ADVERTISEMENT

ഈയടുത്ത ദിവസങ്ങളിലായി സംസ്ഥാനത്ത് 11 ജില്ലകളിൽ പലയിടങ്ങളിലായി കുളമ്പുരോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കശാപ്പിനായി സംസ്ഥാനത്തിന്റെ പുറത്തുനിന്നു കൊണ്ടുവന്ന രോഗവാഹകരായ, വാക്സീൻ ചെയ്യാത്ത കന്നുകാലികളില്‍ നിന്നാണ് രോഗവ്യാപനം ഉണ്ടായത് എന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ നിഗമനം. 

കുളമ്പുരോഗം ഉണ്ടാക്കുന്ന വൈറസിന് സീറോടൈപ്പുകൾ എന്നറിയപ്പെടുന്ന 7 പ്രധാന വകഭേദങ്ങളുണ്ട്, ഓരോന്നിനും ഉപവകഭേദങ്ങൾ വേറെയുമുണ്ട്. മുൻവർഷങ്ങളിൽ രോഗമുണ്ടാക്കിയ വൈറസുകളിൽ നിന്നും വ്യത്യസ്തമായി ഏഷ്യ 1, എ എന്നീ സീറോടൈപ്പിൽപ്പെട്ട വൈറസുകളാണ് ഇത്തവണ സംസ്ഥാനത്ത് രോഗബാധ ഉണ്ടാക്കിയിരിക്കുന്നത്.

രോഗം കണ്ടെത്തിയ സ്ഥലങ്ങളിൽ പ്രത്യേകം അധിക പ്രതിരോധകുത്തിവയ്പ്പിനും മൃഗസംരക്ഷണവകുപ്പ് തുടക്കമിട്ടിട്ടുണ്ട്.      

വായുവിലൂടെ 60 കിലോമീറ്റർ വരെ പകർച്ച; മണ്ണിൽ നാലാഴ്ച, ചാണകസ്ലറിയിൽ ആറു മാസം വരെ വൈറസ് 

രോഗം ബാധിച്ചതോ രോഗവാഹകരോ ആയ കാലികൾ അവയുടെ നിശ്വാസവായുവിലൂടെയും ഉമിനീർ, പാൽ തുടങ്ങി മുഴുവൻ ശരീരസ്രവങ്ങളിലൂടെയും ചാണകത്തിലൂടെയും മൂത്രത്തിലൂടെയും വൈറസിനെ ധാരാളമായി പുറംതള്ളും. വായുവിലൂടെയും, രോഗബാധയേറ്റതോ രോഗാണുവാഹകരോ ആയ കന്നുകാലികളുമായുള്ള നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കത്തിലൂടെയുമാണ് കുളമ്പുരോഗം പ്രധാനമായും പടരുന്നത്. രോഗം ബാധിച്ച കന്നുകാലികളുടെ ചാണകവും മൂത്രവും ശരീരസ്രവങ്ങളും കലർന്ന് രോഗാണുമലിനമായ തീറ്റയിലൂടെയും വെള്ളത്തിലൂടെയും രോഗം വ്യാപിക്കും. ഫാമിലെത്തുന്ന വാഹനങ്ങളിലൂടെയും ഫാം ഉപകരണങ്ങളിലൂടെയുമെല്ലാം രോഗബാധയുള്ള സ്ഥലങ്ങളിൽ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് രോഗം പടരാം.

മനുഷ്യരെ ഈ രോഗം ബാധിക്കില്ലെങ്കിലും രോഗബാധയേറ്റ കന്നുകാലികളുമായി ഇടപഴകുന്നവർ വഴി അവരുടെ വസ്ത്രത്തിലൂടെയും പാദരക്ഷകളിലൂടെയുമെല്ലാം പരോക്ഷമായി രോഗം മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാം. രോഗബാധയുള്ള സ്ഥലങ്ങളിൽ നിന്നും വായുവിലൂടെ 60 കിലോമീറ്റർ വരെ ദൂരത്തേക്ക് വ്യാപിക്കാൻ വൈറസിന് ശേഷിയുണ്ട്. മാത്രമല്ല രോഗബാധിച്ചവയുടെ വിസർജ്യവും ശരീരസ്രവങ്ങളും കലർന്ന് മലിനമായ മണ്ണിൽ മൂന്ന് ദിവസം മുതൽ നാല് ആഴ്ച വരെ നിലനിൽക്കാനും ചാണകസ്ലറിയിൽ ആറു മാസം വരെ പിടിച്ചുനിൽക്കാനും കുളമ്പുരോഗവൈറസിന് ശേഷിയുണ്ട്.

