ADVERTISEMENT

കേരളത്തിലെ കൃഷിക്ക് സാങ്കേതികവിദ്യയുടെ കരുത്തു പകരാൻ അഗ്രി സ്റ്റാർട്ടപ്പുകളുടെയും യുവ കർഷകരുടെയും കൂട്ടായ്മ ഉണ്ടാവണമെന്ന് 17-ാം കർഷകശ്രീ പുരസ്കാര ജേതാവ് പി.ബി.അനീഷ്. മലപ്പുറം എംഎസ്പി മൈതാനിയിൽ പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസിൽനിന്ന് കർഷകശ്രീ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അനീഷ്. ഇതിനായി പുതിയ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് അനീഷ് കൃഷിമന്ത്രിയോട് അഭ്യർഥിച്ചു. അത്തരം പദ്ധതികളുണ്ടായാൽ യുവാക്കളുടെ കഴിവുകൾ അന്യ നാടുകളിലേക്കു പോകാതെ നമ്മുടെ നാടിന്റെ വളർച്ചയ്ക്കായി പ്രയോജനപ്പെടുത്താൻ കഴിയുമെന്നും അനീഷ് പറഞ്ഞു. 

മലപ്പുറത്തു നടന്ന പുരസ്കാര സമർപ്പണ ചടങ്ങിൽ സംസ്ഥാന കൃഷിമന്ത്രി പി.പ്രസാദ്, എംഎൽഎ പി.കെ.കുഞ്ഞാലിക്കുട്ടി, മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, കർഷകശ്രീ എഡിറ്റർ ഇൻ ചാർജ് ടി.കെ.സുനിൽകുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 

കേരളത്തിലെ ഏറ്റവും മികച്ച കർഷകന് മലയാള മനോരമ നൽകുന്ന 17-ാം കർഷകശ്രീ പുരസ്കാരം നേടിയ കണ്ണൂർ ഉദയഗിരി താബോർ പരുവിലാങ്കൽ പി.ബി.അനീഷിനെ പശ്ചിമ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് തലപ്പാവ് അണിയിക്കുന്നു. മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, എംഎൽഎ പി.കെ.കുഞ്ഞാലിക്കുട്ടി, കൃഷിമന്ത്രി പി.പ്രസാദ്, കർഷകശ്രീ എഡിറ്റർ ഇൻ ചാർജ് ടി.കെ.സുനിൽകുമാർ എന്നിവർ സമീപം.
കേരളത്തിലെ ഏറ്റവും മികച്ച കർഷകന് മലയാള മനോരമ നൽകുന്ന 17-ാം കർഷകശ്രീ പുരസ്കാരം നേടിയ കണ്ണൂർ ഉദയഗിരി താബോർ പരുവിലാങ്കൽ പി.ബി.അനീഷിനെ പശ്ചിമ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് തലപ്പാവ് അണിയിക്കുന്നു. മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, എംഎൽഎ പി.കെ.കുഞ്ഞാലിക്കുട്ടി, കൃഷിമന്ത്രി പി.പ്രസാദ്, കർഷകശ്രീ എഡിറ്റർ ഇൻ ചാർജ് ടി.കെ.സുനിൽകുമാർ എന്നിവർ സമീപം.

കനലുകൾ കടന്ന് കർഷകശ്രീ

കണ്ണൂർ ഉദയഗിരി താബോറിലെ പി.ബി.അനീഷ് എന്ന ചെറുപ്പക്കാരനെ കർഷകശ്രീ വായനക്കാർ മറക്കാനിടയില്ല. കൃഷി ചെയ്ത് കടം കയറി ജപ്തിയായ കൃഷിയിടം തിരിച്ചു പിടിച്ച് വീണ്ടും കൃഷിയിറക്കി വൻ ലാഭത്തിലെത്തിച്ച അനീഷിന്റെ അതിജീവനകഥ കർഷകശ്രീ പ്രസിദ്ധീകരിച്ചത് 2022 ൽ ആണ്. അന്നത്തെ അനീഷ് ഇന്നിതാ വിധിനിര്‍ണയത്തിന്റെ അന്ത്യപാദത്തില്‍ ഒപ്പത്തിനൊപ്പം മികവുള്ള 4 കർഷകരോട് മത്സരിച്ച് കർഷകശ്രീ പുരസ്കാരം സ്വന്തമാക്കി നേട്ടത്തിന്റെ നെറുകയിൽ നിൽക്കുന്നു.   

