ADVERTISEMENT

മലയാളികൾ സ്വപ്നവീട് പൂർത്തിയാക്കിയാൽ അടുത്തഘട്ടമായി മുറ്റം അലങ്കരിക്കാൻ പ്ലാനിടും. പക്ഷേ വീടുപണി കഴിയുമ്പോൾത്തന്നെ സാധാരണക്കാർ സാമ്പത്തികമായി ബുദ്ധിമുട്ടിലാകും. അതിനാൽ മുറ്റം വിരിക്കാൻ വില കുറഞ്ഞ ഇന്റർലോക്കിലേക്ക് പലരുംപോകും. എന്നാൽ ഇന്റർലോക്കിന്റെ ബജറ്റിൽത്തന്നെ മുറ്റം വിരിക്കാൻ നാച്ചുറൽ സ്‌റ്റോണുകൾ ലഭ്യമാണ്. ഉപഭോക്താവിന്റെ സാമ്പത്തികശേഷിക്കനുസരിച്ച് അനുയോജ്യമായവ തിരഞ്ഞെടുക്കാൻ സാധിക്കും. ഇന്റർലോക്കുകളെ അപേക്ഷിച്ച് നാച്ചുറൽ സ്‌റ്റോണുകൾക്ക് നിരവധി ഗുണങ്ങളുണ്ട്. കൂടുതൽ ഈടുനിൽക്കും, മെച്ചപ്പെട്ട ഭാരവഹനശേഷി, താപപ്രതിരോധം എന്നിവയാണ് മേന്മകൾ. 

വിപുലമായ ശ്രേണിയിൽ നാച്ചുറൽ സ്റ്റോണുകൾ ലഭ്യമാണ്. കല്ലുകൾ തിരഞ്ഞെടുക്കുമ്പോൾ ഭാരം താങ്ങാനുള്ള ശേഷി (load compressive strength) നോക്കിവാങ്ങണം. വീട്ടിൽ ഉപയോഗിക്കുന്ന കാർ, ബൈക്ക് തുടങ്ങിയ വാഹനങ്ങൾ കയറ്റാനായി 40mm കനത്തിലുള്ള സ്റ്റോണുകൾ മതിയാകും. എന്നാൽ ഭാരമുള്ള വാഹനങ്ങൾ കയറുന്ന മുറ്റമാണെങ്കിൽ ശേഷി കൂടുതലുള്ള കല്ലുകൾ വിരിക്കണം. അല്ലാത്തപക്ഷം പൊട്ടിപ്പോകാനിടയുണ്ട്. 50mm സ്റ്റോണിൽ ടാങ്കർ, ടെമ്പോ തുടങ്ങിയ ഹെവിവാഹനങ്ങൾ കയറ്റാം.

കടപ്പാസ്‌റ്റോൺ-ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭിക്കുന്നത് കടപ്പാക്കല്ലാണ്. സ്ക്വയർഫീറ്റിന് ഏകദേശം 55 രൂപയാണ് നിരക്ക്. കല്ലുകൾ പല വലുപ്പത്തിലും കനത്തിലും (10mm, 20mm, 40mm, 50mm) ലഭ്യമാണ്. കനം കുറയുന്നതിനനുസരിച്ച് വിലയും കുറയും.

താന്തൂർ സ്‌റ്റോൺ-കുറച്ചുകൂടി ബജറ്റ് വിനിയോഗിക്കാവുന്നവർക്ക് താന്തൂർ സ്‌റ്റോൺ (tandoor stone) തിരഞ്ഞെടുക്കാം. സ്ക്വയർഫീറ്റിന് ഏകദേശം 60 രൂപയാണ് വില. കനം കുറയുന്നതിനനുസരിച്ച് വിലയും കുറയും. താന്തൂർ സ്‌റ്റോൺ മഞ്ഞ, ഗ്രേ, പർപ്പിൾ തുടങ്ങി 4 നിറങ്ങളില്‍ ലഭ്യമാണ്. താന്തൂർ, കടപ്പ സ്‌റ്റോണുകൾ ചെറിയ പീസുകളായും (cobble stone) ലഭ്യമാണ്. ഇഷ്ടമുള്ള ഡിസൈനുകൾ മുറ്റത്ത് ഒരുക്കാൻ ഇതിലൂടെ സാധിക്കും. ഉദാഹരണത്തിന് റൗണ്ട്, ആർച്ച് രൂപങ്ങൾ കോബിൽ സ്റ്റോൺ വിരിച്ച് ഒരുക്കാൻ കഴിയും.

ജനപ്രിയൻ ബാംഗ്ലൂർ സ്റ്റോൺ 

natural-stone-landscape

നാച്ചുറൽ സ്‌റ്റോണുകൾക്കിടയിൽ ഏറ്റവും ജനപ്രീതിയുള്ളത് ബാംഗ്ലൂർ സ്റ്റോണിനാണ്. മെച്ചപ്പെട്ട ഭാരവഹന ശേഷി, പല ഫിനിഷുകളിൽ ലഭ്യമാകുന്നത്, താപപ്രസരണം കുറവ് എന്നീ ഗുണങ്ങളാണ് കാരണം. പക്ഷേ താന്തൂർ, കടപ്പ കല്ലുകളെ അപേക്ഷിച്ച് ബാംഗ്ലൂർ സ്റ്റോണിന് വില കൂടുതലായിരിക്കും. സ്ക്വയർഫീറ്റിന് ഏകദേശം 110 രൂപയാണ് വില. 