വൈറസ് പശുക്കളിലെത്തി രണ്ട് മുതൽ പതിനാല് ദിവസത്തിനകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ശക്തമായ പനി, പേശികളുടെ വിറയൽ, ശരീരവേദന കാരണം നടക്കാനുള്ള പ്രയാസം, തീറ്റമടുപ്പ്, മൂക്കൊലിപ്പ് എന്നിവയാണ് പ്രാരംഭരോഗലക്ഷണങ്ങൾ. കറവയുള്ള പശുക്കളിൽ പാലുല്‍പാദനം ഒറ്റയടിക്ക് കുറയും. പശുക്കളുടെ വായില്‍ നിന്നും ഉമിനീര്‍ പതഞ്ഞ് പുറത്തേക്ക് ധാരധാരയായി നൂലുപോലെ ഒലിച്ചിറങ്ങുന്നതായി കാണാം. പശുക്കൾ വായ് തുറന്നടയ്‌ക്കുമ്പോൾ ഉമിനീർ പതഞ്ഞ് "ചപ്, ചപ്" എന്ന ശബ്ദം കേൾക്കാം. തുടർന്ന് ഒന്നോ രണ്ടോ ദിവസത്തിനകം വായയിലും നാക്കിലും മോണയിലും മൂക്കിലും അകിടിലും കുളമ്പുകൾക്കിടയിലും ചുവന്ന് തിണര്‍ത്ത് നീര് നിറഞ്ഞ പോളകൾ കണ്ടുതുടങ്ങും. ഇരുപത്തിനാലുമണിക്കൂറിനുള്ളില്‍ ഈ തിണര്‍പ്പുകള്‍ പൊട്ടി വ്രണങ്ങള്‍ ആയി തീരും. രോഗബാധയേറ്റ പശുക്കളുടെ വായ് പുളർന്ന് നാവും മോണയും പരിശോധിച്ചാൽ പുറംതൊലി പല ഭാഗങ്ങളിലായി അടർന്ന് മുറിവായതായി കാണാം. ഇത് കുളമ്പുരോഗം സംശയിക്കാവുന്ന പ്രധാനലക്ഷണമാണ്. രോഗാണു ഹൃദയപേശിയെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ പശു, എരുമ കിടാക്കളില്‍ മരണനിരക്ക് ഉയര്‍ന്നതാണ്. 

കുളമ്പുരോഗത്തിന് മരുന്നില്ല; പക്ഷേ ചികിത്സ വേണം; രോഗം സ്ഥിരീകരിച്ചാൽ ഉടൻ ചെയ്യേണ്ടത്

കന്നുകാലികളിൽ കുളമ്പുരോഗത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍ ഏതെങ്കിലും കണ്ടാല്‍ ഉടന്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ വിവരം അറിയിക്കണം. രോഗം കണ്ടെത്തിയതിന് ചുറ്റും ഒന്നുമുതൽ അഞ്ചു കിലോമീറ്റർ വരെ ചുറ്റളവിൽ രോഗവ്യാപനം തടയാൻ എല്ലാ കന്നുകാലികൾക്കും റിങ് വാക്സിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾക്ക് തുടക്കമിടാൻ വേണ്ടിയാണിത്. രോഗം സംശയിക്കുന്നവയെ പ്രത്യേകം മാറ്റി പാര്‍പ്പിച്ച് ചികിത്സയും പരിചരണവും നല്‍കണം. 