വർഷങ്ങൾക്കു മുൻപ്, തുള്ളിക്കൊരു കുടം മഴയുമായി കാലവർഷം കലിതുള്ളിനിന്ന ഒരു ദിനത്തിലാണ് പി.ബി. അനീഷ് എന്ന കർഷകനെ ആദ്യം കാണുന്നത്. കണ്ണൂരിൽനിന്ന് ഉദയഗിരിയിലേക്കും അവിടെനിന്ന് ചെങ്കുത്തായ കയറ്റങ്ങൾ പിന്നിട്ട് താബോറിലേക്കും തുടർന്ന് അനീഷിന്റെ കൃഷിയിടത്തിലേക്കുമുള്ള ആ യാത്ര ടാക്സി ഡ്രൈവറിൽ തെല്ലൊന്നുമല്ല നീരസമുണർത്തിയത്. ഈ മലമുകളിലേക്കായിരുന്നു ഓട്ടമെന്ന് അറിഞ്ഞിരുന്നെങ്കിൽ വരില്ലായിരുന്നുവെന്ന് അയാൾ പലവട്ടം പറഞ്ഞു. ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന മട്ടിൽ നീണ്ടു നിവർന്നു നിൽക്കുന്ന കയറ്റങ്ങളും വീതി കുറഞ്ഞു വരുന്ന വഴിയും കാഴ്ച മറയ്ക്കുന്ന കനത്ത മഴയും ചീറിയടിക്കുന്ന കാറ്റും അയാളെ പരിഭ്രമിപ്പിച്ചു. താബോർ പള്ളിമുറ്റത്തു കാത്തുനിന്ന് കയ്യിൽ കരുതിയ കുട നൽകി, പെരുമഴയത്ത്  ചെങ്കുത്തായ തന്റെ കൃഷിയിടം മുഴുവൻ ചുറ്റിക്കാണിച്ച് ഓരോ വിളയും  വിളവും കർഷകശ്രീ മാസികയ്ക്കായി പരിചയപ്പെടുത്തുമ്പോൾ അനീഷിന്റെ മുഖത്തു കണ്ടത് നിശ്ചയദാർഢ്യവും വാശിയുമായിരുന്നു. മടങ്ങാൻ നേരം ആ വാശിയുടെ കാരണമെന്തെന്ന് അനീഷ് തന്നെ പറഞ്ഞു: ‘‘വിളനാശവും വിലയിടിവും മൂലം കൃഷിയിൽ നഷ്ടം നേരിട്ട് ഒരിക്കൽ ഞങ്ങളുടെ കയ്യിൽനിന്ന് ജപ്തി ചെയ്തുപോയ കൃഷിയിടമാണിത്. ഒരുപാടു കഷ്ടപ്പെട്ടാണ് തിരിച്ചു പിടിച്ചത്. ഇന്ന് ഈ 5 ഏക്കർ കൃഷിയിടം നൽകുന്നത് ആണ്ടിൽ 16 ലക്ഷം രൂപ ലാഭം. ജയിച്ചു കാണിക്കണം എന്ന വാശി തന്നെയാണ് ഇവിടം വരെ എത്തിച്ചത്.’’  