ബാംഗ്ലൂർ സ്റ്റോൺ റഫ്, ഫ്ളയിംഡ് തുടങ്ങിയ ഫിനിഷുകളിൽ ലഭ്യമാണ്. ഫിനിഷിങ്ങില്‍ വ്യത്യാസം വരുന്നതിനനുസരിച്ച് വിലയും കുറയും. റഫ് ഫിനിഷിൽ സ്ക്വയർഫീറ്റിന് 100 രൂപയും 50 mm കനത്തിൽ വരുമ്പോൾ സ്ക്വയർഫീറ്റിന് 110 രൂപയും ആകും. ബാംഗ്ലൂർ സ്റ്റോൺ ബ്ലാക്ക്, ഗ്രേ, യെലോ, റെഡ് കളറുകളിൽ ലഭ്യമാണ്. ബ്ലാക്ക് കളർ 20mm കനത്തിൽ വരുന്ന സ്റ്റോണിന് 100–110 രൂപയാണ് റേറ്റ് . 30mm, 40mm, 50mm തുടങ്ങി എല്ലാ സൈസിലും ഇത് ലഭ്യമാണ്. ബാംഗ്ലൂർ സ്റ്റോണും ചെറിയ സൈസുകളിൽ (cobblestone) ലഭ്യമാണ്.

ചൂടുകാലത്തും അനുയോജ്യം...

stone-paving
Representative Image: Photo credit:LiuNian /istock.com

ഇന്റർലോക്കുകളുടെ പ്രധാന പോരായ്മ, ചൂടുകാലത്ത് ചുട്ടുപഴുക്കും, വൈകുന്നേരം ചൂടിനെ വീട്ടിലേക്ക് പ്രതിഫലിപ്പിക്കും എന്നതാണ്. എന്നാൽ നാച്ചുറൽ സ്‌റ്റോൺ ചൂടാണെങ്കിലും തണുപ്പാണെങ്കിലും വേഗം ആഗിരണം ചെയ്യും. വിസരണം ചെയ്യുന്നത് കുറവുമാണ്. ഉള്ളതിൽ കൂടുതൽ താപപ്രതിഫലനമുള്ളത് കടപ്പാക്കല്ലിനാണ്. കുറവ് ബാംഗ്ലൂർ സ്‌റ്റോണിനും.

മഴവെള്ളം ഭൂമിയിലിറക്കാം...

natural-stone-grass
Representative Image: Photo credit:arztsamui /istock.com

പൊതുവെ മുറ്റം കല്ലുവിരിക്കുമ്പോൾ പലരും ഉന്നയിക്കുന്ന വിമർശനം മഴവെള്ളം ഭൂമിയിലിറക്കാതെ ഒഴുക്കിവിടുന്നു എന്നതാണ്. എന്നാൽ ഇത് രണ്ടുവിധത്തിലും ചെയ്യാൻസാധിക്കും. കല്ലുകൾ വിരിക്കുംമുൻപ് ബേബിമെറ്റലോ പെബിൾസൊ വിരിച്ച് ബേസ് ഒരുക്കിയാൽ കല്ലുകളുടെ വിടവിലൂടെ മഴവെള്ളം ഭൂമിയിലിറക്കാം. പോയിന്റിങ് ചെയ്തോ ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ചോ ഗ്യാപ് ഫിൽ ചെയ്യുകയാണെങ്കിൽ വെള്ളം ഭൂമിയിൽ ഇറങ്ങില്ല, പകരം സ്ലോപ് ചെയ്യുന്നത് അതനുസരിച്ച് വെള്ളം ഒഴുകി പോവും.

വഴുക്കൽ, പായൽ സാധ്യത കുറവ്...

ഇന്റർലോക്ക് കട്ടകളെക്കാൾ ഗ്രിപ്പുള്ള മെറ്റീരിയലാണ് നാച്ചുറൽ സ്റ്റോൺ. അതിനാൽ ഇന്റർലോക്കിനെ അപേക്ഷിച്ച്  വഴുക്കൽ, പായൽ, ഉണ്ടാകാനുള്ള സാധ്യത കുറവാണ്. തുടർച്ചയായി വെള്ളം വീഴുന്നിടത്താണ് പായലും പൂപ്പലും വരാൻ സാധ്യതയുള്ളത്. ഇവിടെ കല്ലുകൾ വെള്ളം ഭൂമിയിൽ ഇറങ്ങുംവിധമോ ഒഴുക്കിവിടുംവിധമോ വിരിക്കുന്നതിനാൽ വഴുക്കൽ സാധ്യത കുറവാണ്.

ചുരുക്കത്തിൽ മുറ്റം വിരിക്കാൻ ഇന്റർലോക്ക് കട്ടകളേക്കാൾ അനുയോജ്യം നാച്ചുറൽ സ്റ്റോണാണ്. നിങ്ങളുടെ സാമ്പത്തികശേഷിക്കനുസരിച്ച് അനുയോജ്യമായവ തിരഞ്ഞെടുക്കൂ.

English Summary:

Selecting Natural Stone for Landscaping- Things to know-Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com