ADVERTISEMENT

ഏത് ഗുളികൻ കയറിയ നേരത്താണ് എനിക്ക് 'വീട് വയ്ക്കണം' എന്ന ചിന്ത വന്നത് എന്നറിയില്ല. അതും കോവിഡ് ലോക്ഡൗൺ കഴിഞ്ഞ സമയത്ത്...പറഞ്ഞു വരുന്നത് 15000 രൂപ കയ്യിൽ വച്ച് വീട് നിർമിക്കാൻ പ്ലോട്ട് ലെവൽ ചെയ്യാൻ തുടങ്ങിയ എന്നെ കുറിച്ചാണ്. എന്റെ അനുഭവത്തിൽ ഒരു വീട് വയ്ക്കാൻ തുടങ്ങിയാൽ, പിന്നെ 5000 കിലോമീറ്റർ ഓട്ടമത്സരത്തിന് പങ്കെടുത്തപോലെയാണ്.

പ്ലോട്ട് ലെവൽ ചെയ്യാൻ തുടങ്ങിയപ്പോഴാണ് അവിടെ മൊത്തം പാറയാണ് എന്നറിയുന്നത്. അത് ക്ലിയർ ചെയ്യാൻ ചാർജ് 80000 രൂപ, കയ്യിൽ ഉള്ളതോ 15000 രൂപ! ഒരുവിധം തട്ടിക്കൂട്ടി രണ്ടാഴ്ച കൊണ്ട് പ്ലോട്ട് നിരപ്പാക്കി.

ഇനി വീടിന്റെ പ്ലാനിനെ കുറിച്ചാണ്...

9 വർഷമായി സിവിൽ എൻജിനീയറിങ് മേഖലയിൽ ജോലിചെയ്യുന്ന ഞാനും 40 വർഷമായി നാട്ടിലെ പ്രശസ്ത വാസ്തുശില്പിയായ പിതാജിയും കൂടി വരച്ച പ്ലാനിൽ വാസ്തുശാസ്ത്രം തീരെ ഇല്ല.

ഇനി ലോണിനു വേണ്ടിയുള്ള ഓട്ടം ആരംഭിക്കുന്നു...

കോവിഡ് കഴിഞ്ഞ സമയത്ത് നാഷണലൈസ്ഡ് ബാങ്ക് മാത്രമല്ല, ജില്ലാ ബാങ്ക് പോലും ലോൺ തരുന്നില്ല, കാരണം അവർക്ക് സാലറി സർട്ടിഫിക്കറ്റ്, NRI സർട്ടിഫിക്കറ്റ്, അതുമല്ലെങ്കിൽ മൂന്ന് വർഷത്തെ ഇൻകം ടാക്സ് റിട്ടേൺ (ITR) ഫയൽ ചെയ്തതിന്റെ കോപ്പി വേണം.

ഇതൊന്നും ഇല്ലാത്ത സാധാരണക്കാരനായ എനിക്ക് ലോൺ കിട്ടിയില്ല, അവസാനം ഒരു കോഓപ്പറേറ്റീവ് ബാങ്കിൽനിന്ന് ലോൺ തരാമെന്ന് പറഞ്ഞു. 

ഇനി ഡോക്യൂമെന്റസ് റെഡി ആക്കാനുള്ള ഓട്ടമാണ്, അങ്ങനെ 2 മാസത്തിന് ശേഷം ലോൺ കിട്ടി, പക്ഷേ വീടുപണി മൊത്തം തീർക്കാനുള്ള ലോൺ അവിടെനിന്ന് എടുക്കാൻ പറ്റിയില്ല, EMI വലിയ തുകയാണ്. 

ഒരു വർഷം കടന്നുപോയി.

ഇതിനിടയിൽ ഞാൻ സാലറി സർട്ടിഫിക്കറ്റ്, ITR തുടങ്ങിയ കാര്യങ്ങൾ ചെയ്തുവച്ചു. മറ്റൊരു സ്വകാര്യ ബാങ്കിൽ പോയപ്പോൾ അവർ ഡോക്യുമെന്റ് ചെക്ക് ചെയ്ത് ലോൺ തരാമെന്ന് പറയുകയും, അപ്ലൈ ചെയ്യാനുള്ള ലിങ്ക് അയക്കുകയും ചെയ്തു, തുടർന്ന് ഫീസ് അടച്ചു അപ്ലൈ ചെയ്തു. പക്ഷേ ഞാൻ ജോലി ചെയ്യുന്നത് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിലല്ല എന്നുപറഞ്ഞു ലോൺ റിജക്ട് ചെയ്തു. അപേക്ഷാഫീസ് പോയത് മിച്ചം.