aneesh-1
കുടുംബാംഗങ്ങൾക്കൊപ്പം അനീഷ്

അതിജീവനകാലം

ആ അതിജീവനകഥ അൽപം വിശദമായിത്തന്നെ പറഞ്ഞു അന്ന് അനീഷ്: ‘‘ഒരു കാലത്ത് നാനൂറിലധികം കുടുംബങ്ങൾ കുടിയേറിവന്നു മണ്ണിനെ പൊന്നാക്കിയ നാടാണ് താബോർ. കമുകും തെങ്ങും കുരുമുളകു മായിരുന്നു അന്ന് മുഖ്യ വിളകൾ. തൊണ്ണൂറുകളുടെ തുടക്കത്തിൽ പക്ഷേ സ്ഥിതി മാറി. രോഗ, കീടബാ ധകളും വിലയിടിവും താബോറിലെ കർഷകരെ തളർത്തി. ജീവിക്കാൻ മറ്റു വഴികൾ തേടി അന്ന് കുന്നിറ ങ്ങിപ്പോയത് ഇരുനൂറോളം കുടുംബങ്ങൾ. പ്രതീക്ഷ വച്ച വിളകളുടെ ഉൽപാദനത്തകർച്ചയും വിലത്തക ർച്ചയും ഞങ്ങളുടെ കുടുംബത്തെയും കടുത്ത സാമ്പത്തിക ദുരിതത്തിലാഴ്ത്തി. വായ്പയും കുടിശികയും ചേർന്നുള്ള ഒന്നര ലക്ഷം രൂപ കടം അന്നൊരു വലിയ തുക തന്നെ.  വിദ്യാർഥികളായിരുന്നു ഞാനും സ ഹോദരങ്ങളും. പഠനം കൈവിടാതെ തന്നെ മാതാപിതാക്കൾക്കൊപ്പം ഞാനും കൃഷിയിൽ സജീവമായി രുന്നു. എന്നാൽ, കൃഷിയിൽനിന്ന് ഒന്നും മിച്ചം വയ്ക്കാനില്ലാത്ത സ്ഥിതി. അങ്ങനെ അധിക സമയങ്ങളിൽ വയറിങ് ജോലിക്കു കൂടി പോയിത്തുടങ്ങി. അന്ന് ജോലി ലഭിക്കണമെങ്കിൽ കുന്നിറങ്ങി ഉദയഗിരിയും ആ ലക്കോടും കടന്ന് തളിപ്പറമ്പിൽ എത്തണം. നല്ലൊരു തുകയാവും വണ്ടിക്കൂലി. വിദ്യാർഥികൾക്കുള്ള കൺ സഷൻ ടിക്കറ്റിൽ യാത്ര ചെയ്യാമല്ലോ എന്ന കരുതി തളിപ്പറമ്പിൽ പ്രൈവറ്റായി ബിരുദത്തിനു ചേർന്നു. ഉച്ചവരെ ജോലി, ഉച്ച കഴിഞ്ഞുള്ള ഷിഫ്റ്റിൽ പഠനം. ആ യാത്ര ബിരുദാനന്തര ബിരുദം വരെ നീണ്ടു. അപ്പോഴേക്കും പക്ഷേ, കടബാധ്യത ജപ്തിവരെയെത്തി. 30തവണകളായി തിരിച്ചടയ്ക്കാമെന്ന ഉറപ്പിലാണ് അന്നു ജപ്തിക്ക് സ്റ്റേ ലഭിച്ചത്. പക്ഷേ, ആ തവണകളും മുടങ്ങി. മുപ്പതാം മാസം എത്തും മുൻപ് ജോലി ചെയ്ത വീടുകളിൽനിന്നു കിട്ടാവുന്നത്ര കടം വാങ്ങി ലോൺ തിരിച്ചടച്ച് ജപ്തിയിൽനിന്നു രക്ഷപ്പെട്ടു. പിന്നാലെ മറ്റൊരു ബാങ്കിൽനിന്നു വായ്പയെടുത്ത് വ്യക്തികൾക്കുള്ള കടം വീട്ടി മുഴുവൻ സമയം കൃഷിയിലിറങ്ങി. പിന്നീടിങ്ങോട്ട് കൃഷി മാത്രം. ഒരു ഘട്ടത്തിൽ കൃഷിയുടെ ലാഭവഴികൾ തെളിഞ്ഞു കിട്ടി’’, അനീഷിന്റെ അന്നത്തെ വാക്കുകൾ ഇന്നും ഓർമയിൽ തെളിഞ്ഞു നിൽക്കുന്നു.

