ADVERTISEMENT

സംസ്ഥാന ധനകാര്യവകുപ്പുമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച 2024-25 ബജറ്റിൽ കാർഷിക മേഖലയിൽ സമഗ്ര വികസനം ലക്ഷ്യമിട്ട ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബജറ്റിൽ ഉൽപാദനക്ഷമത ഉയർത്താനും കർഷരുടെ വരുമാനം വർധിപ്പിക്കാനുമുള്ള പദ്ധതികളുണ്ട്. 2023-24ലെ ഇക്കണോമിക് സർവേ അനുസരിച്ച് കേരളത്തിലെ മൊത്തം ആഭ്യന്തര ഉൽപാദനം 6.6 ശതമാനമാണ്. കാർഷിക മേഖലയുടെ വളർച്ച മുൻവർഷത്തെ അപേക്ഷിച്ച് 6.91 ശതമാനത്തിൽ നിന്നും 4.96 ശതമാനമായി കുറഞ്ഞിട്ടുണ്ട്. നെൽകൃഷിയുടെ വിസ്തൃതിയിൽ കുറവുണ്ടായിട്ടുണ്ട്. വ്യവസായ സേവന മേഖലകളിലുണ്ടായ കുറഞ്ഞ വളർച്ചനിരക്ക് പരിഹരിക്കാനായി കാർഷിക മേഖലയിൽ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യവസായ മേഖലയിൽ അഗ്രി എംഎസ്എംഇയിൽ പുതിയ പദ്ധതികളുണ്ട്. കാർഷിക മേഖലയ്ക്കുള്ള വകയിരുത്തലും മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതലാണ്.

വിപണിയധിഷ്ഠിത ഉൽപാദനം പ്രോത്സാഹിപ്പിക്കാനായി ഭക്ഷ്യസംസ്‌കരണം പ്രോത്സാഹിപ്പിക്കാനുമുള്ള നിർദേശങ്ങൾ ബജറ്റിലുണ്ട്. ഇതു ലക്ഷ്യമിട്ടുകൊണ്ടാണ് സംസ്ഥാന കൃഷി വകുപ്പ് കേരള അഗ്രോബിസിനസ് കമ്പനി രൂപീകരിച്ചത്. ഇതിലൂടെ ഒട്ടേറെ കാർഷിക വിപണന കേന്ദ്രങ്ങളും ഗുണനിലവാര സംവിധാനങ്ങളും നിലവിൽ വരും. ലോകബാങ്ക് സഹായത്തോടെ നടപ്പിലാക്കുന്ന കേര പദ്ധതി (കാലാവസ്ഥ മാറ്റത്തിന് അനുയോജ്യമായ കാർഷിക മേഖലയിൽ പുത്തൻ പദ്ധതികൾ)  നടപ്പിലാക്കുന്നതോടുകൂടി കേരളത്തിൽ കാർഷിക മൂല്യവർധിത ഉൽപന്നനിർമാണ മേഖലയിൽ കാർഷിക, ഭക്ഷ്യ പാർക്കുകൾ നിലവിൽ വരും. കാലാവസ്ഥ മാറ്റത്തെ ചെറുക്കാനുള്ള സാങ്കേതികവിദ്യകൾ  ഉൽപാദനം, ഉൽപാദനക്ഷമത എന്നിവ വർധിക്കാൻ സഹായിക്കും. റബർ, കാപ്പി, ഏലം, തെങ്ങ് അടക്കമുള്ള  22 വിളകളിലാണ് കേര പദ്ധതിയിലൂടെ ഗുണം ലഭിക്കുന്നത്.

കാർഷികവിളകളുടെ ഉൽപാദനം, ഉൽപാദന ക്ഷമത, സംസ്കരണം എന്നിവ ഉയർത്താനും, ഉൽപന്നങ്ങൾ ബ്രാൻഡ് ചെയ്ത് രാജ്യത്തിനകത്തും വിദേശത്തും ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ  കർഷകർക്ക് ഗുണകരമാകും. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന എംഎസ്എംഇകൾക്ക്  കൂടുതൽ സഹായം അനുവദിക്കുന്നത് എംഎസ്എംഇ, റീടെയ്ൽ മേഖലകളിൽ കൃഷിയിൽ നിന്നും അഗ്രി ബിസിനസ്സിലേക്കുള്ള  മാറ്റത്തിന് ആക്കം കൂട്ടും. അഭ്യസ്തവിദ്യരായ യുവതീയുവാക്കൾ  സംരംഭകരാകുന്ന പ്രവണത വർധിച്ചു വരുന്നതിനാൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളും, സ്റ്റാർട്ടപ്പുകൾക്കുള്ള പ്രോത്സാഹനവും കാർഷിക മേഖലയിൽ യുവാക്കളിൽ തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കാൻ സഹായിക്കും. ലോകത്താകമാനം കാർബൺ ബഹിർഗമനം കുറച്ചുകൊണ്ട് 2050 ആകുമ്പോഴേക്ക് നെറ്റ് സീറോ കാർബണിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇതിന് ഉതകുന്ന രീതിയിൽ കാർബണിന്റെയും ഹരിതഗൃഹ വാതകങ്ങളുടെയും അളവ് കുറച്ചു കൊണ്ട് സുസ്ഥിര കൃഷിരീതികൾ പ്രാവർത്തികമാക്കാനും ആഗോളതാപനം കുറയ്ക്കാനുമുള്ള നിർദ്ദേശങ്ങളും, പദ്ധതികളും കാർഷിക മേഖലയിൽ പുത്തൻ ഉണർവേകും.

