ADVERTISEMENT

ചക്കക്കാലമായാൽ പിന്നെ നാട്ടിൻപുറത്തെ വീടുകളിലെ വിശിഷ്ട പലഹാരമാണ് കുമ്പിളപ്പം. കുമ്പിളാക്കിയ ഇടനയിലയിൽ കൂട്ട് നിറച്ച് ആവിയിൽ പുഴുങ്ങിയെടുക്കുന്ന ഈ പലഹാരത്തിന്റെ രുചി വാക്കുകൾക്ക് അതീതം. ചക്കപ്പഴവും ശർക്കരയും തേങ്ങയും ഏലക്കയും ജീരകവും റവ അല്ലെങ്കിൽ അരിപ്പൊടിയെല്ലാം ചേർത്തുണ്ടാക്കുന്ന കുമ്പിളപ്പത്തിന് വിളിപ്പേരുകളുമേറെ. പൂച്ചപുഴുങ്ങിയത്, ചക്കയപ്പം, ഇടനയപ്പം, വഴനയപ്പം എന്നിങ്ങനെ ഓരോ പ്രദേശങ്ങളിലും പേരുകളിൽ വ്യത്യാസമുണ്ടെങ്കിലും രുചിയിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാവില്ല.

വീടുകളിൽ ചക്കപ്പഴം നേരിട്ടാണ് ഈ പലഹാരമുണ്ടാക്കാൻ ഉപയോഗിക്കുന്നതെങ്കിൽ വാണിജ്യാടിസ്ഥാനത്തിൽ ചക്കപ്പഴം പൾപ്പ് ആക്കിയാണ് ഉപയോഗിക്കുക. കുമ്പിളപ്പം വാണിജ്യാടിസ്ഥാനത്തിൽ തയാറാക്കി വിൽക്കുന്ന ചെറുകിട വൻകിട സ്ഥാപനങ്ങളുമേറെ. അത്തരത്തിലൊരു സ്ഥാപനമാണ് നീലൂർ പ്രൊഡ്യൂസർ കമ്പനി. കോട്ടയം ജില്ലയുടെ അതിർത്തിഗ്രാമമായ നീലൂരിൽ 2016 നവംബർ 1 കേരളപ്പിറവി ദിനത്തിൽ പ്രവർത്തനമാരംഭിച്ച കമ്പനി പ്രധാനമായും ചക്ക, കപ്പ എന്നീ വിളകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തേൻ, കൂവപ്പൊടി തുടങ്ങിയവയും കമ്പനിയുടെ ബ്രാൻഡിൽ പുറത്തിറങ്ങുന്നുണ്ട്. സീസണനുസരി ഉൽപന്നങ്ങൾ നല്ല വില നൽകി കർഷകരിൽനിന്ന് സംഭരിക്കുന്നതിനൊപ്പം അവ സംസ്കരിച്ച് മൂല്യവർധിത ഉൽപന്നങ്ങളാക്കി വിപണിയിലെത്തിച്ചിരിക്കുന്നു. നീലൂർ എന്ന ബ്രാൻഡിൽതന്നെയാണ് നീലൂർ പ്രൊഡ്യൂസർ കമ്പനിയുടെ ഉൽപന്നങ്ങൾ വിപണിയിലെത്തുന്നത്.

Read Also: ദിവസവും തയാറാക്കുന്നത് 4000 ‘പൂച്ച പുഴുങ്ങിയത്’; മികച്ച വിപണി നേടി എബനേസർ പ്ലസ്

വർഷങ്ങളായി ചക്കയുൽപന്നങ്ങൾ വിപണിയിൽ എത്തിക്കുന്നുണ്ടെങ്കിലും കുമ്പിളപ്പത്തിന് വിപണിയിലുള്ള സ്വീകാര്യത തിരിച്ചറിഞ്ഞതോടെ കുമ്പിളപ്പ നിർമാണത്തിലേക്കും കമ്പനി ശ്രദ്ധ നൽകിയിരിക്കുന്നതായി ചെയർമാൻ മത്തച്ചൻ ഉറുമ്പുകാട്ട്. ആഴ്ചയിൽ ആറു ദിവസം കുമ്പിളപ്പം നിർമിച്ച് പരിസര പ്രദേശങ്ങളിൽത്തന്നെ വിതരണം ചെയ്യുകയാണ്. നിലവിൽ ദിവസം 1000 കുമ്പിളപ്പം നിർമിക്കുന്നത് കൂടാതെ ഓർഡർ അനുസരിച്ചും തയാറാക്കി വിൽപന നടത്തുന്നുണ്ട്.