aneesh-3
ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കുമൊപ്പം

രണ്ടു കൊല്ലം മുൻപ് പറഞ്ഞു നിർത്തിയിടത്തുനിന്ന് വളരെയേറെ വളർന്നിരിക്കുന്നു ഇന്ന് അനീഷ്. അന്ന് അനീഷിന്റെ അറ്റാദായം 16 ലക്ഷമായിരുന്നെങ്കിൽ ഇന്നത് ഇരട്ടിയിലേറെ. അന്ന് 5 ഏക്കറിലെ ജാതിയും ഇടവിളകളുമായിരുന്നു മുഖ്യ വരുമാന സ്രോതസ്സെങ്കിൽ ഇന്നതിനൊപ്പം 30 ഏക്കർ പാട്ടക്കൃഷിയിടത്തി ലെ ഏലവും ഡെയറിഫാമും മികച്ച വരുമാനത്തിലേക്കു വളര്‍ന്നിരിക്കുന്നു. ചക്കയും കപ്പയും പച്ചക്കറി കളും പഴങ്ങളും മത്സ്യവുമുൾപ്പെടെ വരുമാനത്തിന്റെ അനുബന്ധ ഉറവകൾ വേറെയും. പാട്ടക്കൃഷിയിട ത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തിരിക്കുന്ന മാംഗോസ്റ്റിനും റംബുട്ടാനും അബിയുവുംപോ ലുള്ള പഴവർഗങ്ങൾകൂടി  വിളവിലെത്തുന്നതോടെ വരുമാനം ഇനിയും ഇരട്ടിയാകുമെന്നു പറയുന്നു ഈ യുവകർഷകശ്രീ.

സമർഥരുടെ തോട്ടം

തെങ്ങും കുരുമുളകും കമുകും തകർച്ച നേരിട്ട കാലത്ത് റബറിലേക്കാണ് ആദ്യം തിരിഞ്ഞതെന്ന് അനീഷ്. അഞ്ഞൂറോളം വരുന്ന റബർ മികച്ച വളർച്ചയോടെ അഞ്ചാം വർഷം  ഉൽപാദനത്തിലെത്തിയെങ്കിലും കുമി ൾരോഗങ്ങളും ഉൽപാദനക്കുറവും റബറിനെയും തകര്‍ത്തു. ഒരേക്കറിൽ ജാതി പരീക്ഷിക്കാൻ തീരുമാനി ക്കുന്നതങ്ങനെ. റബർ നശിച്ചിടത്തെല്ലാം ജാതിയെത്തി, പിൽക്കാലത്ത് മുഴുവൻ റബറും വെട്ടി നീക്കി, പക രം 5 ഏക്കറിൽ 300 ജാതികൾ വളർന്നു. എന്നാൽ ജാതി വച്ചതല്ല, ജാതിയിൽ സമർഥരെ മാത്രം നിലനിർത്തിയതാണ് വരുമാനത്തിൽ വഴിത്തിരിവായതെന്ന് അനീഷ്. വളർന്നുവന്ന ജാതികളിൽ വിളവു പോരെ ന്നു തോന്നിയവയെല്ലാം വട്ടം മുറിച്ച്, പുതിയ തളിർപ്പിൽ ഉൽപാദനമികവുള്ള ഇനം ബഡ് ചെയ്തു. ജാതി ത്തോട്ടങ്ങളില്‍ പോയി അവിടെയുള്ളതിൽ മികവേറിയ ഇനത്തെ 2–3വർഷം നിരീക്ഷിച്ച് ഉൽപാദനസ്ഥി രത ബോധ്യപ്പെട്ട് അവയുടെ ബഡ് എടുത്താണ് ഇന്നു കാണുന്ന ഒന്നാന്തരം ജാതിത്തോട്ടം രൂപപ്പെടുത്തി യത്. ജാതിയുടെ വരുമാനം പടിപടിയായി വളർന്നുവന്നു. 60 കായ്കൾ ചേർന്നാൽ ഒരു കിലോയും  പത്രി ഒന്നിന് മൂന്നര ഗ്രാമും തൂക്കമുള്ള ഇനങ്ങളാണ് ജാതികളിൽ നല്ല പങ്കും. 