കേരളത്തിൽ  കാലങ്ങളോളമായി കൃഷിയിൽ നവീകരണം ഉണ്ടായിട്ടില്ല! എന്ന് ആമുഖപ്രസംഗത്തിൽ ധനമന്ത്രി പരാമർശിച്ചിട്ടുണ്ട്. കേരളത്തിലെ കുറഞ്ഞുവരുന്ന കൃഷി സ്ഥലങ്ങളുടെ വിസ്‌തൃതി പരിഗണിച്ചു തുണ്ട് ഭൂമിയുടെ ഫലപ്രദമായ സംയോജനവും, ലാഭകരമായ പുത്തൻ വിളകളും, കൃഷിരീതികളും അനുവർത്തിക്കാനുള്ള നയരൂപീകരണത്തിനു രൂപം നൽകുമെന്ന് ബജറ്റിൽ പരാമർശിച്ചിട്ടുണ്ട്. കാലാവസ്ഥ മാറ്റം, പരിസ്ഥിതി എന്നിവയ്ക്കിണങ്ങുന്ന കൃഷി രീതികൾ അനുവർത്തിക്കുന്നതിലും, കാർഷിക മേഖലയിൽ സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കാനും ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്. ലോകബാങ്ക് സഹായത്തോടെ നടപ്പിലാക്കുന്ന കേര പദ്ധതിയിലൂടെ കാർഷികോൽപന്നങ്ങളുടെ വിപണനത്തിനും, കയറ്റുമതിക്കുമായി സമഗ്ര സപ്ലൈ ചെയിൻ സിസ്റ്റം  രൂപപ്പെടുത്തുവാനുള്ള ശ്രമങ്ങൾ അനുവർത്തിക്കും. കേരളത്തിൽ ആഗോള സപ്ലൈ ചെയിൻ/ ലോജിസ്റ്റിക് സമ്മേളനം സംഘടിപ്പിക്കും.  കാർഷിക മേഖലക്കായി 2024- 25 സാമ്പത്തികവർഷത്തിൽ 1698 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.. കേരാ(KERA) ലോകബാങ്ക് സഹകരണത്തോടുകൂടി നടപ്പിലാക്കുന്ന അഞ്ചു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയാണ്. മൊത്തം പദ്ധതി അടങ്കൽ 2365 കോടി രൂപയാണ്. ആദ്യവർഷത്തേക്കുള്ള പദ്ധതി വിഹിതത്തിൽ സംസ്ഥാന ഗവൺമെൻറ് 100 കോടി രൂപ നീക്കിവയ്ക്കും.

കേര പദ്ധതിയിൽ ഉൾപ്പെടുത്തി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ/ കർഷക ഉൽപാദക സംഘടനകൾ, എം എസ് എം ഇ കൾ, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് കൂടുതൽ തുക അനുവദിക്കും. കാലാവസ്ഥ മാറ്റം കാർഷികമേഖലയിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ പരിഗണിച്ച്  അനുയോജ്യമായ വിളപരിപാലന മുറകൾ അനുവർത്തിക്കും. കാർഷിക മേഖലയിൽ മൊത്തം നീക്കിയിരിപ്പ് മുൻവർഷങ്ങളെക്കാളും കൂടുതലാണെങ്കിലും, കാർഷിക, മൃഗസംരക്ഷണ മേഖലകളിലെ  സർവകലാശാലകൾക്ക് നീക്കിവച്ച തുക കുറവാണ്. സംസ്ഥാനത്ത്  മൃഗസംരക്ഷണ മേഖലയ്ക്ക്  520 കോടിയും, ക്ഷീര വികസനത്തിന് 150 കോടിയോളം രൂപയും വകയിരുത്തിയീട്ടുണ്ട്. മൃഗചികിത്സാ സേവനം വീട്ടുപടിക്കൽ  ലഭ്യമാക്കാനുള്ള നിർദ്ദേശങ്ങൾ ബജറ്റിലുണ്ട്. മത്സ്യവികസന മേഖലയിൽ  താരതമ്യേന ഉയർന്ന തുക (379 കോടി) വകയിരുത്തിയിട്ടുണ്ട്. പൊതുമേഖല സ്ഥാപനങ്ങൾക്കുള്ള വകയിരുത്തൽ മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവാണ്. തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങൾക്കുള്ള പദ്ധതിവിഹിതത്തിലും, കുടുംബശ്രീ പദ്ധതികളിലും കാർഷിക മേഖലയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള നിർദ്ദേശങ്ങളുണ്ട്. കാർഷിക മേഖലയിൽ കേരളത്തിലെ കുറയുന്ന ഉൽപാദനം, ഉൽപാദനക്ഷമത എന്നിവയ്ക്ക് വേണ്ടിയുള്ള സാങ്കേതികവിദ്യകൾ രൂപപ്പെടുത്തൽ, ഗവേഷണം എന്നീ മേഖലകളിൽ വേണ്ടത്ര പദ്ധതികൾ ബജറ്റിലില്ല.  കുട്ടനാട് രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി പദ്ധതി നിർദ്ദേശങ്ങൾ ജലസേചന മേഖലയിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

( ബെംഗളൂരു ട്രാൻസ്‌ഡിസിപ്ലിനറി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് & ടെക്നോളജിയിലെ പ്രഫസറാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com