ADVERTISEMENT

ഒരു പഞ്ചായത്തിലെ കാർഷികോൽപന്നങ്ങള്‍ക്കെല്ലാം ഒറ്റ ബ്രാൻഡ്, അവയിൽനിന്ന് 62 മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കി അധിക വരുമാനം, എല്ലാ ഉൽപന്നങ്ങൾക്കും മൊബൈൽ ആപ്പിലൂടെ ഓൺലൈൻ വിപണനവും ഹോം ഡെലിവറിയും, സമീപനഗരത്തില്‍ നാടൻ ഉൽപന്നങ്ങള്‍ക്കു വിപണി കണ്ടെത്തല്‍–   കൃഷിവകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക് ’എന്ന പദ്ധതി ഏറ്റവും ഫലപ്രദമായി നടപ്പാക്കുന്നതു കാണാൻ തിരുവനന്തപുരത്തെ കല്ലിയൂരില്‍ വരണം. പരമ്പരാഗത കർഷകർ ഏറെയുള്ള പഞ്ചായത്തിൽ മറ്റു മേഖലകളിലുള്ളവരെക്കൂടി കൃഷിക്കാരാക്കുക എളുപ്പമല്ല. എന്നാൽ, ഈ പദ്ധതിയിലൂടെ 3000 നവകർഷകരെ സൃഷ്ടിക്കാൻ കഴിഞ്ഞ കൃഷി ഓഫിസർ സി. സൊപ്നയ്ക്കും സഹപ്രവർത്തകർക്കും അഭിമാനിക്കാനേ റെ. ഒപ്പം പഞ്ചായത്തിലെ 99% വീടുകളിലും 3 ഇനം പച്ചക്കറിയെങ്കിലും വീട്ടാവശ്യത്തിനു കൃഷി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കിയ ഹരിതസമൃദ്ധി പദ്ധതിയും ഇവരുടെ തൊപ്പിയിലെ പൊൻതൂവല്‍. കല്ലിയൂരിൽ 2 വർഷംകൊണ്ട് പുതിയ കാർഷിക സംസ്കാരത്തിനും സമ്പദ് വ്യവസ്ഥയ്ക്കും തുടക്കമിടാൻ കൃഷിഭവനും പഞ്ചായത്ത് ഭരണസമിതിക്കും കഴിഞ്ഞു. വിളവും വിപണിയും തമ്മില്‍ ബന്ധിച്ചിതാണ് ഇവരുടെ വിജയരഹസ്യം. ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയിലൂടെ 176 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചതായിരുന്നു ആദ്യ മുന്നേറ്റം. ഒരു കൃഷിക്കൂട്ടം ഒന്നര ഏക്കറിൽ ഉൽപാദിപ്പിച്ച വെള്ളരി മുഴുവന്‍ ഏറ്റെടുത്ത് വിൽക്കേണ്ടി വന്നതാണ് വിപണന സംവിധാനമൊരുക്കാന്‍ പ്രേരകമായത്.  ഉൽപാദിപ്പിക്കാൻ പ്രേരിപ്പിച്ചവർക്ക് വിപണിയൊരുക്കാനും ബാധ്യതയുണ്ടെന്ന് അധികൃതർ തിരിച്ചറിഞ്ഞപ്പോൾ അത് നാടിനാകെ പ്രചോദനമായി. കൃഷിക്കൂട്ട ഉല്‍പന്നങ്ങളുടെ വിപണനം ഇക്കോ ഷോപ്പും ഓൺലൈനും വഴി സുഗമമായി. അതോടെ തിരുവനന്തപുരം നഗരത്തില്‍ കല്ലിയൂരിലെ ഉല്‍പന്നങ്ങള്‍ക്കു ഡിമാന്‍ഡ് ഉയര്‍ന്നു. ഇന്ന് ആഴ്ചതോറും പച്ചക്കറി ഉൾപ്പെടെ ശരാശരി 3 ടൺ ഉൽപന്നങ്ങളാണ് ‘കല്ലിയൂര്‍ ഗ്രീന്‍സ്’ എന്ന ബ്രാന്‍ഡില്‍ ഓൺലൈനായി മാത്രം വിൽക്കുന്നത്. പഞ്ചായത്തിലെ 212 കൃഷിക്കൂട്ടങ്ങളുടെ ഉൽപന്നങ്ങളാണ് ഈ ബ്രാൻഡിൽ ലഭിക്കുന്നത്.  198 കൃഷിക്കൂട്ടങ്ങൾ കൃഷി ചെയ്യുമ്പോള്‍ 14 കൃഷിക്കൂട്ടങ്ങൾ മൂല്യവർധനയിലൂം വിപണനത്തിലും ശ്രദ്ധിക്കുന്നു. 

