പ്രഫഷനൽ കില്ലറും എലിക്കെണി ബോണ്ടും: ചില കെട്ടിടനിർമാണ നർമങ്ങൾ
Mail This Article
നിലവിൽ സിവിൽ എൻജിനീയറായാണ് ജോലിചെയ്യുന്നതെങ്കിലും ഞാൻ ആദ്യമായി പ്രതിഫലം വാങ്ങി ചെയ്ത ജോലി ഒരു പ്രൊഫഷനൽ കില്ലറുടെതാണ്! നമ്മുടെ പവനായിയെപ്പോലെ കോട്ടും തൊപ്പിയും ഇട്ട കില്ലർ അല്ല, നിക്കറും കയ്യില്ലാത്ത ബനിയനും ഒക്കെ ഇട്ട ഒരു ഡ്യൂക്കിലി കില്ലർ.
സംഗതി ഇങ്ങനെയാണ്.
അഞ്ചാം ക്ളാസിലോ മറ്റോ പഠിക്കുമ്പോഴാണ് കയ്യിൽ ഒരു എലിക്കെണിയുമായി കൃഷ്ണയ്യർ എന്നെയും സുഹൃത്ത് ഷബീറിനെയും സമീപിക്കുന്നത്. ഒരു എലി കുടുങ്ങിയിട്ടുണ്ട്, അതിനെ കൊന്നുതരണം. 'ഈ എലിയെ അയ്യർക്കു തന്നെ വകവരുത്തിക്കൂടേ' എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. പാടില്ല. കൃഷ്ണയ്യർ ഒരു പൂജാരിയാണ്. പൂജാരി പാപം ചെയ്യില്ല.
അങ്ങനെ ഞാനും ഷബീറും കൂടി എലിയെ ഒരു ചാക്കിനകത്തേക്കു ചാടിച്ചു, പിന്നെ കല്ലും വടിയും ഉപയോഗിച്ച് അതിനെ മൃഗീയമായി വകവരുത്തി. ഓപ്പറേഷൻ വിജയകരമായി പൂർത്തിയായപ്പോൾ അയ്യർ മുണ്ടിന്റെ മടിക്കുത്തിൽനിന്ന് 25 പൈസ എടുത്ത് ഞങ്ങൾക്ക് തന്നു. അതാണ് മേൽപറഞ്ഞ പ്രതിഫലം.
സംഗതി കൊള്ളാമെന്ന് ഞങ്ങൾക്കും തോന്നി. ഏതാനും ദിവസം കഴിഞ്ഞപ്പോൾ കയ്യിൽ എലിക്കെണിയുമായി അയ്യർ വീണ്ടും പ്രത്യക്ഷപെട്ടു. പക്ഷേ ഞാൻ ആ ക്വട്ടേഷൻ നിരസിച്ചു. കാരണം, ഈ ചാക്ക് ഉപയോഗിച്ചുള്ള മൂഷികവധം വലിയ പാടാണ്, എലി ചാടിപ്പോകാനും സാധ്യതയുണ്ട്.
അപ്പോഴാണ് ഷബീർ ആ മില്യൻ ഡോളർ ഐഡിയ പറയുന്നത്.
" നമുക്ക് എലിയെ വെള്ളത്തിൽ മുക്കി കൊല്ലാം"
അങ്ങനെ ഞങ്ങൾ ക്വട്ടേഷൻ ഏറ്റെടുത്തു, എലിപ്പെട്ടി വെള്ളത്തിൽ മുക്കിപ്പിടിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനായി അതിന്മേൽ ഒരു ഇഷ്ടികയും കയറ്റിവച്ചു. ഈ രീതിയിൽ നിരവധി മൂഷികർ അടുത്ത മാസങ്ങളിൽ ജലസമാധിയടഞ്ഞു.
അയ്യരുടെ വീട്ടിലെ എലികൾ മുഴുവൻ തീർന്നതിനാലാണോ അതോ മൂഷികവധത്തിന് ചെലവുകുറഞ്ഞ വേറെ എന്തെങ്കിലും സാങ്കേതികവിദ്യ അയ്യർ വികസിപ്പിച്ചെടുത്തതിനാലാണോ എന്തോ, പിൽക്കാലത്ത് ഈ കലാരൂപം അന്യം നിന്നുപോയി, ഞാൻ ഹൈസ്‌കൂൾ പഠനത്തിനായി ഷൊർണൂർ ടെക്നിക്കൽ ഹൈസ്‌കൂളിലേക്കും പോയി.