ഒരു വൈറസ് രോഗമായത് കൊണ്ടുതന്നെ കുളമ്പുരോഗത്തിന് എതിരെ പ്രത്യേകം മരുന്നുകളില്ല, മറിച്ച് രോഗത്തിന്റെ വിവിധ ലക്ഷണങ്ങളുടെ തീവ്രത കുറക്കാനാണ് ചികിത്സ നൽകുന്നത്. മാത്രമല്ല നമ്മുടെ നാട്ടിലെ സങ്കരയിനം പശുക്കളിൽ ഇപ്പോൾ കുരലടപ്പൻ, തൈലേറിയ, അനാപ്ലാസ്മ, ബബീസിയ തുടങ്ങിയ രോഗാണുക്കൾ ഇപ്പോൾ വ്യാപകമായി കാണുന്നുണ്ട്. കുളമ്പുരോഗം ബാധിച്ച് പശുക്കളുടെ ശരീരം സമ്മർദ്ദത്തിലാകുമ്പോൾ ഈ  രോഗാണുക്കൾ പെരുകാനും ഇത്തരം പാർശ്വാണുബാധകൾ മൂർച്ഛിക്കാനും കുളമ്പുരോഗത്തെ കൂടുതൽ തീവ്രമാക്കാനും സാധ്യതയുമുണ്ട്. കുളമ്പുരോഗം ബാധിച്ച വലിയ പശുക്കളിൽ മരണം സംഭവിക്കുന്നത് പലപ്പോഴും ഇത്തരം പാർശ്വാണുബാധകൾ മൂർച്ഛിച്ചാണ്. കുളമ്പുരോഗത്തിനൊപ്പമെത്തുന്ന അകിടുവീക്കത്തെയും സൂക്ഷിക്കണം. ഇത്തരം പാർശ്വാണുബാധകൾ തടയാൻ ലക്ഷണങ്ങൾ അനുസരിച്ച് വിദഗ്ധചികിത്സ കാലികൾക്ക് ഉറപ്പാക്കണം. 

അനുബന്ധ അണുബാധകൾക്കെതിരെയും ലക്ഷങ്ങളുടെ തീവ്രത കുറയ്ക്കാനും ആന്റിബയോട്ടിക്, ആന്റി ഇന്‍ഫ്ളമേറ്ററി, കരള്‍ സംരക്ഷണ മരുന്നുകളും, പനി, വേദന സംഹാരികളും,  ജീവകധാതുമിശ്രിത കുത്തിവയ്പ്പുകളും രോഗാരംഭത്തില്‍ തന്നെ രോഗം ബാധിച്ച കന്നുകാലികൾക്ക് നല്‍കണം. കൈകാലുകളിലെ വ്രണങ്ങളിൽ പുഴുബാധയ്ക്ക് സാധ്യത ഏറെയാണ്. പുഴുബാധയേറ്റാൽ പശുക്കൾ വേദന കാരണം കൈകാൽ നിരന്തരം കുടയുന്നതായി കാണാം. വ്രണങ്ങളിൽ മുറിവുണക്കത്തിന് മതിയായ ചികിത്സ നൽകിയില്ലങ്കിൽ കുളമ്പ് അടർന്നു പോവുന്നതടക്കമുള്ള പ്രശ്നങ്ങൾ വരാം. 

കുളമ്പുരോഗത്തിന് പ്രഥമശുശ്രൂഷ; പരിപാലനത്തിൽ ശ്രദ്ധിക്കാൻ

രോഗം ബാധിച്ച കാലികൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം അവയുടെ ദൈനംദിന പരിചരണത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. രോഗമില്ലാത്തവയെ പരിചരിച്ചതിന് ശേഷം മാത്രമേ രോഗമുള്ളവയുമായി ഇടപഴകാൻ പാടുള്ളൂ. രോഗബാധിച്ചവയുടെ വായ് ദിവസവും പല തവണയായി പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ( പി.പി. ലായനി) ഒരു ശതമാനം വീര്യമുള്ള ലായനിയോ, സോഡിയം ബൈകാർബണേറ്റ് (അപ്പക്കാരം ) രണ്ടു ശതമാനം വീര്യമുള്ള ലായനിയോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. ശേഷം നാവിലെയും വായിലെയും വ്രണങ്ങളില്‍ ബോറിക് ആസിഡ് പൗഡര്‍ ഗ്ലിസറിനിലോ (ബൊറാക്സ് ഓയിന്‍മെന്റ്) തേനിലോ ചാലിച്ച് പുരട്ടണം. വിപണിയില്‍ ലഭ്യമായ വായിലെ വ്രണമുണക്കത്തിന് സഹായിക്കുന്ന പ്രത്യേക മരുന്നുകള്‍  ( ഉദാഹരണം - ടോപിക്യൂർ എസ്. ജി. )  വാങ്ങിയും പ്രയോഗിക്കാം. വായിൽ വ്രണങ്ങളും വേദനയും ഉള്ള സാഹചര്യത്തിൽ വൈക്കോൽ, പൈനാപ്പിൾ ഇല അടക്കമുള്ള ചവച്ചിറക്കാൻ പ്രയാസമുള്ള തീറ്റകൾ പശുക്കൾക്ക് നൽകുന്നത് ഒഴിവാക്കണം.

