ADVERTISEMENT

നെല്‍കൃഷിക്ക് നേരും നെറിയും വേണമെന്നാണ് കുട്ടനാടിന്റെ ആത്മദർശനം. കുറെ പണം മുടക്കി സ്ഥലം വാങ്ങി വളം വാരിയിട്ടാൽ കൃഷിയാവില്ല. നൂലു പോലുള്ള വരമ്പ് മുറിയാതിരിക്കണമെങ്കിൽ പ്രകൃതിയും ദൈവങ്ങളും കനിയണം. അതിന് നമ്മുടെ മനസ്സും വിചാരങ്ങളും നന്നായിരിക്കണം. തകഴിയുടെ കൃതികളുടെ വഴിയും വെളിച്ചവും ഈ ദർശനമായിരുന്നു. നെൽകൃഷി ഒരു വ്യവസായമായി മാറിയപ്പോൾ നേരും നെറിയും മനുഷ്യബന്ധങ്ങളും ഇല്ലാതായതിന്റെ സങ്കടമാണ് തകഴിയെക്കൊണ്ട് ‘രണ്ടിടങ്ങഴി’ എഴുതിച്ചത്.

മനുഷ്യനും ഭൂമിയും തമ്മിലുളള ബന്ധമാണ്‌ ‘കയറി’ലെ മുഖ്യപ്രമേയം. ആഹാരം ഉല്‍പാദിപ്പിക്കാനായി മനുഷ്യന്‍ ഭൂമി കൃഷി ചെയ്യുന്നു. ഇക്കാണുന്ന മനുഷ്യർക്കൊക്കെ വല്ലതും തിന്നേണ്ടേ? എന്നാണ് കയറിലെ ഒരു കഥാപാത്രം ചോദിക്കുന്നത്. മനുഷ്യന് അന്നം തരുന്ന ഭൂമിയോടും കർഷകനോടും സർവ ചരാചരങ്ങളോടും നമ്മൾ ആദരവു കാട്ടണമെന്നാണ് കഥകളിലൂടെ തകഴി പറയുന്നത്. 

നെല്ലിനെ പ്രാണനെപ്പോലെ കരുതുന്ന കാരണവരാണ് വി.കെ.എന്നിന്റെ ‘പിതാമഹൻ’ എന്ന നോവലിലെ കേന്ദ്ര കഥാപാത്രമായ സർ ചാത്തു. മൂപ്പർ ആർക്കും കൂലി നെല്ലായിട്ടേ കൊടുക്കുകയുള്ളൂ. പണത്തിനു പകരം നെല്ല് എന്നാണു പ്രമാണം. പണത്തിനു മീതെയാണ് നെല്ല് എന്നും അതിനർഥമുണ്ട്.

വയലുകളിൽ തുടങ്ങിയ നവോത്ഥാനം
മകരക്കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലൂടെയാണ് ഭൂതങ്ങളും തെയ്യങ്ങളുമൊക്കെ വന്നണയുന്നത്. ഭൂതങ്ങൾ സ്ഥലം വിട്ടു കഴിഞ്ഞപ്പോൾ നാടക സമിതിക്കാരും ബാലെക്കാരും ചവിട്ടു നാടകക്കാരും രാഷ്ട്രീയക്കാ‌രും വന്ന് വയലേലകളിൽ രംഗവേദികൾ പണിതുയർത്തി. ആ വേദികളിലാണ്  നവോത്ഥാനത്തിന്റെ ആദ്യ വെടി പൊട്ടിയതും പുക പരന്നതും. രണ്ടാം ലോകമഹായുദ്ധകാലത്തെ ക്ഷാമനാളുകളിൽ പത്തായത്തില്‍ നെല്ല് പൂഴ്ത്തിവച്ച ജന്മികള്‍ക്കെതിരെ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും നടത്തിയ പോരാട്ടങ്ങളാ‌ണ് കേരളത്തെ മാറ്റിമറിച്ചത്.  അക്കാലത്താണ് നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്നു നമ്മൾ പ്രത്യാശിച്ചത്. പക്ഷേ, കൊയ്ത വയലുകൾ നമ്മുടേതായി മാറിയോയെന്ന് പൈങ്കിളികൾ‌ക്കും നല്ല നിശ്ചയം പോരാ. ‌സമുദ്രനിരപ്പിനു താഴെ കൃഷിയെന്ന അദ്ഭുതം യാഥാര്‍ഥ്യമാക്കി കായൽ രാ‌ജാവെന്നു പെരുമ നേടിയ മുരിക്കന്‍ ചരിത്രത്തിലൊതുങ്ങിയതും വിസ്തൃതമായ കൃഷിയിടങ്ങള്‍ ഭൂപരിഷ്കരണത്തിലൂടെ തുണ്ടുഭൂമികളായതും നമ്മുടെ മുന്നിലെ സത്യങ്ങളാണ്. 