ഇക്കഴിഞ്ഞ ദിവസം വീടിനകത്തെ ചൂട് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചർച്ചയിൽ പങ്കെടുക്കവെ ആർക്കിടെക്ട് ശങ്കർ സാർ 'എലിക്കെണി' പടവിനെക്കുറിച്ചു പറഞ്ഞപ്പോളാണ് തന്റെ ഭൂതകാലം കൃഷ്ണവർമ്മ ഓർത്തെടുക്കുന്നത്.
എന്താണീ 'എലിക്കെണി കെട്ട്'..?
എലിക്കെണി പടവ്, അഥവാ എലിക്കെണി കെട്ടിന്റെ ഇംഗ്ളീഷ് പേര് 'റാറ്റ് ട്രാപ്പ് ബോണ്ട്' എന്നാണ്. അതിനു മുൻപ് 'ബോണ്ട്' എന്താണെന്ന് പറയാം. നാം ചുമർ/ ഭിത്തി നിർമിക്കുമ്പോൾ പടവിന് വേണ്ടി ഇഷ്ടികകൾ അടുക്കി കെട്ടിപ്പൊക്കുന്ന പല രീതികൾ ഉണ്ട്, ഇവയെയാണ് ബോണ്ടുകൾ എന്ന് പറയുന്നത്. ഇംഗ്ലിഷ് ബോണ്ട്, ഫ്ലെമിഷ് ബോണ്ട്, ഹെഡർ ബോണ്ട്, സ്ട്രക്ചർ ബോണ്ട്, ഡച്ചുബോണ്ട് എന്നിങ്ങനെ നിരവധി ബോണ്ടുകളുണ്ട്.
ഈ രീതിയിൽ ഇഷ്ടികകളെ ക്രമീകരിക്കുന്ന രീതി വരച്ചു പഠിച്ചും, വർക് ഷോപ്പിൽ നിർമിച്ച് പഠിച്ചുമാണ് ഓരോ എൻജിനീയറും കോഴ്സ് പൂർത്തിയാക്കുന്നത്. കൂടുതൽ അറിയേണ്ടവർ ഈ പേരുകൾ ഗൂഗിൾ ചെയ്തു നോക്കിയാൽ മതി. നമ്മുടെ വിഷയം എലിക്കെണി ബോണ്ടാണ്.
എന്താണ് ഇതിന്റെ പ്രത്യേകത..? എങ്ങനെയാണ് അത് വീടിനകത്തെ ചൂടിനെ തടയുന്നത്..?
അത് മനസ്സിലാക്കാൻ, നമുക്ക് ചൂട് എങ്ങനെയാണ് വീടിനകത്ത് എത്തുന്നത് എന്നറിയണം. ചൂട് പ്രസരിക്കുന്നത് മുഖ്യമായും മൂന്ന് രീതികളിലൂടെയാണ്.
ഒന്ന് - ചാലനം അഥവാ കണ്ടക്‌ഷൻ.
രണ്ട് - സംവഹനം അഥവാ കൺവെക്‌ഷൻ.
മൂന്ന് - വികിരണം അഥവാ റേഡിയേഷൻ .
ഇതിൽ രണ്ടാമത്തെ രീതി ദ്രാവകങ്ങളിലെ താപപ്രസരണം ആയതിനാൽ നമുക്ക് അതിനെ വിടാം.
വീടുകളിൽ ചൂട് കയറിക്കൂടുന്നത് ആദ്യത്തെയും അവസാനത്തെയും രീതികളിലാണ്. ഇതിലെ ആദ്യ രീതിയിയിലുള്ള കണ്ടക്‌ഷൻ വഴിയുള്ള ചൂടിന്റെ കടന്നുകയറ്റം തടയാനുള്ള ഉപാധിയാണ് ഈ റാറ്റ് ട്രാപ്പ് ബോണ്ട്.
എങ്ങനെ എന്ന് നമുക്ക് നോക്കാം.
സൂര്യനിൽനിന്ന് എത്തുന്ന ചൂട് നമ്മുടെ ഭിത്തികളിൽ പതിക്കുന്നു, ആ ചൂട് ഇഷ്ടികയിലൂടെ കണ്ടക്‌ഷൻ വഴി വീടിനകത്തെത്തുന്നു, അങ്ങനെ റൂമിന് ഉൾവശം ചൂടാകുന്നു. സാധാരണ കേസുകളിൽ സംഭവിക്കുന്നത് ഇങ്ങനെയാണ്.
എന്നാൽ ഈ റാറ്റ് ട്രാപ്പ് ബോണ്ട് ചൂടിന്റെ ഈ വരവിനെ വഴിയിൽ തടയും. കാരണം റാറ്റ് ട്രാപ്പ് ബോണ്ട് വേറെ ലെവലാണ്. അതിന്റെ ഉൾവശം പൊള്ളയാണ്.
