ADVERTISEMENT

കാസർകോട് സീതാംഗോളി പെർണെയിൽ കിളിംഗാർ ശ്യാമപ്രസാദിനു പപ്പായക്കൃഷിയാണ് പ്രധാന വരുമാനമാർഗം. മികച്ച പരിപാലനം നൽകിയാൽ ഒരു  മരത്തിൽനിന്ന് വർഷം ചുരുങ്ങിയത് 1,600 രൂപ മിച്ചം കിട്ടുമെന്ന് ഇദ്ദേഹം പറയുന്നു. 3 വർഷം മുൻപു തുടങ്ങിയതാണ് പപ്പായക്കൃഷി. വീട്ടുവളപ്പിൽത്തന്നെ ‘പപ്പായ വിൽപനയ്ക്ക്’ എന്ന ബോർഡ് വച്ചാണു വിപണി നേടുന്നത്. കടകളിലും നല്‍കുന്നു. രണ്ടേക്കറിലായി 1,600 മരങ്ങള്‍. എല്ലാം റെഡ് ലേഡി ഇനം. 8 വർഷം കദളിവാഴ കൃഷി ചെയ്ത ശ്യാമപ്രസാദ് അതൊഴിവാക്കിയാണ് പപ്പായയിലേക്കു തിരിഞ്ഞത്. കൂടുതൽ വരുമാനമെന്നതുതന്നെ ചുവടുമാറ്റത്തിനു പിന്നില്‍. കമുകിന് ഇടവിളയാണു പപ്പായ. കമുകിൽ കുരുമുളകുമുണ്ട്. ഒരേ പറമ്പിൽ കൃഷി ചെയ്തിരിക്കുന്ന 3 വിളകൾക്കും മികച്ച വിലയുണ്ടെന്ന സന്തോഷത്തിലാണിപ്പോള്‍ ശ്യാം. 

Read also: ഒരു മരത്തിൽനിന്ന് 40 കിലോ; കിലോയ്ക്ക് 20 രൂപ; ഒരേക്കറിൽ 600 മരം: വിപണി കണ്ടെത്തിയാൽ പപ്പായ സൂപ്പർ 

ഒരേക്കർ സ്ഥലത്ത് ഒരു മീറ്റർ ഉയരത്തിൽ ചെങ്കല്ല് പൊടിച്ച മണ്ണിട്ട ശേഷമാണ് പപ്പായ നട്ടത്.  ബെംഗളൂരുവിലെ ഒരു നഴ്സറിയിൽനിന്നാണു തൈകൾ കൊണ്ടുവന്നത്. തൊട്ടടുത്ത വർഷം മറ്റൊരു പറമ്പിൽ കമുകു നട്ടപ്പോഴും ഇടവിളയായി പപ്പായയെ കൂട്ടി. 8 മാസത്തിനകം കായ്ച്ചു. ഒന്നര വർഷം വരെ മികച്ച വിളവു കിട്ടി. വളപ്രയോഗവും പരിപാലനവും അനുസരിച്ചായിരുന്നു പിന്നീടുള്ള വർഷങ്ങളിലെ വിളവ്. എങ്കിലും 2 വർഷം വരെ മികച്ച കായ്ഫലം കിട്ടുമെന്ന് ഇദ്ദേഹം പറയുന്നു. ഒരു പപ്പായ മരത്തിൽനിന്നു പരമാവധി ഒരു ക്വിന്റൽ വിളവു ലഭിക്കാം. ശരാശരി വിളവ് 50–60 കിലോ  പ്രതീക്ഷിക്കാം. ഒരു പപ്പായയ്ക്ക് 3 കിലോവരെ തൂക്കമുണ്ടാവും. വിപണിയിൽ കിലോയ്ക്ക് 30 രൂപ വില കിട്ടും. നേരിട്ട് 40 രൂപയ്ക്കും വിൽക്കാം. മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിൽനിന്ന് കാസർകോട് വിപണിയിലെത്തുന്ന പപ്പായയുമായി മത്സരിക്കേണ്ടിവരുമെന്നതൊരു പ്രശ്നമാണ്. വരവുപപ്പായയുടെ മൊത്തവില കിലോയ്ക്ക് 10 രൂപ മാത്രം. കായയും ഇലയും കായയിൽനിന്നു ഇറ്റുവീഴുന്ന കറയും വ്യാവസായികമായി ഉപയോഗപ്പെടുത്താമെങ്കിലും നമ്മുടെ നാട്ടിൽ കായയ്ക്കു മാത്രമാണു വിപണിയുള്ളത്. 

Read also: പന്നിയോടു പടപൊരുതി പപ്പായക്കൃഷി: കുറഞ്ഞ ചെലവിൽ മികച്ച ആദായമെന്നു സന്ദീപ് 

ശ്യമപ്രസാദ് തോട്ടത്തിൽ. ഫോട്ടോ∙ജിബിൻ ചെമ്പോല/മനോരമ
ശ്യമപ്രസാദ് തോട്ടത്തിൽ. ഫോട്ടോ∙ജിബിൻ ചെമ്പോല/മനോരമ

നവംബറിൽ തൈ നട്ടു മേയിൽ വിളവെടുക്കുന്ന തരത്തിലാണ് ശ്യാമപ്രസാദിന്റെ കൃഷിക്രമം. നിരകൾ തമ്മിൽ 6 അടിയും വരികൾ തമ്മിൽ 8 അടിയും അകലത്തിൽ തൈ നടുന്നതാണു നല്ലത്. ചാണകപ്പൊടി, എല്ലുപൊടി, എൻപികെ രാസവളം, കുമ്മായം, ആട്ടിൻകാഷ്ഠം, കോഴിവളം, മണ്ണിരക്കംപോസ്റ്റ് തുടങ്ങിയ വയാണ് അടിവളമായി ചേർക്കുന്നത്. ഒരു മരത്തിനു ചുരുങ്ങിയത് 400 രൂപ മുടക്കേണ്ടിവരും. വിളവു കൂടാൻ രാസവളവും ജൈവവളവും നല്‍കണം. രാസവളമിട്ടില്ലെങ്കിൽ വിളവുശേഷി കുറയും. പപ്പായയുടെ  ആകൃതിയും നന്നാവില്ല. തൈ നട്ടു 15 ദിവസം കഴിഞ്ഞു രാസവളവും ജൈവവളവും ചേർക്കണം. തുടർന്നു മാസം തോറും ഇത് ഇരട്ടിച്ചു നൽകണം. 5 മാസം കഴിഞ്ഞ് 100 ഗ്രാം പൊട്ടാഷ് നൽകണം.  വെള്ളം അധികമായാൽ ചെടി ചീഞ്ഞുപോകും. 

ഫോൺ: (ശ്യാമപ്രസാദ്) 7012118622

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com