മരിച്ചാലും ജനിച്ചാലും നെല്ലു വേണം
നെല്‍കൃഷി മരണശയ്യയിലായെങ്കിലും മരിച്ചാലും ജനിച്ചാലും നെല്ലു വേണം. വിദ്യാരംഭത്തിനും പട്ടാഭിഷേകത്തിനും അരി വേണം. അരിയിലാണ് ഹരിയെന്ന് എഴുതുക. ഒടുവിൽ പണ്ഡിതനായിത്തീർന്നാൽ അരിയിട്ടു വാഴ്ചയും നടത്തും. കല്യാണത്തിന് അക്ഷതം വേണം. ചത്തു കഴിഞ്ഞാലോ വായ്ക്കരിയിടണം. ചത്തു ചമഞ്ഞു കിടക്കുമ്പോൾ ചുറ്റും നെല്ലു വിതറണം.  

കൊച്ചിയിലെ പാടത്ത് കവിത വിരിഞ്ഞു 
ഇന്നത്തെ കൊച്ചി നഗരത്തിന്റെ ഒരു ഭാഗം നെൽപാടമായിരുന്നു.  വൈലോപ്പിള്ളിയുടെ ‘കന്നിക്കൊയ്ത്ത്’ എന്ന കവിതയ്ക്കു കാരണമായത് കവിയുടെ തറവാട് സ്ഥിതി ചെയ്തിരുന്ന കലൂരിന്റെ കിഴക്കുഭാഗത്തെ പാടമായിരുന്നു ഈ കവിത കലൂർ എന്ന ഗ്രാമത്തിലെ ജീവിതത്തിന്റെ അഴകളവുകളുടെ വിപുലീകരണ മാണെന്ന് പണ്ട് കവി പറഞ്ഞത് ഇപ്പോൾ ഈ മഹാനഗരം കാണുമ്പോള്‍ തമാശയായിത്തോന്നാം!  

ആർക്കു വേണം ആരാന്റെ നെല്ല് 
ആരാന്റെ അരിയും നെല്ലും കുത്തി കഞ്ഞി കുടിക്കുന്നതു നാണക്കേടായിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. എന്നാല്‍ ഇന്നോ? തമിഴ്നാട്ടില്‍ നെല്‍കൃഷിയുള്ളപ്പോള്‍ നമുക്കെന്തിനു പാടവും പത്തായവുമെന്നാണ് ഉത്തരവാദിത്തപ്പെട്ടവർപോലും ചോദിക്കുന്നത്. എന്നാല്‍, അതിനവരെ കുറ്റം പറയാന്‍ നമുക്കാവുമോ? അതു നമ്മുടെയൊക്കെ ഉള്ളില്‍ നുരയ്ക്കുന്ന ചോദ്യമല്ലേ? നെല്ല് വാങ്ങി അരിയാക്കി അതിന്റെ ചോറും ഉണ്ടു കഴിഞ്ഞ് നെല്ലിന്റെ വില ബാങ്കില്‍നിന്നു വായ്പയായി വാങ്ങിക്കൊയെന്നു കര്‍ഷകനോടു പറയാന്‍ ബന്ധപ്പെട്ടവര്‍ക്കു ധൈര്യം നല്‍കുന്നത് ഉണ്ട ചോറിനു നന്ദിയില്ലാത്ത നമ്മള്‍ തന്നെയല്ലേ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com