ഞെട്ടണ്ട, സത്യമാണ്.
റാറ്റ് ട്രാപ്പ് ബോണ്ടിന്റെ അകവശവും പുറംവശവുമായി കാര്യമായ ഒരു ബന്ധവും ഇല്ല. എന്നാൽ ഒരു ബന്ധവും ഇല്ലേ എന്ന് ചോദിച്ചാൽ സ്ട്രക്ചറലായ കൂട്ടിപ്പിടുത്തത്തിന് വേണ്ട ബന്ധം ഉണ്ട്.
ഈ അകവശത്തിനും പുറംവശത്തിനും ഇടയ്ക്കുള്ള പൊള്ളയായ ഭാഗം പുറത്തുനിന്നുള്ള താപത്തെ ഇടയ്ക്കുവച്ച് തടയും. അങ്ങനെ ഭിത്തിയുടെ അകവശം ചൂടാകാതെ ഇരിക്കും, ഫലം വീടിനകത്തെ ചൂട് ഗണ്യമായി കുറയും.
എന്നാൽ ഇത് സംബന്ധമായ കുറെ ചോദ്യങ്ങൾ നിങ്ങൾക്കുണ്ട് എന്ന് എനിക്കറിയാം.
ഒന്നാമതായി ഇങ്ങനെ പൊള്ളയായ ഭിത്തികൾക്ക് ലോഡ് താങ്ങാനുള്ള കഴിവ് ഉണ്ടാകുമോ എന്നതാണ്.
കഴിയും. ഗുണനിലവാരം ഉള്ള ഇഷ്ടികകൾ എടുക്കണം എന്നുമാത്രം. കഴിയുമെങ്കിൽ കമ്പനി ഇഷ്ടികകളാണ് നല്ലത്. കൂടാതെ എല്ലാ മൂലകളിലും, ജോയിന്റുകളിലും ഇഷ്ടിക സോളിഡ് ആയാണ് കെട്ടുന്നത്.
കമ്പനി ഇഷ്ടികകൾ വാങ്ങുമ്പോൾ ചെലവ് കൂടില്ലേ എന്നതാണ് മറ്റൊന്ന്. കമ്പനി ഇഷ്ടികകൾക്കു വില കൂടുതലാണ്. എന്നാൽ ഭിത്തികെട്ടാൻ ഈ രീതി അവലംബിക്കുമ്പോൾ ഇരുപതു ശതമാനത്തോളം ഇഷ്ടികകൾ കുറയും.
കൂടാതെ റാറ്റ് ട്രാപ്പ് ബോണ്ട് സ്വതവേ ബാഹ്യഭംഗിയുള്ളതായതിനാൽ പ്ലാസ്റ്ററിങ് വേണമെങ്കിൽ ഒഴിവാക്കാം. എല്ലാ മേസന്മാർക്കും ഈ ബോണ്ടിൽ പടവുപണി ചെയ്യാൻ കഴിയുമോ എന്നതാണ് ഇനിയൊന്ന്. കഴിയില്ല. അതിനുള്ള പരിശീലനം വേണം. എന്നാൽ അതത്ര ബുദ്ധിമുട്ടുള്ള ഏർപ്പാടൊന്നുമല്ല. ഒന്നോ രണ്ടോ ദിവസം കൊണ്ട് മേസണ് ഇത് പഠിച്ചെടുക്കാവുന്നതേയുള്ളൂ. മലപ്പുറത്തുണ്ടായിരുന്ന മേസ്തിരി വിജയൻ ചേട്ടന്റെ അടുത്തുനിന്നാണ് ഞാൻ ഇതിന്റെ പ്രായോഗിക ബാലപാഠങ്ങൾ പഠിക്കുന്നത്.
പറഞ്ഞു വന്നത് എന്റെ അധോലോക ഭൂതകാലത്തെപ്പറ്റിയും, എലിക്കെണി പടവുകൊണ്ട് എങ്ങനെ വീടിനകത്തെ ചൂട് കുറയ്ക്കാം എന്നതിനെപ്പറ്റിയുമാണ്. എന്നാൽ റേഡിയേഷൻ അഥവാ വികിരണം വഴി വീടിനകത്തേക്കുള്ള ചൂടിന്റെ കടന്നുവരവിനെപ്പറ്റി പറയാനായി ഒരു വരവ് കൂടി വരേണ്ടി വരും.
***
കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ, വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്. email- naalukettu123@gmail.com
***