aneesh-4
മുൻ കർഷകശ്രീ ജേതാക്കൾക്കൊപ്പം

മുപ്പത്തിയഞ്ച് ഇനങ്ങളിലായി 50 പ്ലാവുകളുണ്ട് ഈ തോട്ടത്തിൽ. ഗുണമേന്മയേറിയ ഇനങ്ങൾ കണ്ടെത്തി ബഡ് തൈകൾ വളർത്തിയെടുത്തവ തന്നെ അൻപതും. എല്ലാം വിളവിലെത്തിയിട്ടില്ലെങ്കിലും വര്‍ഷം പതി നായിരങ്ങൾ നല്‍കുന്നവയുമുണ്ട് അക്കൂട്ടത്തിൽ. കണ്ണൂർ ജില്ലയിലെ ചക്ക മഹോത്സങ്ങളിൽ ചക്ക വിറ്റ് വർഷം നല്ലൊരു തുക അനീഷിന്റെ പോക്കറ്റിലെത്തുന്നുമുണ്ട്. ഏഴെട്ടു വർഷം മുൻപ് കയ്യിലെത്തിയ വന റാണി ഇനം ഏലത്തിന്റെ 10 ചുവടിൽനിന്ന് ഇക്കാലത്തിനുള്ളിൽ അനീഷ് അടർത്തി വളർത്തിയെടുത്തത് 5000 ചുവടുകൾ. അതിൽ1000 ചുവടുകൾ 5 ഏക്കറിന്റെ അതിരുകളിൽ വളരുന്നു. ബാക്കി പാട്ടക്കൃഷിയി ടത്തിലും.  

ജലസ്രോതസ്സും മത്സ്യവും

നനയ്ക്കും മത്സ്യക്കൃഷിക്കും കുത്തനെയുള്ള കൃഷിയിടത്തില്‍ മുകൾത്തട്ടിലെ 4ലക്ഷം ലീറ്റർ വെള്ളം കൊള്ളുന്നതടക്കം 6 പടുതക്കുളങ്ങള്‍. മത്സ്യവിസർജ്യം കലർന്ന വെള്ളം വിളകൾക്ക് ഉത്തമ പോഷക വുമാണ്.  കുന്നിൻമുകളിലെ 14 അടി താഴ്ചയുള്ള കിണറ്റിലെ െവള്ളം ഗുരുത്വബലത്തിൽ താഴേക്ക് എ ത്തിക്കാന്‍ കിണറിനു സമാന്തരമായി കുന്നു തുരന്ന് കിണറിന്റെ 12 അടി താഴ്ചയിലേക്കു നീളുന്ന, 30 മീറ്റർ തുരങ്കം 90 ദിവസം കൊണ്ട് ഒറ്റയ്ക്കു നിർമിച്ച കഥയും അനീഷിനു പറയാനുണ്ട്.

ഹാർഡ് വർക്ക് അല്ല സ്മാർട് വർക്ക്

അധ്വാനം കൊണ്ടു മാത്രം കാര്യമില്ല, ആസൂത്രണമികവു കൂടി ചേരുമ്പോഴേ കൃഷി ലാഭമാകൂ എന്ന് അനീ ഷ്. ‘ഹാർഡ് വർക്ക്’ അല്ല ‘സ്മാർട് വർക്ക്’ ആണ് ആവശ്യം. തീയുണ്ടാക്കാൻ തീപ്പെട്ടിയുള്ളപ്പോൾ കല്ലു കൂട്ടിയുരച്ച് തീയുണ്ടാക്കാൻ നേരം കളയേണ്ടതില്ല. കൃഷിയിലും അങ്ങനെ തന്നെ. കൃഷി ആയാസരഹി തവും ലാഭകരവും സുരക്ഷിതവുമാക്കാനുള്ള സാങ്കേതികവിദ്യകൾ ഇന്നുണ്ട്. അവ ഉപയോഗപ്പെടുത്തണം. കായികാധ്വാനം ലഘൂകരിക്കാൻ യന്ത്രങ്ങൾക്കു കഴിയും. അതുവഴി കിട്ടുന്ന സമയത്തിനും നല്ല മൂല്യമുണ്ട്. ലാഭകരമായ പുതിയ വിളയിനങ്ങൾ, പുതുവിപണന രീതികൾ, മൂല്യവർധന സാധ്യതകള്‍, കൂടുതൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി വിപുലമാക്കല്‍ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ പഠിക്കാനും നടപ്പാക്കാനും  ഈ അധിക സമയം പ്രയോജനപ്പെടുത്തണം. 

