സ്ഥിരതാമസമില്ലാത്ത വീട്: ഉടമ തിരിച്ചെത്തിയപ്പോൾ വീട്ടിൽ പുതിയ താമസക്കാർ!
Mail This Article
ജോലി സംബന്ധമായും മറ്റും വീട് പൂട്ടിയിട്ട് ഏറെനാൾ മാറിനിൽക്കേണ്ടി വരുമ്പോൾ മിക്കവർക്കും ഭയം കള്ളന്മാരെയാണ്. എന്നാൽ യുകെയിലെ ല്യൂട്ടൺ ടൗൺ സ്വദേശി മൈക്ക് ഹാൾ വീട്ടിൽനിന്ന് മാറിനിന്ന സാഹചര്യത്തിൽ നഷ്ടപ്പെട്ടത് സ്വന്തം വീടുതന്നെയാണ്. വീട്ടിൽ മറ്റാരോ താമസമാക്കിയെന്നറിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് താൻപോലുമറിയാതെ വീടിന്റെ വിൽപന നടന്ന കാര്യമറിയുന്നത്.
1990ലാണ് റവ. മൈക്ക് ല്യൂട്ടണിൽ വീട് വാങ്ങിയത്. പിന്നീട് തൊഴിൽ സംബന്ധമായ കാര്യങ്ങൾക്കായി നോർത്ത് വെയിൽസിൽ ഏറെ കാലമായി താമസിച്ചു വരികയായിരുന്നു. രണ്ടു പതിറ്റാണ്ടോളം വീട് അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ തുടർന്നു.
2021 ലാണ് ആൾതാമസമില്ലാത്ത വീടിനുള്ളിൽ ലൈറ്റുകൾ പതിവായി ഓണായി കിടക്കുന്നുണ്ടെന്ന് അയൽവാസികൾ പറഞ്ഞ് അദ്ദേഹം അറിയുന്നത്. ല്യൂട്ടണിലേക്കെത്തിയ മൈക്ക് കണ്ടതാകട്ടെ തന്റെ സ്വന്തം വീട്ടിൽ പുതിയ താമസക്കാർ അവരുടെ ഇഷ്ടത്തിനൊത്ത് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതാണ്. കൈവശം ഉണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് വീടിന്റെ മുൻവാതിൽ തുറക്കാൻ ശ്രമിച്ചപ്പോഴേക്കും ഉള്ളിൽനിന്ന് മറ്റൊരു വ്യക്തി വാതിൽ തുറന്നു.
എന്താണ് നടന്നതെന്ന് കണ്ടെത്താനുള്ള അന്വേഷണമായിരുന്നു പിന്നീട്. ഏതോ അജ്ഞാതർ വീട്ടുടമ ചമഞ്ഞു 131000 പൗണ്ടിന് (1.37 കോടി രൂപ) വീട് വിൽക്കുകയായിരുന്നു. മൈക്കിന്റെ പേരിൽ വ്യാജ ഡ്രൈവിങ് ലൈസൻസ് നിർമിച്ചാണ് വിൽപനയ്ക്കുള്ള രേഖകൾ തയാറാക്കിയത്. ഇതിനായി മൈക്കിന്റെ പേരിൽ വ്യാജബാങ്ക് അക്കൗണ്ടും എടുത്തിരുന്നു. എന്നാൽ ഇതൊരു തട്ടിപ്പാണെന്ന കാര്യം അറിയാതെയാണ് പുതിയ ഉടമ വീട് വാങ്ങിയിരുന്നത്.
ഇത്രയേറെ തെളിവുകൾ ശേഖരിക്കാനായെങ്കിലും രണ്ടുവർഷക്കാലം സ്വന്തം വീട് തിരിച്ചുപിടിക്കാനായി മൈക്കിന് നിയമ പോരാട്ടം നടത്തേണ്ടി വന്നു. ഒടുവിൽ ഏതാനും മാസങ്ങൾക്കുമുൻപാണ് ലാൻഡ് രജിസ്ട്രിയിൽ 'വീടിന്റെ ഉടമ' എന്ന നിലയിൽ അദ്ദേഹത്തിന്റെ പേര് വീണ്ടും ചേർക്കപ്പെട്ടത്.