kumbilappam-5
മിശ്രിതത്തിലേക്ക് റവപ്പൊടി ചേർക്കുന്നു

തിങ്കൾ മുതൽ ശനി വരെ രാവിലെ 7ന് തുടങ്ങി 9ന് അവസാനിക്കുന്നതാണ് കുമ്പിളപ്പ നിർമാണം. കമ്പനിയുടെ ജീവനക്കാരായ ആറു പേർക്കാണ് ഇതിന്റെ ചുമതല. രണ്ടു ഘട്ടമായിട്ടാണ് കുമ്പിളപ്പ നിർമാണം. 14 കിലോ ശർക്കര, 200 ഗ്രാം ജീരകം, 200 ഗ്രാം ഏലക്ക, 22 കിലോ ചക്കപ്പഴം പൾപ്പ്, 20 തേങ്ങ (16 എണ്ണം ചിരകിയത്, 4 എണ്ണം കൊത്തി വറുത്തത്) എന്നിവ ചേർത്ത് മിശ്രിതം തയാറാക്കി തലേദിവസം തന്നെ വയ്ക്കുന്നതാണ് ആദ്യ ഘട്ടം. രണ്ടര മണിക്കൂറോളം നീളുന്ന പ്രക്രിയയാണിത്. ഇങ്ങനെ തയാറാക്കുന്ന മിശ്രിതത്തിലേക്ക് പിറ്റേന്ന് 24 കിലോ റവപ്പൊടികൂടി ചേർത്ത് നന്നായി കുഴച്ചെടുക്കുന്നു. ചൂടുള്ള മിശ്രിതത്തിലേക്ക് റവ ചേർത്താൽ അത് വെന്തുപോവുകയും അപ്പത്തിന് രുചി ലഭിക്കാതെ വരികയും ചെയ്യുന്നതുകൊണ്ടാണ് ഇങ്ങനെ രണ്ടു ഘട്ടമായി ചെയ്യുന്നതെന്ന് കമ്പനി സൂപ്പർവൈസർ പദ്മിനി. 

kumbilappam-6
പലഹാരക്കൂട്ട് ഇലകളിൽ നിറയ്ക്കുന്നു

നന്നായി കുഴച്ചെടുത്ത മിശ്രിതം ഇടത്തരം വലുപ്പമുള്ള ഇടനയിലയിൽ നിറച്ച് മൂന്നു തട്ടുള്ള അപ്പച്ചെമ്പിൽ വച്ച് പുഴുങ്ങിയെടുക്കുന്നു. ബർണർ കത്തിച്ചതിനുശേഷമാണ് ഇലയിലാക്കിയ കുമ്പിൾ കൂട്ട് അപ്പച്ചെമ്പിലെ ഓരോ തട്ടിലും നയ്ക്കുക. ഒരേസമയം 1000 കുമ്പിൾ തയാറാക്കാനുള്ള ശേഷിയുണ്ടിതിന്. ഓരോ അപ്പവും 80–85 ഗ്രാം വരത്തക്കവിധത്തിലാണ് പലഹാരക്കൂട്ട് നിറയ്ക്കുന്നത്. ഇതിനുള്ള ഇല തലേദിവസംതന്നെ കഴുകി തയാറാക്കി വച്ചിരിക്കും. നാട്ടിൽനിന്നുതന്നെ ശേഖരിക്കുന്ന ഇലകളാണ് ഇതിനായി ഉപയോഗിക്കുക. കമ്പനിയിൽ എത്തിക്കുന്ന ഇലയൊന്നിന് 1 രൂപ വച്ച് നൽകുന്നുമുണ്ട്. എന്നാൽ, കേടുള്ളതോ പഴകിയതോ ആയ ഇല ഉപയോഗിക്കാറില്ലെന്നും പദ്മിനി. ഏഴു മണിയോടെ ആരംഭിക്കുന്ന നിർമാണപ്രവർത്തനങ്ങൾ 8.15 ആകുമ്പോഴേക്ക് അവസാനിക്കും. തുടർന്ന് മുക്കാൽ മണിക്കൂർകൂടി ആവി കയറ്റിയ ശേഷം തീയണയ്ക്കും. 9.30 ആകുമ്പോഴേക്ക് ഓർഡർ അനുസരിച്ച് പ്രത്യേകം പായ്ക്കറ്റിലാക്കിയ കുമ്പിളപ്പം കമ്പനിയിൽനിന്ന് പുറപ്പെടുമെന്ന് സിഇഒ ഷാജി ജോസഫ് പറഞ്ഞു. 12 രൂപയാണ് മൊത്തവിൽപനവില. വലിയ ഓർഡറുകൾ പോലും തയാറാക്കാനുള്ള സംവിധാനം കമ്പനിക്കുണ്ട്. എന്നാൽ, രണ്ടു ദിവസം മുൻപെങ്കിലും അറിയിക്കുന്നത് ഇലലഭ്യത ഉറപ്പാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

kumbilappam-7
വിതരണത്തിനായി പായ്ക്ക് ചെയ്യുന്നു

Read also: ചക്കയുൽപന്നങ്ങൾ തയാറാക്കണോ? കുറഞ്ഞ ചെലവിൽ ലഭിക്കും ഒരു കോടിയുടെ ഉപകരണങ്ങളുടെ പിന്തുണ

ചക്ക, കപ്പ സംസ്കരണത്തിനൊപ്പം ഒട്ടേറെ ഉൽപന്നങ്ങളും കമ്പനിയിൽ നിർമിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിളകൾ കമ്പനിയിൽ എത്തുന്ന തോതനുസരിച്ച് പ്രദേശത്തെ വനിതകൾക്ക് തൊഴിൽ നൽകാനും കമ്പനി ശ്രദ്ധിക്കുന്നുണ്ട്.

ഫോൺ: 94475 72919 (സിഇഒ)

English summary: The Kumbilappam Story - Kerala Traditional Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com