ലാഭം ലക്ഷ്യമിട്ടാണ് കൃഷിയെങ്കിൽ ഇനി സാങ്കേതിക വിദ്യകളെ കൂടെക്കൂട്ടിയേ പറ്റൂ. ഉദാഹരണം തുള്ളി നന. ഇതു കർഷകനു നൽകുന്ന നേട്ടം ചെറുതല്ലെന്ന് അനീഷ്. ഒാരോ വിളയ്ക്കും ആവശ്യമായ വെള്ളം, ഒരു തുള്ളിപോലും നഷ്ടപ്പെടാതെ നൽകാൻ തുള്ളിനനവിദ്യ പ്രയോജനപ്പെടും. ഈ തുള്ളിനനയെ കൂടുതൽ ഹൈടെക് ആക്കുന്നു അനീഷ്. കൃഷിയിടത്തിലെ മണ്ണിലെ ഈർപ്പത്തിന്റെ അളവ് മനസ്സിലാക്കി അതിനനുസരിച്ച് സ്വയം നിയന്ത്രിത നന നടക്കുംവിധം സെൻസറുകൾ വച്ചിട്ടുണ്ട് കൃഷിയിടത്തിൽ. ടാങ്കിലെ വെള്ളം തീർന്നാൽ അതു തിരിച്ചറിഞ്ഞ് പമ്പിങ് നടത്തുന്നതും ഒാരോ വിളയ്ക്കും വേണ്ട തോതില്‍ വെള്ളത്തിന്റെ അളവ് നിയന്ത്രിക്കുന്നതുമെല്ലാം ഈ സെൻസറുകൾ. 

സ്വന്തം കാലാവസ്ഥാനിലയം

സ്വന്തമായി കാലാവസ്ഥാനിലയമുള്ള കർഷകനാണ് അനീഷ്. കൃഷിയിൽ ഇന്ന് കടുത്ത വെല്ലുവിളി കാലാ വസ്ഥമാറ്റമാണെന്ന് അനീഷ്. കാലാവസ്ഥ കൃത്യമായി അറിയാനും അതനുസരിച്ച് കൃഷി ക്രമീകരിക്കാ നും കഴിഞ്ഞാൽ കൃഷിനാശം ഒരു പരിധിവരെ ചെറുക്കാം. ഈ ലക്ഷ്യത്തോടെയാണ് സ്റ്റാർട്ടപ് ഗ്രൂപ്പുമായി ചേർന്ന് കൃഷിയിടത്തിൽ ‘വെതർ സ്റ്റേഷൻ’ സ്ഥാപിച്ചത്. ഈർപ്പം, താപനില, അടുത്ത 5ദിവസത്തെ കാലാവസ്ഥ പ്രവചനം എന്നിവ  വെതർ സ്േറ്റഷനിൽനിന്നുള്ള അറിയിപ്പുകളായി സ്മാർട് ഫോണിലെത്തും. ഇന്നു വളമിടണോ, നാളെ മഴ പെയ്യുമോ എന്നൊക്കെ കൃത്യമായി അറിഞ്ഞ് കൃഷിയും വിളവെടുപ്പുമൊക്കെ ക്രമീകരിക്കാം. 2ലക്ഷം രൂപ മുടക്കി സ്ഥാപിച്ച വെതർ സ്റ്റേഷന്റെ പ്രയോജനം അനീഷിനു മാത്രമല്ല, സമീപത്തുള്ള മറ്റു കർഷകർക്കുമുണ്ട്. ആവശ്യപ്പെടുന്ന കർഷകർക്ക് ദിവസം ഒരു രൂപ മാത്രം ഈടാക്കി ഡേറ്റ കൈമാറുന്നു. ഇരുപതിലധികം കർഷകർ ഈ ഡേറ്റ പ്രയോജനപ്പെടുത്തുന്നുണ്ട്.

