്ടി വീട്ടിലെ വെളിച്ചവിന്യാസത്തെ ഏതെങ്കിലും ആഭരണക്കടയിലേതു പോലെയോ, റിസോർട്ടിലേതുപോലെയോ ആക്കരുത്. കാരണം ഇത്തരം സ്ഥാപനങ്ങളിൽ നാം ചെലവഴിക്കുന്ന സമയം വളരെ കുറവാണ്, സ്വർണക്കടയിൽ ആഭരണങ്ങൾ കൂടുതൽ മിഴിവോടെ തോന്നിപ്പിക്കുക എന്നതാണ് വാം ടോൺ ലൈറ്റിങ്ങിന്റെ ഒരുദ്ദേശ്യം. റിസോർട്ടിൽ, ദിനവും കാണുന്ന വീട്ടിലെ അന്തരീക്ഷത്തിൽനിന്ന് ഒരു പുതുമ ഫീൽ ചെയ്യിപ്പിക്കുക എന്നതും.

നമുക്ക് വീടുകളുടെ ഉള്ളിൽ വേണ്ടത് ആയാസരഹിതമായ, ഇടത്തരം തീഷ്ണതയുള്ള വെളിച്ചമാണ്. ഡ്രോയിങ് റൂമിലെ പ്രകാശ തീവ്രത, ബെഡ് റൂമിൽ ആവശ്യമില്ല. സ്റ്റഡി ഏരിയയിൽ ലാപ്ടോപ്പിലെ വെളിച്ചത്തെ സപ്പോർട്ട് ചെയ്യുന്ന ബാഹ്യവെളിച്ചം നിർബന്ധമാണ്. രാത്രി മയക്കത്തിനിടെ ബാത്റൂമിലേക്ക് പോകുമ്പോൾ അതിനകത്തെ ശക്തമായ പ്രകാശം പെട്ടെന്ന് കണ്ണിലേക്ക് വീഴുന്നത് ഒട്ടും സുഖമുള്ള കാര്യമല്ല. വിദേശ രാജ്യങ്ങളിൽ ഈ സാഹചര്യം ഒഴിവാക്കാനായി നേരിയ തീഷ്ണതയുള്ള ലൈറ്റുകൾ ബാത്റൂമുകളിൽ ഉപയോഗിക്കുന്ന പതിവുണ്ട്. രാത്രിയിൽ പെട്ടെന്ന് തിരിച്ചറിയാവുന്ന സ്വിച്ചും അവയ്ക്കുണ്ടാകും.

അതുപോലെയാണ് ബെഡ്റൂമുകളിലെ പ്രധാന വെളിച്ചം. അതിന്റെ വിന്യാസം, കട്ടിലിൽ കിടക്കുന്ന ആളുടെ മുഖത്തു പതിക്കുന്ന രീതിയിൽ ആവരുത്. അതുപോലെ നേരിയ തീഷ്ണതയോടെ പ്രകാശിച്ചു തുടങ്ങി ഏതാനും മിനിറ്റുകൾക്കുള്ളിൽ പൂർണപ്രകാശം പുറപ്പെടുവിക്കുന്ന ലൈറ്റുകളും നിലവിലുണ്ട്. ഇതൊക്കെ ഒരു വീട് പ്ലാനിങ്ങിന്റെ ഭാഗമാണ്. അല്ലാതെ രണ്ടോ മൂന്നോ റൂമും, ഒരു ഹാളും, കിച്ചനും, രണ്ടു മൂന്നു ടോയ്‌ലറ്റും പണിതുവയ്‌ക്കുന്നതല്ല ഈ 'വീട് പ്ലാനിങ്'. 

നമുക്ക് ലൈറ്റിങ്ങിലേക്ക് മടങ്ങിവരാം.  കണ്ണിന് ആയാസം ഉണ്ടാക്കാത്ത രീതിയിൽ, നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുന്നതാകണം വീടുകളുടെ ലൈറ്റിങ് എന്ന് നാം പറഞ്ഞു. വെളിച്ചവിന്യാസത്തെ ആസ്പദമാക്കി വീടുകളുടെ അകത്തളങ്ങളെ രണ്ടായി തരാം തിരിക്കാം.

