തൊടുപുഴയിൽ മലമുകളിൽ ഒരു നെൽപ്പാടം, ട്രാക്ടർ ഇറങ്ങാത്ത വയൽ
Mail This Article
കരനെല്‍കൃഷിയുടെ പല രൂപഭേദങ്ങളും നിങ്ങള്‍ കണ്ടിട്ടുണ്ടാകാം. എന്നാല്‍ മലമുകളിലെ നെല്‍പ്പാടം കണ്ടിട്ടുണ്ടോ? ഇടുക്കിയിലെ (തൊടുപുഴയ്ക്ക് സമീപം) കുടയത്തൂരില്‍, 2300 അടി ഉയരമുള്ള അടൂര്‍ മലയില്‍ (മലയുടെ മധ്യഭാഗത്തിനു മുകളിലായി) നെല്ലു വിതച്ച് നൂറുമേനി കൊയ്യുകയാണ് കര്‍ഷകനായ മനോഹര്‍. കോളപ്ര ബസ് സ്റ്റോപ്പില്‍നിന്നു നാലു കിലോമീറ്റര്‍ ഹെയര്‍പിന്‍ വളവുകളുള്ള, ചെങ്കുത്തായ പാത താണ്ടി വേണം മലമുകളിലെ ഇദ്ദേഹത്തിന്റെ മനോഹര കൃഷിയിടത്തില്‍ എത്താന്‍. നടന്നുകയറാന്‍ പോലും ഏറെ ബുദ്ധിമുട്ടുള്ള ദുര്ഘടപാതയാണിത്. 'പണ്ടുകാലത്ത് തലച്ചുമടായിട്ടായിരുന്നു വിത്തും വളവുമൊക്കെ മുകളില്‍ എത്തിച്ചിരുന്നത്. റോഡും വാഹനസൗകര്യവുമൊന്നും വന്നിട്ട് അധികം നാളായില്ല, വാഹനത്തില്‍ മാത്രമേ, ഈ കൊടും കയറ്റം പിന്നിട്ട്, സാധനങ്ങള്‍ എത്തിക്കാന്‍ സാധിക്കൂ' മനോഹര്‍ പറയുന്നു.
ചെങ്കുത്തായ ഭൂമി കാട്ടുകല്ലുകൊണ്ട് കയ്യാല കെട്ടി തട്ടുതട്ടുകളാക്കി, വരമ്പ് പിടിച്ചാണ് കരനെല്‍കൃഷി. ട്രാക്ടര്‍ ഇറങ്ങാത്തതിനാല്‍, (ഒരേക്കര്‍ വയല്‍) തൂമ്പായ്ക്ക് കിളച്ച് വേണം നിലമൊരുക്കാന്‍, ഉയരം കൂടുംതോറും നെല്‍കൃഷിയുടെ അധ്വാനഭാരവും കൂടുമെന്ന് ഈ മലയോര കര്ഷകന്.
ഒരടി താഴ്ന്നാല്‍ തൂമ്പാ പാറയില്‍ തട്ടുന്ന ഈ ഭൂമിയില്‍ നെല്ല് മാത്രമല്ല, റബര്‍, കമുക് തെങ്ങ്, കൊക്കോ, വാഴ, കപ്പ, കൂവ, ജാതി ഗ്രാമ്പൂ, റംബുട്ടാന് തുടങ്ങി ഒട്ടേറെ വിളകളുമുണ്ട്. നെല്‍വയല്‍ ഉള്‍പ്പെടെ നാലേക്കറിലാണ് കൃഷി.
ഏഴ് ദിവസം ചാക്കില്‍ കെട്ടിവച്ചു മുളപ്പിച്ച ശേഷമാണ് നെല്‍വിത്തുകള്‍ വിതയ്ക്കുന്നത്. ജൈവവളങ്ങളാണ് അധികവും. പേരിന് അല്പം രാസവളവും ഉപയോഗിക്കും. രണ്ടു പശുക്കള്‍ ഉണ്ട്. ചാണക കമ്പോസ്റ്റും പച്ചില വളവുമാണ് പ്രധാന അടിവളം. മലമുകളിലെ മണ്ണ്, ഫലഭൂയിഷ്ഠമായതിനാല്‍ വളം കുറച്ച് മതിയെന്ന് ഇദ്ദേഹത്തിന്റെ സാക്ഷ്യം
ഇലവീഴാപൂഞ്ചിറയുടെ അടിഭാഗമാണ് അടൂര്‍ മല. മുകളിലെ പാറക്കൂട്ടങ്ങളില്നിന്ന് ആരംഭിക്കുന്ന അരുവി, മനോഹറിന്റെ കൃഷിയിടത്തോടു ചേര്‍ന്നാണ് ഒഴുകുന്നത്. അതിനാല്‍ വെള്ളത്തിന് ക്ഷാമമില്ല. മലഞ്ചെരിവായയതിനാല്, നീരുറവകളും ധാരാളം; നിലം ചതുപ്പുമാണ്.
ജൂണിലാണ് വിത, ഡിസംബറോടെ കൊയ്യാറാകും. 50 പറയിലേറെ നെല്ല് കിട്ടും, വീട്ടാവശ്യത്തിനുള്ളത് എടുത്തിട്ട് ബാക്കി വില്‍ക്കും. പശുക്കളുടെ പാല് സൊസൈറ്റിയില്‍ കൊടുക്കുകയാണ്.
ഉല്പന്നങ്ങള് വില്‍ക്കുന്നതിന് നാലു കിലോമീറ്റര്‍ മലയിറങ്ങണം. അത്യധ്വാനം കൊണ്ടാണ്, പാറക്കെട്ടുകളുടെ ഈ മലയോരത്തെ മനോഹര്‍ ഹരിതാഭമാക്കിയത്. കൃഷി ഇദ്ദേഹത്തിന് അതിജീവനമാര്‍ഗ്ഗം കൂടിയാണ്.
ഫോണ്‍: 9526533719
English summary: A paddy field on the hill in Thodupuzha