ലോകത്തിലെ ആദ്യ 3D പ്രിന്റഡ് പള്ളി തുറന്ന് സൗദി അറേബ്യ
Mail This Article
ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കെട്ടിടങ്ങൾ നിർമിക്കുന്ന രീതി തരംഗമാവുകയാണ്. കേരളത്തിലെ ആദ്യ 3ഡി പ്രിന്റഡ് കെട്ടിടവും അടുത്തിടെ സജ്ജമായിരുന്നു. ഇപ്പോഴിതാ ത്രീഡി പ്രിന്റിങ്ങിലൂടെ നിർമാണം പൂർത്തീകരിച്ച ലോകത്തിലെ ആദ്യ മോസ്ക് തുറന്നിരിക്കുകയാണ് സൗദി അറേബ്യയിൽ. ജിദ്ദയിലെ അൽ ജൗഹറയിലാണ് നിർമാണമേഖലയിലെ അദ്ഭുതമെന്ന് വിശേഷിപ്പിക്കാവുന്ന ഈ പള്ളി സ്ഥിതിചെയ്യുന്നത്.
അന്തരിച്ച പ്രമുഖ വ്യവസായി അബ്ദുൽ അസീസ് അബ്ദുല്ല ഷർബത്‌ലിയുടെ ഭാര്യയും സൗദി സംരംഭകയുമായ വജ്‌നത്ത് അബ്ദുൾവഹീദാണ് പള്ളി നിർമിക്കാൻ മുൻകൈയെടുത്തത്. പള്ളിക്ക് നൽകിയിരിക്കുന്നതും ഷർബത്‌ലിയുടെ പേരാണ്
ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയിൽ പേരെടുത്ത ചൈനീസ് കമ്പനിയായ ഗ്വാൻലിയിൽ നിന്നുമാണ് പള്ളിയുടെ നിർമാണത്തിനുള്ള അത്യാധുനിക പ്രിന്ററുകൾ തിരഞ്ഞെടുത്തത്. 5600 ചതുരശ്ര മീറ്ററാണ് (60000 ലേറെ സ്ക്വയർഫീറ്റ്) പള്ളിയുടെ സ്ഥലവിസ്തൃതി. ആറുമാസം മാത്രമാണ് പള്ളി പൂർത്തിയാക്കാൻ വേണ്ടിവന്നത്. മുനിസിപ്പൽ റെഗുലേറ്ററി മാനദണ്ഡങ്ങൾ പൂർണമായി പാലിക്കപ്പെട്ടിട്ടുണ്ട്.
പള്ളിയുടെ നിർമാണത്തിലൂടെ കെട്ടിട നിർമാണ മേഖലയിൽ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ആദ്യ രാജ്യങ്ങളുടെ പട്ടികയിൽ സൗദിയും ഇടം നേടിക്കഴിഞ്ഞു. സമീപഭാവിയിൽ കെട്ടിട നിർമാണമേഖലയിൽ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ ഈ നിർമാണ രീതി പ്രചോദനമാകും.
സുസ്ഥിരതയും ഉപയോഗക്ഷമതയും ഒരേപോലെ ഉറപ്പുവരുത്താനായി എന്നതാണ് മറ്റൊരുകാര്യം. സ്വകാര്യമേഖലയിൽനിന്ന് ഇത്തരം ഉദ്യമങ്ങൾക്ക് മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നതും പള്ളിയുടെ നിർമാണവും സ്വീകാര്യതയും വ്യക്തമാക്കി തരുന്നുണ്ട്.