ഒന്ന് - പൊതുവായ ഇടങ്ങൾ.

രണ്ട് - നിർദിഷ്ടമായ കാര്യങ്ങൾ ചെയ്യാനുള്ള ഇടങ്ങൾ.

വ്യക്തമാക്കാം...

പൊതുവായ ഇടങ്ങളിൽ ഡ്രോയിങ് റൂം, ഡൈനിങ് റൂം, ബെഡ്റൂമുകൾ എന്നിവയൊക്കെ ഉൾപ്പെടും. കാരണം ഇവയുടെ ഉപയോഗം അത്ര കർക്കശമായ രീതിയിൽ നിർവചിക്കപ്പെട്ടിട്ടില്ല. ഉദാഹരണത്തിന് ഡ്രോയിങ്  ഹാളിലെ സോഫയിൽ വന്നിരുന്നു ചായകുടിക്കാം, ഡൈനിങ് ടേബിളിൽ ലാപ്ടോപ് വച്ച് വർക്ക്‌ ചെയ്യാം, ബെഡ്റൂമിൽ പോയി കിടന്നു പുസ്തകം വായിക്കാം.

bedroom-lighting
Representative Image: Photo credit:svetikd/istock.com

ഇത്തരം പൊതുവായ ഇടങ്ങളിൽ ഇൻഡയറക്ട് ലൈറ്റിങ് എന്ന, പൊതുവെ തീഷ്ണത കുറഞ്ഞ രീതി അവലംബിക്കുന്നതാണ് നല്ലത്.

എന്താണീ ഇൻഡയറക്ട് ലൈറ്റിങ്..?

ഒരു വെളിച്ച സ്രോതസ്സിൽ നിന്ന് വരുന്ന വെളിച്ചം മറ്റൊരു പ്രതലത്തിൽ തട്ടി പ്രതിഫലിപ്പിക്കുന്ന രീതിയാണിത്. ഫലം കണ്ണിന്റെ ആയാസം കുറയും, നിഴൽ ഉണ്ടാകില്ല. ഇനി, നിർദിഷ്ടമായ കാര്യങ്ങൾ ചെയ്യാനുള്ള ഇടങ്ങളെക്കുറിച്ചു ചിന്തിക്കാം.

അടുക്കള, സ്റ്റഡി ഏരിയ, ലോൺട്രി എന്നിവയൊക്കെ ഈ ഗണത്തിൽ പെടും. ലോൺട്രി സ്‌പേസ് ഉപയോഗിക്കുന്നത് അലക്കാനും തുണി ഇസ്തിരിയിടാനും മാത്രമാണ്, അല്ലാതെ ആരും അവിടെ പോയിരുന്നു സമൂസയും ചായയും കഴിക്കാറില്ല. അടുക്കള പാചകത്തിനുള്ളതാണ്, പഠനത്തിന് വേണ്ടി ഉപയോഗിക്കാറില്ല. സ്റ്റഡി ഏരിയയിൽ കൊണ്ടുപോയി ആരും തക്കാളി മുറിക്കാറില്ല. ഇക്കാരണങ്ങൾ കൊണ്ടാണ് ഈ ഇടങ്ങളെ നിർദിഷ്ട കാര്യങ്ങൾ ചെയ്യാനുള്ള ഇടങ്ങൾ എന്ന് വിളിക്കുന്നത്. ഇവിടെ ഡയറക്ട് ലൈറ്റിങ്ങാണ് അഭികാമ്യം.അതായത് സ്റ്റഡി ടേബിളിലേക്കോ, അയണിങ്‌ ടേബിളിലേക്കോ, അടുപ്പത്തു വച്ചിരിക്കുന്ന പാത്രത്തിലേക്കോ ഒക്കെ ശ്രദ്ധ കിട്ടുന്ന രീതിയിൽ ഉള്ള ലൈറ്റിങ്.