എങ്കിലും പരിശ്രമം തുടർന്നു. മറ്റൊരു സ്വകാര്യ ബാങ്കിൽ അന്വേഷിച്ചു. അവിടെയുള്ള മാനേജരുടെ നല്ല മനസ്സിന് ലോൺ സെറ്റായി. പക്ഷേ അവരുടെ വക്കീൽ കുറെ ഓടിച്ചു. അവസാനം എല്ലാം ശരിയായപ്പോൾ അടുത്ത പ്രതിസന്ധിയെത്തി. ടേക്ക് ഓവർ മാത്രമേ ഇപ്പോൾ ചെയ്യാൻ പറ്റുകയുള്ളൂ, ബാക്കിതുക കിട്ടാൻ ഇനിയും 6 മാസം കഴിയണം എന്ന്, മാത്രമല്ല വീടുപണി പൂർത്തിയാക്കാനും പറഞ്ഞു. ചുരുക്കത്തിൽ, കാശില്ലാത്ത സാധാരണക്കാരൻ വീടുപണിക്കിറങ്ങിയാൽ എന്താകുമെന്ന് അനുഭവംകൊണ്ടുബോധ്യമായി.

എന്നാലും തോൽക്കാൻ മ്മളെ കിട്ടില്ലല്ലോ, 4000 കിലോമീറ്റർ ഓടി വന്നതല്ലേ, ഇനി 1000 കിലോമീറ്റർ അല്ലെ ബാക്കിയുള്ളൂ!...

അങ്ങനെ കുറച്ചു സമ്പാദ്യവും ബാക്കി എവിടെ നിന്നൊക്കെയോ കടവുംവാങ്ങി വീടുപണി പൂർത്തിയാക്കി, പഞ്ചായത്തിൽനിന്ന് ഓണർഷിപ് വാങ്ങി. എന്നാലും ഇനിയും പണികൾ ബാക്കിയുണ്ട്...

ഇടയ്ക്ക് പണിക്കാരുമായി കുറെ മൽപിടുത്തങ്ങൾ, ഓട്ടങ്ങൾ ഇവിടെ പറയാൻ വിട്ടുപോയിട്ടുണ്ട്. . ചുരുക്കി പറഞ്ഞാൽ നമ്മളെ നന്നായി അറിയുന്നവർക്ക് ഒരിക്കലും വീടുപണി കൊടുക്കരുത്. തിരിച്ചു 'പണി' ഇങ്ങോട്ട് കിട്ടും. അവസാനഘട്ടത്തിൽ ഞാൻ തന്നെ കളത്തിൽ ഇറങ്ങി. ഫർണിച്ചർ പോളിഷിങ് അടക്കമുള്ള കാര്യങ്ങൾ സ്വയം ചെയ്തു. മ്യൂറൽ പെയിന്റിങ്, വോൾ പെയിന്റിങ് എല്ലാം ഞാൻ തന്നെ ചെയ്തതാണ്.

ഇനി എന്നെപ്പറ്റി ചുരുക്കി പറയാം.

youth-house-inside

ചെറുപ്പം മുതൽ കേൾവിക്കുറവ് ഉള്ളയാളാണ് ഞാൻ. അന്നുതൊട്ട് ഇന്നുവരെ തളർത്താൻ ഒരുപാട് ആളുകൾ എന്റെ ജീവിതത്തിൽ കടന്നു വന്നിട്ടുണ്ട്. ഒരുപാട് പരിഹാസം കേട്ടിട്ടുണ്ട്, ചെറിയ പഠിത്തത്തിൽ ജീവിതം ഒതുങ്ങിയിട്ടുണ്ട്, അതുകാരണം PSC റാങ്ക് ലിസ്റ്റിൽനിന്ന്  റിജക്ട് ആയിട്ടുണ്ട്. ലൈസൻസ്ഡ് എൻജിനീയർ സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നിട്ടുണ്ട്. (പിന്നീട് എക്സ്പീരിയൻസ് വച്ചു അത് നേടിയെടുത്തു. Supervisor-B). സത്യം പറഞ്ഞാൽ നമ്മളെ അവഗണിക്കുംതോറും നമ്മൾക്ക് ജീവിതത്തോട് പ്രചോദനം കൂടിവരും, വാശി കൂടിവരും. ഇതാണ് എന്റെ പവർ... നാട്ടുകാർ സംവിധാനം ചെയ്തു നമ്മൾ അഭിനയിച്ചു തീർക്കുന്നതാവരുത് ജീവിതം.

അപ്പോൾ വീടുപണി കഴിഞ്ഞ സ്ഥിതിക്ക് ഒരു കല്യാണം കഴിക്കാൻ പെണ്ണിന് വേണ്ടിയുള്ള ഓട്ടത്തിലാണ്... 

English Summary:

Youth Share His Efforts and Journey towards his Dream Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com