ലാഭമേറ്റാന്‍ ഏലവും പാലും 

സ്വന്തമായുള്ള5ഏക്കർ  സുസ്ഥിര വരുമാനം നൽകുന്ന കൃഷിയിടമായതോടെ 20 വർഷത്തേക്ക് പാട്ടത്തിനെടുത്ത 30 ഏക്കറിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നൽകുന്നത്. മുൾക്കാടും പാഴ് വൃക്ഷങ്ങളും നിറഞ്ഞുനിന്ന 30 ഏക്കറിലിപ്പോൾ വളരുന്നത് 4000 ചുവട് ഏലം, 400 മാംഗോസ്റ്റിൻ, 900 ജാതി, അരയേക്കറിൽ ഓറഞ്ച്. വേറെയും മുപ്പതോളം വിദേശ പഴവർഗങ്ങൾ, ഫാമിലെ പശുക്കൾക്കായി ഒഴിവുള്ളിടത്തെല്ലാം റെഡ് നേപ്പിയർ തീറ്റപ്പുല്ലും. നട്ട് ഒന്നര വർഷം കൊണ്ട് മുഴുവൻ ഏലച്ചെടികളും മികച്ച വിളവിലെത്തി. സാധാരണ വിപണിയിൽ ഏലത്തിന് കിലോ ശരാശരി 1,500 രൂപ വിലയുള്ളപ്പോൾ, അനീഷ് വിൽക്കുന്നത് ഇരട്ടി വിലയ്ക്ക്. ഡ്രയറിൽ ഉണക്കി ചെറു പായ്ക്കുകളായാണ് വിൽപന. മൂല്യവർധന മാത്രമല്ല, ഉയർന്ന വിലയുടെ കാരണം, ജൈവകൃഷിയിടത്തിൽ വിളയുന്ന ഏലം എന്ന മൂല്യം കൂടിയാണ്.  ഏലത്തിന്റെ കാര്യത്തിൽ ഉൽപാദനമികവിനെക്കാൾ രോഗപ്രതിരോധശേഷിക്കാണ് അനീഷ് പരിഗണന നൽകുന്നത്. രാസകീടനാശിനിപ്രയോഗം ആവശ്യമില്ലാത്ത ഇനമാണ് വനറാണിയെന്ന് അനീഷ്. കണ്ണൂർ ജില്ലയിൽ ഏലക്കൃഷി അപൂർവമെന്നതും ഈ കർഷകന്റെ നേട്ടത്തിന് മൂല്യം വർധിപ്പിക്കുന്നു. 

പാട്ടക്കൃഷിയിടത്തിലുള്ള ഡെയറിഫാം ശാസ്ത്രീയ പരിപാലനത്തിലും ഉൽപാദനക്ഷമതയിലും സംസ്ഥാ നത്തെ മികച്ച ഫാമുകളിലൊന്നായി കണക്കാക്കാം. 40 ലീറ്റർ പാൽ ചുരത്തുന്ന പത്തോളം പശുക്കൾ ഉൾപ്പെടെ ചെറുതും വലുതുമായി 110 ഉരുക്കൾ. അത്യുൽപാദനമുള്ള പശുക്കളെ തിരഞ്ഞെടുത്താണ് അനീ ഷ് ക്ഷീരവ്യവസായം മുൻപോട്ടു കൊണ്ടുപോകുന്നത്. പ്രതിദിനം 700 ലീറ്റർ പാലിൽനിന്നായി 30,000 രൂപ വരുമാനം. 20,000 രൂപ ഒരു ദിവസം ചെലവ്. ഉയർന്ന പാലുൽപാദനമുള്ള പശുക്കൾ കേരളത്തിനു യോജ്യമല്ലെന്നാണു പലരും പറയാറ്. അതിനോട് പക്ഷേ, അനീഷിനു യോജിപ്പില്ല. പാലു കുറവുള്ളതിനും കൂടു തലുള്ളതിനും നൽകുന്ന തീറ്റയിലും പരിചരണത്തിലും കാര്യമായ വ്യത്യാസമില്ലെന്നിരിക്കെ ഉൽപാദനം കുറഞ്ഞവയെ നിലനിർത്തരുതെന്ന് ഈ കർഷകൻ ഓർമിപ്പിക്കുന്നു. 

കൃഷിയിൽ അനീഷിന്റെ കരുത്ത് കൃത്യതയാണ്. കൃഷിയിടത്തിലെ ഓരോ വിളയും ഓരോ വിളവും കൃത്യമായി നിരീക്ഷിക്കുകയും കണക്ക് സൂക്ഷിക്കുകയും ചെയ്യുന്നുണ്ട് ഈ കർഷകൻ. കൃഷിയിൽ ചെലവിടുന്ന ഓരോ നയാ പൈസയുടെയും കണക്കുകൾ കംപ്യൂട്ടറിലുണ്ട്. വരവും ചെലവും കൃത്യമായി വിശകലനം ചെയ്താണ് ഓരോ ചുവടുവയ്പും. ഈ ചെറുപ്പക്കാരന്റെ കൃഷിജീവിതത്തിൽ കുടുംബാംഗങ്ങളുടെ പങ്കും സുപ്രധാനം. മാതാപിതാക്കളായ ബേബിയും മേരിയും ഭാര്യ ട്രീസയും മക്കളും ഓരോ ചുവടിലും അനീഷിനൊപ്പമുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com