ഒരു പ്രത്യേക ഭാഗത്തേക്ക് മാത്രം വെളിച്ചം കൂടുതലായി വേണ്ടപ്പോൾ, സ്രോതസ്സിൽനിന്ന് അങ്ങോട്ട് മാത്രമായോ, ആ റൂമിൽ മൊത്തമായോ വെളിച്ചം കൊടുക്കുന്ന രീതിയാണ് ഡയറക്ട് ലൈറ്റിങ്. എന്നുവച്ചാൽ കണ്ണിന് ഒരിത്തിരി ആയാസം ഒക്കെ ആകാവുന്ന ഇടങ്ങളാണ് ഇവയെന്നർഥം.

അതുപോലെ ഏതു സ്ഥലത്താണ് നമുക്ക് വെളിച്ചം വേണ്ടത്, എന്ന് തീരുമാനിച്ച്, ആ ഭാഗത്തേക്ക് ആവശ്യമായ ലൈറ്റ് ഉറപ്പുവരുത്തുക തന്നെ വേണം. ഉദാഹരണത്തിന്, ഇന്റീരിയർ ഡിസൈനിങ്ങിന്റെ ഭാഗമായി കണ്ണാടിക്കുപിന്നിൽ സ്ട്രിപ്പ് ലൈറ്റ് കൊടുക്കുന്നതിനേക്കാൾ പ്രധാനമാണ്, പ്രധാനവാതിലിനു നേരെയോ, അടുക്കള ഭാഗത്തോ ഉള്ള സ്റ്റെപ്പിൽ പാമ്പോ ചേരയോ പതുങ്ങിയിരിപ്പുണ്ടോ എന്നുകാണാൻ വേണ്ടുന്ന വെളിച്ചം.

പാഷ്യോയിലെ ബുദ്ധ പ്രതിമയുടെ മുഖത്തേക്ക് വെളിച്ചം കൊടുക്കുന്നത് നല്ലതുതന്നെ, എന്നാൽ അതോടൊപ്പം പ്രധാനമാണ് സ്റ്റോർ റൂമിലെ റാക്കുകളിലേക്ക് കണ്ണ് കാണാനായി ഒരു മിനിമം വെളിച്ചം എത്തിക്കുന്നത്. 

ഇതുപോലെത്തന്നെ പ്രാധാന്യം ഉള്ളതാണ് ഈ ലൈറ്റുകളുടെ പരിപാലനം. ഈ ലൈറ്റുകൾ ഏതൊരാൾക്കും എളുപ്പത്തിൽ പരിപാലിക്കാവുന്നതും മാറ്റിയിടാൻ കഴിയുന്നതും ആവണം. നിലവിൽ കേരളത്തിലെ പലവീടുകളിലും വിളക്കുകൾ സ്ഥാനം പിടിച്ചിരിക്കുന്നത് രണ്ടാം നിലയിലെ സൺഷെയിഡിലോ, ഡൈനിങ് ഹാളിലെ ഡബിൾ ഹൈറ്റിലോ ഒക്കെയാണ്. ഒരു ബൾബ് ഫ്യൂസ് ആയാൽ മാറ്റിയിടാൻ കേരള ഫയർഫോഴ്‌സ് വരേണ്ട അവസ്ഥയാണ്! ഇതുണ്ടാവരുത്. ഒരു ലൈറ്റിന്റെ സ്ഥാനം നിർണ്ണയിക്കുമ്പോൾ തന്നെ അതിന്റെ പരിപാലനവും മനസ്സിൽ ഉണ്ടാവണം. കാരണം വീട്ടിനകത്തെ ഓരോ വിളക്കും പ്രകാശിക്കുന്നത് കേവലം കെട്ടിടത്തിനകത്തേക്കു മാത്രമല്ല. അതിനകത്തു ജീവിക്കുന്നവരുടെ മനസ്സുകളിലേക്ക് കൂടിയാണ്.

***

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ, വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.‌ email- naalukettu123@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com