രോഗം ബാധിച്ച കാലികളുടെ കൈകാലുകള്‍ രണ്ട് ശതമാനം വീര്യമുള്ള തുരിശ് ലായനി (കോപ്പര്‍ സള്‍ഫേറ്റ് പൗഡർ 20 ഗ്രാം വീതം 

ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത് ലായനി തയാറാക്കാം) ഉപയോഗിച്ച് വൃത്തിയായി കഴുകിയ ശേഷം വ്രണങ്ങളില്‍ ആന്റിസെപ്റ്റിക് ലേപനങ്ങള്‍ പ്രയോഗിക്കണം. അയഡിന്‍ അടങ്ങിയ ലേപനങ്ങൾ  ഇതിനായി ഉപയോഗിക്കാം. കുളമ്പുകളിലെ വ്രണങ്ങള്‍ കഴുകി വൃത്തിയാക്കുന്നതിനായി രണ്ട് ശതമാനം വീര്യമുള്ള അലക്കുകാരലായനിയും ( സോഡിയം കാർബണേറ്റ്)  ഉപയോഗപ്പെടുത്താം. കുളമ്പിലെ വ്രണങ്ങളില്‍ ഈച്ചകള്‍ വന്ന് മുട്ടയിട്ട് പുഴുബാധയുണ്ടാവാനുമിടയുണ്ട്. ഈച്ചകളെ അകറ്റാനും പുഴുബാധ തടയുന്നതിനുമായി ഈച്ചകളെ അകറ്റുന്ന പ്രത്യേകം ഓയിന്‍മെന്റുകളോ, കുത്തിവയ്പ്പോ ഡോക്ടറുടെ നിർദേശപ്രകാരം പ്രയോഗിക്കാം. വേപ്പണ്ണ, പൂവ്വത്തെണ്ണ തുടങ്ങിയ ജൈവക്കൂട്ടുകളും മുറിവുകളിൽ നിന്നും പരാദങ്ങളെ അകറ്റി നിർത്തും. കുളമ്പുകളിലെ മുറിവുകളിൽ കോൾടാറും തുരിശും 5 : 1 എന്ന അനുപാതത്തിൽ ചേർത്ത ലേപനം പുരട്ടാവുന്നതാണ്. 

രോഗമുള്ള കാലികളെ പരിചരിച്ചതിന് ശേഷം പരിസരവും ഫാം ഉപകരണങ്ങളും അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. മൂന്ന്  ശതമാനം വീര്യമുള്ള  ബ്ലീച്ചിങ് പൗഡർ ലായനി, നാല് ശതമാനം വീര്യമുള്ള അലക്കുകാരലായനി, രണ്ട് ശതമാനം കാസ്റ്റിക് സോഡ ലായനി എന്നിവ എന്നിവ അണുനശീകരണത്തിന് ഉപയോഗിക്കാം. രോഗമുള്ളവയെ പാർപ്പിച്ച ഫാമിലും പരിസരങ്ങളിലും കുമ്മായം വിതറുന്നത് നല്ലതാണ്. രോഗം വന്ന പശുക്കളുമായി മറ്റുള്ളവയ്ക്ക് സമ്പർക്കമുണ്ടാകാൻ ഇടയുള്ള  സാഹചര്യങ്ങൾ പൂർണമായും  തടയണം. രോഗം ബാധിച്ച പശുക്കളുടെ പാലിൽ വൈറസ് സാന്നിധ്യം ഉണ്ടാവുമെന്നതിനാൽ  പശുക്കിടാക്കളെ കുടിപ്പിക്കരുത്.

English summary: Treatment of FMD in Cattle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com