kalliiyoor-2

കൃഷിയിടത്തിലുണ്ടാകുന്ന എന്തും മൂല്യവര്‍ധന ചെയ്തു വില്‍ക്കുന്ന കല്ലിയൂര്‍ കര്‍ഷകര്‍ വാഴമാണം കൊണ്ടുള്ള പുട്ടുപൊടിയും വാഴക്കൂമ്പ് ചായപ്പെടിയുമൊക്കെ വിപണിയിലെത്തിക്കുന്നു. പാചകം ചെയ്യാവുന്ന വിധത്തിൽ അരിഞ്ഞെടുത്ത പച്ചക്കറികൾ, നാടൻ പലഹാരങ്ങൾ, ഇഞ്ചി, ചമ്മന്തിപ്പൊടി, ബനാനാ കേക്ക്, പനീർ, ചിറ്റുണ്ട കുത്തരി, വാഴപ്പിണ്ടിയുടേതുള്‍പ്പെടെ അച്ചാർ, മൈക്രോ ഗ്രീൻസ്, തുടങ്ങി 62 ഉൽപന്നങ്ങളാണ് കൃഷിഭവന്റെ മട്ടുപ്പാവിലും മറ്റുമായി ഇവർ തയാറാക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ പ്രമുഖ ഓൺലൈൻ വിപണികളോടു മത്സരിക്കാൻ മാത്രം ഗുണനിലവാരവും വിശ്വാസ്യതയും നേടാന്‍ ‘കല്ലിയൂർഗ്രീന്‍സ്’ എന്ന ബ്രാൻഡിനു കഴിഞ്ഞത് കൃഷി ഓഫിസറുടെയും സഹപ്രവർത്തകരുടെയും സ്ഥിരോത്സാഹം കൊണ്ടുകൂടിയാണ്. പഞ്ചായത്ത് ഭരണസമിതിയുടെ സജീവ പിന്തുണയാണ് പദ്ധതിയുടെ വിജയരഹസ്യമെന്ന് കൃഷി ഓഫിസർ സൊപ്ന. 

കൃഷി ഓഫിസർ സൊപ്ന സഹപ്രവർത്തകർക്കൊപ്പം
കൃഷി ഓഫിസർ സൊപ്ന സഹപ്രവർത്തകർക്കൊപ്പം

കൃഷിഭവനോടു ചേർന്നുള്ള ഇക്കോഷോപ്പാണ് ഓൺലൈൻ വിപണനത്തിനു ചുക്കാൻ പിടിക്കുന്നത്. ഇക്കോഷോപ്പ് സെക്രട്ടറിയും കർഷകനുമായ അജിത് ഗോപാലകൃഷ്ണനാണ് ഇതിനു സാങ്കേതിക പിന്തുണ നല്‍കുന്നത്. ടെക്നോപാർക്കിൽ ഐടി വിദഗ്ധനായ അജിത് കൃഷിയോടുള്ള താൽപര്യം മൂലം കല്ലിയൂരിൽ ഫാം നടത്തുന്നുമുണ്ട്. കല്ലിയൂർ ഗ്രീൻസിന്റെ മൊബൈൽ ആപ്പും ഓൺലൈൻ വിപണനതന്ത്രങ്ങളും ഒരുക്കുന്നത് ഇദ്ദേഹമാണ്. ഇന്നു കല്ലിയൂരിന്റെ ഗ്രാമീണ കാർഷികോൽപന്നങ്ങൾ  വാങ്ങാന്‍ www.ecat.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ചശേഷം KG എന്നു തിരഞ്ഞാൽ കല്ലിയൂർ ഗ്രീൻസിന്റെ ഹോം പേജിലെത്താം. അവിടെ നിങ്ങൾക്കാവശ്യമുള്ള ഉൽപന്നങ്ങൾ തിരഞ്ഞെടുത്ത് ഓർഡർ ചെയ്യുകയേ വേണ്ടൂ. അവ വീട്ടുപടിക്കലെത്തും. നാടൻ മഞ്ഞൾപൊടി, ഏത്തയ്ക്കാപ്പൊടി, മറ്റ് മൂല്യവർധിത ഉൽപന്നങ്ങൾ എന്നിവ സംസ്ഥാനത്തെവിടെയും കുറിയർ ചെയ്തു നൽകും. സ്ഥിരം ഉപഭോക്താക്കൾക്കായി  ecat menu എന്ന ആൻഡ്രോയ്ഡ് ആപ്പുമുണ്ട്. പ്ലേസ്റ്റോറിൽനിന്ന് ഇത് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത ശേഷം കല്ലിയൂർ ഇക്കോഷോപ്പിന്റെ ക്യു ആർ കോഡ് സ്കാൻ ചെയ്തോ ലിങ്ക് ക്ലിക് ചെയ്തോ www.ecat.in മെനുവിൽ പ്രവേശിക്കാം ആപ് വഴി പണമടയ്ക്കാനും സംവിധാനമുണ്ട്.

kalliiyoor-3

സ്ഥലപരിമിതിയുള്ള കൃഷിഭവന്റെ മട്ടുപ്പാവിലാണ് സംസ്കരണവും മൂല്യവര്‍ധനയും. കർമസേനയുടെ ഓഫിസും ഇവിടെത്തന്നെ. യന്ത്രസഹായത്തോടെയുള്ള സംസ്കരണത്തിനു സമീപനത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർ ഡിസിപ്ലിനറി സയൻസിലെ ഇൻകുബേഷൻ സൗകര്യം പ്രയോജനപ്പെടുത്തുന്നു. സംസ്ഥാനത്തെ പ്രഥമ ഓൺലൈൻ ഇക്കോഷോപ്പ് പ്രവർത്തിക്കുന്നതാവട്ടെ, കൃഷിഭവനു മുന്നിലെ ഷെഡിലും. ഓൺലൈൻ വിപണന സംവിധാനം പഞ്ചായത്തിലെ വാണിജ്യ പച്ചക്കറിക്കൃഷിക്കാർക്കു കൂടി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് സൊപ്നയും സഹപ്രവർത്തകരും. കയറ്റുമതിയാണ് ലക്ഷ്യം. അടിസ്ഥാനസൗകര്യ വികസനത്തിനുള്ള അപേക്ഷ വൈകാതെ അംഗീകരിക്കപ്പെടുന്നതോടെ കല്ലിയൂർ ഗ്രീൻസ് ചിറകുവിരിച്ചു പറക്കുമെന്നത് സൊപ്നയുടെ മാത്രം സ്വപ്നമല്ല, കല്ലിയൂരിലെ ആയിരക്കണക്കിനു കർഷകരുടേതുമാണ്. 

ഫോൺ: 9605216007

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com